സെലിബ്രിറ്റികൾ പരസ്യങ്ങളിലൂടെയും ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിലൂടെയും കോടികളാണ് പ്രതിഫലമുണ്ടാക്കുന്നത്. ജ്വല്ലറി, മേക്കപ്പ് പ്രൊഡക്ട്‌സ്, കോസ്റ്റിയൂം, സ്‌പോർട്‌സ് വെയർ, ഹെൽത്തി ഡ്രിങ്ക്‌സ് തുടങ്ങിയവയാണ് അവരിലേറെ പേരും എൻഡോഴ്‌സ് ചെയ്യുന്നത്. മദ്യം, സിഗരറ്റ് എന്നിവയുടെ പരസ്യത്തിനാണത്രെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത്. എന്നാൽ അതിനോട് 'ബിഗ് നോ' പറയുന്ന താരങ്ങളുമുണ്ട്. ആ ലിസ്റ്റിലേക്ക് നടൻ സുനിൽ ഷെട്ടി കടന്നുവന്നിരുന്നു.

അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. പീപ്പിംഗ് മൂണുമായുള്ള ഒരു പോഡ്കാസ്റ്റിലാണ് സുനിൽ ഷെട്ടിയുടെ തുറന്നുപറച്ചിൽ. ''എന്റെ ആരോഗ്യത്തിന് ഞാൻ എല്ലാത്തിനും കടപ്പെട്ടിരിക്കുന്നു. സുനിൽ ഷെട്ടിക്ക് സിനിമാ വ്യവസായത്തിൽ അവസരം നൽകിയത് എന്റെ ശരീരമാണ്. ഞാനാ ശരീരത്തെ എന്റെ ആരാധനാലയമായി കണക്കാക്കുന്നില്ലെങ്കിൽ, അതെന്നോട് തന്നെ ചെയ്യുന്ന അനീതിയായിരിക്കും. എന്റെ കുട്ടികൾക്ക് ഞാൻ എന്ത് പൈതൃകം അവശേഷിപ്പിക്കും? സിനിമയുടെയോ ബോക്‌സ് ഓഫീസിന്റെയോ കാര്യത്തിൽ ഇന്ന് ഞാൻ പ്രസക്തനല്ലായിരിക്കാം. പക്ഷേ ഇപ്പോഴും 17 മുതൽ 20 വയസ്സ് വരെ പ്രായമുള്ളവർ എനിക്ക് വളരെയധികം സ്‌നേഹവും ബഹുമാനവും നൽകുന്നു. അവരുടെ മുന്നിലേക്ക് എങ്ങനെയാണ് ഇത്തരം പരസ്യങ്ങളുമായെത്തുന്നത്'', അദ്ദേഹം ചോദിക്കുന്നു. 40 കോടിയുടെ പരസ്യമാണ് സുനിൽ ഷെട്ടി വേണ്ടെന്നുവെച്ചത്.

''ഒരു സിഗരറ്റ് ബ്രാൻഡിന്റെ പരസ്യത്തിന് എനിക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തു. ഞാൻ അവരോട് ചോദിച്ചു, 'ഞാൻ അതിൽ വീഴുമെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ?' ഞാൻ ചെയ്യില്ല. ഒരുപക്ഷേ എനിക്ക് ആ പണം ആവശ്യമായിരിക്കാം. പക്ഷേ ഇങ്ങനെയൊന്ന് ചെയ്യില്ല. ഞാൻ സ്വയം വിശ്വസിക്കാത്ത ഒന്നും ഞാൻ ചെയ്യില്ല, കാരണം അത് അഹാൻ, ആതിയ, രാഹുൽ എന്നിവരുടെ മേൽ ഒരു കളങ്കം അവശേഷിപ്പിക്കും. ഞാനങ്ങനെ പറഞ്ഞതിനുശേഷം ആരും എന്നെ സമീപിക്കാൻ പോലും ധൈര്യപ്പെടുന്നില്ല''.

ആരോഗ്യത്തിന് ഹാനികരമെന്ന് കരുതുന്ന ഉത്പന്നങ്ങളുടെ പരസ്യത്തിൽനിന്ന് എപ്പോഴും വിട്ടുനിൽക്കുന്നയാളാണ് സച്ചിൻ ടെണ്ടുൽക്കർ. മുമ്പൊരിക്കൽ ഒരു പുകയില കമ്പനിയുടെ 'ബ്ലാങ്ക് ചെക്ക്' ഓഫർ പോലും അദ്ദേഹം നിരസിച്ചിട്ടുണ്ട്.

അതിനും മുമ്പ് പാൻ മസാലയുടെ പരസ്യ ക്യാമ്പയിനിൽനിന്ന് അമിതാഭ് ബച്ചൻ പിൻമാറിയിരുന്നു. നിരോധിത ഉത്പന്നങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്ന കാരണത്താലാണ് അദ്ദേഹം പിൻമാറിയത്, പണം തിരികെ നൽകുകയും ചെയ്തു. റൺബീർ കപൂർ, വിവേക് ഒബ്‌റോയ്, അല്ലു അർജുൻ തുടങ്ങിയവരും ഇത്തരം പരസ്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നവരാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi