മലമുകളിലെ സൂര്യോദയം മതിവരാത്ത കാഴ്ചയാണ്. പരന്നുകിടക്കുന്ന മലനിരകള്‍ക്കു പിന്നില്‍നിന്ന് ചുവപ്പും പിന്നീട് ഓറഞ്ചും നിറത്തില്‍ ഉണര്‍ന്നുയരുന്ന സൂര്യന്‍. ഈ സുന്ദരദൃശ്യം ആസ്വദിക്കാനാണ് 'അപ്പൂപ്പന്‍താടി' എന്ന യാത്രാകൂട്ടായ്മയുടെ ഭാഗമായി ഞങ്ങള്‍ എട്ടുപേരടങ്ങുന്ന സംഘം ഗോച്ചല ട്രെക്കിങ്ങിനു പുറപ്പെട്ടത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കാഞ്ചന്‍ജംഗ ലോകത്തിലെ ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ്. കാഞ്ചന്‍ജംഗയുടെ ഒന്നിലധികം സുന്ദരദൃശ്യങ്ങള്‍ കാണാനാകുമെന്നതാണ് സാഹസിക സഞ്ചാരികളെ ഗോച്ചല ട്രെക്കിങ്ങിലേക്ക് ആകര്‍ഷിക്കുന്നത്. വെസ്റ്റ് സിക്കിമിലെ യക്‌സം ആണ് ഗോച്ചല ട്രെക്കിങ്ങിന്റെ ബേസ് ക്യാമ്പ്. പശ്ചിമബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തില്‍നിന്ന് 15 കി.മീ അകലെയുള്ള സിലിഗുരി ടാക്‌സി സ്റ്റാന്‍ഡിലെത്തിയാല്‍ യക്‌സമിലേക്ക് ഷെയര്‍ ടാക്‌സികള്‍ ലഭിക്കും. 150 കി.മീ ദൂരമേയുള്ളൂവെങ്കിലും എട്ടുമണിക്കൂര്‍ നീളുന്ന യാത്രയുണ്ട്. മനോഹരമായ പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട കുഞ്ഞുവീടുകളും കൃഷിയിടങ്ങളും നിറഞ്ഞ ഗ്രാമമാണ് യക്‌സം. നാലുമണി പിന്നിടുമ്പോഴേക്കും ഇരുള്‍വീണുതുടങ്ങും. നാലോ അഞ്ചോ കടകള്‍ മാത്രമേയുള്ളൂ യക്‌സം ഗ്രാമത്തില്‍. എടിഎം സൗകര്യമോ മറ്റ് ഗതാഗതസൗകര്യങ്ങളോ ഇല്ല. ട്രെക്കിങ്ങിനാവശ്യമായ സാധനങ്ങള്‍ മാത്രം കടകളില്‍ ലഭിക്കും.
5,800 അടി ഉയരത്തിലുള്ള യക്‌സത്തില്‍നിന്ന് പുലര്‍ച്ചെ എട്ടുമണിയോടെ ട്രെക്കിങ് ആരംഭിച്ചു. 7,400 അടി ഉയരമുള്ള സാച്ചനിലെ ബേസ് ക്യാമ്പാണ് ലക്ഷ്യം. ആറുമണിക്കൂര്‍ നീളുന്ന നടത്തം. കല്ലുകള്‍ വീണുകിടക്കുന്ന കാട്ടുവഴി. ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും പാലങ്ങളും മുറിച്ചുകടന്നുള്ള ദുര്‍ഘടപാതകള്‍. ഇടുങ്ങിയ വഴികളില്‍ യാക്കുകളോ മ്യൂളുകളോ മുന്നില്‍ വന്നുപെട്ടാല്‍ പെട്ടെന്ന് സുരക്ഷിതമായ ഭാഗത്തേക്ക് മാറണം. യാക്കിന്റെ ചെറിയൊരു തട്ടു മതി, താഴേ അഗാധമായ ഗര്‍ത്തത്തിലേക്ക് പതിക്കാന്‍. ഭക്ഷണസാധനങ്ങളും ടെന്റുകളും ചുമന്ന് നമുക്കൊപ്പം മലമുകള്‍ താണ്ടാന്‍ അവയും നിര്‍ബന്ധിതരാകുന്നു. യാക്കിനെ കാണുന്നവര്‍ ഉച്ചത്തില്‍ വിളിച്ചുകൂകും. അതുകേട്ട് എല്ലാവരും വഴിയോരങ്ങളിലേക്ക് ഒതുങ്ങിനില്‍ക്കും. അവ കടന്നുപോകുംവരെ അനങ്ങാതങ്ങനെ നില്‍ക്കണം. ചെറിയൊരു ക്യാമ്പായിരുന്നു സാച്ചനിലെത്.
ക്ഷീണിച്ചവശരായെത്തിയ ഞങ്ങള്‍ക്ക് ചൂടുള്ള മാഗിയും കട്ടന്‍ചായയും സൂപ്പും ലഭിച്ചു. തണുപ്പ് ഏറിവരുമ്പോഴും തെളിഞ്ഞ ആകാശത്തെ വിടര്‍ന്ന നക്ഷത്രങ്ങള്‍ നോക്കി ക്യാമ്പിനോടുചേര്‍ന്നുള്ള പുല്‍പ്പരപ്പില്‍ ഞാന്‍ മലര്‍ന്നുകിടന്നു. പര്‍വതങ്ങളുടെ ഗൂഢമായ നിശ്ശബ്ദതയ്ക്കുപിന്നില്‍ ഒരായിരം കഥകളുണ്ടെന്നുതോന്നി.
പുലര്‍ച്ചെ 9,790 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഷോകയിലേക്കായിരുന്നു ട്രെക്കിങ്. കഴിഞ്ഞദിവസം നടന്നുതീര്‍ത്ത വഴികളെ അപേക്ഷിച്ച്, കഠിനമായ കയറ്റമാണ് താണ്ടേണ്ടിയിരിക്കുന്നത്. വഴിയില്‍ വലിയ വെള്ളച്ചാട്ടം കണ്ടു. വെള്ളമൊഴുകുന്ന വഴിക്ക് കുറുകേ ഒരു തൂക്കുപാലവുമുണ്ട്. പാലത്തിന് മറുപുറം ക്ഷീണമകറ്റാന്‍ ചോക്ലെറ്റും സ്‌നാക്‌സും കഴിക്കുന്ന സഞ്ചാരികള്‍. ഇനിയങ്ങോട്ട് വളഞ്ഞും പുളഞ്ഞുമുള്ള കയറ്റം ആരംഭിക്കുകയായി. വഴിയിലുടനീളം പേരറിയാത്ത അനേകം വൃക്ഷങ്ങളും ചെടികളും. ഷോകയിലെ ക്യാമ്പ് കുന്നിന്‍മുകളിലായിരുന്നു. ഞങ്ങള്‍ക്കുമുന്നേ എത്തിച്ചേര്‍ന്നവരുടെ ബഹളം ദൂരെനിന്നേ കേള്‍ക്കാമായിരുന്നു. എത്തിയയുടന്‍ ബാഗുകളിറക്കിവെച്ച് വിശ്രമിക്കുന്നതിനുപകരം സമീപത്തുള്ളൊരു കുന്നിനുമുകളിലേക്ക് പോയി. കുറച്ചുനേരം കാറ്റേറ്റ് പുല്ലില്‍ മലര്‍ന്നുകിടന്നു. കൂട്ടുകാരിയായ ജയ, മാറിയിരുന്ന് മലനിരകളെ വരയ്ക്കാന്‍ ശ്രമിക്കുന്നു. ശാന്തിച്ചേച്ചി പഴയ ഏതോ ഹിന്ദിപ്പാട്ട് മൂളുന്നുണ്ട്.
ക്യാമ്പില്‍നിന്ന് കൂക്കിവിളിയുയര്‍ന്നപ്പോള്‍ തിരിച്ചിറങ്ങി. അവിടെയെത്തിയപ്പോള്‍ കിട്ടിയ മാഗിയും കട്ടന്‍ചായയും ഞങ്ങളെ വീണ്ടും റിയലിസ്റ്റിക്കാക്കി. ലഘുഭക്ഷണത്തിനുശേഷം സമീപത്തുള്ള മറ്റൊരു കുന്നില്‍ സ്ഥിതിചെയ്യുന്ന മൊണാസ്ട്രിയിലേക്കു പോയി. വൃത്തിയോടെ പരിപാലിച്ചുപോരുന്ന കുഞ്ഞു മൊണാസ്ട്രി. കാവല്‍ക്കാരിയും പൂജാരിയുമെല്ലാം ഒരാള്‍തന്നെ. അടുത്തദിവസം പുലര്‍ച്ചെയോടെ ട്രെക്കിങ് ആരംഭിച്ചു. ലക്ഷ്യം 13,190 അടി ഉയരത്തിലുള്ള സോംഗ്രി. കഴിഞ്ഞദിവസം നടന്നതിനെക്കാള്‍ ദൂരം താണ്ടണം ഇന്ന്.
കുത്തനെയുള്ള കയറ്റം ഞങ്ങളില്‍ ആയാസമേറ്റിക്കൊണ്ടിരുന്നു. പിന്നിടുന്ന വഴികളിലെല്ലാം എത്രയെത്ര പേരറിയാസസ്യങ്ങള്‍. പാതയുടെ ഇരുവശങ്ങളിലും വ്യത്യസ്തങ്ങളായ മരങ്ങളും അവയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പച്ചപ്പായലുകളും. മൂടിയ ആകാശവും ഇടയ്ക്കിടെ വന്നുപൊതിയുന്ന മൂടല്‍മഞ്ഞും ആനന്ദിപ്പിച്ചുകൊണ്ടിരുന്നു. രാവിലേ എട്ടുമണിക്കാരംഭിച്ച നടത്തം 12 മണിയോടെ ഫെഡാനിലെത്തിനിന്നു. ഉച്ചഭക്ഷണം ഇവിടെവെച്ചായിരുന്നു. യാത്രയിലുടനീളം മൂടിക്കെട്ടിയ ആകാശമായിരുന്നുവെങ്കിലും സോംഗ്രിയിലെത്തുന്നതുവരെ മഴ അകന്നുനിന്നു. നാലുമണിയോടെ ക്യാമ്പിലെത്തിച്ചേര്‍ന്നു. സോംഗ്രി ക്യാമ്പിങ് ഏരിയയില്‍ രണ്ട് സ്ത്രീകള്‍ നടത്തുന്ന ചെറിയ കടകളുണ്ട്. വൂളണ്‍ ക്യാപ്, സോക്‌സ് തുടങ്ങിയവയെല്ലാം കിട്ടും. പിറ്റേന്ന് പുലര്‍ച്ചെ സോംഗ്രി ടോപ്പിലേക്കാണ് പോകേണ്ടിയിരുന്നത്.
ഒരു കട്ടന്‍ചായ കുടിച്ച് പുലര്‍ച്ചെ നാലരയോടെ ഞങ്ങളിറങ്ങി. 13,670 അടി ഉയരത്തിലാണ് സോംഗ്രി ടോപ്പ്. ഒരുമണിക്കൂര്‍ കുത്തനെയുള്ള കയറ്റമായിരുന്നു പിന്നിടേണ്ടിയിരുന്നത്. ഇടയ്ക്ക് ശ്വാസം നിന്നുപോകുന്ന നിമിഷങ്ങള്‍. ആകാശത്തോളം ഉയരങ്ങളിലേക്ക് നീണ്ടുപോകുന്ന കയറ്റങ്ങള്‍ പിന്നിടാന്‍ കഴിയുമോയെന്ന് തോന്നിയ നിമിഷങ്ങള്‍. ഒടുവില്‍ ഞങ്ങള്‍ സോംഗ്രി ടോപ്പിന്റെ മുകളിലെത്തി. ദൂരെ കാഞ്ചന്‍ജംഗ മലനിരകളുടെ താഴ്വാരങ്ങളില്‍നിന്ന് സൂര്യന്‍ ഉദിച്ചുണരുന്ന സുന്ദരകാഴ്ച. പുലര്‍വെട്ടം വീഴുന്ന നിമിഷങ്ങളില്‍ അകലെയായി പരന്നുകിടക്കുന്ന പര്‍വതനിരകള്‍. മലനിരകളുടെ മറവില്‍നിന്ന് ഉയര്‍ന്നുപൊങ്ങിയ സൂര്യന്റെ നിറം തീവ്രമായതായിരുന്നു. ചിറകുകളുണ്ടായിരുന്നെങ്കില്‍, അകലെയായി കാണുന്ന താഴ്വരകളിലേക്ക് പറന്നുചെല്ലാമായിരുന്നുവെന്ന് തോന്നിയ നിമിഷങ്ങള്‍. വെയിലിന് കനംവയ്ക്കുന്നതിനുമുന്നേ തിരിച്ചിറങ്ങണമായിരുന്നു. ഇറക്കം അപകടകരമാണ്; സൂക്ഷിച്ചില്ലെങ്കില്‍ തെന്നിവീണേക്കാം. പോരാത്തതിന് ഉരുളന്‍കല്ലുകള്‍ നിറഞ്ഞ ഇടുങ്ങിയ വഴിയും. പുലര്‍ച്ചെ കയറ്റം കയറിയപ്പോള്‍ ഇത്രയും ദുര്‍ഘടമായിത്തോന്നിയിരുന്നില്ല. ക്യാമ്പിലെത്തി പ്രഭാതഭക്ഷണം കഴിച്ചതോടെ ഞങ്ങള്‍ വീണ്ടും ഊര്‍ജസ്വലരായി. സോംഗ്രി ക്യാമ്പിനോടുചേര്‍ന്നുള്ള കടകളില്‍നിന്ന് കാപ്പികുടിച്ചും വട്ടത്തിലിരുന്ന് സൊറപറഞ്ഞും ചിത്രങ്ങളെടുത്തും ആ സായാഹ്നം കഴിച്ചുകൂട്ടി. ഇന്ന് താന്‍സിങ്ങിലെക്കാണ് പുറപ്പെടുന്നത്. 12,910 അടി ഉയരത്തിലുള്ള താന്‍സിങ്, സോംഗ്രിയെക്കാള്‍ അല്പം താഴ്ന്ന ഭൂപ്രദേശമാണെങ്കിലും കയറ്റത്തിന് കുറവുണ്ടായിരുന്നില്ല. പൊടിമണ്ണും ഉരുളന്‍കല്ലുകളും നിറഞ്ഞ പാതയിലൂടെയുള്ള തിരിച്ചിറക്കം സാഹസികമായി തോന്നി. മൂന്നുമണിയോടെ താന്‍സിങ്ങിലെത്തിച്ചേര്‍ന്നു. ഇതുവരെ തങ്ങിയ ക്യാമ്പുകളെപ്പോലെയായിരുന്നില്ല താന്‍സിങ്ങിലെത്. നിരപ്പായ ഒരിടത്ത് എല്ലാ ടെന്റുകളും ഒന്നിച്ചായിരുന്നു. നാളെയാണ് കാഞ്ചന്‍ജംഗ പ്രത്യക്ഷമാകുന്ന ദിവസം. തണുപ്പ് കൂടിവന്നുകൊണ്ടിരുന്നു. ഞങ്ങള്‍ നിദ്രയെ പുല്‍കി.
15,100 അടി ഉയരം താണ്ടണം. കാഞ്ചന്‍ജംഗയുടെ സൗന്ദര്യം ആവോളം ആസ്വദിക്കണം. ഗിരിശൃംഗങ്ങളെ കീഴടക്കേണ്ട ദിവസമായതിനാല്‍ അതിരാവിലേ ട്രെക്കിങ് ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍, രാത്രി പന്ത്രണ്ടുമണിക്കുതന്നെ ഇറങ്ങേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഹെഡ് ടോര്‍ച്ചിന്റെ ബാറ്ററികള്‍ അധികമായി കരുതണമെന്ന് ഗൈഡ് ഓര്‍മ്മിപ്പിച്ചിരുന്നു. അസ്ഥികളിലേക്ക് തുളച്ചെത്തുന്ന തണുപ്പിനെ വകഞ്ഞുമാറ്റി അര്‍ധരാത്രിയില്‍ ഞങ്ങള്‍ നടത്തമാരംഭിച്ചു. 15 മിനിറ്റിനുള്ളില്‍ത്തന്നെ എന്റെ ടോര്‍ച്ചിന്റെ ചാര്‍ജ് തീര്‍ന്നു. ബാക്കപ്പ് ടോര്‍ച്ചെടുത്തത് മികച്ച തീരുമാനമായിരുന്നെന്ന് ആശ്വസിച്ചു. എന്നാല്‍, ഒരുമണിക്കൂറിനുള്ളില്‍ അതും കെട്ടു. വെളിച്ചമില്ലെങ്കില്‍ ഒരടി നീങ്ങാന്‍ കഴിയില്ലെന്നുമാത്രമല്ല, ട്രെക്കിങ് മതിയാക്കി തിരികെപ്പോരാനും സാധിക്കില്ല. മുഴുവന്‍ ആത്മവിശ്വാസവും ചോര്‍ന്നുപോയി. ആഴക്കടലിലെ രക്ഷകയെപ്പോലെ സുഹൃത്തായ പ്രിയ, ബാഗില്‍നിന്ന് ചെറിയൊരു ഹാന്‍ഡ് ടോര്‍ച്ച് കണ്ടെടുത്തു. ഹെഡ് ടോര്‍ച്ചാണ് സൗകര്യമെങ്കിലും കൈയില്‍ സുരക്ഷിതമായി പിടിക്കാമെന്ന പ്രതീക്ഷയില്‍ നടത്തമാരംഭിച്ചു. സൂര്യപ്രകാശം ഭൂമിയില്‍ പതിക്കുംവരെ ഒരു പ്രയാസവുമുണ്ടാക്കാതെ കത്തിനിന്ന ടോര്‍ച്ച്, ജീവന്റെ വിലയുള്ളതായിരുന്നു.
ഇനിയുള്ള ഒരുമണിക്കൂര്‍ നീളുന്ന കയറ്റം അതികഠിനമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ടായി. ഞങ്ങള്‍, പരസ്പരം പ്രചോദിപ്പിച്ചും സഹായിച്ചും ക്ഷീണത്തെ മറികടന്നുകൊണ്ടിരുന്നു. പുലര്‍ച്ചെ ആറരയോടെ സമ്മിറ്റ് പോയിന്റില്‍ എത്തിച്ചേര്‍ന്നു. ഗോച്ചല പാസും കാഞ്ചന്‍ജംഗ പര്‍വതനിരകളും പടര്‍ന്നുകിടക്കുന്നു. പ്രഭാതം പൊട്ടിവിടരുകയായിരുന്നു. കാഞ്ചന്‍ജംഗയില്‍ സൂര്യന്‍ വീഴുമ്പോള്‍ ചുറ്റുമുള്ള മലനിരകളില്‍ ഓറഞ്ചുനിറം പരക്കുന്നു. എത്ര സുന്ദരമായ നിമിഷങ്ങള്‍. ഭൂമി അത്രമേല്‍ മനോഹരമാകുന്ന കാഴ്ച.
ഈ ഗിരിശൃംഗങ്ങളുടെ മനോഹാരിത ആസ്വദിക്കാനാണോ അതോ സൂര്യോദയം കാണാനാണോ ഇത്രയും കാതങ്ങള്‍ താണ്ടി ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ജാക്കറ്റിന്റെ നൂലിടയിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നു. പ്രകാശം പരന്നു. നാലുഭാഗങ്ങളിലും മലനിരകള്‍ മാത്രം കാണപ്പെട്ടു. കാഞ്ചന്‍ജംഗയോളം വലുതെന്നുതോന്നിക്കുന്ന മറ്റുകൊടുമുടികളും മുന്നില്‍ തെളിഞ്ഞു. ഒരേസമയം, അതിശയിപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന ഭൂമിക. താഴേക്കിറങ്ങി നടന്നാല്‍ കാഞ്ചന്‍ജംഗയെ തൊടാമെന്നു തോന്നിപ്പോകുന്ന നിമിഷങ്ങള്‍. അടുത്തേക്കു ചെല്ലുന്തോറും അകന്നുനീങ്ങുന്ന വിസ്മയങ്ങള്‍. ഫോട്ടോയെടുക്കാന്‍ ഗ്ലൗസഴിച്ചപ്പോള്‍ വിരലുകള്‍ മരവിക്കുന്നു. ഓറഞ്ചുരശ്മികള്‍ മാഞ്ഞുപോകുന്നു.
വെള്ളിരശ്മികള്‍ കാഞ്ചന്‍ജംഗയുടെ താഴ്വരകളില്‍ വീണുതുടങ്ങിയിരിക്കുന്നു. ഇനിയും ഇവിടെനിന്നാല്‍ തണുപ്പിനൊപ്പം കൊടിയ വെയിലും ഏല്‍ക്കേണ്ടിവരും. തിരികേ വരുമ്പോഴാണ് സമിതി തടാകം കണ്ടത്. തെളിമയാര്‍ന്ന സ്ഫടികജലം. ഇരുട്ടില്‍ നടന്നുതീര്‍ത്ത വഴികള്‍ വെളിച്ചത്തില്‍ ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നു. എത്ര നടന്നാലും ഒടുങ്ങാത്ത വഴി. ഇടതുവശത്ത് വെള്ളിമലകള്‍ വെയിലേറ്റ് കത്തിനില്‍ക്കുന്നു. താഴേക്കിറങ്ങുന്തോറും വലതുവശത്ത് സമിതി തടാകം നേര്‍ത്ത മര്‍മരത്തോടെ ഒഴുകുന്നു. എല്ലാത്തിനും സാക്ഷിയായി തലയുയര്‍ത്തിനില്‍ക്കുന്ന കാഞ്ചന്‍ജംഗ. ഇത് ഭൂമിയോ അതോ സ്വര്‍ഗമോ!
Published: 08 Jun 2025, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented