കുത്തനെയുള്ള ഹെയര്‍പിന്‍ വളവിറങ്ങി റോഡ് രണ്ടായി തിരിയുകയാണ്. എങ്ങോട്ട് തിരിയണമെന്നറിയാതെ കാര്‍ നിര്‍ത്തി ഒരുനിമിഷം ശങ്കിച്ചുനിന്നു. ശക്തമായ കോടമഞ്ഞ് കാഴ്ചകള്‍ മറച്ചിരിക്കുന്നു. മൂടിക്കിടക്കുന്ന കോടമഞ്ഞിനുള്ളില്‍നിന്ന് ഒരു രൂപം റോഡിലൂടെ നടന്നുവരുന്നത് കാണാമായിരുന്നു. തേയില കൊളുന്ത് നുള്ളാന്‍ പോകുന്ന ഗ്രാമീണനാണ്. കിണ്ണക്കോരൈയിലേക്കുള്ള വഴി ചോദിച്ചപ്പോള്‍, അയാള്‍ ദൂരെയുള്ള മലനിരകളിലേക്ക് കൈചൂണ്ടി കാണിച്ചു. ''നിങ്ങളെന്തിനാണ് അങ്ങോട്ട് പോകുന്നത്, അവിടെ കാണാന്‍ ഒന്നുമില്ലല്ലോ'' -കറപിടിച്ച പല്ലുകള്‍ കാട്ടി നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ടായിരുന്നു അയാളുടെ ചോദ്യം. മറുപടി ചിരിയിലൊതുക്കി അയാള്‍ ചൂണ്ടിക്കാണിച്ച ഹിരിയസീഗെ എന്ന ബഡഗാസ് ഗ്രാമത്തിലേക്ക് യാത്രതിരിച്ചു. ആതിഥ്യ മര്യാദകൊണ്ട് യുനെസ്‌കോയുടെ പ്രശംസ വരെ പിടിച്ചുപറ്റിയവരാണ് ബഡഗാസുകള്‍. ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് മൈസൂരുവില്‍നിന്ന് പലായനം ചെയ്ത് നീലഗിരി കുന്നുകളില്‍ അഭയംതേടിയവരാണ് ഇവര്‍ എന്നാണ് പറയപ്പെടുന്നത്. ജനക്കൂട്ടങ്ങളില്‍ നിന്ന് അകലംപാലിച്ചുകൊണ്ട്  ഉള്‍ക്കാടുകള്‍ക്കുള്ളില്‍ അവര്‍ സ്വന്തമായ ആവാസ വ്യവസ്ഥയൊരുക്കി. ഹട്ടീസ് എന്നാണ് ബഡഗാസുകളുടെ ഊരുകളെ അറിയപ്പെടുന്നത്. നീലഗിരി ജില്ലയുടെ പലഭാഗങ്ങളിലും ബഡഗാസ് ഹട്ടീസുകള്‍ ചിതറിക്കിടക്കുന്നുണ്ട്. മഞ്ചൂരുല്‍നിന്ന് പുലര്‍ച്ചെയാണ് ഹിരിയസീഗെയിലേക്കുള്ള യാത്ര ആരംഭിച്ചത്. മഞ്ചൂര്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ ദൂരമുണ്ട് കിണ്ണക്കോരൈയിലേക്ക്.
 

To advertise here,
placeholder
തേയില നുള്ളുന്ന സ്ത്രീകള്‍

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് കിണ്ണക്കോരൈ രൂപം കൊണ്ടത്. ഹിരിയസീഗെയാണ് അവിടെ ആദ്യമായി രൂപീകരിക്കപ്പെട്ടത്. ഇന്ന് കിണ്ണകോരൈ, ഹിരിയസീഗെ, ഹൊസഹട്ടി, ഉമ്മട്ടിപടിഗെ മേലൂര്‍, ബിക്കാട്ടി, എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കിണ്ണക്കോരൈ ഊര്.
തമിഴ്-കേരള അതിര്‍ത്തിയിലെ അവസാന ഗ്രാമമാണ് കിണ്ണക്കോരൈ. സ്വാതന്ത്ര്യത്തിനു മുന്‍പ് കുറ്റവാളികളെ നാടുകടത്താന്‍ കൊണ്ടുവിടുന്ന തുറന്ന ജയില്‍ ആയിരുന്നു ഇവിടമെന്നും പറയപ്പെടുന്നു. ഇരുവശങ്ങളിലും പരന്നുകിടക്കുന്ന തേയില തോട്ടങ്ങള്‍ക്കിടയിലൂടെ പാമ്പുപോലെ വളഞ്ഞുപുളഞ്ഞ് പോകുന്ന ഹെയര്‍പിന്‍ ബെന്‍ഡുകള്‍ കയറിയിറങ്ങിയാണ് യാത്ര. ഫസ്റ്റ് ഗിയറില്‍ മാത്രം കയറാന്‍ കഴിയുന്ന കുത്തനെയുള്ള വളവുകളാണ് പലതും. മുപ്പത്തിമൂന്നാം ഹെയര്‍പിന്‍ വളവില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ഒരു സിമന്റ് ബഞ്ച് ഇട്ടിരിക്കുന്നു. അതിമനോഹരമായിരുന്നു അവിടെ നിന്നുള്ള കാഴ്ച. പച്ചപുതച്ചു നില്‍ക്കുന്ന മലകളും കോടമഞ്ഞിനോട് ചേര്‍ന്നൊഴുകുന്ന പുലര്‍കാല മേഘങ്ങളും കണ്ണിനെ കുളിരണിയിപ്പിച്ചു. നമ്മളും പ്രകൃതിയും മാത്രം. അനിര്‍വചനീയമായ അനുഭൂതിയില്‍ മനസ്സ് നിറയുന്നുണ്ടായിരുന്നു. തായ്‌ഷോല ഓര്‍ഗാനിക് എസ്റ്റേറ്റിനുള്ളിലൂടെയാണ് യാത്ര. ഇവിടുത്തെ ഓര്‍ഗാനിക് തേയിലയ്ക്ക് വിദേശ മാര്‍ക്കറ്റില്‍ ഡിമാന്റ് കൂടുതലാണ്. എങ്ങോട്ടു നോക്കിയാലും അതെല്ലാം സുന്ദരമായ ഫ്രെയിമുകള്‍ മാത്രം. അതിവേഗം മാറുന്ന കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. നേര്‍ത്ത നൂലുമഴ നനയ്ക്കാതെ നനയ്ക്കുന്നുണ്ടായിരുന്നു. സുഖമുള്ള കുളിരുമായി മലകയറി വരുന്ന കോടമഞ്ഞ് പിന്നീട് നമ്മെ വാരിപ്പുണരുന്നു. 

placeholder
വഴിവക്കിലെ ക്ഷേത്രം

ഇടയ്ക്ക് കാര്‍ നിര്‍ത്തി കോടമഞ്ഞിന്റെ കുളിരാസ്വദിച്ച് നടുറോഡിലൂടെ വെറുതെ നടന്നു. അപൂര്‍വമായി മാത്രമാണ് മറ്റു വാഹനങ്ങളെ വഴിയില്‍ കണ്ടത്. ഇടതൂര്‍ന്ന കാടുകള്‍ പിന്നിട്ട് ഡെപ്ത്ത് എന്‍ഡ് എന്നു വിളിക്കുന്ന ഭാഗത്തെത്തി. റോഡിനു ഇരുവശത്തും അഗാധമായ കൊക്കയാണ്. കനത്ത കോടമഞ്ഞ് കാഴ്ചകള്‍ മറച്ചിരുന്നതിനാല്‍ അതിന്റെ ഭീകരത അനുഭവപ്പെട്ടില്ല. അവിടെനിന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ടാല്‍ റോഡിന് വലതുഭാഗത്താണ് സൂയിസൈഡ് പോയന്റ് എന്ന അപരനാമത്തിലുള്ള സ്ഥലം. അങ്ങോട്ടു കടക്കാതിരിക്കാന്‍ ആരൊക്കെയോ മുള്ളും മരച്ചില്ലകളും കൊണ്ടും വഴി അടച്ചിടാന്‍ ശ്രമം നടത്തിയിട്ടുണ്ടായിരുന്നു. കിണ്ണക്കോരൈയിലേക്കുള്ള ദൂരം കുറഞ്ഞ് വരുന്നതായി മൈല്‍ കുറ്റികള്‍ സാക്ഷ്യം പറഞ്ഞു. വീണ്ടും കോടമഞ്ഞുമൂടിയ തേയിലതോട്ടങ്ങള്‍. റോഡിനിരുവശത്തും പലനിറങ്ങളിലുള്ള കാട്ടുപൂക്കളും കൊങ്ങിണി ചെടികളും പൂത്തുനിന്നിരുന്നു. കുറച്ചു മാറി തേയിലക്കാടിനിടയില്‍ ഒരു ഉശിരന്‍ കാട്ടുപോത്ത് ആരെയും ശ്രദ്ധിക്കാതെ ്‌മേയുന്നു. തൊട്ടടുത്ത് തന്നെ ഒരു സ്ത്രീ തേയില നുള്ളുകയാണ്. രണ്ടു പേരും പരസ്പരം ശ്രദ്ധിക്കുന്നുപോലുമില്ല. ഭയമില്ലേയെന്ന ചോദ്യത്തിന് ഇതിവിടുത്തെ സ്ഥിരം കാഴ്ചയാണെന്നായിരുന്നു മറുപടി. തമിഴ്‌നാട് സര്‍ക്കാരിന്റെ തേയില ഫാക്ടറി അവിടെയുണ്ട്. സന്ദര്‍ശകരായ ഞങ്ങളെ ഹൃദ്യമായാണ് അവിടെ സ്വാഗതം ചെയ്തത്. തേയിലകൊളുന്ത് ഉണക്കി അരച്ച് തേയില പൊടിയാക്കി മാറ്റുന്ന രീതികള്‍ അവര്‍ കൂടെ വന്ന് കാണിച്ചു തന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍. ഒരുവശത്തുകൂടെ യന്ത്രങ്ങളില്‍ നിറയ്ക്കുന്ന ഇലകള്‍ മറ്റൊരു വശത്ത് പലതരത്തിലുള്ള തേയിലയായി ശേഖരിക്കപ്പെടുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. 

placeholder
മരങ്ങള്‍ നിറഞ്ഞ പാതയിലൂടെ

ഒരു ചെറിയ കവലയിലേക്ക് വാഹനം പ്രവേശിച്ചു. കിണ്ണക്കോരൈ എന്നെഴുതിയ ചെറിയൊരു ബോര്‍ഡ് റോഡരികില്‍ സ്ഥാപിച്ചിട്ടുണ്ട്. വഴി പറഞ്ഞു തന്ന ആള്‍ പറഞ്ഞ കാര്യം ശരിതന്നെയാണ്. ഒരു ടൂറിസ്റ്റായി വന്നാല്‍ അവിടെ കാണാന്‍ ഒന്നുമില്ല. ഒന്നോ രണ്ടോ ചെറിയ കടകള്‍ മാത്രം. ഒരു വശത്തായി ചെറിയൊരു ക്ഷേത്രം. ക്ഷേത്ര കിണറ്റില്‍നിന്ന് വെള്ളം കോരുന്ന സ്ത്രീ കുശലം ചോദിച്ചു. ഹിരിയസീഗെയെക്കുറിച്ച്അന്വേഷിച്ചപ്പോള്‍ വീണ്ടും മുന്നോട്ടുപോകണമെന്ന് അവര്‍ പറഞ്ഞു. ഇലകൊഴിഞ്ഞ വലിയൊരു മരത്തിനു താഴെ ആരെയോ പ്രതീക്ഷിച്ചിരിക്കുന്നതു പോലെ ചേര്‍ന്നിരിക്കുന്ന രണ്ട് കോണ്‍ക്രീറ്റ് ബഞ്ചുകള്‍. തൊട്ടടുത്ത് തൊഴിലാളികളുടെ ലായങ്ങളാണ്. വൃദ്ധരായ കുറച്ചു സ്ത്രീകള്‍ അതിനു മുന്നില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. അടുത്തു ചെന്നപ്പോള്‍ സ്‌നേഹത്തോടെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഒരുനിമിഷം, ഇവരാണോ ബഡഗാസ് എന്നു സംശയിച്ചു പോയി. എന്നാല്‍, അവര്‍ തമിഴ് വംശജരാണെന്നും തേയില തോട്ടങ്ങളില്‍ പണിയെടുക്കാന്‍ വന്നവരാണെന്നും സംസാരത്തില്‍ നിന്നും മനസ്സിലായി. വീണ്ടും വീതി കുറഞ്ഞ വഴിയിലൂടെ മുന്നോട്ട്. ഹിരിയസീഗെ എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തുകയാണെന്ന സന്തോഷം കൊണ്ട് ഹൃദയം തുടിച്ചു. കോടമഞ്ഞ് മൂടിയ വഴിയിലൂടെ കുത്തനെയുള്ള ഇറക്കം കഴിഞ്ഞ് ചെറിയൊരു കയറ്റത്തോടെ തമിഴ് അഗ്രഹാരങ്ങളോട് സാദൃശ്യം തോന്നുന്ന വീടുകളുടെ അരികിലായി റോഡ് അവസാനിച്ചു. അതായിരുന്നു ഹിരിയസീഗെ ബഡഗാസ് ഹട്ടി.
നിങ്ങള്‍ ഒരു ബഡഗാസ് ഹട്ടിയിലൂടെ നടക്കുകയാണെന്നു കരുതൂ. ഏറ്റവും കുറഞ്ഞത് പത്ത് പന്ത്രണ്ട് പേരെങ്കിലും അപരിചിതനായ നിങ്ങള്‍ക്ക് ചായ വാഗ്ദാനം ചെയ്തിരിക്കുമെന്ന് കേട്ടിട്ടുണ്ട്. അതാണ് ബഡഗാസുകളുടെ ആതിഥ്യ മര്യാദ. സ്വന്തമായി ലിപിയില്ലാത്ത, തമിഴും കന്നടയും കലര്‍ന്ന, ബഡഗ ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. കൂടെ തമിഴും മലയാളവും സംസാരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കിണ്ണക്കോരൈയിലെ മറ്റുനിവാസികളില്‍ നിന്ന് വ്യത്യസ്തമായി സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്നജീവിതം നയിക്കുന്നവരാണ് ബഡഗാസുകള്‍. ഉന്നത വിദ്യാഭ്യാസം നേടി പുറംനാടുകളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നവര്‍ ധാരാളം ഇക്കൂട്ടത്തിലുണ്ട്.

ഒരു പിഞ്ചുകുഞ്ഞിന്റെ മനോഹരമായ ചിരിയാണ് ഞങ്ങളെ ഹിരിയസീഗെയിലേയ്ക്ക് സ്വാഗതം ചെയ്തത്. കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന, അവധിയ്ക്ക് നാട്ടില്‍ വന്ന അച്ഛന്‍ കാര്‍ത്തിക്കിന്റെ കൈയിലിരുന്ന് ഒരു അപരിചിതത്വവും കൂടാതെ അവള്‍ ഞങ്ങളെ നോക്കിചിരിച്ചു. അപരിചിതര്‍ ആയിരുന്നിട്ടുപോലും ഹൃദ്യമായ സ്വീകരണം. ഹട്ടിയിലെ മുതിര്‍ന്ന മുഖ്യന്റെ പിറന്നാള്‍ ആയിരുന്നതിനാല്‍ പായസം നല്‍കിയാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചത്. സിമന്റിട്ട് മിനുക്കിയ മുറ്റത്തിനിരുവശത്തും അഗ്രഹാരങ്ങള്‍പോലുള്ള വീടുകള്‍. ഒരു ചുമരിന് ഇരുവശത്തും ഓരോ വീടുകളാണ്. അമ്പത്തിരണ്ട് വീടുകളാണ് ആ ഹട്ടിയിലുള്ളത്. അതില്‍ ഇരുപത് എണ്ണത്തില്‍ മാത്രമേ ഇപ്പോള്‍ താമസക്കാരുള്ളൂ. മറ്റുള്ളവര്‍ കൂടുതല്‍ പേരും കോയമ്പത്തൂരില്‍ ജോലിയുമായി ബന്ധപ്പെട്ട് താമസിക്കുകയാണ്. 

placeholder

ഹിരിയസീഗയിലെ ബഡഗാസുകള്‍ കര്‍ഷകരാണ്. തേയില, കാപ്പി എന്നിവയാണ് പ്രധാന വരുമാനമാര്‍ഗങ്ങള്‍. ഇവരുടെ തേയിലത്തോട്ടങ്ങള്‍ ഭൂരിഭാഗവും കേരള സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണ്. ഹട്ടിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാല്‍ അട്ടപ്പാടി വ്യൂ കാണാന്‍ കഴിയും. കനത്ത മൂടല്‍മഞ്ഞ് ഉള്ളതിനാല്‍ ഒന്നും കാണാന്‍ സാധിക്കില്ലെന്ന് മനസ്സിലായതിനാല്‍ വ്യൂ പോയന്റിലേയ്ക്ക് പോയില്ല. അവിടെയെത്തുന്ന അതിഥികള്‍ക്ക് വിശ്രമിക്കാനായി പാര്‍ക്കു ചെയ്യുന്ന സ്ഥലത്തിനടുത്തായി സിമന്റ് ബഞ്ചുകള്‍ ചേര്‍ത്തിട്ടിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ അവിടത്തെ താമസക്കാര്‍ പൊതുവായി ഒത്തുകൂടുന്നതും ഇവിടെയാണ്. ഞങ്ങള്‍ക്ക് പുറകെ വന്ന മലയാളികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കും അവര്‍ പായസം നല്‍കി സ്വീകരിക്കുന്നത് കണ്ടു. സാംസ്‌കാരിക പൈതൃകങ്ങള്‍ പിന്‍തുടരുന്നതിലും സംരക്ഷിക്കുന്നതിലും താത്പര്യം പുലര്‍ത്തുന്നവരാണ് ബഡഗാസുകള്‍. ഇവിടെ ബഡഗാസുകളുടെ കുലദൈവമായ എറോഡ അയ്യന്റെ കോവിലുണ്ട്. എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലെ തിങ്കളാഴ്ച ഇവിടെ നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ വിവിധ നാടുകളിലുള്ള  ബഡഗാസുകളും എത്തിച്ചേരും. അതൊരു ഒത്തുകൂടലിന്റെ കൂടി ആഘോഷമാണ്. സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്‍കുന്നവരാണ് ബഡഗാസുകള്‍. സ്ത്രീധനം എന്നൊരു സമ്പ്രദായം ഇവര്‍ക്കിടയില്‍ ഇല്ലെന്നതിനാല്‍ ബഡഗാസുകളുടെ മഹത്വം ലോകപ്രശംസക്ക് കാരണമായിരിക്കുന്നു. വരന്റെ വീടാണ് വിവാഹവേദി. വിവാഹത്തിന്റെ ചെലവും വരന്റെ വീട്ടുകാര്‍ തന്നെ വഹിക്കുന്നു. വിധവകള്‍ പുനഃവിവാഹം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാണ് ഇവരുടേത്.

സ്‌നേഹസമ്പന്നരായ ആതിഥേയരുടെ കൂടെ ഇരുന്ന് സമയം പോയതറിഞ്ഞില്ല. നട്ടുച്ചയായെന്നറിയിച്ചു സൂര്യന്‍ പതിയെ എത്തിനോക്കുന്നു. കുറച്ചു മാറിയുള്ള മാരിയമ്മന്‍കോവിലിന്റെ സ്വര്‍ണ്ണനിറം സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങി. ഇത് ഞങ്ങളുടെസ്ഥലമാണ് എന്ന അവകാശത്തോടെ സൂര്യനെ മറച്ച്  കോടമഞ്ഞ് വീണ്ടും  ഭൂമിയെപൊതിയാന്‍ തുടങ്ങി. ആതിഥ്യമര്യാദകൊണ്ട് പേരുകേട്ട ഒരു സമൂഹത്തിന്റെ സ്‌നേഹം അനുഭവിക്കാന്‍ ഭാഗ്യംലഭിച്ച സന്തോഷത്തില്‍ ഞങ്ങളും ഹിരിയസീഗെയില്‍ നിന്ന് മടക്കയാത്ര തുടങ്ങി.