
മലയാളികള്‍ക്ക് ചക്ക അവരുടെ ദേശീയ ഫലമാണ്,കേരളത്തിന്റെ സംസ്ഥാന ഫലം. ഒരു കാലത്തു നമ്മുടെ അടുക്കളകളിലും തീന്മേശകളിലും ചക്കയും ചക്ക വിഭവങ്ങളും എത്രയോ സുലഭമായിരുന്നു. അടുക്കളയില്‍ നിന്നും കിച്ചണിലേക്ക് എന്ന തന്റെ പുസ്തകത്തില്‍ ശ്രീമതി മേരിക്കുട്ടി ജോര്‍ജജ്, കുഴിക്കുത്തി ചക്കയെ പറ്റിയും മറ്റു ചക്കവിഭവങ്ങളെ പറ്റിയുമൊക്കെ പ്രതിപാദിച്ചിട്ടുണ്ട്. എന്റെ അമ്മവീട്ടിലും അച്ഛന്‍ വീട്ടിലും നിറയെ ഉണ്ടായിരുന്ന പ്ലാവുകള്‍ ഒരുപാട് ചക്കസ്മരണകള്‍ എന്നിലുണര്‍ത്താറുണ്ട്.ചക്ക വെട്ടിയൊരുക്കുന്നതു തന്നെ ഒരു മേളമാണ്.
എന്റെ അമ്മച്ചി (ഇവിടെ പറയുന്ന അമ്മച്ചി അപ്പന്റെ അമ്മ) എത്ര അനായാസേന ആയിരുന്നെന്നോ ചക്കയൊരുക്കം നടത്തിയിരുന്നത്. പ്ലാവില്‍ നിന്നും അടര്‍ത്തിയിടുന്ന ചക്ക എടുത്തു തളത്തില്‍ കൊണ്ടുവന്നു വെച്ച്, അതിന്റെ പുറത്തെ പച്ച മുള്ളല്ലാം ചെത്തി വെടിപ്പാക്കി പിന്നീട് കൂഞ്ഞ് നടുവില്‍ നിര്‍ത്തി കൊണ്ട് തന്നെ.
ചക്കയും ചകിണിയും ചെറിയ കഷണ കൂട്ടങ്ങളായി വെട്ടിയിടും, പിന്നീടുള്ള ജോലിക്കു ഞങ്ങള്‍ പിള്ളേരും കൂടും. കയ്യില്‍ എണ്ണയൊക്കെ തേച്ചാണ് പരിപാടി തുടങ്ങുക. ചകിണി മാറ്റി ചക്കച്ചുള മാറ്റി വെയ്ക്കും, പിന്നീട് ചക്കച്ചുളയില്‍ നിന്നും ചക്കക്കുരു മാറ്റും എന്നിട്ടു ചക്ക നുറുക്കി ചെറിയ കഷണങ്ങളാക്കും. അത് കഴുകി വാരി ഒരു കലത്തിലിട്ടു ആവശ്യത്തിന് വെള്ളമൊഴിച്ചു അല്‍പ്പം ഉപ്പും ഇട്ടു വേവിക്കും. അമ്മച്ചിയുടെ കറുത്ത് മെലിഞ്ഞ വിരലുകള്‍ക്ക് എന്ത് വേഗതയായിരുന്നെന്നോ. നാരായന്റെ കഥയില്‍ പറയുന്നത് പോലെ ചക്കക്കൂഞ്ഞു മാത്രമായി തോരന്‍ വെയ്ക്കാം, ചക്കക്കുരു തോരന്‍ വെയ്ക്കാം, മെഴുക്കുപുരട്ടാം, പിന്നെ ഞങ്ങള്‍ പിള്ളാര് സെറ്റ് അത് ചുട്ടും കഴിച്ചിട്ടുണ്ട്. അതിന്റെ രുചിയും മണോം ഒന്ന് വേറെ തന്നെ. അല്‍പ്പം
ലാവിഷാണെങ്കില്‍ അമ്മച്ചി ചക്കച്ചുള നല്ല നൈസായി അരിഞ്ഞ് വറുത്തു തരും. അമ്മച്ചി ചക്കയൊരുക്കുന്നത് ഒരു കലയായിരുന്നു.
നിമിഷ നേരം കൊണ്ട് പ്ലാവിലെ ചക്ക താഴയെത്തും (ചിലപ്പോള്‍ അമ്മച്ചി തന്നെ തോട്ടി വെച്ച് ചക്ക അടത്താറുണ്ട് ), പിന്നെ മുള്ളു ചെത്തി കൂഞ്ഞു മാറ്റി ചൊളയൊരുക്കി, അരിഞ്ഞു കലത്തിലാക്കി വെള്ളം വറ്റുമ്പോള്‍, തേങ്ങയും മഞ്ഞളും, ജീരകവും വെളുത്തുള്ളിയും ഒരു കൊച്ചുള്ളിയും അരച്ച് അരപ്പു വെള്ളം വറ്റിയ ചക്കയുടെ കൂടെ ഇട്ടു ഒന്ന് കൂടെ തട്ടി പൊത്തി വെച്ച് വെള്ളം പൂര്‍ണ്ണമായും വറ്റുമ്പോള്‍ അല്‍പ്പം കറിവേപ്പിലയും ഇട്ടു അടുപ്പില്‍ നിന്നും വാങ്ങി വെച്ച് അമ്മച്ചി നിലത്തിരുന്നു തുടുപ്പ് വെച്ച് ചക്ക നന്നായി കുഴച്ചെടുക്കും. അതിന്റെ മണം, നിറം, എന്റമ്മോ എന്തൊരു
നൊസ്റ്റ്!
ഇത് നമുക്ക് രണ്ടു മൂന്ന് രീതിയില്‍ കഴിക്കാന്‍ പറ്റും. എന്റെ അപ്പച്ചന്‍ പഠിപ്പിച്ച ഒരു രീതി എന്താണെന്നു വെച്ചാല്‍, ചക്ക കുഴച്ചത് നല്ല ചൂടോടെ ഒരു പാത്രത്തില്‍ ആവശ്യത്തിന് എടുക്കണം. കൈ കൊണ്ട് അല്ലെങ്കില്‍ ആ തവി കൊണ്ട് തന്നെ അതില്‍ ഒരു കുഴി ഉണ്ടാക്കണം, ഈ കുഴിക്കുള്ളിലേക്കു നല്ല തേങ്ങാ ആട്ടിയ വെളിച്ചെണ്ണ ഒരു സ്പൂണ്‍ ഒഴിക്കണം. ചക്ക കുഴച്ചതിന്റെ ചൂടും ആവിയും വെളിച്ചെണ്ണയുടെ മണവും രുചിയും ചേര്‍ന്ന് നടത്തുന്ന മാര്‍ഗ്ഗംകളി നമ്മുടെ വിരലുകളിലൂടെ, വായിലൂടെ, നാവിലൂടെ അങ്ങനങ്ങനെ നമ്മളെ ആനന്ദോത്സവത്തില്‍ ആറാടിക്കും.വേറെ ഒരു കൂട്ടാനും വേണ്ട ഇത് മാത്രം മതി ഒരു പാത്രം ചക്ക കഴിക്കാന്‍. അന്ന് അപ്പച്ചന്റെ വീട്ടിലെ ഡൈനിങ്ങ് ടേബിള്‍ ഒരു പത്തായമായിരുന്നു. പത്തായതിന്റെ പുറത്തു അപ്പച്ചന്‍ അങ്ങനെ ഇരിക്കും, അമ്മച്ചി അന്നേരം ഒരുപാത്രം ചക്കയില്‍ വെളിച്ചെണ്ണ കുഴികുത്തി ഒഴിച്ച് കൊണ്ട് വെയ്ക്കും, അപ്പച്ചന്‍ ഇരുന്നു കഴിയുമ്പം ഞാനും പോയി ചെമ്മണക്കാലും പൂട്ടി അപ്പച്ചന്റെ എതിരെ ഇരിക്കും.
ചീട്ടു കളിയ്ക്കാന്‍ ഇരിക്കുന്നവരെ പോലെ ഞാനും അപ്പച്ചനും അങ്ങനെ ഒരേ പാത്രത്തില്‍ നിന്നും ചക്ക കഴിക്കും, ആദ്യത്തെ കോഴ്‌സ് കഴിയുമ്പം, അമ്മച്ചി പിന്നെയും ചക്ക കൊണ്ട് വരും, പക്ഷെ ഇത്തവണ വെളിച്ചെണ്ണ ഇല്ല, പകരം നല്ല ചൂട് മീന്‍കറി അല്ലെങ്കില്‍ കൊഞ്ചു വറുത്തത്. അതും ഞങ്ങള്‍ രണ്ടു പേരും പന്തിഭോജനം ചെയ്യും. ചക്ക ഇത്ര രുചിയായിട്ടു വെയ്ക്കാന്‍ കാണുന്നത് അമ്മച്ചിയെ മാത്രമാണ്.
അപ്പച്ചന്‍ ഇന്ന് കൂടെ ഇല്ല. അത്രയും ആസ്വദിച്ച് പിന്നെ ഒരിക്കലും ഞാന്‍ ചക്ക കഴിച്ചിട്ടില്ല. അപ്പച്ചന്‍ തന്നിരുന്ന കമ്പനിയും, അമ്മച്ചിയുടെ കൈപ്പുണ്യവും, എല്ലാം സ്മൃതിപഥങ്ങളില്‍ അസ്തമിച്ചു.
Content Highlights: childhood food memories
Published: 23 Aug 2023, 12:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented