വിടെയോ ഒരു പൂര്‍വബന്ധം ഞങ്ങള്‍ക്കിടയില്‍ കെട്ടുപിണഞ്ഞുകിടന്നിരുന്നു. ഇന്നസെന്റ് എന്ന വ്യക്തിയെ ആദ്യമായി കണ്ടനാള്‍ കൃത്യമായി ഓര്‍മ്മയില്ല. എന്നാല്‍, ഒരായുഷ്‌കാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ ഓര്‍മ്മകളുടെ ഒരു ചിരിക്കാലം സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോയത്. ഒരുപക്ഷേ, ഒരേവഴിയിലൂടെ സഞ്ചരിച്ച സഹയാത്രികരായിരുന്നു ഞങ്ങള്‍. നാല്‍പ്പതുവര്‍ഷത്തോളം പഴക്കമുള്ള ആത്മബന്ധം. ഒരിക്കലും നിറംമങ്ങാത്ത ഇന്നസെന്റ് കഥകളിലെ സ്ഥിരം കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു ഞാന്‍. ഇന്നസെന്റേട്ടനുമായി ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചത് ഒരുപക്ഷേ ഞാനാകാം. 

To advertise here,

ഇന്നസെന്റ് സ്പീക്കിങ്...
സിദ്ദിഖ്-ലാലിന്റെ 'റാംജി റാവു സ്പീക്കിങ്ങി'ലെ മത്തായിച്ചേട്ടനിലേക്ക് അദ്ദേഹം എത്തിയത് അവിചാരിതമായിട്ടായിരുന്നു. അതിന് ഞാനൊരു നിമിത്തമായിമാറിയത് മറ്റൊരു സന്തോഷം. ഇന്നസെന്റേട്ടനെ മനസ്സില്‍ക്കണ്ടാണ് മത്തായിച്ചേട്ടന്റെ സംഭാഷണങ്ങള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍, അതേ സമയത്ത് ജോഷി സംവിധാനംചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം ചെന്നൈയിലായിരുന്നു. ഡേറ്റ് ക്ലാഷ് ഒരു പ്രശ്നമായതിനാല്‍ ഒടുവില്‍ മറ്റൊരു നടനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. 
ചെന്നൈയിലെത്തിയ ഞാന്‍ അദ്ദേഹത്തെക്കണ്ട് സിനിമയെക്കുറിച്ച് സംസാരിച്ചു. ഉഗ്രന്‍ കഥയാണെന്നും മൂന്നുകഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ള ചിത്രമാണെന്നും ചേട്ടന്റെ തലവരമാറ്റുന്ന കഥാപാത്രമാണെന്നും പറഞ്ഞ് ബോധിപ്പിച്ചു. കഥകേട്ടതോടെ ഇന്നസെന്റേട്ടന്‍ ആശയക്കുഴപ്പത്തിലായി. സംവിധായകന്‍ ജോഷിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയതുകൊണ്ട് ആദ്യം മടിച്ചു. എന്നാല്‍, ജോഷിക്ക് എതിര്‍പ്പുണ്ടായില്ല. അപ്പോഴും പൂര്‍ണസമ്മതമായിരുന്നില്ല. 

നാട്ടിലെത്തിയിട്ട് സംവിധായകന്‍ ഫാസിലിനെ വിളിക്കാമെന്നുംപറഞ്ഞ് ഞാന്‍ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. സിദ്ദിഖ്-ലാലിന്റെ ചിത്രത്തില്‍ ഇന്നസെന്റ് അഭിനയിക്കണമെന്ന് ഫാസിലിനും വലിയ ആഗ്രഹമായിരുന്നു. നാട്ടിലെത്തി ഫാസിലിനെ ഫോണില്‍ വിളിച്ച് കൊച്ചുവര്‍ത്തമാനം പറയുന്നതിനിടയില്‍ ഞാന്‍ ഇന്നസെന്റേട്ടന്റെ കൈയില്‍ ഫോണ്‍ കൊടുത്തു. അതു മലയാളസിനിമയില്‍ ഒരു പുതിയ വഴിത്തിരിവായി. ഓണക്കാലത്തിന് തൊട്ടുമുന്‍പ് വന്ന പരീക്ഷണസിനിമയായിരുന്നു 'റാംജി റാവു സ്പീക്കിങ്'. എന്നാല്‍, ഓണക്കാലത്തെ വമ്പന്‍ ചിത്രങ്ങളെക്കാളേറെ പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. അവസാനനാളുകളില്‍ അദ്ദേഹം അഭിനയിച്ച സിനിമകളിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അപ്പോഴും പതിവ് തമാശകളുമായി സജീവമായിരുന്നു. 

placeholder
മാന്നാര്‍ മത്തായി സ്പീക്കിങ് സിനിമയിലെ ഒരു രംഗം

ലൊക്കേഷന്‍ കഥകള്‍...

എപ്പോഴും മറ്റുള്ളവര്‍ക്ക് പണികൊടുക്കുന്നതില്‍ വിരുതനായിരുന്നു അദ്ദേഹം. അങ്ങനെയുള്ള അദ്ദേഹത്തെ രണ്ടുദിവസം മുള്‍മുനയില്‍ നിര്‍ത്താന്‍ മോഹന്‍ലാലിനും എനിക്കും കഴിഞ്ഞു. 'കാക്കക്കുയില്‍' എന്ന സിനിമയ്ക്കായി ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട എന്ന ഹോട്ടലിലായിരുന്നു താമസം. ഒരു സന്ധ്യയ്ക്ക് ഷൂട്ടിങ് കഴിഞ്ഞ് ലോബിയില്‍ നില്‍ക്കുകയായിരുന്നു ഞങ്ങള്‍. ഒരു മുതിര്‍ന്ന സ്ത്രീ എന്റെയടുത്തുവന്ന് പരിചയപ്പെട്ടു. തെലുങ്കുദേശം പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകയായിരുന്നു അവര്‍, കൂടാതെ മലയാളിയും. അവരുടെയൊപ്പമുണ്ടായിരുന്ന മലയാളിയല്ലാത്ത വനിതാനേതാവിനെയും പരിചയപ്പെടുത്തി. ഒരു രാഷ്ട്രീയപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍. അല്പം ദൂരെ മാറിനിന്ന ഇന്നസെന്റേട്ടനെ ഞാന്‍ അടുത്തുവിളിച്ചു. മലയാളിയായ സ്ത്രീയും ഞാനും വനിതാനേതാവിന് അദ്ദേഹത്തെ പരിചയപ്പെടുത്തി. ഹിന്ദി വശമുണ്ടായിരുന്ന അദ്ദേഹം രണ്ടുപേരോടും ഹിന്ദിയിലായി പിന്നീട് സംഭാഷണം. അവര്‍ മടങ്ങിയതിനുശേഷം, എന്താ ഹിന്ദിയില്‍ ഇത്രയും സംസാരിച്ചതെന്ന് തിരക്കിയ എന്നോട്, ഒരിത്തിരി പത്രാസോടെ, ഞങ്ങള്‍ രാഷ്ട്രീയം സംസാരിക്കുകയായിരുന്നുവെന്ന് മറുപടിയും തന്നു.


 ഇന്നസെന്റേട്ടന്‍ ഹിന്ദിയില്‍ സംസാരിച്ച് തിളങ്ങിയതിനെക്കുറിച്ച് മോഹന്‍ലാലിനോട് പറയുകയും ഒരു പണികൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ഒടുവില്‍ പദ്ധതിപ്രകാരം, തെലുങ്കുദേശം പാര്‍ട്ടിക്ക് ഒരു തുക സംഭാവന നല്‍കാമെന്ന് ഇന്നസെന്റേട്ടന്‍ പറഞ്ഞിരുന്നുവെന്നുപറഞ്ഞ് സ്ത്രീകള്‍ വിളിച്ചതായി അദ്ദേഹത്തോട് നുണപറഞ്ഞു. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലെന്നുപറഞ്ഞ് വാദിച്ചെങ്കിലും നുണബോംബ് പൊട്ടിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ സംസാരത്തിനിടയില്‍ അവര്‍ തെറ്റിദ്ധരിച്ചതാകാം, എന്തായാലും തുക കൈമാറാതെ വഴിയില്ലെന്നും അദ്ദേഹത്തെ പറഞ്ഞുപറ്റിച്ചു. 
വല്ലാതെ പതറിയെങ്കിലും താന്‍ അറിയാത്ത കാര്യത്തിന് എന്തിന് പണം കൊടുക്കണമെന്ന നിലപാടിലായിരുന്നു ചേട്ടന്‍. പക്ഷേ, നല്ല സമ്മര്‍ദത്തിലായി അദ്ദേഹം. നാട്ടില്‍ പോകണമെന്നും വീട്ടുകാരെ കാണണമെന്നും ചേട്ടന്‍ നിര്‍ബന്ധംപിടിച്ചു. ഒടുവില്‍ പ്രിയന്റെ നിര്‍ബന്ധത്തില്‍ പൊട്ടിച്ചിരിയോടെ കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍ ആ നുണബോംബ് അവസാനിപ്പിച്ചു. ജീവിതത്തില്‍ ഇന്നസെന്റ് പതറുന്നതും തകരുന്നതും നേരിട്ടുകണ്ടത് ആ രണ്ടുദിവസങ്ങളിലായിരുന്നു. ചില സിനിമകളിലെ അദ്ദേഹത്തിന്റെ അതേ ഭാവപ്രകടനം നേരിട്ടുകണ്ടാസ്വദിച്ചു!  

placeholder
ആകാശഗംഗ സിനിമയില്‍ നിന്ന്...

കാന്‍സര്‍ വാര്‍ഡില്‍നിന്ന്

ഇന്നസെന്റ് ഓര്‍മ്മിക്കപ്പെടേണ്ടത് കഥാപാത്രങ്ങളിലൂടെ മാത്രമല്ല. അര്‍ബുദരോഗം അദ്ദേഹത്തെ ബാധിച്ച സമയം. ഇന്ന് ചികിത്സാരീതികളിലും മറ്റുമൊക്കെ ഒരുപാട് മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. നേരത്തേ തിരിച്ചറിഞ്ഞാല്‍ രോഗമുക്തി നേടാനാകും. പക്ഷേ, അന്നത്തെ സമയത്ത് കാന്‍സര്‍ രോഗമെന്നുകേട്ടാല്‍ ജീവിതത്തിന്റെ വഴിയടഞ്ഞുവെന്നും ഇനി മറ്റൊന്നും ചെയ്യാനില്ലെന്നും ഭൂരിഭാഗം മനുഷ്യരും ചിന്തിച്ചിരുന്നു. ഞങ്ങളുടെയെല്ലാം പ്രിയങ്കരനായ അദ്ദേഹത്തിന് കാന്‍സറാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ച് അതൊരു ഞെട്ടലായിരുന്നു, വേദനയായിരുന്നു. എല്ലാവരെയും തമാശകളിലൂടെ പൊട്ടിച്ചിരിപ്പിക്കുന്ന ചേട്ടനെ രോഗാവസ്ഥയില്‍ എങ്ങനെ അഭിമുഖീകരിക്കുമെന്നു ചിന്തിച്ച് മനസ്സുവേദനിച്ചു. എങ്കിലും അദ്ദേഹത്തെ കാണാനായി ആശുപത്രിയിലെത്തി. 
നുറുങ്ങുതമാശകളും പൊട്ടിച്ചിരികളും കേട്ടാണ് ഞാന്‍ റൂമിലേക്ക് കയറുന്നത്. കേള്‍വിക്കാര്‍ക്കൊപ്പം വളരെ സന്തോഷത്തോടെ കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കുന്ന ഇന്നസെന്റേട്ടന്‍. എന്നെക്കണ്ടതും, ''നീ വന്നോ, ഞങ്ങള്‍ ഒന്നുരണ്ട് കഥകള്‍ പറയുകയായിരുന്നു''വെന്നു പറഞ്ഞ് ആ കഥയിലേക്ക് എന്നെയും ചേര്‍ത്തു. 


കുറെനേരം സംസാരിച്ചിരുന്നശേഷം ചേട്ടന്‍ എന്നെക്കേള്‍പ്പിക്കാനായിമാത്രം മറ്റൊരു കഥ ആരോടും പറയാതെ മാറ്റിവെച്ചിട്ടുണ്ടെന്നറിയിച്ചു. പക്ഷേ, സംസാരിക്കുന്നത് ഞാന്‍ വിലക്കി. സുഖമില്ലാത്തതല്ലേ, വിശ്രമിക്കട്ടേയെന്നു കരുതി. എന്നാല്‍, അവിടെയുണ്ടായിരുന്ന നഴ്സ് പറഞ്ഞു, സംസാരിക്കുന്നതിന് തടസ്സമില്ലെന്ന്. ഒരു രഹസ്യകഥപോലെ അദ്ദേഹം പറഞ്ഞുതുടങ്ങി. രോഗികളെ കൗണ്‍സല്‍ ചെയ്യുന്ന ഒരു ഡോക്ടറുടെ കഥയായിരുന്നു അത്. കാന്‍സര്‍ വാര്‍ഡില്‍ രോഗികളെ വളരെയധികം സന്തോഷിപ്പിച്ച ഡോക്ടര്‍ ഇടയ്ക്ക് ലീവിലായി. തിരിച്ചെത്തിയ സമയത്താണ് അറിയുന്നത് ഡോക്ടര്‍ക്ക് കാന്‍സറാണെന്ന്. എല്ലാവരെയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും നടന്ന ഊര്‍ജസ്വലയായ ഡോക്ടര്‍ പക്ഷേ, സ്വന്തം രോഗത്തിനുമുന്നില്‍ പകച്ചുപോയി. ഒടുവില്‍, രോഗികളെ കൗണ്‍സല്‍ചെയ്യുന്ന ഡോക്ടറെ, അവര്‍ പറഞ്ഞ കഥകളിലൂടെ ഇന്നസെന്റേട്ടന്‍ കൗണ്‍സല്‍ചെയ്ത് പൊട്ടിച്ചിരിപ്പിച്ചതായിരുന്നു കഥ. അത് താന്‍ വളരെയധികം ആസ്വദിച്ചുവെന്നും അദ്ദേഹം തുറന്നുപറഞ്ഞപ്പോള്‍ കണ്ണെടുക്കാതെ ആ അദ്ഭുതമനുഷ്യനെ ഞാന്‍ നോക്കിനിന്നു. 
കാന്‍സര്‍ വാര്‍ഡില്‍ ചിരികൊണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ജാലവിദ്യക്കാരനായിരുന്നു അദ്ദേഹം. ചിരിയെക്കാള്‍ വലിയ മരുന്നില്ലെന്ന് അദ്ദേഹം ജീവിതംകൊണ്ട് പറയുകയായിരുന്നു. ഇന്നസെന്റ് എന്ന മനുഷ്യന്റെ അസാധാരണമായ ചിരിയഴകിനുമുന്നില്‍ കാന്‍സര്‍പോലും നിഷ്പ്രഭമായി. 


ഇന്നസെന്റിന്റെ ജീവിതവഴികള്‍ ഒരിക്കലും അടഞ്ഞിരുന്നില്ല. പ്രതിബന്ധങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ പുതുവഴികള്‍ വെട്ടിത്തെളിച്ച മനുഷ്യനായിരുന്നു അദ്ദേഹം. ചിരിയും ചിരിപ്പിക്കലുമാണ് മരണംവരെയുള്ള അദ്ദേഹത്തിന്റെ ജീവിതം. ഓരോ സിനിമ കഴിയുമ്പോഴും ഒരു ചെറിയ ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം യാത്രപോകും. സിനിമയില്‍നിന്ന് ഒരു ചെറിയ ഇടവേളയെടുത്താല്‍ അവസരം കുറയുമോയെന്ന് ആശങ്കപ്പെട്ടിരുന്നവരില്‍നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ ലൊക്കേഷനുകളില്‍നിന്ന് ലൊക്കേഷനുകളിലേക്ക് പറന്നുനടക്കുമ്പോഴും സിനിമ കുറയുമെന്ന ഒരു ടെന്‍ഷനും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. കാരണം, ഇന്നസെന്റിനുവേണ്ടി എത്ര കാത്തിരിക്കാനും സംവിധായകര്‍ക്കിഷ്ടമായിരുന്നു.

placeholder
ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, മാമുക്കോയ എന്നിവര്‍ക്കൊപ്പം മുകേഷ്

മുന്‍പേ നടന്ന രാഷ്ട്രീയസഹയാത്രികന്‍...
ഒരേ രാഷ്ട്രീയവഴിയിലെ സഹയാത്രികരായിരുന്നിട്ടും ഒരിക്കല്‍പ്പോലും കൂടെവന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുപ്രചാരണങ്ങളില്‍ ഞാന്‍ പങ്കെടുത്തു. അവിചാരിതമായി ഞാന്‍ കൊല്ലത്ത് സ്ഥാനാര്‍ഥിയായ സമയത്ത് അദ്ദേഹം വിളിച്ചു. ''നീ എനിക്കുവേണ്ടി വന്ന് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. സുഖമില്ലാതിരിക്കുകയാണെങ്കിലും നിനക്കുവേണ്ടി ഞാന്‍ വരും.'' അദ്ദേഹം വന്നുവെന്നുമാത്രമല്ല, വലിയൊരാവേശം മണ്ഡലത്തില്‍ സൃഷ്ടിച്ചു. 
ഒന്നിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയപ്പോള്‍ എല്ലാവരും വളരെ ആവേശത്തോടെ ഞങ്ങളെ സ്വീകരിച്ചു. അന്ന് ചേട്ടനോട് ചോദിച്ചു, ''ഈ ആവേശമെല്ലാം വോട്ടായിമാറുമോ?'' അദ്ദേഹം തന്ന മറുപടി എന്നെ അദ്ഭുതപ്പെടുത്തി. ''നമ്മളെ കാണുമ്പോള്‍ ഒരുപാടുതവണ കൈവീശിക്കാണിക്കുന്നവര്‍ക്ക് സിനിമാക്കാരനെ നേരിട്ടുകണ്ട ആവേശം മാത്രമേയുള്ളൂ. ഒറ്റത്തവണ കൈവീശി വോട്ടുചെയ്യുമെന്ന് പറയുന്നവരുടെ വോട്ട് നിനക്ക് കിട്ടും. ഇതൊക്കെ തിരഞ്ഞെടുപ്പില്‍ ഞാന്‍ കണ്ടെത്തിയ പാഠങ്ങളാണ്, എന്റെ അനുഭവങ്ങളാണെന്ന് കൂട്ടിക്കോ...''

placeholder
ഇന്നസെന്റിനൊപ്പം മുകേഷ്‌

കഥ തുടരുന്നു...
അവസാനനാളുകളിലും ചേട്ടന്റെ പതിവുതമാശകള്‍ തെറ്റിച്ചില്ല. എന്നെ വിളിക്കുമ്പോള്‍ നിര്‍ത്താതെ ചുമയ്ക്കുകയായിരുന്നു. ചുമയല്ലേ, പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞിട്ടും കേട്ടില്ല. ഒരു തമാശപറയാനുണ്ട്, ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ അതിന്റെ രസച്ചരട് മുറിഞ്ഞുപോകുമെന്ന രീതിയില്‍ മറുപടി. ഉടനെ കഥ തുടങ്ങി... ''എന്റെ വീടിനടുത്ത് ഒരു പ്രൊഡക്ഷന്‍ എക്സിക്യുട്ടീവുണ്ട്. കുറെക്കാലം ഞാന്‍ അവനെക്കാണാതെ ഒളിച്ചുനടന്നിരുന്നു. അവന്‍ ഡേറ്റ് ചോദിക്കുമ്പോഴൊന്നും എനിക്ക് ഒഴിവുണ്ടായിരുന്നില്ല. ഇപ്പോള്‍ അവന്‍ എന്നെ ഒളിച്ചുനടക്ക്വാണ്. എന്തിനാ? ഞാന്‍ ഡേറ്റ് ചോദിക്ക്യോന്ന് പേടിച്ച്!'' അന്നതുകേട്ട് ഒരുപാട് ചിരിച്ചു. ഇതായിരുന്നു ഒടുവിലത്തെ തമാശ. 
അദ്ദേഹത്തിന്റെ മരണശേഷം ഒരുപാട് അനുസ്മരണച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോള്‍ എല്ലാവരിലും ഒരു ചിരി നിറയും. വളരെ വ്യത്യസ്തമായ, വിചിത്രമായ ഒരനുഭവമായിരുന്നു അത്.  മരണശേഷവും ഓര്‍മ്മകളിലൂടെ, കഥകളിലൂടെ, നര്‍മത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ പൊട്ടിച്ചിരി വിടര്‍ത്താന്‍ ഇന്നസെന്റേട്ടാ... അങ്ങേയ്ക്കല്ലാതെ മറ്റാര്‍ക്ക് കഴിയും.