ഫാഷൻ ലോകത്തെ സ്‌റ്റേറ്റ്‌മെന്റ് ആണ് സാറ എന്ന പ്രീമിയം ഫാഷൻ ബ്രാൻഡ്. സാറയുടെ കളക്ഷൻസ് പോലെ തന്നെ ഒരുപക്ഷേ ശ്രദ്ധ നേടുന്ന ഒന്നാണ് അവരുടെ മോഡലുകളും. ഓരോ ഷൂട്ടിലും സാറയുടെ മോഡലുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇന്നത്തെ പല പെൺകുട്ടികളും സാറയുടെ മോഡലാവാൻ കൊതിക്കാറുമുണ്ട്. എന്നാൽ 'അനാരോഗ്യകരമായ രീതിയിൽ മെലിഞ്ഞ' മോഡലുകളെ കാണിച്ചതിന് ഫാഷൻ ഭീമനായ സാറയുടെ രണ്ട് പരസ്യങ്ങളാണ് നിരോധിച്ചിരിക്കുന്നത്. യുകെയിലെ പരസ്യ നിയന്ത്രണ ഏജൻസിയായ അഡ്വർടൈസിങ് സ്റ്റാൻഡേർഡ് അതോറിറ്റി (എഎസ്എ)യുടെതാണ് തീരുമാനം.
നിഴലുകളും പിന്നോട്ട് വലിച്ചുകെട്ടിയ ബൺ ഹെയർസ്‌റ്റൈലും ഒരു മോഡലിനെ 'മെലിഞ്ഞുണങ്ങിയതായി' തോന്നിപ്പിച്ചുവെന്നും മറ്റൊരു ചിത്രത്തിലെ പോസും ഷർട്ടിന്റെ ഇറങ്ങിയ കഴുത്തും മോഡലിന്റെ 'തുറിച്ചുനിൽക്കുന്ന' തോളെല്ലുകൾ (കോളർബോൺ) കാണിക്കുന്നുവെന്നും അഡ്വർടൈസിങ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി പറഞ്ഞു. നിരോധിക്കപ്പെട്ട ഈ പരസ്യങ്ങൾ മുമ്പ് സാറയുടെ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലുമുള്ളതായിരുന്നു.
മോഡലിന്റെ കൈകളുടെ മുകൾഭാഗത്തിന്റെയും കൈമുട്ടുകളുടെയും സ്ഥാനം അവളുടെ ശരീരത്തെ 'അനുപാതരഹിതമായി' തോന്നിപ്പിച്ചുവെന്നും ഏജൻസി പറഞ്ഞു. മോഡലിന്റെ പോസും മറ്റൊരു ചിത്രത്തിലെ ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ ഡിസൈനുമാണ് അവളുടെ 'തുറിച്ചുനിൽക്കുന്ന' തോളെല്ലുകളിലേക്ക് ശ്രദ്ധ ആകർഷിക്കാൻ കാരണമെന്നും അവർ ചൂണ്ടിക്കാട്ടി.
ഇത്തരം 'ഉത്തരവാദിത്തമില്ലാത്ത' പരസ്യങ്ങൾ നിലവിലെ രൂപത്തിൽ സാറ ആപ്പിൽ വീണ്ടും പ്രത്യക്ഷപ്പെടരുതെന്നും ഭാവിയിൽ എല്ലാ ചിത്രങ്ങളും ഉത്തരവാദിത്തത്തോടെയാണ് തയ്യാറാക്കുന്നത് എന്ന് ഫാസ്റ്റ് ഫാഷൻ ബ്രാൻഡ് ഉറപ്പാക്കണമെന്നും പരസ്യ നിരീക്ഷണ ഏജൻസിയായ എഎസ്എ വിധിച്ചു. തുടർന്ന് സാറ രണ്ട് പരസ്യങ്ങളും നീക്കം ചെയ്തു. എന്നിരുന്നാലും, രണ്ട് മോഡലുകളും ആരോഗ്യവതികളാണെന്നും അവർക്ക് കൃത്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉണ്ടെന്നും സാറ വ്യക്തമാക്കി. ഇവരുടെ മറ്റ് രണ്ട് പരസ്യങ്ങൾ കൂടി അതോറിറ്റി നിരീക്ഷിച്ചെങ്കിലും അവയൊന്നും നിരോധിച്ചില്ല. 2007 ൽ യുകെ മോഡൽ ഹെൽത്ത് ഇൻക്വയറി പ്രസിദ്ധീകരിച്ച 'ഫാഷനിങ് എ ഹെൽത്തി ഫ്യൂച്ചർ' എന്ന റിപ്പോർട്ടിലെ ശുപാർശകൾ കൃത്യമായി പാലിച്ചതായും വളരെ ചെറിയ ലൈറ്റിങ്, കളറിങ് എഡിറ്റുകൾക്കപ്പുറം ചിത്രങ്ങളിലൊന്നും മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും റീട്ടെയിലർ പരസ്യ അതോറിറ്റിയോട് പറഞ്ഞു.
സമാനമായ പരസ്യങ്ങളുടെ പേരിൽ മറ്റ് റീട്ടെയിലർമാരും കുഴപ്പത്തിലായിട്ട് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സാറയും വിവാദത്തിൽ പെടുന്നത്. 2025 ജൂലൈയിൽ, മാർക്ക്‌സ് ആൻഡ് സ്‌പെൻസറിന്റെ ഒരു പരസ്യവും അതിലെ മോഡൽ 'അനാരോഗ്യകരമായി മെലിഞ്ഞതായി' തോന്നിയതിനാൽ നിരോധിച്ചിരുന്നു.
എന്നാൽ മോഡലുകളെ അവരുടെ ആരോഗ്യവും പ്രൊഫഷണലിസവും പരിഗണിച്ചാണ് തിരഞ്ഞെടുത്തതെന്ന് മാർക്ക്‌സ് ആൻഡ് സ്‌പെൻസർ അന്ന് വിശദമാക്കിയിരുന്നു. ഫെബ്രുവരിയിൽ, വസ്ത്ര ബ്രാൻഡായ നെക്സ്റ്റിന്റെ നീല സ്‌കിന്നി ജീൻസിനായുള്ള ഒരു പരസ്യത്തിനും നിരോധനം ഏർപ്പെടുത്തി. 'ആരോഗ്യകരമല്ലാത്ത രീതിയിൽ അമിതവണ്ണമുള്ള' മോഡലുകളെ കാണിക്കുന്നത് ശരിയായി കാണുമ്പോൾ മെലിഞ്ഞ മോഡലുകളെ കാണിക്കുന്നത് എന്തുകൊണ്ട് തെറ്റാകുന്നു എന്ന വാദമാണ് നിരോധനത്തിനു ശേഷം സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് ഉയരുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: two zara ads banned in the uk for featuring "unhealthily thin" models, sparking debate about body image in fashion.
Published: 06 Aug 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented