ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ പുതിയ പരസ്യം വൈറലാവുകയാണ്. 'രാമായണ'ത്തില്‍ പരാമര്‍ശിക്കുന്ന ശ്രീലങ്കയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെ കോര്‍ത്തിണക്കിയുള്ളതാണ് പരസ്യം. അഞ്ചുമിനിറ്റ് നീണ്ട വീഡിയോയില്‍ ഒരു കൊച്ചുമകനും, രാമായണകഥ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശിയുമാണ് താരങ്ങള്‍. ശ്രീലങ്കന്‍ വിനോദസഞ്ചാരത്തെ കൂടി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് പരസ്യം. 

ശ്രീലങ്കയില്‍ രാമായണവുമായി ബന്ധപ്പെട്ട് കുറേ സ്ഥലങ്ങളുണ്ട്. രാവണഗുഹ, രാവണന്‍ സീതാദേവിയെ തട്ടിക്കൊണ്ടുവന്ന് താമസിപ്പിച്ച അശോകവനം, ഹഗ്ഗല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സീത അമ്മന്‍ കോവില്‍, ഉസ്സന്‍ഗോഡ ദേശീയോദ്യാനം, ധുനുവില തടാകം തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.

എല്ല പട്ടണത്തിലാണ് രാവണഗുഹയും രാവണവെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. പുരാണമനുസരിച്ച് രാവണന്‍ സീതയെ തട്ടിക്കൊണ്ടുവന്ന് താമസിപ്പിച്ചത്, രാവണ വെള്ളച്ചാട്ടത്തിന് പുറകിലുള്ള ഗുഹയിലാണ്. അതാണ് രാവണ ഗുഹയെന്ന് അറിയപ്പെടുന്നത്. അന്ന് ഈ ഗുഹയ്ക്കുചുറ്റും നിബിഡവനമായിരുന്നുവത്രെ. സമുദ്രനിരപ്പില്‍നിന്ന് 1370 അടി ഉയരത്തിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്.   

ശ്രീലങ്കയിലെ ഏറ്റവും വലുപ്പമുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ രണ്ടാം സ്ഥാനത്താണ് ഹഗ്ഗല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. 28 ഹെക്ടര്‍ സ്ഥലത്ത് പരന്നുകിടക്കുകയാണ് ഈ ഉദ്യാനം. സീതയെ രാവണന്‍ താമസിപ്പിച്ച അശോകവനം ഈ ഉദ്യാനത്തിലായിരുന്നുവത്രേ. ഇതിനോട് ചേര്‍ന്നൊരു സീത അമ്മന്‍ കോവിലുമുണ്ട്. 1861-ലാണ് ഇവിടെ പൂന്തോട്ടം നിര്‍മിക്കുന്നത്. ഇന്ന് 10,000-ത്തിലധികം ഇനത്തില്‍പ്പെട്ട സസ്യങ്ങള്‍ ഇവിടെയുണ്ടെന്ന് കണക്കുകള്‍ പറയുന്നു. വസന്തകാലത്താണ് ആളുകള്‍ ഇവിടെ കൂടുതലായുമെത്തുന്നത്. ഭംഗിയുള്ള റോസാപ്പൂവുകളും ഓര്‍ക്കിഡുകളും കൊണ്ട് നിറഞ്ഞിരിക്കും അപ്പോള്‍.  

ഉസ്സന്‍ഗോഡ ദേശീയോദ്യാനം കൊളംബോയിലാണ് സ്ഥിതി ചെയ്യുന്നത്. ഉസ്സന്‍ഗോഡയിലുള്ള കടല്‍ത്തീരം കടലാമകളുടെ പ്രധാനപ്രജനനകേന്ദ്രങ്ങളിലൊന്നാണിത്. രാവണന്റെ പുഷ്പകവിമാനം നിര്‍ത്തിയിരുന്നത് ഇവിടെയാണെന്നാണ് വിശ്വാസം. 

കൊളംബോയില്‍നിന്ന് 147 കിലോമീറ്റര്‍ അകലെയാണ് ധുനുവില എന്ന സ്ഥലം. വാസ്ഗമുവ ദേശീയോദ്യാനത്തിനോട് ചേര്‍ന്നാണിതുള്ളത്. സിംഹളഭാഷയില്‍ ധുനു എന്നാല്‍ വില്ല് എന്നാണ് അര്‍ഥം. വില എന്നാല്‍ തടാകമെന്നും. ഐതിഹ്യമനുസരിച്ച് രാമ-രാവണയുദ്ധം നടന്നത് ഇവിടെയാണ്. 

പുതിയ പരസ്യം ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതാണ്. വിനോദസഞ്ചാരത്തിനൊപ്പം ഐതിഹ്യത്തിലൂടെ ഒരു യാത്ര കൂടിയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഉദ്ദേശിക്കുന്നത്.