
ചക്ക വരട്ടി, ചക്ക ജാം ഇങ്ങനെയൊക്കെ പല പല വകഭേദങ്ങള്‍ ഉണ്ട് ഈ ചക്ക മധുരത്തിന്. വീട്ടില്‍ എല്ലാര്‍ക്കും പ്രിയം ചക്ക അലുവ ആണ്. അത് വല്യ സ്വാദോടെ എല്ലാരും കഴിക്കുന്നതും കാണാം. എനിക്കെന്തോ അതിഷ്ടമല്ല, അതിന്റെ മണോം ഇഷ്ടമല്ല. ഞങ്ങടെ കുഞ്ഞുന്നാളില്‍ അമ്മേം അമ്മച്ചിയും ഭയങ്കര ബുദ്ധിമുട്ടി ആയാസപ്പെട്ട് അതുണ്ടാക്കുമായിരുന്നു. അടുക്കളമുറ്റത്തു അടുപ്പൊക്കെ കൂട്ടി വലിയ ഉരുളീല് ശര്‍ക്കരപ്പാനി ഒഴിച്ച് ചെറുതായി അരിഞ്ഞ ചക്കപ്പഴം ഇട്ടു ചെറുതീയില്‍ ഇളക്കി കുറെ നേരം കഴിഞ്ഞു അരിപ്പൊടി കലക്കിയതൊഴിച്ച്, നെയ്യൊഴിച്ച് ഇളക്കിയിളക്കി കട്ടിയാക്കി പാത്രത്തിലോട്ടു വിളമ്പി വെച്ച് സെറ്റാക്കും, അണ്ടിപ്പരിപ്പും കിസ്മിസും ഒക്കെ വറുത്തിട്ടു സുന്ദരിയാക്കും. അവര്‍ക്കു അത് വല്യ പ്രിയമായിരുന്നു. അടുത്തൊക്കെ വീടുകളില്‍ കൊടുക്കും, അമൂല്യ നിധി പോലെ. പക്ഷേ ചിലപ്പോള്‍ അമ്മച്ചി ഉണ്ടെങ്കില്‍ ഇങ്ങനെ കട്ടിയാക്കാതെ ഒരു കുഴമ്പു പരുവത്തില്‍ വരട്ടി എടുക്കും. അത് നല്ല രസാ കഴിക്കാന്‍, ജാം പോലെ കഴിക്കാം,എത്ര കഴിച്ചാലും മതി വരില്ല. കുപ്പിയിലാക്കി വെച്ച് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണെങ്കില്‍ ബഹുരസം. അതിന്റെ ഒരു മണം നമ്മളെ മത്തുപിടിപ്പിക്കും.
അങ്ങനെ കല്യാണമൊക്കെ കഴിഞ്ഞു പുതിയ വീട്ടില്‍ ചെന്നപ്പോള്‍ അവിടെയും അലുവ പ്രേമികള്‍ ഉണ്ട്. അലുവ ഇഷ്ടപ്പെടുന്ന, അലുവ മാത്രം ഇഷ്ടപ്പെടുന്ന, വരട്ടിയത് ഇഷ്ടമല്ലാത്ത ഭര്‍ത്താവ്, അമ്മയും അച്ഛനും പ്രത്യേകിച്ച് നിര്‍ബന്ധമൊന്നുമില്ല, എന്നാലും പക്ഷെ അച്ഛന് ഒരു പടി കൂടുതല്‍ ഇഷ്ടം ചക്ക ജാം ആണ്. രക്ഷപ്പെട്ടു, എനിക്കൊരു കൂട്ടായി. അങ്ങനെ ഒരു ദിവസം ഭര്‍ത്താവിനെ കുപ്പിയിലാക്കാന്‍ തുനിഞ്ഞിറങ്ങി. ചക്കയൊക്കെ മുറിച്ചു റെഡിയാക്കി മിക്‌സിയിലിട്ട് നന്നാക്കി പള്‍പ്പ് ആക്കി എടുത്ത്, ഉരുളിയില്‍ ശര്‍ക്കരപ്പാനിയൊഴിച്ച്, തിളച്ചു വന്നപ്പോള്‍ ചക്ക പള്‍പ്പിട്ട്, ഇളക്കിയിളക്കി, നെയ്യൊഴിച്ചു, വേറെ ഒരു മായവും ചേര്‍ക്കാതെ ശുദ്ധമായ ചക്ക മാത്രം അങ്ങനെ വരട്ടി വരട്ടി അത്യാവശ്യം പാകമായി, അപ്പോഴും ഭര്‍ത്താവിന് തൃപ്തി വന്നില്ല, 'നീ ഇങ്ങു മാറിക്കേ ഞാനിളക്കം,' എന്നായി പുള്ളി. 'ഓ ശരി ഇന്നാ ഇളക്ക്' എന്ന് പറഞ്ഞു ഞാന്‍ മാറി, പിന്നെ ഇളക്കോടെ ഇളക്കുമായി ഭര്‍ത്താവ്. അവസാനം അമ്മ പറഞ്ഞു, ' ജീവാ നീ ഇപ്പം അത് നിര്‍ത്തുന്നതാ നല്ലതു, അല്ലെങ്കില്‍ അത് കട്ടിയായി പോകുമേ' അങ്ങനെ ആ പ്രയത്‌നം നിര്‍ത്തി, പക്ഷെ പിന്നൊരിക്കലും ആ ചക്ക അലുവ പാത്രത്തില്‍ നിന്നും എടുക്കാന്‍ പറ്റിയില്ല, അപ്പോഴും അമ്മ പറഞ്ഞു, 'ഒരു അഞ്ചു മിനിറ്റ് മുന്നേ നിര്‍ത്തിയിരുന്നെങ്കില്‍ ഈ ഉണ്ടാക്കിയ സാധനം വെച്ച് പട്ടിയെ എങ്കിലും എറിയാമായിരുന്നു.' അതൊരു വലിയ ദുരന്തമായിരുന്നു.
Also Read
ചിലപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്. എന്തൊക്കെ സഹനങ്ങള്‍ ആണ് ചക്ക അലുവാ ഉണ്ടാക്കുന്നതിനിടയില്‍. ചക്ക പള്‍പ്പ് ശര്‍ക്കരപാനിയില്‍ കിടന്നങ്ങു തിളക്കാന്‍ തുടങ്ങുമ്പോഴേ അത് പൊട്ടിത്തെറിക്കാന്‍ തുടങ്ങും, എല്ലാ രക്ഷമാര്‍ഗങ്ങളും സജ്ജീകരിച്ചു വേണം നാം അതിനു തയ്യാറെടുക്കാന്‍. പറ്റുമെങ്കില്‍ രണ്ടു കയ്യും തോള്‍ മുതല്‍ വിരല്‍ വരെ കോട്ടണ്‍ തുണി കൊണ്ട് നന്നായി പൊതിഞ്ഞു കെട്ടണം, മുഖത്തു ഒരു ട്രാന്‌സ്പരെന്റ് ഷീല്‍ഡ് വെച്ചാല്‍ നന്നായിരിക്കും. (മറ്റെന്തെങ്കിലും മുഖാവരണം ഉണ്ടെങ്കില്‍ വളരെ നന്ന്.) കാരണം പലപ്പോഴും പൊട്ടിത്തെറിച്ചു വീഴുന്ന ചക്ക ശര്‍ക്കര കൂട്ട് നമ്മളെ പൊള്ളിപ്പിക്കും, അത് കൊണ്ട് നന്നായി സൂക്ഷിക്കണം. ഇപ്പോള്‍ ശര്‍ക്കര പൊടി കിട്ടാന്‍ തുടങ്ങിയിട്ടുള്ളതിനാല്‍ അത്ര വലിയ കോംപ്ലിക്കേഷന്‍സ് ഇല്ല, വീടിന്റെ ഉള്ളില്‍ വെച്ചാണ് ഇത് ഉണ്ടാക്കുന്നതെങ്കില്‍ കൂടുതല്‍ സൂക്ഷിക്കണം, ചുറ്റുപാടും പൊട്ടിത്തെറിച്ചു വീണ് ഇത് പരിസരം മുഴുവന്‍ വൃത്തികേടാക്കും. ഇത്രയൊക്കെ ത്യാഗം സഹിച്ചാലും അതിന്റെ പരുവത്തിന് ചക്ക വരട്ടിയെടുത്താല്‍ അതിന്റെ സ്വാദില്‍ കഷ്ടപ്പാടെല്ലാം നമ്മള്‍ മറക്കും.
Content Highlights: chaka aluva memories
Published: 10 Oct 2023, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented