
എന്റെ കുട്ടിക്കാലത്ത് അമ്മവീടിനടുത്ത് ഒരു സ്വാമിമാമന്‍ താമസിച്ചിരുന്നു. അദ്ദേഹം ഒരു കപ്പിത്താനായിരുന്നു. ജോലിസംബന്ധമായ എന്തോ പ്രശ്‌നം മൂലം അല്‍പം മാനസികാസ്വാസ്ഥ്യം തോന്നുകയും പിന്നീട് ജോലി രാജിവയ്ക്കുകയൂം ആയിരുന്നു. (അടക്കം പറച്ചില്‍: എന്നാല്‍ അങ്ങനെയല്ല, ഇത്രയും വലിയ സ്ഥാനത്തിരുന്ന അതിസുന്ദരനായ ഈ മനുഷ്യന് അദ്ദേഹത്തിന്റെ വിദേശകാമുകി പണികൊടുത്തതാണ് എന്നും പറയുന്നുണ്ട്. എന്തായാലും കഥയ്ക്ക് അപ്രസക്തമായതിനാല്‍ അത് നമ്മുടെ വിഷയമല്ല.)
ഈ സ്വാമിമാമന്‍ ഒറ്റയ്ക്ക് ഒരു വലിയ വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഏകദേശം 50 വയസ്സ് പ്രായം, മുഖത്ത് എപ്പോഴും ശാന്തത, താടിയും മുടിയും വളര്‍ത്തിയിട്ടുണ്ട്, രാവിലെയും വൈകീട്ടും അമ്പലത്തില്‍ പോകും, വെള്ളമുണ്ടും ജുബ്ബയുമാ ണ് വേഷം. എല്ലാവരോടും സൗമ്യമായ പെരുമാറ്റം, കൊച്ചുകുഞ്ഞുങ്ങളെ ഭയങ്കര വാത്സല്യം, ഇങ്ങനെ ഒരു പ്രത്യേകതരം മനുഷ്യന്‍, ഇദ്ദേഹത്തിന്റെ വീട്ടില്‍ ധാരാളം പുസ്തകങ്ങളുണ്ട്. വെള്ളച്ചായം തേച്ച വലിയ വീടും അതിനുചുറ്റും പലജാതി മരങ്ങളുള്ള, നിറയെ പൂക്കളും, പഴങ്ങളും ഓക്കെയുള്ള ഒരു ഏദന്‍ തോട്ടം. പക്ഷെ അതില്‍ വിളയുന്നതൊക്കെ നാട്ടുകാരും ജോലിക്കാരും എടുത്തിട്ട് പോകുമായിരുന്നു. എന്റെ ഓർമയിൽ ഞാനാദ്യമായി ലഡു കഴിക്കുന്നത് സ്വാമി മാമന്റെ കയ്യിൽനിന്നാണ്. പക്ഷെ അന്ന് അദ്ദേഹം പറഞ്ഞത് അത് മരത്തില്‍നിന്നു പൊട്ടിച്ചെടുത്തതാണ് എന്നാണ്. അതിന്റെ പിന്നിലൊരു കഥയുണ്ട്.
Also Read
കല്ലടയാറിന്റെ തീരത്തായിരുന്നു അമ്മയുടെ വീട്, അവിടെ ഇടയ്‌ക്കൊക്കെ വെള്ളം പ്രശ്‌നമാകും. തെളിനീര് ഒക്കെ മാറി കലങ്ങിയ ചെളിവെള്ളമായിരിക്കും ചിലപ്പോള്‍ കിണറ്റില്‍ വരുന്നത്. അപ്പോഴൊക്കെ സമീപപ്രദേശത്തുള്ള സ്ത്രീകളും അവരുടെ വീട്ടിലെ സഹായികളുമൊക്കെ വലിയ ബക്കറ്റും തൊട്ടിയുമൊക്കെയായി സ്വാമിമാമന്റെ വീട്ടിലേക്കാണ് പോകുന്നത്. ആ വീട്ടിലെ വെള്ളം വറ്റുകയില്ലെന്ന് മാത്രമല്ല, നല്ല കണ്ണുനീര്‍ പോലെ തെളിഞ്ഞ വെള്ളമാണ്. ഇവരുടെ കൂടെ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ തൊടിയിലും മുറ്റത്തുമൊക്കെ കറങ്ങിനടന്ന്, പൂക്കളും ചെടികളും തൊട്ടും തലോടിയും സമയം കളയും. ഈ സമയത്തു ഞാനും പതുക്കെ അങ്ങോട്ടേക്ക് പോകാറുണ്ട്. അങ്ങനെ ഒരു യാത്രയിലാണ് സ്വാമി മാമന്‍ ഞങ്ങള്‍ക്ക് നല്ല മഞ്ഞ ലഡു തന്നത്. അതിനു നല്ല മധുരമായിരുന്നു.
അവിടെയെത്തുന്ന കുട്ടികള്‍ക്ക് ഇടയ്ക്കിടെ കല്‍ക്കണ്ടവും കിസ്മിസും ഒക്കെ അദ്ദേഹം തരും. ഒരു ദിവസം കിട്ടിയതെല്ലാം കഴിച്ചുതീര്‍ത്ത് ഞാനങ്ങനെ മുറ്റത്തുനില്‍ക്കുകയാണ്. മുഖത്തെ കൊതി കണ്ടത് കൊണ്ടാകണം കുഞ്ഞിന് ഒരു ലഡു കൂടെ വേണോ എന്ന് സ്വാമി മാമന്‍ ചോദിച്ചതും, ഞാന്‍ വേണമെന്ന് ഉത്തരം നല്‍കിയതും. ഉടനെ അദ്ദേഹം അകത്തേക്ക് നോക്കി എന്തോ പറഞ്ഞു. അദ്ദേഹത്തിന്റെ സഹായി ഒരു വാഴയിലയില്‍ രണ്ടു ലഡു കൊണ്ട് വന്നു. നല്ല പച്ച ഇലയില്‍ രണ്ടു മഞ്ഞഗോളങ്ങള്‍, നല്ല നിറം.
കൊതിയൊന്നു ശമിച്ചപ്പോള്‍ ഞാന്‍ സ്വാമി മാമനോട് ചോദിച്ചു, 'സ്വാമി മാമാ, ഇത് ഏതുകടയില്‍ നിന്നാണ് വാങ്ങിയത്.' പെട്ടെന്ന് തന്നെ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, 'കടയില്‍ വാങ്ങാന്‍ കിട്ടില്ല, ലഡു ഈ ഭാസ്‌കരന്‍ ചേട്ടന്‍ ആ മരത്തില്‍ നിന്നും പൊട്ടിച്ചെടുത്തതാണ്.' ഞാനതു വിശ്വസിച്ചു, പിന്നീട് കുറെ നാളത്തേക്ക് അതായിരുന്നു വിശ്വാസം.
ഇന്നും കണ്ണാടിക്കുപ്പികളിലോ മറ്റു കടകളിലോ ലഡു കാണുമ്പോള്‍ സ്വാമി മാമനെ ഓര്‍മ വരും. ഇപ്പോള്‍ കഴിക്കുവാന്‍ കിട്ടുന്ന മഞ്ഞ ഗോളങ്ങളോട് എനിക്ക് പ്രത്യേക താല്പര്യമൊന്നും തോന്നിയിട്ടില്ല. പക്ഷെ അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ കഴിച്ച, ആ വാഴയിലയില്‍ പൊതിഞ്ഞുതന്ന ലഡുവിന്റെ ഓര്‍മ ഇന്നും മാഞ്ഞുപോയിട്ടില്ല.
പഴുത്ത മാങ്ങയെയും പച്ചമുളകിനെയും കൊച്ചുള്ളിയെയും പ്രേമിച്ചുപോകുന്ന രുചി
Content Highlights: ruchiyorma childhood taste memories
Published: 09 Nov 2023, 10:34 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented