
ആഴമളക്കാന്‍ പറ്റാത്ത തടാകത്തിന് മുന്നില്‍ കാംരുങ് നിന്നു. ചുറ്റും കൂടിയവര്‍ ആടയാഭരണങ്ങള്‍ എല്ലാം അവനുമുമ്പില്‍ കൂമ്പാരം കൂട്ടി. അവര്‍ പ്രഖ്യാപിച്ചു, 'ഇനി നീയാണ് ഞങ്ങളുടെ ദൈവം. നിനക്ക് തോന്നുമ്പോള്‍ പെയ്യുക. അല്ലാത്തപ്പോള്‍ ഇവിടെ തളം കെട്ടിക്കിടക്കുക'. പരാശര്‍ തടാകത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാനും മനസ്സില്‍ പ്രാര്‍ത്ഥിച്ചു, ഇവിടെ തളംകെട്ടി കിടക്കുക. എന്നെപ്പോലെ മുന്നിലെത്തുന്നവര്‍ക്ക് ഇനിയും കാണാനായി... സ്വപ്നങ്ങള്‍ ഇറക്കിവെക്കാനുള്ള ഒരു നീലത്തടാകമായി... ഒരു പകല്‍ മുഴുവന്‍ അലഞ്ഞാണ് പരാശര്‍ തടാകത്തിന് മുന്നിലെത്തിയത്. ഹിമാചലിലെ പാര്‍വതിവാലിയുടെ കയറ്റിറക്കങ്ങളില്‍ ഒരാഴ്ചയോളം ചെലവിട്ട ശേഷം കല്‍ഗ ഗ്രാമത്തില്‍നിന്ന് പുലര്‍ച്ചെ വാഹനമേറുമ്പോള്‍ ഇരുട്ട് വീഴും വരെയുള്ള യാത്രയായിരിക്കുമിതെന്ന് അറിഞ്ഞിരുന്നില്ല. പാര്‍വതി നദി ഹിമാചലിന് പ്രിയപ്പെട്ടവളാണ്.
പിന്‍പാര്‍വതി ചുരത്തിലെ മാന്തലൈ ഹിമാനിയില്‍നിന്ന് ആരംഭിച്ച്, മലാനയും മണികരണും കസോളും പിന്നിട്ട് ബുന്ദറില്‍ എത്തുമ്പോള്‍ ബ്യാസ് നദി കാത്തുനില്‍പ്പുണ്ടാകും.
ബുന്ദര്‍, സുന്ദരമായ ഒരു കൂടിച്ചേരലിന്റെ ഇടമാണ്. പാര്‍വതി നദി, ജന്മദേശം വിട്ട് ബ്യാസിനൊപ്പം സത്ലജിലേക്ക് ഒഴുകിച്ചേരാന്‍ തയ്യാറെടുക്കുന്നത് ഇവിടെവെച്ചാണ്. ഹിമാചലിന്റെ സ്വപ്നഭൂമിയായ കുളുവില്‍നിന്ന് 11 കിലോമീറ്ററേയുള്ളൂ ബുന്ദറിലേക്ക്. കുന്നുകളിലേക്ക് യാത്ര ചെയ്തെത്തുമ്പോള്‍ കതൗലയ്ക്കും മണ്ഡിയിലേക്കും തിരിയുന്ന റോഡ് മുന്നില്‍ പ്രത്യക്ഷപ്പെടും. ഓരംചേര്‍ന്ന് ഗ്രാമീണ സ്ത്രീകള്‍ നിരവധി പേരുണ്ട്. കൂറ്റന്‍ ഇരുമ്പു ബാരല്‍ തോളില്‍ തൂക്കിയാണ് ചിലരുടെ നില്‍പ്പ്. താഴ്വരയിലെ ഗ്രാമത്തില്‍ എവിടെയോ വീട്ടുസാധനങ്ങളുടെ കച്ചവടവും കഴിഞ്ഞുള്ള വരവാണ്. നേര്‍ത്ത തണുപ്പിലും അവരുടെ നെറ്റിത്തടങ്ങളില്‍ വേര്‍പ്പുതുള്ളി വെയിലില്‍ ചിരിക്കുന്നു. ഇടിഞ്ഞുവീഴുമെന്നു തോന്നുന്ന പാര്‍ശ്വഭിത്തികളില്‍ ആട്ടിന്‍പറ്റം മേഞ്ഞുനടക്കുന്നു. ഇടയ്‌ക്കെവിടെയോ അവരുടെ ഒരുസംഘം വഴിമുടക്കി നിന്നു. ഡ്രൈവറുടെ നിലയ്ക്കാത്ത ഹോണടിയില്‍ അവ കൂട്ടംതെറ്റിയോടിയകന്നു. വീണ്ടും വഴിപിരിയുന്നു. കുളുവിലേക്ക് 43 കിലോമീറ്റര്‍, പരാശര്‍ തടാകത്തിലേക്ക് 23 ഉം. പരാശരിലേക്ക് നീളുന്ന വഴിയിലെ ധാബകളില്‍ ഒട്ടുമിക്കതിനും ഋഷിവര്യന്റെ പേരാണ്. ഓര്‍ഡറനുസരിച്ച് മികച്ച ഭക്ഷണമുണ്ടാക്കി നല്‍കുമെന്നാണ് വാഗ്ദാനം. വരുന്ന വഴിയിലുള്ള രായരി ഗ്രാമത്തില്‍നിന്ന് മോശമല്ലാത്ത ഭക്ഷണം കഴിച്ചതിനാല്‍ ആര്‍ക്കും വിശപ്പില്ലായിരുന്നു.

കടത്തുകാരി സത്യവതിക്കൊപ്പം രമിച്ച മുനി പരാശരനാണല്ലോ വേദവ്യാസന്റെ പിതാവ്. 'മരിച്ചവരെ ജീവിപ്പിക്കുന്നവന്‍' എന്നാണ് പരാശരന്റെ അര്‍ത്ഥം. ഹിമാചലിലെ കമ്രു താഴ്‌വരയുടെ പ്രിയപ്പെട്ട ദൈവമാണ് പരാശരമുനി. ഉയരങ്ങളിലേക്ക് പോകുന്തോറും താഴ്‌വരയുടെ സൗന്ദര്യം തെളിഞ്ഞുവരുന്നു. കുന്നൊട്ടി നില്‍ക്കുന്ന ഗ്രാമങ്ങള്‍. ആ വീടുകളുടെ മേല്‍ക്കൂരകള്‍ മാത്രം നിരനിരയായി കാണാം. 9,000 അടിയോളം ഉയരത്തിലാണ് വാഹനം ഓടുന്നത്. ഇടത്തേ ചരുവിലൂടെ ബ്യാസ് നദി, താഴ്വരകളെ ചുറ്റി ഒഴുകുന്നു. അതിലേക്ക് വന്നെത്തുന്ന കാട്ടുചോലകള്‍ ഭൂമിയുടെ വേരുകള്‍ പോലെ പടര്‍ന്നുകിടക്കുന്നു. എത്ര നോക്കിയിരുന്നാലും മടുക്കാത്ത കാഴ്ചകള്‍. വെയില്‍ മങ്ങിത്തുടങ്ങുമ്പോള്‍ കാഴ്ചകളെ മറച്ച് മേഘങ്ങള്‍ കൂട്ടുകൂടുന്നു. മുകളിലേക്ക് കയറുന്തോറും കോടമഞ്ഞ് വഴി മറയ്ക്കുന്നുണ്ടായിരുന്നു. വഴിയരികില്‍ ചെറിയൊരു ജലാശയമുണ്ട്. ചുറ്റും വേലി തീര്‍ത്തിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് കുതിരകള്‍ മേയുന്നുത് കാണാം. കറുപ്പും വെളുപ്പും ഇരുനിറവുമുള്ള കുതിരകളെ ഉരുമ്മി മേഘങ്ങള്‍ സൊറ പറയുന്നു. വാഹനം നിര്‍ത്തി ചിത്രമെടുക്കാന്‍ ഒരുങ്ങുമ്പോള്‍ ക്യാമറയെയും മൂടി മഞ്ഞെത്തി. അസ്ഥികള്‍ കോച്ചുന്ന തണുപ്പ്. ഇനിയും അധികസമയം വഴിയില്‍ ചിലവിട്ടാല്‍ പരാശറില്‍ എത്തുമ്പോള്‍ ഒന്നും കാണാനാവില്ലെന്ന് ഡ്രൈവര്‍ ഓര്‍മിപ്പിച്ചു. സൂര്യന്‍ മറയാന്‍ തുടങ്ങുന്നു, അകലെ പര്‍വതങ്ങളുടെ വെള്ളിത്തലപ്പാവുകളില്‍ വര്‍ണചിത്രങ്ങള്‍ വിരിയുകയാണ്. മോഹിപ്പിക്കുന്ന നിറങ്ങള്‍...കാറ്റിനൊപ്പം മേഘങ്ങള്‍ താഴ്‌വര കടന്ന് ഒഴുകുന്നു...താഴെ, സമുദ്രത്തിരപോലെ അവ ഓളംവെട്ടി നൃത്തംചെയ്യുന്നു...

കല്ലു പാകിയ വഴിയരികില്‍ വാഹനം നിന്നു. കുന്നിലേക്ക് ഉയര്‍ന്നുപോകുന്ന നടവഴി കാണാം. താഴ്‌വരയാകെ ഇരുമ്പു വേലിയുണ്ട്. പരാശര്‍ തടാകത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടി ഡ്രൈവര്‍ പറഞ്ഞു. 'ഞാന്‍ ആദ്യമേ പറഞ്ഞില്ലേ, സമയം കിട്ടില്ലെന്ന്. എത്രയും വേഗം കുന്നുകയറുക. അസ്തമയനത്തിന്റെ അവസാനമെങ്കിലും നിങ്ങള്‍ക്ക് ദര്‍ശിക്കാന്‍ പറ്റും.' പടവുകള്‍ പോലെ ഉയര്‍ന്നുപോകുന്ന വഴി അവസാനിക്കുന്നത് താഴ്വരയുടെ മുകള്‍പ്പരപ്പിലാണ്. ഇരുമ്പുകസേരകളും മറ്റും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയിരുന്നാല്‍ താഴ്വരയാകെ കണ്‍കുളിര്‍ക്കെ കാണാം. തൊട്ടടുത്തുള്ള പടിക്കെട്ട് ഇറങ്ങിയെത്തുന്നത് ക്ഷേത്രത്തിന് മുന്നിലാണ്. അതിന്റെ പിന്നിലായാണ് തടാകം വിഹരിക്കുന്നത്. സൂര്യന്‍ ഞങ്ങളെ കാത്തുനില്‍ക്കാതെ മടങ്ങിപ്പോയി. തടാകം ഇരുണ്ടുതുടങ്ങി. എങ്കിലും പൂര്‍ത്തിയാകാത്ത ചിത്രം പോലെ അവിടവിടെ നിറങ്ങള്‍ തെളിയുന്നു. അകലെ കുന്നിനെ പകുത്ത്, തെളിയുന്ന നടവഴിയിലൂടെ ചിലര്‍ താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നു. അസ്തമനത്തിന്റെ ഭാവചാരുത ആവോളം നുണര്‍ന്നുള്ള വരവാണത്. അവരോട് അസൂയ തോന്നി. 8,960 അടി ഉയരത്തിലാണ് ഞങ്ങളിപ്പോള്‍ ഉള്ളത്. ശ്വാസംമുട്ടിക്കുന്ന തണുപ്പ്. മഞ്ഞുമണികള്‍ പൊഴിഞ്ഞുതുടങ്ങി. രണ്ടരയേക്കറില്‍ വ്യാപിച്ചുകിടക്കുന്ന പരാശര്‍തടാകം നിഗൂഢമായ മൗനത്തോടെ മുന്നില്‍ തെളഞ്ഞു. ക്ഷേത്ര താഴികക്കുടത്തിന്റെ നിഴല്‍ തടാകത്തില്‍ ഇളകിയൊഴുകുന്നു. കമ്രു താഴ്‌വരയുടെ പരിശുദ്ധയിടമാണിത്. പരാശരമുനിയുടെ തപത്താല്‍ പൂര്‍ണത നേടിയ താഴ്‌വരകള്‍. ഭീമ പൗത്രന്‍, മഴയുടെ ദേവനായ കാംരുങ്ങിന്റെ ഇഷ്ട ഭൂമിക. ബാര്‍ബാറികന്‍ എന്നും ഇവിടുത്തുകാര്‍ കാംരുങ്ങിനെ വിളിച്ചുപോരുന്നു. ആ ദൈവത്തിന്റെ പേരില്‍ സമര്‍പ്പണവും ഉപാസനയും നടത്തുന്നത് പരാശറിന് മുന്നിലാണ്.
Content Highlights: PARASHAR LAKE BARBARIKAN LAND IN HINDU PURANA
Published: 10 May 2023, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented