കുറച്ചുദിവസങ്ങൾക്കുമുമ്പാണ് ബോളിവുഡ് താരം കൃതി സനോൺ അഭിനയിക്കുന്നൊരു പരസ്യം പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ തന്നെ ആ പരസ്യവും കൃതിയും രൂക്ഷമായി വിമർശിക്കപ്പെട്ടു. അതിൽ കൃതിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും അവതാരകനുമായ രഘു റാം.

''കൃതി സനോണിന്റെ രാഖി പരസ്യവുമായി ബന്ധപ്പെട്ട വിവാദം വന്നുപോയി; ഒരുപക്ഷേ അത് കടന്നുപോയിട്ടുണ്ടാകാം, അല്ലെങ്കിൽ കടന്നുപോകും. നമ്മളെ വീണ്ടും വേദനിപ്പിക്കുന്ന പുതിയ എന്തെങ്കിലും കാര്യങ്ങൾ വരും. എന്നാൽ കമന്റുകളിലൂടെ നിങ്ങളുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന രണ്ട് ചോദ്യങ്ങൾ എനിക്കുണ്ട്'', ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അദ്ദേഹം പറയുന്നു.

അതിൽ എന്താണ് ഇത്ര വിവാദമാക്കാനുള്ളതെന്ന് താൻ ചിന്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു: ''ആദ്യം എനിക്ക് തോന്നിയത്, ഇതിൽ എന്താണ് ഇത്ര വിവാദമെന്നാണ്. ഒരു സഹോദരി തന്റെ സഹോദരന് രാഖി കെട്ടിക്കൊടുക്കുന്നു. സഹോദരന് ഇതിൽ ഒരു പ്രശ്‌നവുമില്ല; പിന്നെ നിങ്ങൾക്കെന്താണ് പ്രശ്‌നം? നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുന്ന എന്തെങ്കിലും കാര്യം എനിക്ക് വിട്ടുപോയിട്ടുണ്ടോ എന്ന് ഞാൻ ചിന്തിച്ചു. കാരണം എനിക്ക് അത് മനസ്സിലാക്കണം''.

തനിക്ക് ഇക്കാര്യത്തിൽ രണ്ടു കാര്യങ്ങൾ ചോദിക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു. ''എനിക്ക് രണ്ട് ചോദ്യങ്ങളുണ്ട്. സ്ത്രീകൾ നീളം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിൽ എന്താണ് പ്രശ്‌നം, യഥാർത്ഥത്തിൽ എന്താണ് പ്രശ്‌നം? അതിനുശേഷം സ്ത്രീകൾ ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയാകുന്നു എന്നതുകൊണ്ടാണ് അതെന്ന് പറയരുത്. അതൊരു നീചവും അംഗീകരിക്കാനാവാത്തതുമായ ചിന്താഗതിയും ക്രിമിനൽ മനോഭാവവുമാണ്. എന്റെ രണ്ടാമത്തെ ചോദ്യം ഇതാണ്: സ്ത്രീകൾ എന്താണ് ധരിക്കേണ്ടതെന്ന് തീരുമാനിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് പുരുഷന്മാർ കരുതുന്നതെന്തുകൊണ്ടാണ്'', അദ്ദേഹം ചോദിക്കുന്നു. പലരും രഘുവിന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചു.

'GIVA' എന്ന ജ്വല്ലറി ബ്രാൻഡിന്റെ 'രക്ഷാബന്ധൻ' പ്രമാണിച്ച് ചെയ്ത പരസ്യമാണ് കടുത്ത വിമർശനങ്ങളും ട്രോളിങ്ങും നേരിടേണ്ടിവന്നത്. രക്ഷാബന്ധനോട് അനുബന്ധിച്ച് പുറത്തിറക്കിയ പെറ്റ് കളക്ഷന്റെ പരസ്യമാണ് ഒരുവിഭാഗം ആളുകളെ ചൊടിപ്പിച്ചത്.

സഹോദരിയുടെ വേഷത്തിലെത്തിയ കൃതി സനോൺ തന്റെ സഹോദരന്റെ കൈയ്യിൽ രാഖി കെട്ടിക്കൊടുക്കുന്നതും, ഒപ്പം അവരുടെ വളർത്തുനായയും ആ ചടങ്ങിൽ പങ്കുചേരുന്നതുമായിരുന്നു പരസ്യം. എന്നാൽ, കൃതി സനോൺ ധരിച്ചിരുന്ന ഇൻഡോ-വെസ്റ്റേൺ വസ്ത്രമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.

ബ്രാലെറ്റ്-സ്‌റ്റൈൽ ബ്ലൗസും അതിന് അനുയോജ്യമായ സ്‌കർട്ടും ഡ്രേപ്പും ചേർന്ന ഐവറി നിറത്തിലുള്ള ആ ഇൻഡോ-വെസ്റ്റേൺ വസ്ത്രം 'അനുചിതമാണെന്നാണ്' സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്. രക്ഷാബന്ധൻ എന്ന ആഘോഷത്തിന്റെ പരമ്പരാഗതമായ പവിത്രതയെ ഇത് അവഹേളിക്കുന്നതാണെന്നും ചിലർ ചൂണ്ടിക്കാട്ടി.

ഇതിനെതിരെ നടിയും എം.പി.യുമായ കങ്കണ റണൗട്ടും രംഗത്തെത്തി. കൃതിയുടെ പേരെടുത്ത് പറയാതെയായിരുന്നു കങ്കണയുടെ വിമർശനം. ''സ്ത്രീയായിരിക്കുന്നതിന് ഇതൊരു മികച്ച കാലഘട്ടമാണ്. പലതരം വസ്ത്രങ്ങൾ കൊണ്ട് നമ്മുടെ അലമാരകൾ നിറഞ്ഞിരിക്കുന്നു. കോക്ക്ടെയിൽ ഡ്രസ്സുകൾ മുതൽ ലഹങ്ക-ചോളി വരെയും, ജീൻസ് മുതൽ സാരി വരെയും, ബിക്കിനി മുതൽ സൽവാർ-കമീസ് വരെയും-ഇന്നത്തെ സ്ത്രീ ഒരു 'ഗ്ലോബൽ വുമൺ' ആണ്. ഇന്ന് നമുക്ക് മുന്നിലുള്ള ഇത്രയേറെ വസ്ത്രധാരണ സാധ്യതകൾക്കിടയിൽ, എന്തിനാണ് ബിക്കിനിയോ അടിവസ്ത്രമോ മാത്രം ധരിച്ച് സഹോദരന് രാഖി കെട്ടുന്നത്? നിങ്ങളുടെ മറ്റ് സ്‌റ്റൈലിങ് സാധ്യതകൾ എവിടെപ്പോയി?'', എന്നാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കങ്കണ കുറിച്ചത്.

പിന്നാലെ കൃതി ഒരു കുറിപ്പുമായി രംഗത്തെത്തി. ''ഉത്സവങ്ങളുടെ കാതൽ നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിലല്ല. മറിച്ച്, ആചാരങ്ങളോടുള്ള നിങ്ങളുടെ വികാരങ്ങളിലും അവയ്ക്ക് നിങ്ങൾ നൽകുന്ന അർത്ഥത്തിലുമാണ്. കൂടാതെ, സ്ത്രീകൾ എന്താണ് ധരിക്കേണ്ടതെന്ന് അവരോട് പറയുന്നത് നമ്മൾ എന്നാണ് അവസാനിപ്പിക്കുക? കാലക്രമേണ പരമ്പരാഗത വസ്ത്രധാരണരീതികളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്; എന്നിട്ടും, ഒരു സ്ത്രീക്ക് തന്റെ സംസ്‌കാരത്തോടുള്ള ആദരവ് അളക്കുന്നത് അവളുടെ വസ്ത്രം നോക്കി മാത്രമാണ്! സംസ്‌കാരവും ആചാരങ്ങളും അവളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്, അല്ലാതെ അവളുടെ വസ്ത്രത്തിന്റെ കഴുത്തിന്റെ ഇറക്കത്തിലല്ല''. കൃതിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പലരും അതിനിടെ രംഗത്തെത്തിയിരുന്നു.

എങ്കിലും വിമർശനങ്ങൾ കുറഞ്ഞില്ല. പിന്നാലെ ജ്വല്ലറി ബ്രാൻഡ് തന്നെ ഖേദപ്രകടനവുമായി രംഗത്തെത്തി. ആ പരസ്യം അവർ പിൻവലിക്കുകയും ചെയ്തു. ഈ വർഷം മെയ് മാസത്തിലാണ് 'GIVA' എന്ന ജ്വല്ലറി ബ്രാൻഡിന്റെ അംബാസഡറായി കൃതി ചുമതലയേറ്റത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi