പശ്ചിമഘട്ടത്തിന്റെ തലപ്പത്ത് കുന്ദകഗിരിയില്‍ മുന്നുവശവും അറബിക്കടലാല്‍ ചുറ്റപ്പെട്ട നിലയിലാണ് മുരുടേശ്വര ക്ഷേത്രം. 123 അടി ഉയരമുള്ള മുരുടേശ്വരത്തെ ശിവന്‍ ലോകത്തെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ ശിവപ്രതിമയാണ്. പ്രധാന ഗോപുരവും ക്ഷേത്രങ്ങളും നിലകൊള്ളുന്നതിന്റെ പിന്നിലാണ് ശിവപ്രതിമ. 21 നിലയുള്ള 237 അടി രാജഗോപുരം ക്ഷേത്രത്തിന്റെ തലയെടുപ്പ് കൂട്ടുന്നു. ലിഫ്റ്റ് സൗകര്യമുള്ള ഈ ഗോപുരത്തില്‍ നിന്ന് ശിവപ്രതിമയും കടല്‍ക്കാഴ്ചകളും കാണാനാകും.

To advertise here,

ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യത്തിലെ നായകന്‍ ലങ്കേശനായ രാവണനാണ്. ദേവന്മാര്‍ പൂജിക്കുന്ന ആത്മലിംഗം തനിക്കും കിട്ടണമെന്ന് ആഗ്രഹിച്ച രാവണന്‍ ശിവനെ തപസ്സു ചെയ്തു. ഭക്തനില്‍ പ്രസാദിച്ച് ആത്മലിംഗം നല്‍കി അനുഗ്രഹിച്ച മഹാദേവന്‍ ലങ്കയില്‍ പ്രതിഷ്ഠിക്കുന്നതുവരെ ലിംഗം നിലത്തുവെക്കരുതെന്ന് നിര്‍ദേശിച്ചു. രാവണന്‍ കൂടുതല്‍ അപകടകാരിയാകുമെന്ന് ഭയന്ന ദേവകള്‍ ഗൂഢാലോചന നടത്തി. രാവണന്‍ സന്ധ്യാ പൂജ മുടക്കില്ല എന്ന് ദേവന്മാര്‍ക്ക് അറിയാമായിരുന്നു. രാവണന്റെ യാത്രാമദ്ധ്യേ മഹാവിഷ്ണു സൂര്യനെ മറച്ച് കൃത്രിമ ഇരുട്ട് സൃഷ്ടിച്ചു. സന്ധ്യയായെന്നു തെറ്റിദ്ധരിച്ച രാവണന്‍ വിഷണ്ണനായി. ലിംഗം കയ്യിലിരിക്കെ പൂജ നടത്താന്‍ പറ്റില്ലല്ലോ.

തക്ക സമയത്ത് ബ്രാഹ്‌മണ യുവാവായി വേഷമിട്ട ഗണപതി രാവണന് മുന്നിലെത്തി. പൂജ കഴിയുംവരെ ആത്മലിംഗത്തെ യുവാവിനെ ഏല്‍പ്പിക്കാമെന്നു രാവണന്‍ കരുതി. രാവണന്റെ പൂജ നടക്കുന്നതിനിടെ മഹാവിഷ്ണു മായ നീക്കി. സൂര്യന്‍ പുറത്തുവന്നു. അമളി പറ്റി എന്ന് രാവണന്‍ തിരിച്ചറിയും മുന്‍പേ ഗണപതി ലിംഗം താഴെവെച്ചു. തന്റെ മുഴുവന്‍ ശക്തി ഉപയോഗിച്ചിട്ടും നിലത്തുറച്ചു പോയ ലിംഗം തിരിച്ചെടുക്കാന്‍ രാവണന് കഴിഞ്ഞില്ല. പക്ഷേ, ബലപ്രയോഗം കൊണ്ട് ലിംഗം പലതായി ചിന്നിച്ചിതറി. കടുത്ത ദേഷ്യത്തിലും നിരാശയിലും ആഴ്ന്നുപോയ ലങ്കേശന്‍ ലിംഗത്തിന്റെ പേടകവും അടപ്പും ആവരണവും വലിച്ചെറിഞ്ഞ് ലങ്കയിലേക്ക് മടങ്ങി. ആവരണം വന്നുപതിച്ചത് കുന്ദകഗിരിയിലാണ്.  അവിടെയാണ് പില്‍ക്കാലത്ത് മുരുടേശ്വര ക്ഷേത്രം സ്ഥാപിച്ചത് എന്നാണ് വിശ്വാസം.

ധനുമാസത്തിലെ രഥോല്‍സവവും കുംഭമാസത്തിലെ ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിന് പുറമെ ഗണപതി, ഗൗരി, ദത്താത്രേയന്‍, മുരുകന്‍, ഹനുമാന്‍, നവഗ്രഹങ്ങള്‍, നാഗദേവതകള്‍ എന്നീ പ്രതിഷ്ഠകള്‍ കൂടി ക്ഷേത്രത്തിലുണ്ട്. കുന്ദകഗിരിയിലെ കമണ്ഡല തീര്‍ഥം, ജട തീര്‍ഥം, ഭീമ തീര്‍ഥം, ശംഖ തീര്‍ഥം, ക്ഷേത്രത്തിലെ ദേവതീര്‍ഥം എന്നീ നീരുറവകള്‍ മുരുടേശ്വര ക്ഷേത്രത്തിന്റെ മാഹാത്മ്യം കൂട്ടുന്നു.

ഉത്തരകര്‍ണാടകയിലെ ഭട്കല്‍ നഗരത്തില്‍ നിന്ന് 13 കിലോമീറ്റര്‍ മാറിയാണ് മുരുടേശ്വരം. റെയില്‍ മാര്‍ഗം വരുന്നവര്‍ക്ക് കൊങ്കണ്‍ പാതയില്‍ മുരുടേശ്വരത്തിറങ്ങി ഇവിടെയത്തൊം. മംഗലാപുരത്തുനിന്ന് 150 കി.മീ റോഡ് മാര്‍ഗവുമെത്താം. എയര്‍പോര്‍ട്ട് സൗകര്യമുള്ളത് 153 കിലോമീറ്റര്‍ അകലെ മാംഗളൂരാണ്.