
പ്രായമായാല്‍ വീട്ടിലിരിക്കണം എന്ന സമൂഹത്തിന്റെ മുന്‍വിധിയെ തിരുത്തിജീവിക്കുന്ന ആളുകളുണ്ട് ഇന്ന് നമുക്കുചുറ്റും. അത്തരമൊരു മാതൃകയാണ് ചെന്നൈ സ്വദേശികളായ രാജേന്ദ്രനും പ്രേമയും. സാധാരണക്കാരായ ഒരു ഭാര്യയും ഭര്‍ത്താവും. യൗവ്വനകാലത്ത് അങ്ങനെ വിനോദയാത്രകളൊന്നും പോകാന്‍ പറ്റാത്തവര്‍. എന്നാല്‍ ജോലിയില്‍ നിന്നെല്ലാം വിരമിച്ചതോടെ ഇരുവരുടെയും ജീവിതം തന്നെ മാറിമറിഞ്ഞു. എഴുപതുകള്‍ ഒക്കെ ഇരുപതുകളാക്കി ഹിമാലയന്‍ ട്രെക്കിങ്ങിന് ഇരുവരും ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ നാട്ടുകാരും വീട്ടുകാരും ഞെട്ടി. വാലി ഓഫ് ഫ്ളവേഴ്സ്, കാശ്മീര്‍ ഗ്രേറ്റ് ലേക്ക്.... പ്രായമായാല്‍ ട്രെക്കിങ്ങിന് പോകണം എന്ന പോളിസിയിലാണ് ഇപ്പോള്‍ രാജേന്ദ്രനും പ്രേമയും.
നടന്നുനടന്ന്
'യൗവ്വനകാലമെല്ലാം തൃച്ചിയിലും ബംഗളൂരുവിലുമായിരുന്നു. ബി.എസ്.എന്‍.എല്ലിലെ ജൂനിയര്‍ അഡ്മിനിട്രേറ്റീവ് ഓഫീസറായിരുന്നു ഞാന്‍. ഭാര്യ പ്രേമ വീട്ടമ്മയും. റിട്ടയര്‍മെന്റും മക്കളുടെ ഉത്തരവാദിത്തങ്ങളുമെല്ലാം കഴിഞ്ഞതോടെ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായി. രണ്ട് മക്കളും യു.എസി.ലാണ്. ഞങ്ങള്‍ അവിടെ പോകുമ്പോഴെല്ലാം സൈഡ് വാക്കിന് പോകും. നല്ല രസമാണ്. ഞങ്ങളങ്ങനെ ആസ്വദിച്ച് നടക്കും. മകന്‍ ബാലചന്ദ്രന്‍ കാലിഫോര്‍ണിയയിലാണ്. അവിടെയുള്ള ആറ് മാസവും കുറഞ്ഞത് 10,000 ചുവടുകളെങ്കിലും ദിവസവും ഞങ്ങള്‍ നടന്നിരുന്നു. ആദ്യമൊക്കെ നടക്കുമ്പോള്‍ ബുദ്ധിമുട്ടായിരുന്നു. പിന്നെ പിന്നെ എളുപ്പമായി. മക്കള്‍ യു.എസ്.എയിലെ പല സ്ഥലങ്ങളിലും ഞങ്ങളെ ചെറിയ ട്രെക്കിങ്ങിനൊക്കെ ഈ സമയത്ത് കൊണ്ടുപോയി. അവിടെ ഞങ്ങളെപ്പോലെ പ്രായമായവര്‍ക്ക് തരുന്ന പരിഗണന വളരെ വലുതാണ്. അതിനൊപ്പം ഓരോ പ്രായത്തിലുള്ളവര്‍ക്കും എല്ലാത്തരം സൗകര്യങ്ങളും അവര്‍ നല്‍കാറുണ്ട്.' ഇന്ത്യയിലെ ട്രെക്കിങ് പ്ലേസുകള്‍ അത്രയ്ക്ക് വയോജനസൗഹൃദമല്ലെന്ന് രാജേന്ദ്രന്‍ പറയുന്നു.
Also Read
'തിരിച്ച് നാട്ടിലെത്തിയപ്പോള്‍ ഇവിടെ ട്രെക്കിങ്ങിന് പോകണമെന്ന് പ്രേമയ്ക്കും എനിക്കും വലിയ ആഗ്രഹമായി. എന്നാല്‍ അതിനുപറ്റിയ സ്ഥലങ്ങള്‍ ഒന്നും കണ്ടുപിടിക്കാനായില്ല. അങ്ങനെയൊരു സുഹൃത്തുവഴിയാണ് തിരുവനന്തപുരത്തെ ട്രാവല്‍ ഗ്രൂപ്പിനെപ്പറ്റി അറിയുന്നത്. അപ്പൂപ്പന്‍താടി. അവര്‍ സ്ത്രീകളെ മാത്രമേ കൊണ്ടുപോകാറുള്ളൂ എന്നറിഞ്ഞപ്പോള്‍ നിരാശതോന്നി. കാരണം പ്രേമ ഞാന്‍ ഒപ്പമില്ലാതെ ഒരിടത്തും പോകില്ല. എന്നാല്‍ പിന്നീട് മിക്‌സഡ് ഗ്രൂപ്പിന്റെ യാത്രവന്നപ്പോള്‍ അവര്‍ ഞങ്ങളെ വിളിച്ചു. ഉത്തരാഘണ്ഡിലെ വാലി ഓഫ് ഫ്ളവേഴ്സിലേക്കുള്ള യാത്രയായിരുന്നു അത്. ജൂലൈയില്‍. കടല്‍നിരപ്പില്‍ നിന്ന് പതിനാലായിരം അടി മുകളിലാണ് ഈ സ്ഥലം. ഓക്‌സിജന്‍ ലെവല്‍ കുറയാം. പ്രായമോ ബുദ്ധിമുട്ടുകളോ ഒന്നും അപ്പോള്‍ മനസ്സിലുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടാളും എഴുപതുകള്‍ പിന്നിട്ട ആള്‍ക്കാരാണ്. ഇത്രയും ഉയര്‍ന്ന സ്ഥലത്തേക്കുള്ള യാത്ര, അതും കാല്‍നടയായി...പക്ഷേ ആരും ഞങ്ങളെ പിന്തിരിപ്പിച്ചില്ല.' ആ യാത്രകഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെയാണ് കാശ്മീര്‍ ഗ്രേറ്റ് ലേക്കിലേക്കുള്ള യാത്രയും ഇരുവരും നടത്തിയത്.
ധൈര്യം പകര്‍ന്ന ചെറുപ്പക്കാര്‍
പണ്ടൊന്നും അങ്ങനെ യാത്രകള്‍ പോയ ആളുകളല്ല പ്രേമയും രാജേന്ദ്രനും. മുന്‍ ട്രെക്കിങ് പരിചയമോ പരിശീലനമോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ഇവര്‍ക്കൊപ്പം യാത്ര പോയവരെല്ലാം ഇരുവരുടെയും ഈര്‍ജ്ജവും ആവേശവും കണ്ട് അത്ഭുതപ്പെട്ടെന്ന് അപ്പൂപ്പന്‍താടിയിലെ മറ്റ് അംഗങ്ങള്‍ പറയുന്നു.
'അപ്പൂപ്പന്‍താടി ഗ്രൂപ്പിന്റെ ഈ യാത്രയ്ക്ക് നേതൃത്വം നല്‍കിയത് നിഹാല എന്ന പെണ്‍കുട്ടിയാണ്. ഓരോ അടി നടക്കുമ്പോഴും ഞങ്ങള്‍ ഓക്കെയല്ലേ എന്നവള്‍ ഉറപ്പാക്കും. ആവശ്യത്തിന് വിശ്രമം കിട്ടുന്നുണ്ടോയെന്ന് നോക്കും. ആ ഗ്രൂപ്പിലെ പ്രായമായ രണ്ടുപേര്‍ ഞങ്ങളായിരുന്നു. ബാക്കിയുള്ളവരെല്ലാം ഞങ്ങള്‍ക്ക് വലിയ പിന്തുണ തന്നു. വിശ്രമിക്കുമ്പോഴൊക്കെ അവര്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുനിന്നു. ഒരു ദിവസം ട്രെക്കിങ്ങിനിടെ പ്രേമയ്ക്ക് ബാഗ് എടുത്തുനടക്കാന്‍ ബുദ്ധമുട്ടു തോന്നി. ഞാന്‍ ആ ബാഗുകൂടി എടുക്കാന്‍ തുടങ്ങിയപ്പോള്‍ ടീമിലുള്ള ഒരു ചെറുപ്പക്കാരന്‍ ബാഗ് പിടിക്കാമെന്നു പറഞ്ഞ് മുന്നോട്ടുവന്നു. അയാളൊരു പഞ്ചാബിയായിരുന്നു. ഞങ്ങള്‍ തമ്മില്‍ യാതൊരു പരിചയവുമില്ല. ആ അനുഭവം മറ്റൊരു പാഠമായിരുന്നു, പരസ്പരസഹകരണത്തിന്റെ.' യാത്രാനുഭവങ്ങള്‍ പറയുമ്പോള്‍ ഇരുവര്‍ക്കും നൂറ്‌നാവ്.
ഒന്നിച്ചു കീഴടക്കുന്ന ദൂരങ്ങള്‍
അടുത്ത യാത്രയ്ക്ക് വേണ്ടി ഇരുവരും കുറച്ച് വ്യായാമമൊക്കെ ചെയ്തിരുന്നു. 'നാല്‍പത് മിനിറ്റോളം ഹിറ്റ് ( High-intensity interval training, HIIT) എക്‌സര്‍സൈസുകള്‍ ചെയ്തു. എന്നും രാവിലെ ആറ് മണിക്ക് നടക്കാന്‍ പോയി. ശേഷമാണ് കാശ്മീര്‍ ഗ്രേറ്റ് ലേക്കിലേക്കുള്ള യാത്ര പോയത്. ആ യാത്രയില്‍ അറിഞ്ഞ ഒരു കാര്യം ആളുകള്‍ തമ്മിലുള്ള സ്‌നേഹവും സഹകരണവുമാണ്. ഞാന്‍ നിന്നെക്കാള്‍ മുന്നില്‍ പോകുമെന്ന വാശിയൊന്നുമില്ല. ഒരുമിച്ച് പതിയെ പതിയെ ദൂരങ്ങള്‍ കീഴടക്കണമെന്നേയുള്ളൂ. എല്ലാ ഗ്രൂപ്പുകളും ഭക്ഷണവും വെള്ളവുമെല്ലാം പങ്കുവയ്ക്കും.' വളരെ മനോഹരമായിരുന്നു ആ അനുഭവമെന്ന് പ്രേമ.
'യാത്രയില്‍ ധാരാളം അപരിചിതരായ ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്തു. അവര്‍ക്ക് ഞങ്ങളെ കാണുമ്പോള്‍ വലിയ കൗതുകമായിരുന്നു. ചെറുപ്പക്കാരെല്ലാം ഞങ്ങളോട് സംസാരിക്കുകയും അവരുടെ എക്‌സ്പീരിയന്‍സ് പറയുകയും ചെയ്തു. ഇന്ത്യയില്‍ ജനിച്ചവരാണെങ്കില്‍ വാലി ഓഫ് ഫ്ളവേഴ്‌സ് കാണാതെ മരിക്കാന്‍ പാടില്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇത്ര മനോഹരമായ സ്ഥലം കാണാതെ എങ്ങനെയാണ് നമ്മള്‍ ലോകത്തുനിന്ന് പോവുക.' ദൈവം കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യമാണ് അതെന്ന് രാജേന്ദ്രന്‍.
'മുമ്പും ചെറിയ യാത്രകളൊക്കെ പോയിട്ടുണ്ട്. എന്നാല്‍ സാഹസിക യാത്രകളെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഇപ്പോഴാണ്. ഒരു ഏഴെട്ട് വര്‍ഷം മുമ്പ് ഒരു സ്വിറ്റ്‌സലന്‍ഡ് യാത്ര ഞങ്ങള്‍ നടത്തിയിരുന്നു. ആ യാത്രയിലെ ഗൈഡ് തമിഴ് അറിയാവുന്ന ഒരു ബംഗാളി പെണ്‍കുട്ടിയായിരുന്നു. അവള്‍ അന്ന് ഞങ്ങളോട് 'അങ്കിള്‍ ഇതൊന്നുമല്ല കാഴ്ചകള്‍.. നിങ്ങള്‍ ഹിമാലയത്തില്‍ പോകണം, കാശ്മീരിലേക്ക് പോകണം, അവിടെയാണ് കാണേണ്ട കാഴ്ചകളുള്ളതെന്ന്' പറഞ്ഞിരുന്നു. അന്നേ മനസ്സില്‍ ഉറപ്പിച്ചതാണ് കാശ്മീര്‍. പിന്നീട് 2022-ല്‍ വിനോദയാത്രയായി കാശ്മീരിലേക്ക് പോയി. ഒരു വാനില്‍ ചുറ്റിക്കറങ്ങിയാണ് അവിടെയെല്ലാം അന്ന് കണ്ടത്.' പക്ഷേ ശരിക്കുള്ള കാശ്മീരിന്റെ ഭംഗിയറിഞ്ഞത് ട്രെക്കിങിന് പോയപ്പോഴാണെന്ന് പ്രേമ.

അന്നപൂര്‍ണ ബേസ്‌ക്യാമ്പ്
'അടുത്ത യാത്ര അന്നപൂര്‍ണ ബേസ് ക്യാമ്പിലേക്കാണ്. അടക്കാനാവാത്ത ആവേശത്തോടെ രണ്ടാളും പറഞ്ഞുതുടങ്ങി. 'കഴിഞ്ഞ നവംബറില്‍ പോകാന്‍ ഞങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അപ്പൂപ്പന്‍താടി ഗ്രൂപ്പ് ഞങ്ങളെ നിരുത്സാഹപ്പെടുത്തി. ഒപ്പം മകനും ഞങ്ങളോടു പറഞ്ഞത് ആദ്യം കുറച്ച് ഉയര്‍ന്ന സ്ഥലങ്ങളിലേക്കെല്ലാം ട്രെക്കിങ്ങിന് പോയശേഷം ഈ യാത്ര പ്ലാന്‍ ചെയ്യാനാണ്. അങ്ങനെയാണ് ഞങ്ങള്‍ കാശ്മീര്‍ ഗ്രേറ്റ് ലേക്ക് യാത്ര നടത്തുന്നത്.' ഇനി അടുത്ത വര്‍ഷം ഏപ്രിലിലുള്ള അന്നപൂര്‍ണ ബേസ്‌ക്യാമ്പിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലാണ് ഇരുവരും.
ഉറങ്ങുമ്പോള്‍ സ്വപ്‌നം പോലും അന്നപൂര്‍ണബേസ് ക്യാമ്പിലേക്കുള്ള യാത്രയാണെന്ന് പ്രേമ. 'ഇപ്പോള്‍ നടക്കുക എന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. എപ്പോഴും നടക്കണമെന്ന് തോന്നും. ആദ്യയാത്രയില്‍ ശ്വാസം മുട്ടലോ കാലുവേദനയോ അങ്ങനെ ശാരീരികമായ ഒരു ബുദ്ധിമുട്ടോ അനുഭവപ്പെട്ടില്ല. എവിടെ പോയാലും നാരങ്ങാവെള്ളം കുടിക്കും. നല്ല ഊര്‍ജ്ജം കിട്ടും. വേറൊന്നും വേണ്ട.' പ്രേമ പറയുന്നു.
Content Highlights: rajendran and prema elderly couple go for trekking together to valley of flowers
Published: 01 Oct 2024, 03:29 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented