മരവിച്ച പ്രഭാതത്തിൽ കൈകൾ കൂട്ടിത്തിരുമ്മി ഗംഗോത്രിയിലെ പാണ്ഡവഗുഹയിലേക്ക് കയറുമ്പോൾ, ചുള്ളിക്കമ്പുകൾ കൂട്ടി കെറ്റിലിൽ വെള്ളം തിളപ്പിക്കുകയായിരുന്നു ബാബാജി. ദേവദാരുവനത്തിൽ ഒരു കൂറ്റൻ പാറയ്ക്ക് കീഴേ, ഹാളിന് സമാനമായ ഗുഹയിൽ അരണ്ട വെളിച്ചം നിഴലിട്ടുനിന്നു. ശുഭ്രവസ്ത്രവും തലക്കെട്ടുമായിരുന്നു വേഷം. സന്ന്യാസി എന്ന് വിളിച്ചപ്പോൾ ബാബാജി തടഞ്ഞു. ബൈരാഗിയാണ്, തുളസിമാലയിട്ട വൈഷ്ണവനാണ്, ദിഗംബരനാണ്. 74 വയസ്സുള്ള റാം കിഷോർദാസ് മഹാത്യാഗി എന്ന ബാബാജി, 20 വർഷമായി ഈ ഗുഹയിൽ താമസിക്കുന്നു. ഞങ്ങൾ കയറിച്ചെന്നതിൽ അപ്രിയം ലേശവുമില്ലാതെ ചോദ്യങ്ങൾക്ക് സ്പഷ്ടമായ ഹിന്ദിയിൽ മറുപടി പറഞ്ഞു. ഇടയിലെ നിശ്ശബ്ദതകൾ പൂരിപ്പിക്കുകയുംചെയ്തു. അവസാനം, തീക്കുണ്ഡത്തിൽനിന്നെടുത്ത് പൊതിഞ്ഞുതന്ന ഭസ്മവുമായി ഞങ്ങൾ ഗോമുഖിലേക്കുള്ള ചവിട്ടുപടി ലക്ഷ്യമാക്കി നടന്നു. ബാബാജി, സ്‌നാനത്തിനായി പാറയുടെ ചരിവിലേക്കും.

To advertise here,

ഗംഗയുടെ ഉദ്ഭവസ്ഥാനത്തേക്കുള്ള യാത്രയ്ക്കായി രണ്ടുദിവസം മുൻപാണ് യോഗ് നഗരി എക്‌സ്പ്രസിൽ ഹരിദ്വാറിൽ വന്നിറങ്ങിയത്. മുകുന്ദന്റെ ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ വായിച്ച് മത്തുപിടിച്ച് 2010-ലാണ് ആദ്യമായി ഇവിടെ വന്നത്. അന്ന് കണ്ട ഹരിദ്വാറൊന്നുമല്ലിത്. അന്നുണ്ടായിരുന്ന കൊച്ചു റെയിൽവേ സ്റ്റേഷൻ വികസിച്ച് വിരിമാറ് തുറന്നുവെച്ചിരിക്കുന്നു. വീതി കൂടി റോഡിന് ഒതുക്കം നഷ്ടപ്പെട്ടിരിക്കുന്നു. രാത്രിയിൽ അഞ്ചാറ് പൈക്കൾമാത്രം അങ്ങിങ്ങ് അയവിറക്കി കിടന്നിരുന്ന ഗലികളിൽ, യുവാക്കൾ കാതടയ്ക്കുന്ന ശബ്ദത്തോടെ ബുള്ളറ്റും യമഹയും പൊട്ടിച്ച് ഭക്തർക്കിടയിലൂടെ ഊളിയിട്ട് കയറുന്നു. വലിയ വിലയ്ക്ക് ഭക്തിയുടെ ചിഹ്നങ്ങൾ വിറ്റഴിയുന്നു.

ഉയരങ്ങളുടെ ആകാശം
ഹരിദ്വാറിൽ പ്രൈവറ്റ് ബസുകൾ പുറപ്പെടുന്നത്, റെയിൽവേ സ്റ്റേഷനപ്പുറം റോഡിന്റെ അരികിൽ നിന്നാണ്. ബദരീനാഥ്, ഉത്തരകാശി, യമുനോത്രി എന്നുവേണ്ട എല്ലാ ദൂരത്തേക്കുമുള്ള ബസുകൾ ഇവിടെയുണ്ടാകും. ആളെ കൂട്ടുന്ന വണ്ടിക്കാരുടെ വിളികളും, തട്ടുകടകളിൽ അദ്‌രക് (ഇഞ്ചി ചേർത്ത) ചായ പതയുന്നതിന്റെ ഗന്ധവും, കടിപിടികൂടുന്ന നായ്ക്കളും, റിക്ഷക്കാരുടെ ദീർഘമായ ഹോണടികളും, അവശേഷിച്ച ഉറക്കച്ചടവിൽനിന്ന് നമ്മെ കുടഞ്ഞുണർത്തുന്നു. ഋഷികേശ് കഴിഞ്ഞയുടനെ ഉയരങ്ങളുടെ ആകാശങ്ങളിലേക്ക് ബസ് മുരണ്ടുകയറി. ഉച്ചയ്ക്ക് ഉത്തർകാശിയിൽ ബസ് എത്തിച്ചേർന്നയുടനെ ഗംഗോത്രിയിലേക്കുള്ള അവസാനത്തെ ബസ് വന്ന് നിൽക്കുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ, കഠിനയാത്രയുടെ ഇരിപ്പിടങ്ങളിലേക്ക് വീണ്ടും. ബോണറ്റിലും മുന്നിലെ സൈഡ് സീറ്റിലുമായി, ചെവിയും മൂക്കും തുളച്ച് അതിൽ തൂങ്ങിയാടുന്ന ആഭരണങ്ങളണിഞ്ഞ ഗോത്രവനിതകളും കുട്ടികളും. ആഴത്തോടുള്ള ഭയം തലമുറകളായി ഉന്മൂലനംചെയ്യപ്പെട്ട ജീനുകളായിരിക്കണം ഗഡ്വാളി ഡ്രൈവർമാരിൽ പ്രവർത്തിക്കുന്നത്. പാൻ കയ്യിലിട്ട് തിരുമ്മി വായിൽ തിരുകുന്ന ലാഘവത്തോടെ അവർ വളയം തിരിക്കുന്നു.

placeholder
ഭോജ്ബാസ ക്യാമ്പിൽ നിന്നുള്ള കാഴ്ച

 

ഉത്തർകാശിയിൽനിന്ന് മുകളിലേക്കുള്ള പാത ഭീകരമാണ്. ഇരുവശങ്ങളിലും ഛിദ്രമായ ഹിമാലയത്തിന്റെ ചരിവുകൾ. ഇടിഞ്ഞും പൊളിഞ്ഞും കിടക്കുന്ന റോഡ്. നൂൽപ്പാലത്തിലൂടെയെന്നപോലെ ഏതുനിമിഷവും സംഭവിക്കാൻ സാധ്യതയുള്ള മണ്ണിടിച്ചിലിനുമുൻപ് രക്ഷപ്പെട്ടോടുന്ന വാഹനങ്ങൾ. ഹർഷിൽ എന്ന മനോഹരഗ്രാമത്തിനുശേഷം, കഴിഞ്ഞവർഷം സംഭവിച്ച മേഘവിസ്‌ഫോടനത്തിൽ തരിപ്പണമായ ധരാലിയിലൂടെ കടന്നുപോയി. ഇരുട്ടിയതോടെ ഞങ്ങൾ ഗംഗോത്രിയിൽ ബസ്സിറങ്ങി.

നടപ്പാതകൾ
സുമേർ സിങ് റാണ എന്ന തെഹ്‌രി ഗഡ്വാൾകാരനെ പോർട്ടറായി ലഭിച്ചു. ഹിമാലയൻയാത്രകളിൽ പോർട്ടർമാർ വെറും ചുമടെടുപ്പുകാർമാത്രമായിരിക്കില്ല, വഴികാട്ടിയും സഹോദരനും രക്ഷകനുമൊക്കെയായിരിക്കും. മലനിരകളുടെ ഓരോ സ്പന്ദനവും അറിയാം അവർക്ക്. നടക്കുമ്പോൾ, ഒരു കുഞ്ഞിന്റെ അനുസരണയോടെ അവരുടെ നിർദേശങ്ങൾ പാലിച്ചുപോകും. മുപ്പതോളം പടികൾ കയറി മുകളിലെത്തിയതോടെ ഗംഗോത്രിക്ഷേത്രവും പരിസരവും ഒരൊറ്റ ഫ്രെയ്മിൽ കാണാൻസാധിച്ചു. ദേവദാരുവൃക്ഷങ്ങളാണെങ്ങും. വന്മരങ്ങൾമുതൽ കുറ്റിച്ചെടികൾവരെയായി, കാളിദാസകൃതികളിലും പുരാണങ്ങളിലും പരാമർശിതമായ ദേവദാരുക്കൾ. ഇനിയുള്ള കയറ്റങ്ങളിൽ അവയുടെ തണലാണ് ആശ്രയം. 

വിശ്വാസങ്ങളിലും പുരാണങ്ങളിലും ആത്മീയതയിലും തത്ത്വചിന്തയിലും അത്രമേൽ കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു നദിയുടെ ഉദ്ഭവം തേടിയാണ് യാത്ര. ചീഡ് വനത്തിൽനിന്ന്, ചരിഞ്ഞ പർവതപ്രാന്തത്തിലൂടെയുള്ള നാലടിപ്പാതയിലൂടെ ദേവ്ഘാട്ട് എന്ന 3323 മീറ്റർ ഉന്നതിയിലുള്ള പ്രദേശത്തെത്തി. ഏതോ മേഘവിസ്‌ഫോടനത്തിന്റെ അവശേഷിപ്പെന്നോണം കശക്കിയെറിയപ്പെട്ട പാറക്കല്ലുകളുടെ ശവപ്പറമ്പുപോലെ കിടക്കുന്ന നദീതടം. അതിന് നടുക്കായി ചെറുതെങ്കിലും, ശക്തമായൊഴുകുകയാണ് ഭാഗീരഥി. മരക്കമ്പുകൾ നെടുകെയും കുറുകെയും വെച്ച് കെട്ടിയുണ്ടാക്കിയ നടപ്പാലത്തിലൂടെ നദി മുറിച്ചുകടന്ന് പാറക്കല്ലുകളുടെ ഇടയിലൂടെ നുഴഞ്ഞുകയറി മുകളിലെത്തി. ''ആ കാണുന്നത് ദേവ്ധാരാ''- സുമേർ സിങ് പറഞ്ഞു. നോക്കുമ്പോൾ ഇടതുവശത്ത് ദൂരേ മുകളിൽ പർവതങ്ങളുടെ പാറയിടുക്കിൽനിന്ന് തുള്ളിത്തെറിച്ച് താഴോട്ട് വീഴുന്ന ഒരു നീർച്ചാട്ടം. പാറയിടുക്കിൽ, കുഴിഞ്ഞുള്ള അതിന്റെ കിടപ്പ് കണ്ടാൽ ദേവകൾ അതിനെ ഒളിപ്പിച്ചുവെച്ചതാണെന്ന് തോന്നും.

ആദ്യത്തെ വിശ്രമകേന്ദ്രമായ ചീഡ്ബാസയിലെത്തുന്നതിന് മുന്നോടിയായി നടപ്പാത, ചീഡ് വനത്തിലേക്ക് പ്രവേശിച്ചു. സൂര്യന്റെ തീക്ഷ്ണതയെ മറച്ചുകൊണ്ട് പൈൻമരങ്ങൾ ഞങ്ങൾക്ക് തണൽവിരിച്ചുതന്നു. ഇനിയെന്തുണ്ട് ഹിമശൈലമേ നിന്റെ കൈയിൽ എന്ന് നാലുപാടും നോക്കുമ്പോഴാണ് അത് കണ്ണിൽ പെട്ടത്. മരങ്ങളുടെ ചുവട്ടിൽ അങ്ങിങ്ങായി, കൈയുറയ്ക്കാത്ത കുട്ടികൾ ചിത്രം വരച്ചപോലെ മഞ്ഞിന്റെ ഒഴുക്കൻ രൂപങ്ങൾ നിലത്ത് പതിഞ്ഞുകിടക്കുന്നു. തൊട്ടുമുന്നിൽതന്നെ ചീഡ്ബാസ ക്യാമ്പ് കാണാറായി. കാൽനടയാത്രികരെ സംബന്ധിച്ച് ടെന്റിന്റെ കാഴ്ചയാണ് ഏറ്റവും വലിയ സാന്ത്വനം. മധുരമില്ലാത്ത കട്ടൻചായ, ഒരു പായ്ക്കറ്റ് ബിസ്‌കറ്റ്- നഷ്ടപ്പെട്ട ഊർജത്തിന്റെ കണികകൾ അടുക്കിപ്പെറുക്കിവയ്ക്കാൻ അതുതന്നെ ധാരാളമായിരുന്നു.

ചീഡ്ബാസയിലെ വിശ്രമകേന്ദ്രത്തിൽനിന്ന് പാതാളംപോലൊരു താഴ്ചയിലേക്ക് ഇറങ്ങിച്ചെന്ന് അധികമാരും താമസിച്ചിട്ടില്ലെന്ന് തോന്നിക്കുന്ന, തകരഷീറ്റ് വിരിച്ച കെട്ടിടത്തിലാണ് ഇന്ന് അഭയം. കറകറാ തുറക്കുന്ന വാതിൽ കയറിച്ചെന്നാൽ ഞങ്ങളുടെ 'ബെഡ് റൂം'. അതിൽ ആകെയുള്ള ജംഗമവസ്തു, നിലത്ത് വിരിച്ച കുഷ്യൻ ഷീറ്റ് മാത്രമാണ്. പിന്നെ ഓരോരുത്തർക്കും ഓരോ സ്‌ലീപ്പിങ് ബാഗും. വൈദ്യുതിയോ മൊബൈൽ നെറ്റ്‌വർക്കോ വെളിച്ചമോ ഇല്ല. ലഗേജ് മുറിയിൽ വെച്ച്, ടോർച്ച് തെളിയിച്ച് പതുക്കെ പുറത്തുകടന്നു. വൈകുന്നേരം അഞ്ചരയായിക്കാണും. പുറത്ത്, പർവതങ്ങൾക്ക് പിന്നിൽ മറഞ്ഞ സൂര്യന്റെ അസ്തമയശേഷിപ്പ്. ചീഡ് (പൈൻ) വൃക്ഷങ്ങളുടെ കാടാണ് ചീഡ്ബാസ. ഞങ്ങൾ ഭാഗീരഥീതീരത്തേക്ക് നടന്നു. പാതയുടെ ഉൾഭാഗത്തൊക്കെ ഉപ്പിൻതരികൾ തട്ടിച്ചിതറിയപോലെ മഞ്ഞുപൊടികൾ. പരവതാനിവിരിച്ചപോലെ പരന്നുകിടക്കുന്ന ഭാഗീരഥി. വെളുത്ത് കുറിയ ഉരുളൻകല്ലുകൾക്കിടയിലൂടെ ശാന്തമായി ഒഴുകുന്നു. നദിയുടെ ഉദ്ഭവദിശയിൽ പർവതനിരകൾ കൂടിച്ചേരുന്ന ഇടുക്കിൽ ഭാഗീരഥിപർവതങ്ങൾ സ്വർണനിറത്തിൽ ശോഭിക്കുന്നു. തണുപ്പ് തുളച്ചുകയറാൻതുടങ്ങിയപ്പോൾ തിരിഞ്ഞുനടന്ന് സ്‌ലീപ്പിങ് ബാഗിൽ കയറി സിപ്പടച്ചു.

ഭോജ്ബാസയിലേക്ക്
രാവിലെ ഏഴുമണിയോടെ, മധുരമില്ലാത്ത കട്ടൻചായ കഴിച്ച് നടത്തത്തിനൊരുങ്ങി. പാതി പുറത്തുവന്ന സൂര്യൻ, മുന്നിൽ കൂർത്ത് മൂർത്ത് നിൽക്കുന്ന കൊടുമുടി മന്ദാകിനിയാണെന്നും അതിനടുത്ത് നിൽക്കുന്നത് ഖർച്ചകുണ്ഡ്, മേരു എന്നീ കൊടുമുടികളാണെന്നും സുമേർ പറഞ്ഞുതന്നു. ഭോജ്ബാസയിലേക്കാണ് നടന്നടുക്കുന്നത്. ഭോജ്പത്ര (ഭുർജപത്രം) വൃക്ഷത്തിൽനിന്നാണ് സ്ഥലത്തിന് ആ പേര് ലഭിച്ചത്. വെളുത്ത കാണ്ഡമുള്ള ഈ വൃക്ഷത്തിന്റെ തൊലിയുടെ പുറംഭാഗം അടർത്തിയെടുത്ത ഷീറ്റുകളാണത്രേ പുരാതനകാലത്ത് കൈയെഴുത്തുകൾക്കായി ഉപയോഗിച്ചിരുന്നത്.

placeholder
ഭാഗീരഥി നദി

അങ്ങനെ നടക്കുമ്പോൾ നടപ്പാതയിൽ ഇടതുഭാഗത്തായി നിൽക്കുന്ന ഒരു മഞ്ഞിൻകൂനയ്ക്ക് മുന്നിൽ ചെന്നുപെട്ടു. നടപ്പാത മുക്കാലും കൈയേറിയ അത്, രണ്ടടി വീതി മാത്രമാണ് ഞങ്ങൾക്കായി ബാക്കിവെച്ചിരിക്കുന്നത്. അപ്പുറത്ത് അഗാധമായ താഴ്ചയാണ്. ചവിട്ടുന്ന മണ്ണിൽ മാത്രം ശ്രദ്ധയർപ്പിച്ച് മനസ്സാന്നിധ്യം കൈവിടാതെ അടിവെച്ച് നീങ്ങണം. മുന്നിൽനടന്ന സുമേർ പൊടുന്നനെ നിന്നു. കുത്തനെയുള്ള ദുർബലമായ ആ ചരിവിൽ മുകളറ്റംവരെ ചെറുതും വലുതുമായ കല്ലുകളും പൊടിമണ്ണും ഇപ്പോൾ വീഴും എന്ന കണക്കിന് നിൽക്കുന്നു. രണ്ടുമൂന്ന് ചെറിയ കല്ലുകൾ താഴേക്ക് ഉരുണ്ടുവീണു. അതിന്റെ അനുരണനം തീരുന്നതുവരെ സുമേർ ഞങ്ങളെ തടഞ്ഞുനിർത്തി. പിന്നെ ഇല്ലാത്ത ഊർജം സംഭരിച്ച് ഉരുളൻകല്ലുകൾ നിരന്ന് കിടക്കുന്ന രണ്ടടിമാത്രമുള്ള ചരിഞ്ഞ ആ പാതയിലൂടെ ഞങ്ങൾ ജീവഭയത്തോടെ ഓടി. മറുഭാഗത്തെത്തിയ ശേഷം ഒന്ന് തിരിഞ്ഞുനോക്കി. ചവിട്ടടിയിലെ ഒരു കല്ല് ഉരുണ്ടാലും മതിയാവും, യാത്ര എന്നെന്നേക്കുമായി അവസാനിക്കാൻ. നടത്തത്തിനൊടുവിൽ താഴെ ടെന്റുകളുടെ ഒരു താഴ്വര കാണാൻ തുടങ്ങി- ഭോജ്ബാസ. രാംബാബയുടെ ആശ്രമത്തിൽ കല്ലുകൾ അടുക്കിവെച്ച് അലൂമിനിയം ഷീറ്റ് കൊണ്ട് മേൽക്കൂരയിട്ട ഒരു ടെന്റ് ഞങ്ങൾക്കായി സുമേർ ഏർപ്പാടാക്കിയിരുന്നു.

ഗോമുഖിലേക്ക്
ഭോജ്ബാസയിൽനിന്ന് രണ്ട് മാർഗമുണ്ട് ഗോമുഖിലേക്ക്. 4 കിലോമീറ്റർവരുന്ന ഇടതുഭാഗത്തെ പാതയും 6 കിലോമീറ്റർവരുന്ന വലതുഭാഗത്തെ തപോവൻ പാതയും. ഇടതുഭാഗത്തെ പാതയിലൂടെ ഞങ്ങൾ നടത്തം ആരംഭിച്ചു. മുന്നിൽ ഗംഗയുടെ കാവൽക്കാരെപ്പോലെ ഭാഗീരഥി പർവതങ്ങൾ തലയെടുപ്പോടെ വെട്ടിത്തിളങ്ങുന്നു. ഭാഗീരഥി 1, 2, 3 എന്നീ കൊടുമുടികളടങ്ങുന്നതാണ് ഭാഗീരഥി പർവതം. അവിടേയ്ക്കുതന്നെ നോക്കി നിൽക്കവേ ഒറ്റനോട്ടത്തിൽ കാക്കകളെന്ന് തോന്നിക്കുന്ന പ്രാവുകളുടെ ഒരു ശ്രേണി, പർവതങ്ങളുടെ വെളുത്ത പ്രതലത്തെ തിരശ്ശീലയാക്കി ഒരു തരംഗമാല തീർത്തുകൊണ്ട് പറന്നുപോയി.

നടക്കുന്തോറും നീണ്ടുപോകുന്ന അദ്ഭുതങ്ങളുടെ ഹിമപ്രപഞ്ചമാണ് മുന്നിൽ. വഴിയരികിലെ ഓരോ മഞ്ഞുകൂനയിലും എന്തിനെന്നില്ലാതെ വടികൊണ്ട് കുത്തിക്കൊണ്ടാണ് നടത്തം.

ഗോമുഖിലേക്കുള്ള പാതയിൽ ഹിമവാൻ ഞങ്ങൾക്കായി കരുതി വെച്ചത് ഭരൽ ആടുകളെയായിരുന്നു. കിഴക്കേച്ചരിവിൽ പരിസരബോധമില്ലാതെ പുല്ലുതിന്ന് മദിക്കുകയായിരുന്നു അവ. ലംബമായ ചരിവിലും അനായാസം നടന്ന് പുല്ലുതിന്നുന്ന ആടുകളെ അമർനാഥ് യാത്രക്കിടെ കണ്ടിരുന്നു. ഹിമപ്പുലികൾക്ക് ഭക്ഷണമായി മാറുന്നത് ഇത്തരം ആടുകളാണ്. ഗോമുഖിലേക്കുള്ള പാത അവസാനിക്കാറായിരിക്കുന്നു. പാതയിൽ അങ്ങിങ്ങായി മൺപ്രതലമുണ്ട് എന്നതൊഴിച്ചാൽ നാലുദിക്കും മഞ്ഞിന്റെ സാമ്രാജ്യമാണ്. താമസിയാതെ 'ഗോമുഖ് ക്ഷേത്ര്' എന്ന ഒരു ബോർഡ് കണ്ടു.

ഞങ്ങൾ ഗോമുഖിൽ എത്തിച്ചേർന്നിരിക്കുന്നു. 500 മീറ്റർ അപ്പുറം ഭാഗീരഥി പർവതങ്ങൾക്ക് താഴെ നീണ്ട ഗ്ലേഷിയർ അവസാനിക്കുന്നിടത്തുനിന്ന് നദി ഉദ്ഭവിക്കുന്ന സ്ഥാനം സുമേർ ഞങ്ങൾക്ക് കാണിച്ചുതന്നു. ഗോമുഖ് ഗ്ലേഷിയറിനും ഞങ്ങൾക്കുമിടയിലുള്ള ഭാഗം, അപഭ്രംശം സംഭവിച്ച പ്രാകൃതമായ ഒരു നദീതടമായി ക്കിടക്കുന്നു.

ഗോമുഖിൽ നിന്നുദ്ഭവിക്കുന്ന ഗംഗാപ്രവാഹം, മൃദുവായ ചാരനിറം കലർന്ന് കൽക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്നു. അതിന്റെ ഒഴുക്ക് കാതുകളിൽ സംഗീതമാകുന്നു. പതുക്കെ നദിയിലേക്കിറങ്ങി. ആ ഹിമധാരയിൽ ഒരു കുമ്പിൾ കോരിയെടുത്ത് കുടിച്ചു. കൈയും മുഖവും കഴുകി. ഹിമശൈലത്തിന്റെ മുഴുവൻ തണുപ്പും ആ ജലകണങ്ങൾ വഹിക്കുന്നതായിത്തോന്നി. ഭാഗീരഥിയുടെ അപാരതീരത്ത് ഞങ്ങൾ മൂന്ന് പേരും സുമേർ സിങ്ങും ഹിമവാനും മാത്രം. അല്പസമയം നദീതീരത്തെ പാറക്കല്ലുകൾക്കുമേൽ ഞങ്ങളിരുന്നു. തിരിച്ചുപോകാൻ സുമേർ തിരക്കുകൂട്ടുന്നുണ്ട്. വൈകുന്നേരങ്ങളിൽ ഇവിടെ ദുഷ്‌കരമായ ശീതക്കാറ്റ് വീശുമത്രേ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi