നൂറ്റാണ്ടുകളുടെ പഴക്കമുള്ള കഥകളും കല്ലുകളിൽ കൊത്തിവെച്ച ചരിത്രവും തേടിയുള്ള യാത്രകളിൽ, ടാലിൻ നഗരം എനിക്ക് സമ്മാനിച്ചത് ഒരു മധ്യകാലവിസ്മയമാണ്. എസ്തോണിയയിലെ ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവുമാണ് ടാലിൻ. മധ്യകാലഘട്ടത്തിലെ കെട്ടിടങ്ങളും സ്മാരകങ്ങളും ഇത്രയ്ക്ക് സംരക്ഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു തലസ്ഥാനനഗരം യൂറോപ്പിലില്ലെന്ന് പറയേണ്ടിയിരിക്കുന്നു. യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിലും ടാലിൻ ഇടംപിടിച്ചിട്ടുണ്ട്. നഗരത്തിന്റെ പേരിൽത്തന്നെ വലിയൊരു ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. 1219-ൽ ഡാനിഷ് രാജാവായ വാൽഡെമർ രണ്ടാമൻ, ഈ പ്രദേശം കീഴടക്കുകയും തൂംപിയ മലമുകളിൽ ഒരു വലിയ കോട്ട പണിയുകയും ചെയ്തു. ഈ വൈദേശികാധിപത്യത്തെ സൂചിപ്പിക്കാൻ നാട്ടുകാർ കോട്ടയെ 'താന്നി-ലിൻ' എന്ന് വിളിച്ചു. എസ്തോണിയൻ ഭാഷയിൽ ഇതിനർഥം 'ഡാനിഷ് കോട്ട' എന്നാണ്. കാലക്രമേണ ഈ വാക്ക് പരിണമിച്ചാണ് ഇന്നത്തെ 'ടാലിൻ' എന്ന പേരുണ്ടായതെന്നാണ് കരുതപ്പെടുന്നത്.
പതിമ്മൂന്നാംനൂറ്റാണ്ടുമുതൽ പതിനേഴാംനൂറ്റാണ്ടുവരെ വടക്കൻ യൂറോപ്പിലെ കച്ചവടം നിയന്ത്രിച്ചിരുന്ന ഹാൻസിയാറ്റിക് ലീഗിലെഏറ്റവും തന്ത്രപ്രധാനമായ നഗരമായിരുന്നു ടാലിൻ. യൂറോപ്പിനും റഷ്യക്കും ഇടയിലുള്ള കവാടമായി നിലകൊണ്ട ടാലിൻ, ഉപ്പും സുഗന്ധവ്യഞ്ജനങ്ങളും കൈമാറ്റംചെയ്യുന്ന പ്രധാന കേന്ദ്രമായി വർത്തിച്ചു. 'സ്റ്റേപ്പിൾ റൈറ്റ്' എന്ന നിയമപ്രകാരം ഈ വഴി പോകുന്ന കപ്പലുകൾ നങ്കൂരമിട്ട്, നഗരത്തിൽ മൂന്നുദിവസം സാധനങ്ങൾ വിൽക്കാൻ നിർബന്ധിതരായിരുന്നു. ഈ കച്ചവടക്കണ്ണും ബുദ്ധിയുമാണ് ടാലിനെ മധ്യകാലഘട്ടത്തിലെ സമ്പന്നമായ നഗരങ്ങളിലൊന്നാക്കി മാറ്റിയത്.
കടൽക്കവാടവും ഫാറ്റ് മാർഗരറ്റും
എന്റെ യാത്ര തുടങ്ങുന്നത് നഗരത്തിന്റെ വടക്കേ അറ്റത്തുള്ള 'ഗ്രെയ്റ്റ് കോസ്റ്റൽ ഗേറ്റിൽ'നിന്നാണ്. കടലിൽനിന്ന് വരുന്ന കച്ചവടക്കാരെയും നാവികരെയും സ്വാഗതംചെയ്തിരുന്ന ഈ ഗേറ്റിന് കാവലായി 'ഫാറ്റ് മാർഗരറ്റ്' എന്ന പീരങ്കിഗോപുരമുണ്ട്. 1511-നും 1530-നും ഇടയിൽ പണികഴിപ്പിച്ച ഇതിന്റെ ചുവരുകൾക്ക് ഇരുപത്തഞ്ചുമീറ്റർ കനമുണ്ട്. നഗരത്തിന്റെ കരുത്ത് ശത്രുക്കളെ ബോധ്യപ്പെടുത്താനാകണം ഇത്രയും വ്യാസത്തിൽ കോട്ട നിർമിച്ചത്. നഗരത്തിലുള്ള മറ്റ് ഗോപുരങ്ങളുമായി ഇതിന്റെ ആകൃതി താരതമ്യം ചെയ്തിട്ടാകാം 'തടിച്ച മാർഗരറ്റ്' എന്ന വിളിപ്പേര് നൽകിയത്. ഗോപുരത്തിന് സമീപമുള്ള ഒരു കപ്പലിൽ ജോലിചെയ്തിരുന്ന പാചകക്കാരിയായിരുന്നു മാർഗരറ്റ്. അവർക്ക് തടിയുള്ള ആകാരമായിരുന്നത്രേ. അക്കാലത്ത് തടിച്ച ശരീരം ഐശ്വര്യത്തിന്റെയും ശക്തിയുടെയും അടയാളമായി കണക്കാക്കിപ്പോന്നിരുന്നു.
പിക് തെരുവും ഒലാഫിന്റെ ശാപവും
പണ്ടുകാലത്ത് തുറമുഖത്തെയും നഗരത്തിന്റെ ഉയർന്ന ഭാഗങ്ങളെയും ബന്ധിപ്പിച്ചിരുന്ന പിക് തെരുവിലൂടെയാണ് പിന്നീട് ഞാൻ നടന്നത്. ഈ പാതയിലാണ് സമ്പന്നരായ വ്യാപാരികൾ താമസിച്ചിരുന്നത്. വഴിയരികിൽ പ്രശസ്തമായ 'സെയ്ന്റ് ഒലാഫ്‌സ് പള്ളി' കണ്ടു. 1500-കളിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു ഇത്. ഈ പള്ളി പണിയാൻവന്ന ഒലാഫ്, കച്ചവടക്കാരിൽനിന്ന് ആയിരം സ്വർണനാണയം കൂലിയായി ആവശ്യപ്പെട്ടു. പണി തീരുന്നതിനുമുൻപ് തന്റെ പേര് ആരെങ്കിലും കണ്ടെത്തിയാൽ, സൗജന്യമായി പള്ളി പണിതുതരാമെന്ന് അവൻ വാഗ്ദാനം നൽകി. പണി തീരുന്ന ദിവസം ഒരു നഗരവാസി അവന്റെ പേര് വിളിച്ചുകൂവി. ഞെട്ടിപ്പോയ ഒലാഫ് മുകളിൽനിന്ന് താഴേക്ക് വീണുമരിച്ചു. ഒലാഫ് വീണപ്പോൾ വായിൽനിന്ന് ഒരു പാമ്പും തവളയും ഇഴഞ്ഞ് പുറത്തുവന്നുവെന്നും ഐതിഹ്യമുണ്ട്.
ഇതേ തെരുവിൽത്തന്നെയാണ് നഗരത്തിലെ മനോഹരവും നിഗൂഢവുമായ കെട്ടിടങ്ങളിലൊന്നായ 'ഹൗസ് ഓഫ് ബ്ലാക്ഹെഡ്സ്' സ്ഥിതിചെയ്യുന്നത്.
ചുവപ്പും പച്ചയും സ്വർണ്ണനിറവും കലർന്ന ഹൗസ് ഓഫ് ബ്ലാക്ഹെഡ്സിന്റെ വാതിലിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കാൻ ധാരാളം സഞ്ചാരികളെത്തുന്നു. 1640-ലാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. ഇതിന് പിന്നിൽ മറ്റൊരു കഥയുണ്ട്:
ടാലിനിലെ പ്രധാന കച്ചവടക്കാരുടെ സംഘടനയായ 'ഗ്രെയ്റ്റ് ഗിൽഡി'ൽ അംഗത്വം ലഭിക്കണമെങ്കിൽ, ചില നിബന്ധനകളുണ്ടായിരുന്നു. അതിലൊന്ന്, നഗരത്തിൽ സ്ഥിരതാമസക്കാരും വിവാഹിതരുമായ ജർമൻകാരായിരിക്കണം എന്നതാണ്. നഗരത്തിൽ താത്കാലികമായി താമസിച്ചുപോരുന്നവരും ഗ്രെയ്റ്റ് ഗിൽഡിൽ അംഗത്വം ലഭിക്കാത്തവരുമായ വിദേശവ്യാപാരികളും കപ്പലുടമകളും ചേർന്നാണ് 'ബ്ലാക്ഹെഡ്സ് ബ്രദർഹുഡ്' രൂപവത്കരിച്ചത്. ഇവർ നഗരത്തിന്റെ പ്രതിരോധത്തിൽ വലിയ പങ്കുവഹിച്ചു. ശത്രുക്കൾ നഗരമാക്രമിക്കുമ്പോൾ മുൻപന്തിയിൽനിന്ന് പോരാടിയിരുന്നത് ഈ യുവാക്കളായിരുന്നു.
ബ്ലാക്ഹെഡ്സ് സംഘടനയുടെ കാവൽവിശുദ്ധനാണ് സെയ്ന്റ് മോറിസ്. മൂന്നാംനൂറ്റാണ്ടിൽ റോമൻസൈന്യത്തിലെ തീബൻ ലീജന്റെ കമാൻഡറായിരുന്നു അദ്ദേഹം. ഈ സൈന്യം ഈജിപ്തിൽനിന്നുള്ളവരായിരുന്നു. ക്രിസ്ത്യാനികളെ പീഡിപ്പിക്കാൻ റോമൻ ചക്രവർത്തി ഉത്തരവിട്ടപ്പോൾ, തന്റെ വിശ്വാസത്തിന് വിരുദ്ധമായത് ചെയ്യാൻ വിസമ്മതിച്ച മോറിസിനെ വധശിക്ഷയ്ക്ക് വിധേയനാക്കി. അങ്ങനെ, മോറിസ് രക്തസാക്ഷിത്വം വരിച്ചു. ഉത്തരാഫ്രിക്കക്കാരനായതിനാൽ, അദ്ദേഹം കറുത്തവർഗക്കാരനായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ബ്ലാക്ഹെഡ്സ് എന്ന സംഘടനയുടെ കൊടിയിലും കെട്ടിടത്തിന്റെ ചുവരുകളിലുമെല്ലാം സെയ്ന്റ് മോറിസിന്റെ മുഖം കൊത്തിവെച്ചിരിക്കുന്നത് കാണാം. സംഘടനയ്ക്ക് 'ബ്ലാക്ഹെഡ്സ്' എന്ന പേര് വരാൻ കാരണവും മോറിസ് എന്ന വിശുദ്ധനോടുള്ള ആരാധനയാണ്.
മരുന്ന് പുരട്ടാത്ത ചരിത്രം
നഗരമധ്യത്തിലെ ടൗൺ ഹാൾ സ്‌ക്വയറിൽനിന്നാൽ 1400-കളിലേക്ക് പിൻനടക്കാം. വടക്കൻ യൂറോപ്പിലെ ഏറ്റവും പഴയ ടൗൺഹാൾ ഇവിടെയാണ്. അതിനോടുചേർന്നാണ് 1422 മുതൽ പ്രവർത്തിക്കുന്ന ടൗൺഹാൾ ഫാർമസി (Raeapteek). 1582 മുതൽ 1911 വരെ തുടർച്ചയായി പത്ത് തലമുറകളായി ഈ ഫാർമസി നടത്തിയിരുന്ന ബുർച്ചാർട്ട് കുടുംബത്തിന്റെ ഛായാചിത്രങ്ങളും അവരുടെ കുടുംബചരിത്രവും ഇവിടെ വിവരിച്ചിരിക്കുന്നു. പണ്ടുകാലത്ത് ഈജിപ്ഷ്യൻ മമ്മികളുടെ പൊടിയും കരിഞ്ഞ തേനീച്ചകളുംവരെ മരുന്നായി ഇവിടെ വില്പന നടത്തിയിരുന്നു. ഉണക്കിയ തേളുകൾ, പാമ്പിന്റെ കൊഴുപ്പ്, വവ്വാലുകൾ, ഉണക്കിയ തവളകൾ എന്നിവയിൽനിന്ന് നിർമിച്ച മരുന്നുകളും ഇവിടെ ക്കാണാം. ഹാൻസീറ്റിക് ലീഗിന്റെ കച്ചവടസ്വാധീനംമൂലം ഭാരതത്തിൽനിന്ന് എത്തിയ സുഗന്ധവ്യഞ്ജനങ്ങളുടെ വലിയൊരുശേഖരം ഇവിടെയുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഉണങ്ങിയ സസ്യങ്ങളുടെയും ഔഷധച്ചെടികളുടെയും ശേഖരം വലിയ പുസ്തകങ്ങളിലായി ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. 1467 മുതൽ ഈ ഫാർമസിയിൽ എട്ട് വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് നിർമിക്കുന്ന ഔഷധവീഞ്ഞാണ് ക്ലാരറ്റ്. പഴയ കുപ്പികളിൽ വില്പനയ്ക്ക് വെച്ചിട്ടുള്ള ക്ലാരറ്റ് ഇപ്പോഴും ഇവിടെനിന്ന് വാങ്ങാൻകിട്ടും.
നിഗൂഢതകൾ ഒളിപ്പിച്ച ഇടവഴികൾ
പട്ടണത്തിലെ ആകർഷകമായ ഒരു ഇടവഴിയാണ് സെന്റ് കാതറിൻസ് പാസേജ്. ഈ ഇടവഴിയിലെ ചുവരുകളിൽ 14-ാം നൂറ്റാണ്ടിലെ ശവകുടീരങ്ങളുടെ കല്ലുകൾ പതിപ്പിച്ചുവെച്ചിരിക്കുന്നു. ഒരുകാലത്ത് ഡൊമിനിക്കൻ മഠത്തിന്റെ ഭാഗമായിരുന്നു ഈ പള്ളി. ദേവാലയത്തിന്റെ ചുവരിൽ കാണപ്പെടുന്ന ശിലാഫലകങ്ങൾ സെന്റ് കാതറിൻ പള്ളിക്കുള്ളിലെ തറയിൽ സ്ഥാപിച്ചിരുന്നവയായിരുന്നു. മധ്യകാലഘട്ടത്തിൽ പള്ളിക്കുള്ളിൽ അടക്കംചെയ്യപ്പെട്ട പ്രമുഖ വ്യക്തികളുടെയും വ്യാപാരികളുടെയും ശവകുടീരങ്ങളാണിവ. പള്ളി തകരുകയും പിന്നീട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയുംചെയ്തപ്പോൾ, ചിതറിക്കിടന്ന ഈ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായി അവ ഇടവഴിയുടെ വടക്കേ ചുവരിൽ ഉറപ്പിക്കുകയായിരുന്നു. ടാലിനിലെ പഴയകാലത്തെയും വിശ്വാസങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു 'ഓപ്പൺ എയർ മ്യൂസിയം' പോലെ ഈ ഇടവഴിയെ നിലനിർത്താൻ ഇവ സഹായിക്കുന്നു.
ടാലിനിനെ മറ്റൊരു ദേവാലയമായ ഹോളി സ്പിരിറ്റ് പള്ളിയുടെ പുറംചുവരിലുള്ള മരത്തിൽ കൊത്തിയെടുത്ത നീലയും സ്വർണവും കലർന്ന ക്ലോക്ക് മറ്റൊരു കൗതുകമാണ്. ഈ നഗരത്തിലെ ഏറ്റവും പഴക്കംചെന്ന പൊതു ക്ലോക്കാണ് ഇത്. മധ്യഭാഗത്ത് സൂര്യന്റെ രൂപവും ചുറ്റും നാല് സുവിശേഷകന്മാരുടെ കൊത്തുപണികളും കാണാം. മധ്യകാലഘട്ടത്തിൽ എല്ലാവർക്കും സ്വന്തമായി വാച്ചുകളോ ക്ലോക്കുകളോ ഉണ്ടായിരുന്നില്ല. നഗരവാസികൾക്കും തുറമുഖത്തെത്തുന്ന കച്ചവടക്കാർക്കും സമയം അറിയാനുള്ള ഏക മാർഗമായിരുന്നു ഈ പൊതു ക്ലോക്ക്. ക്ലോക്കിന്റെ മുകളിൽ ലത്തീൻ ഭാഷയിൽ ഒരു വരി കൊത്തിവെച്ചിട്ടുണ്ട്. 'യജമാനനായാലും ഭൃത്യനായാലും സമയം എല്ലാവർക്കും ഒരുപോലെയാണ്'. തുല്യതയെയും സമയത്തിന്റെ വിലയെയും ഇത് ഓർമ്മിപ്പി ക്കുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ഈ ക്ലോക്ക് കേടുകൂടാതെ പ്രവർത്തിക്കുന്നു. ഇന്നും ആഴ്ചയിലൊരിക്കൽ കൈകൊണ്ടാണ് ഇതിന്റെ മെക്കാനിസം നിയന്ത്രിക്കുന്നത്. ഈ പള്ളിക്കും വലിയൊരു ചരിത്രമുണ്ട്.
ലൈ തെരുവിലെ കാഴ്ചകൾ
എസ്തോണിയൻ പാവനാടകത്തിന്റെ പിതാവായ ഫെർഡിനാൻഡ് വെയ്‌കെയുടെ വെങ്കല സ്മാരകമാണ് ലൈ തെരുവിലെ പ്രധാനകാഴ്ചകളിൽ ഒന്ന്. അദ്ദേഹത്തിന്റെ കൈയിലിരിക്കുന്ന ബുറാറ്റിനോ എന്നറിയപ്പെടുന്ന നീണ്ട മൂക്കുള്ള പാവ ചുവരിൽനിന്ന് ഇറങ്ങിവരുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഇറ്റാലിയൻ കഥാപാത്രമായ 'പിനോക്കിയോ'യുടെ (Pinocchio) റഷ്യൻ പതിപ്പാണ് ബുറാറ്റിനോ. അലക്സി ടോൾസ്റ്റോയ് എഴുതിയ 'The Golden Key, or the Adventures of Buratino' എന്ന പുസ്തകത്തിലെ നായകനാണിത്. വെയ്‌കെക്ക്, ബുറാറ്റിനോ വെറുമൊരു പാവയായിരുന്നില്ല. ടാലിനിലെത്തുന്ന സഞ്ചാരികൾ ബുറാറ്റിനോയുടെ നീളൻ മൂക്കിലും കാൽവിരലുകളിലും തൊടുന്നത് പതിവാണ്. അങ്ങനെ ചെയ്യുന്നത് ഭാഗ്യംകൊണ്ടുവരുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. പതിറ്റാണ്ടുകളോളം അദ്ദേഹം ഈ പാവയിലൂടെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ചു. ബുറാറ്റിനോയുടെ ശബ്ദവും ചലനങ്ങളും വെയ്‌കെയുടെ കരിയറിലെ വലിയ അടയാളമായി മാറി. എസ്തോണിയയുടെ ഇതിഹാസ സാഹിത്യകാരനായ യാൻ ക്രോസിന്റെ പ്രതിമയും ഈ തെരുവിൽ സ്ഥാപിച്ചിട്ടുണ്ട്. തന്റെ ചരിത്ര നോവലുകളിലൂടെ എസ്തോണിയൻ ജനതയുടെ അതിജീവനത്തിന്റെ കഥ ലോകത്തിന് പറഞ്ഞ മഹാനാണ് അദ്ദേഹം. രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുശേഷവും ജർമൻ, സോവിയറ്റ് ഭരണകൂടങ്ങൾ അദ്ദേഹത്തെ തടവിലാക്കിയിരുന്നു. 1946 മുതൽ 1954 വരെയുള്ള എട്ടുവർഷക്കാലം അദ്ദേഹം സോവിയറ്റ് യൂണിയന്റെ കീഴിലുള്ള ലേബർ ക്യാമ്പുകളിലേക്ക് നാടുകടത്തപ്പെട്ടു. ശിക്ഷകഴിഞ്ഞ് 1954-ൽ ടാലിനിൽ തിരിച്ചെത്തിയശേഷമാണ് അദ്ദേഹം ഗൗരവകരമായ എഴുത്തിലേക്ക് തിരിയുന്നത്. ആദ്യം കവിതകളും പിന്നീട് ചരിത്രനോവലുകളും ആ തൂലികയിൽനിന്ന് പിറവികൊണ്ടു. അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ, എസ്തോണിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടത്തിന്റെ സ്മരണകളിലൂടെ (രണ്ട് ലോകമഹായുദ്ധങ്ങൾ, സോവിയറ്റ് ഭരണം, ഒടുവിൽ എസ്തോണിയയുടെ പൂർണ സ്വാതന്ത്ര്യം) നാം കടന്നുപോകുന്നു.
തൂംപിയ മലയും പാർലമെന്റും
എസ്തോണിയയുടെ വീരനായകനായ കലെവിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ടാലിൻ നഗരത്തിലെ തൂംപിയ മലയിലാണ്. കലെവിന്റെ ഭാര്യയായ ലിൻഡ, കല്ലുകൾ ചുമന്നുകൊണ്ടുവന്ന് അത് കൂട്ടിവെച്ച് നിർമിച്ചതാണ് തൂംപിയ മല എന്നാണ് കഥ. ലിൻഡയുടെ കണ്ണീർ വീണാണത്രേ സമീപത്തുള്ള ഉലെമിസ്റ്റെ തടാകം രൂപപ്പെട്ടതെന്നും ഐതിഹ്യകഥകളുണ്ട്. തൂംപിയ മലമുകളിലാണ് എസ്തോണിയൻ പാർലമെന്റായ രീഗികോഗു സ്ഥിതിചെയ്യുന്നത്. പാർലമെന്റിനോട് ചേർന്നുള്ള അലക്സാൻഡർ നെവ്സ്‌കി കത്തീഡ്രൽ സ്ഥിതിചെയ്യുന്നത്. ഈ ദേവാലയത്തിൽ 11 കൂറ്റൻ മണികൾ കാണാം. ഇതിൽ 15 ടൺ ഭാരമുള്ള വലിയ മണി ഉയർത്താൻ, അക്കാലത്ത് 500 പുരുഷന്മാർ ഒരേസമയം പരിശ്രമിച്ചിരുന്നുവത്രേ! തൂംപിയ മലമുകളിലെ കോട്ടുട്‌സ വ്യൂ പോയിന്റിൽ നിന്നാൽ ടാലിൻ നഗരത്തിന്റെ ചുവന്ന മേൽക്കൂരകളുടെ അതിമനോഹരമായ കാഴ്ച കാണാം. തൂംപിയ മലമുകളിൽനിന്ന് തിരിച്ചിറങ്ങുമ്പോൾ അകലെയായി ഡാനിഷ് കിങ്സ് ഗാർഡൻ കണ്ടു. 1219-ൽ ഒരു യുദ്ധത്തിൽ ഡാനിഷ് സൈന്യം തോൽക്കാറായപ്പോൾ ആകാശത്തുനിന്ന് ഒരു ചുവന്ന പതാക താഴേക്ക് വീണുവെന്നും അത് പടയാളികൾക്കിടയിൽ ആവേശം വർധിപ്പിച്ചെന്നുമാണ് കഥ. ഡെൻമാർക്കിന്റെ ദേശീയപതാകയായ ഡാനെബ്രോഗ് അങ്ങനെയാണ് ഉണ്ടായത്. ഈ തോട്ടത്തിൽ മുഖമില്ലാത്ത മൂന്ന് സന്ന്യാസിമാരുടെ വെങ്കലശില്പങ്ങളും കാണാം. ആംബ്രോസിയസ്, ബർത്തലോമിയസ്, ക്ലോഡിയസ് എന്നാണ് ഈ ശില്പങ്ങളിലെ സന്ന്യാസിമാരുടെ പേരുകൾ. രാത്രികാലങ്ങളിൽ ഇവർ, അദൃശ്യരായി നടക്കാറുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. ടാലിനിലെ ഓരോ കല്ലിനും ഓരോ കഥ പറയാനുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധം തങ്ങിനിൽക്കുന്ന ഫാർമസികൾമുതൽ, 500 പേർ ചേർന്ന് ഉയർത്തിയ, ദേവാലയത്തിലെ മണിവരെ. അതേ, കേവലം കഥകൾമാത്രമല്ല, അതിജീവനത്തിന്റെ ആത്മവീര്യം തുടിക്കുന്നതുകൂടിയാണ് ഈ നഗരം.
Content Highlights: Comprehensive historical overview of Tallinn's medieval origins and Hanseatic League influence., Detailed insights into iconic landmarks like Fat Margaret, St. Olaf’s Church, and the House of Blackheads., Unique cultural history of Raeapteek, Europe's oldest continuously operating pharmacy., Expert tips on exploring hidden medieval alleyways and historic public clocks., Cultural context on the architectural preservation of Estonia's capital city in 2026.
Published: 10 Apr 2026, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented