കാര്ഷിക സംസ്കൃതിയാല് സമ്പന്നമായ ആന്ധ്രയിലെ സ്വര്ണ്ണമുഖീനദിക്കരിയിലുള്ള സുന്ദരഗ്രാമത്തിലേക്ക്

''നിങ്ങൾ ഗുഡിമല്ലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ''? -അവരുടെ ചോദ്യം പെട്ടെന്നായിരുന്നു. അറിയില്ലെന്ന ഭാവത്തിൽ തലയാട്ടി. ''ലോകത്തിലെ ഏറ്റവും പുരാതനമായ ശിവലിംഗം അവിടെയാണ്, ഞങ്ങളുടെ ഗ്രാമമാണ് അത്''.
ഇതുപറയുമ്പോൾ ആ സ്ത്രീയുടെ കണ്ണുകൾ അഭിമാനത്താലും നിഷ്‌കളങ്കമായ സ്‌നേഹത്താലും തിളങ്ങിയിരുന്നു. കാളഹസ്തിയിൽ സ്വർണ്ണമുഖീനദിയിലേക്കിറങ്ങുന്ന പടവുകളിൽവെച്ചാണ് അവരെ പരിചയപ്പെട്ടത്. മെടഞ്ഞിട്ട നീളത്തിലുള്ള മുടിയിൽ പൂചൂടി പട്ടുചേലയുടുത്ത ഗ്രാമീണ സ്ത്രീയായിരുന്നു അവർ. മനോഹരമായ കുന്നുകളും താഴ്‌വാരങ്ങളുംകൊണ്ട് ചുറ്റപ്പെട്ട തെലുഗു ഗ്രാമമാണ് ഗുഡിമല്ലം. ചരിത്രാന്വേഷികളും പ്രകൃതിസ്‌നേഹികളും ഗ്രാമീണ കാഴ്ചകൾ തേടുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗ്രാമം. തിരുപ്പതിയിൽനിന്നും 25 കി.മി അകലെയാണ് ഗുഡിമല്ലം. തിരുപ്പതിയിൽനിന്നും സമീപ പട്ടണങ്ങളിൽനിന്നും ഇവിടേയ്ക്ക് ബസ് സർവ്വീസുകൾ ഉണ്ട്. പാതയ്ക്കിരുവശങ്ങളിലും കരിമ്പും പരുത്തിയും നെല്ലും നിലക്കടലയും സമൃദ്ധമായി വിളയുന്ന പാടങ്ങൾ, കരിമ്പുകൾ കയറ്റിവരുന്ന ട്രാക്ടറുകൾ. പാതയിൽനിന്നും അല്പമകലെയായി സ്വർണ്ണമുഖി നദി ശാന്തമായൊഴുകുന്നു. നിളാനദിയെപോലെ സ്വർണമുഖിയുടെ വിരിമാറിലും കുറ്റിക്കാടുകൾ വളർന്നുനിൽക്കുന്നത് കാണാമായിരുന്നു.
സ്വർണ്ണമുഖിയിലെ വെള്ളമാണ് ഗുഡിമല്ലത്ത് ജലസേചനത്തിനായി ഉപയോഗിക്കുന്നത്. തിരുപ്പതി ജില്ലയിലെ പക്കാലയ്ക്ക് സമീപം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ ഉയരത്തിൽനിന്ന് ഉദ്ഭവിക്കുന്ന സ്വർണ്ണമുഖി, ചരിത്രപ്രസിദ്ധമായ കാളഹസ്തി നഗരത്തിലൂടെ ഒഴുകി ഏകദേശം 130 കി.മി സഞ്ചരിച്ചാണ് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. ഗുഡിമല്ലത്തെ അതിപുരാതനമായ പരശുരാമേശ്വര സ്വാമി ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ ഇതിന്റെ തീരങ്ങളിലുണ്ട്.
ഗുഡിമല്ലം പരശുരാമേശ്വരസ്വാമി ക്ഷേത്രമാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിൽ മൗര്യസാമ്രാജ്യ കാലത്താണ് ക്ഷേത്രത്തിന്റെ ആദ്യരൂപം നിർമ്മിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. പിന്നീട് ശതവാഹന, പല്ലവ, ചോള, വിജയനഗര സാമ്രാജ്യങ്ങളും ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തിപ്പോന്നു. ശിവഭക്തരായ ചോളരുടെ കാലത്താണ് ക്ഷേത്രത്തിന് ഏറ്റവും കൂടുതൽ പ്രശസ്തി ലഭിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ ക്ഷേത്രപുനരുദ്ധാരണവും നവീകരണവും നടക്കുകയുണ്ടായി. നിലവിൽ ആന്ധ്ര സർക്കാറിന്റെ എൻഡോവ്‌മെന്റ് വകുപ്പും ആർക്കിയോളജിൽ സർവേ ഓഫ് ഇന്ത്യയും ചേർന്നാണ് ക്ഷേത്രം സംരക്ഷിച്ച് പോരുന്നത്.
നെൽവയലുകൾക്കിടയിലൂടെ നീളുന്ന പാത ക്ഷേത്രത്തിന് മുന്നിലായുള്ള വലിയൊരു ആൽമരച്ചുവട്ടിലേക്കാണ് എത്തിച്ചേർന്നത്. ചെറിയൊരു ഇരുമ്പുമതിലിന് ഉള്ളിലായി കരിങ്കല്ലിൽ തീർത്ത ക്ഷേത്രകവാടവും ചുറ്റുമതിലും കാണാമായിരുന്നു. ക്ഷേത്രത്തിന് മുൻപിൽ പൂക്കളും കപ്പലണ്ടിയും വാഴപ്പഴവുമൊക്കെ വിൽക്കുന്ന സ്ത്രീകൾ. ഇരുമ്പുമതിലിന് ഉൾവശത്തായി ശിവവാഹനമായ നന്തികേശനെ അനുസ്മരിക്കുന്ന വിധത്തിൽ തലയിലും ശരീരത്തിലും പൂമാല ചാർത്തി വലിയൊരു കാളക്കൂറ്റൻ നിൽക്കുന്നുണ്ടായിരുന്നു. ക്ഷേത്ര സംരക്ഷണതയിൽ വളർത്തുന്ന മൃഗമായിരുന്നു അത്. തൊട്ടടുത്തൊരു ഗ്രാമീണസ്ത്രീ പുല്ല് വിൽക്കാൻ ഇരിക്കുന്നുണ്ട്. ദർശനത്തിനെത്തുന്ന ഭക്തർ പുല്ല് വാങ്ങി കാളയ്ക്ക് കൊടുക്കുന്നത് കാണാമായിരുന്നു.
ക്ഷേത്രഗോപുരം കടന്നാൽ കരിങ്കല്ലിൽ തീർത്ത ദ്രാവിഡ-നാഗര ശൈലികൾ സമന്വയിച്ച വാസ്തുവിദ്യാവൈഭവത്തോടെ തലയുയർത്തി നിൽക്കുന്ന ക്ഷേത്രം കാണാം. പുല്ലുവിരിച്ച് ഭംഗിയായി സംരക്ഷിക്കുന്ന ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ കരിങ്കൽനടപ്പാതകൾ ഉണ്ട്. പുരാതനകാലത്ത് നിർമ്മിക്കപ്പെട്ട രണ്ട് ഉപക്ഷേത്രങ്ങൾ കൂടി മതിൽക്കെട്ടിനുള്ളിലായുണ്ട്. പുറമെ ചതുരാകൃതിയിൽ കാണപ്പെടുന്ന ക്ഷേത്രത്തിന്റെ ഉൾഭാഗത്തെ ശ്രീകോവിലിന് ഗജപൃഷ്ഠാകൃതിയാണ്. ശ്രീകോവിലിനുള്ളിലായി അല്പം താഴ്ന്ന ഭാഗത്താണ് പ്രധാന പ്രതിഷ്ഠയായ ഗുഡിമല്ലം ലിംഗം.
സമാനതകൾ ഇല്ലാത്ത പ്രതിഷ്ഠയാണ് ഗുഡിമല്ലം ലിംഗം. ആദ്യകാല പല്ലവശില്പമായി ഇതു കണക്കാക്കപ്പെടുന്നു. ഒറ്റക്കല്ലിൽ കറുത്ത ബാസാൾട്ട് ശിലയിൽ കൊത്തിയെടുത്ത അഞ്ച് അടി ഉയരവും മൂന്ന് അടി വ്യാസവുമുള്ള ശില്പമാണിത്. സങ്കീർണ്ണമായ കൊത്തുപണികളാലും ആഭരണങ്ങൾ അണിഞ്ഞുമുള്ള രുദ്രഭഗവാന്റെ യഥാർത്ഥ ചിത്രീകരണം ലിംഗത്തിൽ കാണാൻ കഴിയും. കുള്ളനായൊരു യക്ഷന്റെ തോളിൽ ശിവരൂപം നിൽക്കുന്ന കാഴ്ചയാണ് ലിംഗത്തിലുള്ള കാഴ്ച. ഒരൊറ്റ വിഗ്രഹത്തിൽ ത്രിമൂർത്തികളായ ബ്രഹ്‌മാവ്, വിഷ്ണു ശിവൻ എന്നിവരെ ഒരുമിച്ച് ചേർത്തുവെച്ച വിഗ്രഹമാണ് ഇതെന്നും വാദമുണ്ട്.
ഗുഡിമല്ലം ലിംഗത്തിന്റെ തനിപ്പകർപ്പ് ആന്ധ്രയിലെ ചന്ദ്രശിരിക്കോട്ടയിലെ മ്യൂസിയത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്. പുരാതന ഇന്ത്യയുടെ സമ്പന്നമായ
സാംസ്‌കാരിക പൈതൃകത്തിന്റെയും വാസ്തുവിദ്യയുടെയും അടയാളമായി ഗുഡിമല്ലം ലിംഗത്തെ കണക്കാക്കുന്നു. ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ കരിങ്കല്ലിൽ ആലേഖനം ചെയ്ത ശിലാലിഖിതങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മഹാന്മാരായ രാജാക്കന്മാർ ഇവിടെ ക്ഷേത്രദർശനം നടത്തിയതിന്റെ വിളംബരങ്ങളാണ് ഈ ശിലകൾ. മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയൊരു ക്ഷേത്രമാണ് ഇതെങ്കിലും മറ്റാർക്കും പിടികൊടുക്കാത്ത ഒരു പാട് രഹസ്യങ്ങളും ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ട്. ക്ഷേത്രം നിർമ്മിച്ച അനേകായിരം കരിങ്കലുകളിൽ ഒൻപത് കല്ലുകൾ ഭൂഗർഭ ക്ഷേത്രത്തിലേക്ക് നയിക്കുന്ന ഇടനാഴികളുടെ കവാടങ്ങൾ ആണെന്നാണ് പറയപ്പെടുന്നത്. പ്രാചീന ഇന്ത്യൻ ഭാഷകളിൽ ഗുഡിമല്ലം എന്ന വാക്കിനർത്ഥം 'ഭൂമിയ്ക്കടിയിൽ' എന്നാണത്രെ. യഥാർത്ഥ ഗുഡിമല്ലം ലിംഗം ഭൂമിക്കടിയിലാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. തിരിച്ചുമടക്കത്തിനിടെ വിളഞ്ഞുനിൽക്കുന്ന നെൽപ്പാടങ്ങൾക്കരികിലെ ഓലമേഞ്ഞ വീട്ടുമുറ്റത്തിരുന്ന സ്ത്രീകൾ ചിരിച്ചുകൊണ്ട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അവർ പറയുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും അത് സ്‌നേഹത്തിന്റെ ഭാഷയായിരുന്നു. ഗുഡിമല്ലം എന്ന ഗ്രാമത്തിന്റെ സ്‌നേഹമായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Home to the world's oldest known Shiva Linga dating back to 3rd century BCE., Unique architectural fusion of Dravidian and Nagara styles., Located near the scenic Swarnamukhi River in Andhra Pradesh., Essential travel information including transport, timings, and nearby attractions for 2026., Rich historical significance involving Pallava, Chola, and Vijayanagara dynasties.
Published: 16 Apr 2026, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented