അഭിനയം പോലെ സിനിമ നല്‍കുന്ന മറ്റൊരു സന്തോഷമാണ് യാത്ര. കഥാപാത്രങ്ങള്‍ക്കായി അവരുടെ ജീവിതം അവതരിപ്പിക്കാനായി, കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നാടുകളിലേക്ക് വെച്ചുപിടിക്കുന്നു. വേഗം കൂടിയ നഗരങ്ങള്‍... ഇരുട്ടുകനക്കുമ്പോഴേക്കും ആളൊഴിയുന്ന ഗ്രാമങ്ങള്‍... എവിടെയൊക്കെ യോ ചെന്നുകയറുന്നു.     ചിലയിടങ്ങളില്‍ എത്തിപ്പെടുമ്പോള്‍ ആ നാടും പരിസരവും അപരിചിതമായി തോന്നാറേയില്ല, അവിടെ പോയിട്ടില്ലെങ്കിലും അവിടത്തെ മനുഷ്യരും കാഴ്ചകളുമെല്ലാം എപ്പോഴൊക്കെയോ മനസ്സില്‍ വന്നുപോയതായൊരു തോന്നലുയരും. ഓരോ സഞ്ചാരത്തിലും ഒരുപാട് ജീവിതങ്ങള്‍ കണ്ടു, കഥകളും അനുഭവങ്ങളും കേട്ടു. പാട്ടും നൃത്തവുമായി യാത്രകള്‍ ആഘോഷിക്കുമ്പോഴും ഓരോ നാടും നെഞ്ചോടുചേര്‍ത്തുവെച്ച താളം പിടിച്ചെടുക്കാനാണ് മനസ്സെന്നും ശ്രമിച്ചത്.

അപ്രതീക്ഷിതമാണ് മിക്കയാത്രകളും. വീണുകിട്ടുന്ന ഒഴിവുദിവസങ്ങളില്‍ പുറപ്പെട്ടിറങ്ങുന്നതാണ് രീതി.  പോകാന്‍ കൊതിക്കുന്ന ഇടങ്ങള്‍ പലതുണ്ട്, വീട്ടിലെല്ലാവര്‍ക്കും സൗകര്യപ്പെടുമെങ്കില്‍ കുടുംബത്തോടെ യാത്രയ്ക്കിറങ്ങും, ഭാര്യ നല്ലൊരു ട്രാവലറാണ്, ട്രക്കിങ്ങിനോടാണ് കമ്പം. വര്‍ഷംതോറും മുടങ്ങാതെ അവര്‍ ട്രക്കിങ്ങിനിറങ്ങാറുണ്ട്.

അടുത്തിടെ നടത്തിയ യാത്ര വെള്ളത്തിനടിയിലെ കാഴ്ചകള്‍ തേടിയായിരുന്നു. ഭൂമിക്കുമുകളിലുള്ളതിനേക്കാള്‍ വിസ്മയിപ്പിക്കുന്ന ലോകം കടലിന്റെ അടിത്തട്ടിലുണ്ടെന്ന സുഹൃത്തിന്റെ വിവരണമാണ് വീണ്ടുമൊരു മാലിയാത്രയിലേക്ക് നയിച്ചത്. മാലിയിലെ ദംഗേതിദ്വീപില്‍ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടും ഡീപ്പ് ഡൈവിങ്ങും വാട്ടര്‍ സ്‌പോര്‍ട്‌സുമെല്ലാമായി അടിച്ചുപൊളിച്ച ദിവസങ്ങള്‍. ഐ.എസ്.ഡി ആക്റ്റിവേറ്റ് ചെയ്താലും ദംഗേതിയില്‍ മൊബൈല്‍ ഫോണിന് റേഞ്ച് കിട്ടില്ല. തിരക്കുകളില്ലാതെ അലസമായി ഒഴുകിനടന്ന ദിനങ്ങള്‍, അന്തിമായുന്നതും ഇരുട്ടുകനക്കുന്നതും കടല്‍ക്കരയിലിരുന്ന് നോക്കിക്കണ്ടു.
കടല്‍ കണ്ടും കഥകേട്ടും വളര്‍ന്നവരാണ് ദംഗേതിയിലെ നാട്ടുകാര്‍. ഏതാണ്ട് ആയിരത്തില്‍ താഴെ ആളുകള്‍ മാത്രം. മുന്നില്‍ തെളിഞ്ഞുപരന്നു കിടക്കുന്ന കടല്‍, ആ വെള്ളത്തിലാണ് ഇവിടത്തുകാരുടെ ജീവിതം നങ്കൂരമിട്ടിരിക്കുന്നത്. പൂര്‍വികര്‍ വരച്ചുവെച്ച കളങ്ങളില്‍ നിന്ന് കുതറിമാറി, തങ്ങളുടെ മണ്ണിലേക്ക് യാത്രാബാഗും പേറിയെത്തുന്ന സഞ്ചാരികളെ ഇവര്‍ ഇരുകയ്യുംനീട്ടി സ്വീകരിക്കുന്നു. സഹജീവികളുടെ ജീവിതത്തില്‍ അദ്ഭുതം സൃഷ്ടിക്കുന്ന ചിലരേയും യാത്രയ്ക്കിടെ പരിചയപ്പെട്ടു. വാട്ടര്‍ സ്‌പോര്‍ട്‌സുകളുമായി അതിഥികളെ വരവേറ്റ് പുതിയ ജോലിസാധ്യതകള്‍ തേടുകയാണ് ദ്വീപിലെ യുവത്വം; സച്ചിനും ഷിജിനും യാത്രയിലെ നല്ല ആതിഥേയരായി. ചന്തം ചാര്‍ത്താന്‍, നറുമണം കിട്ടാന്‍, രൂചി കൂട്ടാന്‍ കൃത്രിമപകിട്ടുകളൊന്നുമില്ലാത്ത നാട്. തീയേറ്ററുകളോ വലിയ മാളുകളോ ഇല്ല. 
കാലില്‍ ചെരുപ്പുപോലും ധരിക്കാതെയായിരുന്നു സഞ്ചാരം. നാടിനെകുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം കൃത്യമായ ഉത്തരം അവരുടെ കൈയിലുണ്ട്. ദേശത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും രുചികളും അരുചികളുമെല്ലാം അവരുടെ സംസാരത്തിലൂടെ നമ്മളിലേക്കെത്തും.

മാലിയില്‍ നിന്ന് രണ്ടുമണിക്കൂറോളം ബോട്ടില്‍ യാത്രചെയ്താല്‍ ദംഗേതി ദ്വീപിലെത്താം. ഹോംസ്റ്റേകളാണ് കൂടുതല്‍. മത്സ്യബന്ധനവും ടൂറിസവുമാണ് പ്രധാന വരുമാനം. ഇന്ത്യയോട് ഏറെ അകലത്തിലല്ലാത്തതിനാല്‍ നമ്മുടെ രുചികളും ഇവിടത്തെ തീന്‍മേശകളില്‍ നിറയും. ചോറും ബ്രഡും ഓംലെറ്റുമെല്ലാമുണ്ടെങ്കിലും എരിവ് കുറഞ്ഞ ഭക്ഷണങ്ങളാണ് ഏറെയും. കടല്‍ത്തീരങ്ങളിലും മരങ്ങളിലും പൊതുഇടങ്ങളിലുമെല്ലാം നെറ്റുകൊണ്ട് തീര്‍ത്ത കസേരകള്‍ തൂക്കിയിട്ടതായി കണ്ടു. കുട്ടികളും പ്രായം ചെന്നവരുമെല്ലാം കസേരയിലാടി സംസാരിച്ചിരിക്കുന്നത് ദംഗേതിയിലെ രസകരമായൊരു കാഴ്ചയാണ്.