തിളങ്ങുന്ന പട്ടുവസ്ത്രമിട്ട് പുഞ്ചിരിച്ചുനില്‍ക്കുകയാണ് തിരുപ്പൂര്‍. ഇവിടത്തെ കാറ്റിനുപോലുമുണ്ട് വസ്ത്രങ്ങളുടെ പുതുമണം. ഇന്ത്യയുടെ ബനിയന്‍ സിറ്റിയാണ് നൊയ്യാല്‍ നദീതീരത്തെ ഈ നഗരം. ആഡിഡാസിന്റെയും നൈക്കെയുടെയും സ്‌പോര്‍ട്സ് വസ്ത്രങ്ങളും പോളോ, വാള്‍മാര്‍ട്ട് എന്നിവയുടെ ഫാഷന്‍ തുണിത്തരങ്ങളുമെല്ലാം ഇവിടെനിന്ന് പുറത്തിറങ്ങുന്നു. മഹാത്മാഗാന്ധി ആശീര്‍വദിച്ച നാടാണ് തിരുപ്പൂര്‍. ഗാന്ധിയന്‍ ആദര്‍ശങ്ങളാണ് ഈ നാടിന്റെ തലവര മാറ്റിയത്. അതിന് പിന്നിലൊരു കഥയുണ്ട്. ഗാന്ധിജിയുടെ തമിഴ്നാട് സന്ദര്‍ശനത്തോടെയാണ് അതിന്റെ തുടക്കം.
വര്‍ഷം 1927. മദ്രാസില്‍നിന്ന് മധുരയിലേക്കുള്ള യാത്രയില്‍ അദ്ദേഹം കണ്ടത് നിറംകെട്ട ഗ്രാമീണരുടെ മുഖങ്ങളായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. അതൊരു തിരിച്ചറിവായിരുന്നു. അങ്ങനെ മധുരയില്‍വെച്ച് ഗാന്ധിജി തന്റെ ഗുജറാത്തി കുര്‍ത്തയും പൈജാമയും ഉപേക്ഷിച്ചു. അരമുതല്‍ മുട്ടുവരെ മൂടുന്ന വസ്ത്രത്തിലേക്ക് മാറി. 'അര്‍ധനഗ്നനായ ഫക്കീറി'ലേക്കുള്ള രൂപാന്തരം. മദ്രാസില്‍നിന്ന് ഗാന്ധിജി പോയത് തിരുപ്പൂരിലേക്കാണ്. നൂല്‍നൂറ്റ്, സ്വന്തമായി വസ്ത്രങ്ങള്‍ നെയ്ത് ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഗാന്ധിയുടെ ദീര്‍ഘദര്‍ശനം ആ തമിഴ്മണ്ണിന്റെ മുഖച്ഛായ മാറ്റി. വര്‍ഷങ്ങള്‍ക്കിപ്പുറം തിരുപ്പൂര്‍ ഇന്ത്യയുടെ കോട്ടണ്‍ സിറ്റിയാണ്. ഇന്ത്യയില്‍നിന്ന് കയറ്റി അയക്കുന്ന കോട്ടണ്‍ വസ്ത്രങ്ങളുടെ 90 ശതമാനവും നെയ്തെടുക്കുന്നത് ഇവിടെയാണ്.
ചരിത്രത്തില്‍ ചേരന്മാരും പാണ്ഡ്യന്മാരും അടക്കിഭരിച്ച മണ്ണാണ് തിരുപ്പൂര്‍. പിന്നീട് മൈസൂര്‍ ഭരണത്തിന്‍കീഴിലായി. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായി. സ്വാതന്ത്ര്യം ലഭിച്ചതോടെ കോയമ്പത്തൂര്‍ ജില്ലയ്ക്ക് കീഴില്‍ വന്നു. ജില്ലയായി മാറിയിട്ട് പതിനാറ് വര്‍ഷമാകുന്നു. തിരുപ്പൂരിന്റെ വ്യവസായചരിത്രം തേടിയാണ് ഈ യാത്ര. ആ ചരിത്രം തുണിമില്ലുകളുടെയും വസ്ത്രനിര്‍മാണത്തിന്റെതുമാണ്. ട്രിച്ചിയിലേക്ക് നീളുന്ന റോഡിലൂടെ സഞ്ചരിച്ച് എത്തിച്ചേര്‍ന്നത് സ്‌കൈ വീവേഴ്സ് എന്ന സ്ഥാപനത്തിലാണ്. തിരുപ്പൂരിലെ പ്രശസ്തമായ വസ്ത്രനിര്‍മാണശാല. അരിപ്പൊടിക്കോലമിട്ട് അലങ്കരിച്ച മുറ്റവും ഓഫീസ് പരിസരവും. മന്ദാരവും മുല്ലയും മുടിയില്‍ ചൂടിയ സ്ത്രീകള്‍, മോപ്പെഡില്‍ വന്നിറങ്ങുന്ന പുരുഷന്മാര്‍. എല്ലാവരും തിരക്കിട്ട് ഫാക്ടറിയിലേക്ക് പോകുന്നു. അല്പനേരം കാത്തിരുന്നപ്പോള്‍ വി. സുന്ദരരാജ് വന്നു. സ്‌കൈ കോട്ടക്‌സ് ഇന്ത്യ കമ്പനിയുടെ ചെയര്‍മാനാണ്. തൂവെള്ള മുണ്ടും ഷര്‍ട്ടും, നിറഞ്ഞ ചിരി. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ആള്‍രൂപം. തിരുപ്പൂരിന്റെ വസ്ത്രവ്യവസായത്തിന്റെ ചരിത്രത്തെക്കുറിച്ച് അദ്ദേഹം വാചാലനായി.
''പരുത്തി കൃഷിചെയ്തിരുന്ന സ്ഥലമായിരുന്നു തിരുപ്പൂര്‍. നെയ്ത്ത് ഫാക്ടറികള്‍ അക്കാലത്ത് കോയമ്പത്തൂരും ബോംബെയിലുമായിരുന്നു. പരുത്തിനൂല്‍ വേര്‍തിരിച്ച് ആ ഫാക്ടറികളിലേക്ക് അയക്കാറായിരുന്നു പതിവ്. ഒരിക്കല്‍ തിരുപ്പൂരിലെ ഒരു മുസ്ലിം വ്യവസായി കൊല്‍ക്കത്തിയില്‍നിന്ന് നെയ്ത്തുതറി ഇവിടേക്ക് കൊണ്ടുവന്നു. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നതായിരുന്നു അത്. ബാബ നിറ്റിങ് മെഷീന്‍ എന്നായിരുന്നു പേര്. ബനിയനാണ് അതുപയോഗിച്ച് ആദ്യമായി നെയ്തത്. അതായിരുന്നു തുടക്കം. തിരുപ്പൂര്‍, ബനിയന്‍ വസ്ത്രങ്ങളുടെ കേന്ദ്രമായി അങ്ങനെ മാറി. പിന്നീട് 1983-ല്‍ ഇറ്റലിയില്‍നിന്നുള്ള ഒരു പാതിരി, ഇവിടെ നിര്‍മിച്ച ബനിയനുകള്‍ ഇറ്റലിയിലേക്ക് അയച്ചു. തിരുപ്പൂരിലെ ആദ്യ കയറ്റുമതി അതായിരുന്നു. പിന്നീട് തിരുപ്പൂരിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല''.
ഖാദിയിലൂടെ ഗാന്ധിജി ലക്ഷ്യമിട്ട പലതും തിരുപ്പൂരുകാര്‍ നടപ്പാക്കി. നാട്ടുകാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതായിരുന്നു അതില്‍ പ്രധാനം. ഒട്ടേറെ നൂല്‍നൂല്‍പ്പുശാലകള്‍ ഇവിടെ മുളച്ചു. വലിയ വ്യവസായമേഖലയായി. അഞ്ചും പത്തും സമ്പാദിച്ചിരുന്നവര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിച്ചു. നാടിന്റെ പുരോഗതിക്കനുസരിച്ച് ജീവിതം പച്ചപിടിക്കുന്നത് തിരുപ്പൂരുകാര്‍ അറിഞ്ഞു. ഊരിന്റെ തലവര മാറുകയായിരുന്നു. സ്ത്രീകളായിരുന്നു അതിന്റെ ഗുണം ഏറെ അനുഭവിച്ചത്. തദ്ദേശീയരായ തൊഴിലാളികള്‍ ജോലിചെയ്യാന്‍ തയ്യാറായി നിന്നു. സമ്പത്തുള്ള ചിലര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു. അവര്‍ക്ക് കൈപൊള്ളിയില്ലെന്ന് മാത്രമല്ല, മെച്ചപ്പെട്ട വരുമാനവും ലഭിച്ചു. തുണിനെയ്ത്തുശാലകളുടെയും എണ്ണം പത്തും നൂറും പിന്നിട്ട് കുതിച്ചു.
സംസാരത്തിനുശേഷം സുന്ദരരാജ് ഞങ്ങളെ ഫാക്ടറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കയറ്റുമതിക്കുള്ള വസ്ത്രങ്ങളാണ് അവിടെ തയ്യാറാക്കുന്നത്. ലക്ഷക്കണക്കിന് നൂലിഴകള്‍ ഒന്നായിച്ചേര്‍ന്ന് തുണിത്തരങ്ങളായി മാറുന്നു. അതില്‍ മനുഷ്യന്റെ ഭാവനകള്‍ ഡിസൈനുകളായി വിരിയുന്നു. വെട്ടിയും അടുക്കിച്ചേര്‍ത്തും തുന്നിയും പുതുതലമുറയ്ക്ക് വേണ്ട വസ്ത്രങ്ങളൊരുങ്ങുന്നു. കാണേണ്ട കാഴ്ചതന്നെ. ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ നിര്‍മാണവഴികള്‍ കൗതുകത്തോടെ കണ്ടു.
തുണികള്‍ പല അളവുകളിലേക്ക് വെട്ടിയെടുക്കുകയാണ് ആദ്യം. സ്‌മോള്‍, മീഡിയം, ലാര്‍ജ് തുടങ്ങി പല അളവുകള്‍. പിന്നീട് തുണിക്കഷണങ്ങള്‍ തുന്നിയെടുക്കും. യന്ത്രങ്ങളാണ് ആ പണി ചെയ്യുന്നത്. തുന്നിയെടുത്തവ ഒന്നിച്ചുചേര്‍ക്കുകയാണ് അടുത്തഘട്ടം. തുന്നല്‍ പൊട്ടിയതും കേടായതും ഒഴിവാക്കും. അടുത്തഘട്ടം പ്രസ്സിങ് ആണ്; ഇസ്തിരിയിടല്‍. അതുകഴിഞ്ഞാല്‍ ബ്രാന്‍ഡിങ്. ആഡിഡാസ്, നൈക്കി, ലെവിസ് തുടങ്ങി വന്‍കിട ബ്രാന്‍ഡുകളുടെ പേരുകള്‍ ഈ തുണിത്തരങ്ങളില്‍ ചേര്‍ത്തുവയ്ക്കും. ഒടുവിലാണ് പാക്കിങ്. ഇരുന്നൂറിലധികം പേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഭൂരിഭാഗം പേരും അതിഥിത്തൊഴിലാളികളാണ്. ഒഡിഷ, ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍. എത്രപേര്‍ക്കുവേണമെങ്കിലും ജോലി തിരുപ്പൂരിലെ വ്യവസായശാലകളിലുണ്ട്.
സ്‌കൈ കോട്ടക്‌സില്‍നിന്ന് പോയത് ട്രിച്ചി റോഡിലെ വനാലയത്തിലേക്കാണ്. അഞ്ചേക്കറിലായി പരന്നുകിടക്കുന്ന പ്രദേശമാണ് വനാലയം. സ്‌കൈ ഗ്രൂപ്പ് ആണ് വരണ്ടുകിടന്നിരുന്ന പ്രദേശത്തെ പച്ചത്തുരുത്താക്കി മാറ്റിയത്. തിരുപ്പൂരിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട ഇടങ്ങളിലൊന്നാണ് ഇത്. മുളങ്കൂട്ടങ്ങളും ഔഷധച്ചെടികളും ബട്ടര്‍ഫ്‌ളൈ പാര്‍ക്കും നക്ഷത്രവനവുമെല്ലാം ഇതിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. വനാലയയിലെ പച്ചപ്പ് ആസ്വദിച്ച് ഇന്ത്യയിലെതന്നെ പ്രധാന ബ്രാന്‍ഡുകളിലൊന്നായ രാംരാജ് കോട്ടണിലേക്ക് നീങ്ങി. അവര്‍ക്ക് തിരുപ്പൂരിലും മറ്റ് പലയിടങ്ങളിലുമായി വസ്ത്രനിര്‍മാണ യൂണിറ്റുകളും വില്‍പ്പന കേന്ദ്രങ്ങളുമുണ്ട്.
തിരുപ്പൂരിലെ ഓഫീസില്‍ രാംരാജ് കോട്ടണിന്റെ സ്ഥാപകനും ചെയര്‍മാനുമായ കെ.ആര്‍. നാഗരാജനെ കണ്ടു. അദ്ദേഹം സംസാരിച്ചതും തിരുപ്പൂരിന്റെ പോയകാലത്തെക്കുറിച്ചാണ്. ''സ്വാതന്ത്ര്യസമരചരിത്രത്തില്‍ തിരുപ്പൂരിന്റെ പങ്ക് വലുതാണ്. ഗാന്ധിജിയുടെ വരവോടെയാണ് തിരുപ്പൂരിന്റെ തുണിവ്യവസായത്തിന് തുടക്കമാകുന്നത്. വിദേശവസ്ത്രം ബഹിഷ്‌കരിക്കാനും ഖാദി പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ഗാന്ധിയുടെ സ്വദേശി വികാരം ഏറ്റെടുത്ത മണ്ണാണ് ഇത്. 1936-ന് ശേഷമാണ് ഇവിടെ ബനിയന്‍ നിര്‍മാണ ഫാക്ടറികള്‍ കൂടുതലായി വന്നത്. അതോടെയാണ് ഈ പ്രദേശം പ്രശസ്തമാകുന്നത്. അതിന് മുന്‍പ് പല്ലടം താലൂക്കിലെ വെറുമൊരു ഗ്രാമം മാത്രമായിരുന്നു തിരുപ്പൂര്‍.''
ബനിയന്‍ തുണിത്തരങ്ങള്‍ ധാരാളമായി ഉത്പാദിപ്പിച്ചതോടെ കൊല്‍ക്കത്ത, മുംബൈ പോലുള്ള സ്ഥലങ്ങള്‍ക്കെല്ലാം തിരുപ്പൂര്‍ വെല്ലുവിളിയായി. 80-കളോടെയാണ് വസ്ത്രനിര്‍മാണത്തില്‍ വൈവിധ്യം വരുന്നത്. വിദേശങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ വന്നതോടെ ബനിയന്‍ കൂടാതെ വ്യത്യസ്തമായ തുണിത്തരങ്ങള്‍ ഉത്പാദിപ്പിച്ചു തുടങ്ങി. തിരുപ്പൂരിനെ ഒരു ബ്രാന്‍ഡാക്കിതീര്‍ത്തതില്‍ രാംരാജ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് വലിയ പങ്കുണ്ട്.
''ഇന്ന് ഇന്ത്യയില്‍ വില്‍ക്കുന്ന കോട്ടണ്‍ തുണിത്തരങ്ങളുടെ 60 ശതമാനവും തിരുപ്പൂരിലാണ് ഉത്പാദിപ്പിക്കുന്നത്. കയറ്റുമതി മാത്രം ചെയ്യുന്ന മൂവായിരത്തിലധികം യൂണിറ്റുകള്‍ ഇവിടെയുണ്ട്. ഏതാണ്ട് മുപ്പത്തയ്യായിരം കോടി രൂപയാണ് കയറ്റുമതിയിലൂടെ തിരുപ്പൂര്‍ കഴിഞ്ഞവര്‍ഷം വിദേശനാണ്യമായി നേടിയത്''- തിരുപ്പൂര്‍ എക്‌സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ (ഠഋഅ) പ്രസിഡന്റ് കെ.എം. സുബ്രഹ്‌മണ്യന്‍ പറഞ്ഞു. 1990-ല്‍ രൂപവത്കരിച്ച തിരുപ്പൂര്‍ എക്‌സ്പോര്‍ട്ടേഴ്സ് അസോസിയേഷനാണ് തിരുപ്പൂര്‍ തുണിത്തരങ്ങളെ വിദേശത്ത് പരിചിതമാക്കിയത്. നിര്‍മാണത്തിലെ മേന്മകൊണ്ടാവാം വര്‍ഷംതോറും വിദേശകമ്പനികളുടെ ഓര്‍ഡറുകള്‍ വര്‍ധിക്കുന്നുണ്ട്. അമേരിക്ക, യു.കെ. ഓസ്ട്രേലിയ, യു.എ.ഇ. എന്നിവിടങ്ങളിലേക്കാണ് മുഖ്യമായും കയറ്റുമതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഉത്പാദനം എളുപ്പത്തില്‍ നടക്കുന്നു.
തിരുപ്പൂരില്‍ വസ്ത്രനിര്‍മാണ യൂണിറ്റുകള്‍ മാത്രമല്ല വേറെയും സംരംഭങ്ങളുണ്ട്. അതിലൊന്നാണ് തെങ്ങില്‍നിന്ന് ചെത്തിയെടുക്കുന്ന തെന്നീര. സംഗതി നമ്മുടെ നാട്ടിലെ നീര തന്നെ. എന്നാല്‍, ഉത്പാദനത്തിലും സംഭരണത്തിലും വ്യത്യാസമുണ്ടെന്നുമാത്രം. തിരുപ്പൂര്‍ ജില്ലയിലെ പല്ലടത്തുള്ള തെങ്ങിന്‍തോപ്പിലേക്കാണ് ഞങ്ങള്‍ പോയത്. അവിടെ കമ്പിവേലി കെട്ടിത്തിരിച്ച പറമ്പുകളില്‍ ചെത്താനുള്ള തെങ്ങുകള്‍ കണ്ടു. 325 തെങ്ങുകളുണ്ട്. ഐസ്‌ക്യൂബുകളിട്ട പ്രത്യേക പാത്രത്തിലാണ് തെന്നീര ശേഖരിക്കുന്നത്. തുടര്‍ന്ന് ഇത് പോളിത്തീന്‍ കവറിലേക്ക് മാറ്റി തണുപ്പിക്കുന്നു. പിന്നീട് ഇത് മൈനസ് 20 ഡിഗ്രിയിലും സൂക്ഷിക്കും. പിന്നീട് ഇത് കട്ടിയുള്ള, ഈടുനില്‍ക്കുന്ന ടെട്ര പാക്കിങ്ങിലേക്ക് മാറ്റും. 200 മില്ലിലിറ്റര്‍ പാക്കിന് 60 രൂപയാണ് വില. വിറ്റമിനുകളും ലവണങ്ങളും ആന്റി ഓക്‌സിഡന്റുകളും നിറഞ്ഞ ഈ പാനീയം പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാം. നിലവില്‍ ആയിരം ലിറ്റര്‍ തെന്നീര പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. ഗ്ലോബല്‍ കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസ് കമ്പനിയാണ് തെന്നീര പുറത്തിറക്കുന്നത്. 1200 ഓഹരിയുടമകള്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. തിരുപ്പൂരിലെയും സമീപപ്രദേശത്തെയും തെങ്ങുകര്‍ഷകരുടെ സ്വപ്‌നസാക്ഷാത്കാരമാണ് ഈ സംരംഭം.
തെന്നീരയുടെ മധുരം നുണഞ്ഞ് മടങ്ങിയത് ഗാന്ധി സര്‍വോദയസംഘം ഓഫീസിലേക്കാണ്. അവിനാശി റോഡില്‍, ഗാന്ധിനഗറിലാണ് ഓഫീസ്. 1958-ലാണ് ഇത് സ്ഥാപിച്ചത്. വെളുത്ത പെയിന്റടിച്ച മതിലിനകത്ത് കടക്കുമ്പോള്‍ മറ്റേതോ കാലത്തിലേക്ക് എത്തിയപോലെ. നഗരത്തിന്റെ ബഹളങ്ങള്‍ ഒന്നുമില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍. അതില്‍ കടവാതിലുകള്‍ കൂട്ടമായി തൂങ്ങിനില്‍ക്കുന്നു. ഇവിടെയാണ് ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ളത്. ആ മണ്ഡപത്തിന് മുന്നില്‍ അല്പനേരം കൈകൂപ്പി നിന്നു.
ഗാന്ധിജിയുടെ ആഹ്വാനപ്രകാരം തിരുപ്പൂരിലെ ആയിരക്കണക്കിന് ആളുകളാണ് നെയ്ത്തും നൂല്‍നൂല്‍പ്പും ആരംഭിച്ചത്. അവര്‍ക്ക് ജോലിചെയ്യാനും ഉത്പാദിപ്പിച്ച സാധനങ്ങള്‍ വില്‍ക്കാനുമുള്ള ഇടമായി മാറി ഇത്. പ്രിന്റിങ് പ്രസ്സും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഒരുനാട്, ഗാന്ധിയന്‍ ആദര്‍ശങ്ങളെ പിന്‍പറ്റി വികസിച്ചതിന്റെ കാഴ്ചകളാണ് തിരുപ്പൂരില്‍ കാണാനാവുക. കാലമേറെ കടന്നുപോയി. പുതിയ തലമുറയ്ക്ക് ഒരുപക്ഷേ, നഗരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. മെച്ചപ്പെട്ട ജോലിയും ജീവിതസാഹചര്യങ്ങളും തേടി അവര്‍ കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും വിദേശങ്ങളിലേക്കും മാറി. പക്ഷേ, തിരുപ്പൂരിലെ തുണിത്തരങ്ങള്‍ പല തലമുറകള്‍ക്ക് കച്ചിത്തുരുമ്പായിരുന്നു എന്നത് കാണാതിരിക്കാനാവില്ല. തിരുപ്പൂര്‍ ഇന്നൊരു ബ്രാന്‍ഡാണ്; ഇന്ത്യയുടെ വസ്ത്രനിര്‍മാണമേഖലയിലെ തിളങ്ങുന്ന ബ്രാന്‍ഡ്.
Published: 03 Jun 2025, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented