ഐതിഹ്യങ്ങൾ പ്രകാരം കശ്യപമഹർഷി തപസ്സ് ചെയ്തിരുന്നത് ഗോവിന്ദമലയുടെ മുകളിലായിരുന്നു. മഹർഷിയുടെ ഭക്തിയിൽ പ്രീതനായ മഹാവിഷ്ണു മലമുകളിൽ ദർശനം നൽകിയെന്നും പിന്നീട് മഹർഷിയുടെ ആഗ്രഹപ്രകാരം മലയടിവാരത്തിൽ കുടികൊണ്ടു എന്നുമാണ് വിശ്വാസം. മഹർഷി തപസ്സുചെയ്ത ഈ ഭൂപ്രദേശം 'കശ്യപകുറിശ്ശി' എന്ന് അറിയപ്പെടുകയും കാലക്രമേണ അത് 'കാച്ചാംകുറുശ്ശി' ആയി മാറുകയും ചെയ്തു. പയ്യല്ലൂരിലെ പ്രശസ്തമായ തിരുക്കാച്ചാംകുറുശ്ശി ക്ഷേത്രമുറ്റത്തുനിന്ന് നോക്കിയാൽ ഗോവിന്ദമലയുടെ ഗാംഭീര്യമാർന്ന ദൃശ്യം കാണാൻ സാധിക്കും.

To advertise here,

കൊല്ലങ്കോട്, നെല്ലിയാമ്പതി റേഞ്ചുകളുടെ അതിർത്തിയിലുൾപ്പെടുന്ന വനപ്രദേശമാണ് ഗോവിന്ദമല. അതുകൊണ്ടുതന്നെ സുരക്ഷാകാരണങ്ങളാൽ വനംവകുപ്പ് വർഷത്തിൽ രണ്ടുതവണ മാത്രമാണ് ഇങ്ങോട്ടേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ-മകരമാസത്തിലെ തൈപ്പൂയം നാളിലും ശിവരാത്രി ദിനത്തിലും. കൊല്ലങ്കോട്ടിൽനിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയുള്ള 'ചാത്തൻപാറ'യിൽനിന്നാണ് യാത്ര ആരംഭിക്കുന്നത്. യാത്രികരിൽ ഭൂരിപക്ഷവും ഭക്തരാണെങ്കിലും സാഹസികത ഇഷ്ടപ്പെടുന്ന ഒരുവിഭാഗം പ്രകൃതിസ്‌നേഹികളും ഈ മലകയറ്റത്തിന് എത്താറുണ്ട്. മൺസൂൺ കാലത്ത് സജീവമാകുന്ന വെള്ളരിമേട് വെള്ളച്ചാട്ടത്തിന്റെ മനോഹരമായ വ്യൂ പോയിന്റ് കൂടിയാണ് ചാത്തൻപാറ. ഈ വെള്ളച്ചാട്ടത്തിലൂടെ പിറവികൊള്ളുന്ന ഇക്ഷുമതി നദി പിന്നീട് ഭാരതപ്പുഴയുടെ കൈവരിയായ ഗായത്രിപ്പുഴയിൽ ചേരുന്നു. ചാത്തൻപാറയിലെ വിശാലമായ പാറപ്പുറത്ത് വാഹനങ്ങൾ പാർക്ക്‌ചെയ്ത്, അടുത്തുള്ള അയ്യപ്പക്ഷേത്രത്തിൽ തൊഴുതാണ് ഭക്തർ യാത്രതുടങ്ങുന്നത്.

 

placeholder
കാച്ചാംകുറുശ്ശി ക്ഷേത്രം

ഗോവിന്ദാ... ഗോവിന്ദാ...

മറ്റ് പ്രധാന മലകയറ്റ തീർഥാടനങ്ങളെപ്പോലെ വ്രതാനുഷ്ഠാനങ്ങളോടെ മഞ്ഞവസ്ത്രം ധരിച്ച് 'ഗോവിന്ദാ... ഗോവിന്ദാ...' നാമം ഉരുവിട്ടാണ് വലിയൊരു വിഭാഗം ഭക്തരും മലകയറുന്നത്. ഇതിലേറെയും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്. പണ്ട് പാദരക്ഷകൾ ഉപേക്ഷിച്ച് പുരുഷന്മാർ മാത്രമായിരുന്നു മല കയറിയിരുന്നതെങ്കിൽ ഇന്ന് സ്ത്രീകളും കുട്ടികളും ഈ സാഹസിക യാത്രയുടെ ഭാഗമാകുന്നുണ്ട്. 

ഏകദേശം മൂന്ന് കിലോമീറ്റർ നീളുന്ന ട്രക്കിങ്, വരണ്ട ഇലപൊഴിയും കാടുകളിലൂടെയാണ്. മാവിൻതോട്ടങ്ങൾ അതിരിടുന്ന ഒറ്റയടിപ്പാതയിലൂടെ തുടങ്ങുന്ന യാത്ര പിന്നീട് ചെങ്കുത്തായ പാറക്കെട്ടുകളിലേക്ക് വഴിമാറുന്നു. മുൾപ്പടർപ്പുകളും വൻവൃക്ഷങ്ങളും നിറഞ്ഞ പാതയിൽ ആന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യം അറിയിക്കുന്ന അടയാളങ്ങൾ പലയിടത്തും കാണാം. വെയിൽ കനക്കുന്നതനുസരിച്ച് പാറകൾ ചൂടുപിടിക്കുന്നതിനാൽ ഭക്തർ രാത്രി മലകയറി പ്രഭാതത്തിൽ ദർശനം നടത്തുന്ന രീതിയാണ് പൊതുവേ അവലംബിക്കാറ്.

യാത്രാമധ്യത്തിലുള്ള പ്രധാന വിശ്രമകേന്ദ്രമാണ് 'പലഹാരപ്പാറ.' പേര് സൂചിപ്പിക്കുംപോലെതന്നെ ലഘുഭക്ഷണം കഴിക്കാനും തളർച്ച മാറ്റാനുമുള്ള ഇടം. ഇനിയങ്ങോട്ട് വ്യക്തമായ വഴികളില്ല, വള്ളിപ്പടർപ്പുകൾക്കിടയിലൂടെ വഴി തെളിച്ച് വേണം മുന്നോട്ട് പോകാൻ. ഒടുവിൽ ചെത്തിയെടുത്തപോലെ നിൽക്കുന്ന നെല്ലിയാമ്പതി മലനിരകളിലെ ഭീമാകാരമായ ഒരു പാറയ്ക്ക് മുന്നിലാണ് നടത്തം അവസാനിക്കുക.

അവിടെ മുകളിൽനിന്ന് താഴേക്ക് കെട്ടിയിട്ടിരിക്കുന്ന വടങ്ങളാണ് ഇനിയുള്ള ആശ്രയം. നെല്ലിയാമ്പതി ടീ എസ്റ്റേറ്റ് വഴി നേരത്തേ എത്തിയ ക്ഷേത്രഭാരവാഹികളാണ് ഈ വടങ്ങൾ ഒരുക്കുന്നത്. സർവ കരുത്തും സംഭരിച്ച് വടത്തിൽ തൂങ്ങി കുത്തനെയുള്ള പാറയിലൂടെ മുകളിലേക്ക് കയറുന്നത് മനോധൈര്യവും സാഹസികതയും പരീക്ഷിക്കപ്പെടുന്ന നിമിഷങ്ങളാണ്.

പ്രഭാതത്തിൽ തുടങ്ങിയ അഞ്ച് മണിക്കൂർ നീണ്ട ട്രക്കിങ് അവസാനിക്കുന്നത് കശ്യപമഹർഷി തപസ്സനുഷ്ഠിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ചെറിയൊരു പാറപ്പുറത്താണ്. അതാണ് ഗോവിന്ദമലയിലെ തിരുസന്നിധി. മഹർഷിയുടേതെന്ന് കരുതപ്പെടുന്ന കാൽപ്പാടുകളും ശംഖിന്റെ മുദ്രകളും അവിടെ കാണാം. അരിപ്പൊടിയും മഞ്ഞളും കൊണ്ട് അലങ്കരിച്ച ഈ മുദ്രകൾക്ക് മുന്നിൽ അർപ്പിച്ച പുഷ്പങ്ങളും, കത്തിയെരിയുന്ന ദീപധൂപങ്ങളും, നിരയായി നിൽക്കുന്ന ശൂലങ്ങളും ആ കാനനത്തിന് ഭക്തിസാന്ദ്രമായ പരിവേഷം നൽകുന്നു. പാറയുടെ മുകളിൽനിന്ന് ഇറ്റിറ്റായി വീഴുന്ന ജലം ഭക്തർ തീർഥമായി ശേഖരിച്ച് തിരിച്ചിറങ്ങാറാണ് പതിവ്. കുന്നിന്മുകളിൽനിന്നുള്ള തണുത്ത കാറ്റിൽ ക്ഷീണമകറ്റി അല്പനേരം അവിടെ വിശ്രമിക്കാം.

placeholder
ഗോവിന്ദമലയിലെ ഭക്തർ

 

സാഹസികതയുടെ ഉന്നതി തേടുന്നവർക്ക് വടത്തിന്റെ സഹായത്തോടെ വീണ്ടും മുകളിലേക്ക് കയറാം. ചെറിയൊരു പുൽമേട്ടിൽ അവസാനിക്കുന്നതാണ് ഈ കയറ്റം. നെല്ലിയാമ്പതിയിൽനിന്ന് ഇവിടേക്ക് ഒരു ജീപ്പ് പാതയുണ്ട്. ക്ഷേത്ര ഭാരവാഹികൾ പൂജാസാധനങ്ങളും വടങ്ങളും എത്തിക്കുന്നത് ഈ വഴിയിലൂടെയാണ്. ഇവിടെനിന്നുള്ള കാഴ്ച തികച്ചും വിസ്മയിപ്പിക്കുന്നതാണ്. ഒരുവശത്ത് മേഘങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന നെല്ലിയാമ്പതിയിലെ പച്ചപ്പണിഞ്ഞ തേയിലത്തോട്ടങ്ങൾ; മറുവശത്ത് കൊല്ലങ്കോടിന്റെ വശ്യമായ 360 ഡിഗ്രി ഗ്രാമീണ ഭംഗി. താഴെ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും തോട്ടങ്ങളും ഒരു പച്ചപ്പട്ട് വിരിച്ചതുപോലെ തോന്നും. അംബരചുംബികളായ മലനിരകൾക്കിടയിൽ മനുഷ്യൻ എത്ര ചെറുതാണെന്ന് പ്രകൃതി ഓരോ നിമിഷവും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.

മലകയറ്റത്തെക്കാൾ കഠിനമാണ് തിരിച്ചുള്ള ഇറക്കം. ഓരോ ചുവടും അതീവ ജാഗ്രതയോടെ വേണം വയ്ക്കാൻ. താഴെ ചാത്തൻപാറയിൽ തിരിച്ചെത്തുമ്പോൾ പ്രഭാതത്തിൽ കണ്ട കാഴ്ചയല്ല നമ്മെ കാത്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളും വാഹനങ്ങളും കൊണ്ട് ആ പ്രദേശം ഒരു ഉത്സവപ്പറമ്പായി മാറിയിരുന്നു. കൊടിതോരണങ്ങളും ദീപങ്ങളും കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു. മലയിറങ്ങിവരുന്ന തീർഥാടകരെ സ്വീകരിക്കാനും പുണ്യതീർഥം ഏറ്റുവാങ്ങാനും കുട്ടികളും സ്ത്രീകളും അടങ്ങുന്ന വൻ ജനാവലി അവിടെ സന്നിഹിതരാണ്. സന്ധ്യാനേരത്ത് മലമുകളിലെ തിരുസന്നിധിയിൽ തെളിച്ച ദീപങ്ങൾ താഴെനിന്ന് ചെറിയ പൊട്ടുപോലെ കാണാം. വനാതിർത്തി പിന്നിട്ട് തിരികെ വരുമ്പോൾ, സാഹസികമായ ഒരു പുണ്യയാത്ര പൂർത്തിയാക്കിയ ആത്മസംതൃപ്തി ഓരോ യാത്രികന്റെയും മുഖത്ത് നിഴലിക്കുന്നുണ്ടാകും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi