ഒരുകാലത്ത് ഏറെ ആരാധകരുള്ള നടനായിരുന്നു അബ്ബാസ്. കാതൽദേശം എന്ന സിനിമയിലൂടെയാണ് അബ്ബാസ് അഭിനയലോകത്തേക്കെത്തുന്നത്. ആ സിനിമയോടെ കോളിവുഡ് ആരാധകരുടെ ഹൃദയസ്പന്ദനമായി മാറി താരം. കാതൽദേശത്തിലെ 'മുസ്തഫ മുസ്തഫ' എന്ന പാട്ട് അവരേറ്റുപാടി. അതിനൊപ്പം അബ്ബാസിന്റെ ജനപ്രീതിയുമേറി.
പിന്നാലെ ഒട്ടേറെ അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 'കാതൽദേശ'ത്തിന്റെ തെലുഗുപതിപ്പായ 'പ്രേമദേശ'ത്തിലൂടെ തെലുഗുമനസ്സുകളിലും താരം ഇടംപിടിച്ചു. പിന്നാലെ മഞ്ജു വാര്യരുടെ നായകനായി 'കണ്ണെഴുതി പൊട്ടുംതൊട്ട്', പടയപ്പ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, ഹേ റാം, ആനന്ദം, ഡ്രീംസ്...അബ്ബാസ് കൂടുതൽ പ്രശസ്തിയിലേക്ക് കുതിച്ചുകൊണ്ടിരുന്നു. എന്നാൽ, പെട്ടെന്നൊരുനാൾ അദ്ദേഹത്തിന്റെ കരിയർ കുത്തനെ താഴേക്ക് കുതിക്കാൻ തുടങ്ങി. നായകവേഷങ്ങൾക്കുപകരം തേടിയെത്തിയത് ഏറെയും സഹനടന്റെ വേഷങ്ങൾ. അതോടെ അദ്ദേഹം പതുക്കെപ്പതുക്കെ സിനിമയിൽനിന്ന് അകന്നു.
Also Read
വർഷങ്ങൾക്കുശേഷം വീണ്ടും അഭിനയമോഹവുമായി അബ്ബാസ് തിരിച്ചെത്തി. സാമ്പത്തികപ്രശ്‌നങ്ങൾ കാരണമാണ് സിനിമയിൽനിന്ന് അകന്നതെന്ന് അന്ന് താരം വെളിപ്പെടുത്തുകയും ചെയ്തു. വാടക കൊടുക്കാനോ സിഗരറ്റ് വാങ്ങാനോ പോലും കഴിയാത്ത അവസ്ഥ വന്നെന്നും അന്ന് അദ്ദേഹം വെളിപ്പെടുത്തി.
അതിനിടെ ന്യൂസിലൻഡിലേക്ക് മാറി. മെക്കാനിക്കായും ടാക്‌സി ഡ്രൈവറായും ജോലിനോക്കി. പെട്രോൾ പമ്പിലും അദ്ദേഹം ജോലിചെയ്തു അക്കാലത്ത്.
പക്ഷേ വർഷങ്ങൾ നീണ്ട കരിയറിനിടയിൽ സിനിമയ്‌ക്കൊപ്പം തന്നെ അബ്ബാസ് ശ്രദ്ധിക്കപ്പെട്ടൊരു പരസ്യമുണ്ട്. ഹാർപിക് ടോയ്‌ലെറ്റ് ക്ലീനറിന്റെ പരസ്യം. എന്നാൽ, ആ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ അദ്ദേഹം ഏറെ ട്രോൾ ചെയ്യപ്പെട്ടു. ഹാർപിക് നടൻ എന്നുവരെ ആളുകൾ താരത്തെ കളിയാക്കി. ഈയടുത്ത് ഒരഭിമുഖത്തിൽ അന്നത്തെ പരിഹാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. അതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞതിങ്ങനെ, ''ആളുകൾ ആ പരസ്യത്തിന്റെ പേരിൽ എന്നെ ട്രോൾ ചെയ്തിരുന്നു. അതിൽ അഭിനയിച്ചതിലെന്താണ് തെറ്റ്? അവരെനിക്ക് നല്ല പ്രതിഫലം തന്നു. ആ പണംകൊണ്ട് ഞാനെന്റെ വീട്ടുചെലവുകൾ നടത്തി. എല്ലാ തൊഴിലുകളും തുല്യ ബഹുമാനം അർഹിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ഈഗോ അതിനെ തടസ്സപ്പെടുത്താൻ അനുവദിച്ചാൽ, ആരും നിങ്ങൾക്കായി ഭക്ഷണം കണ്ടെത്തിത്തരാൻ പോകുന്നില്ല''. സിനിമയിലെ അവസരങ്ങൾ കുറഞ്ഞ സമയത്ത്, തന്നെ സാമ്പത്തികമായി സഹായിച്ചത് ആ പരസ്യമാണെന്നും അബ്ബാസ് പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Abbas addresses the online trolling regarding his appearance in the Harpic advertisement. The actor explains that the advertisement provided essential financial support during his career lull
Published: 12 Jun 2026, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented