ഹിമാലയ യാത്രകള്‍ ചെയ്തവര്‍ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാവും അവിടത്തെ ആട്ടിന്‍പറ്റങ്ങളെയും അവയെ മേയ്ക്കുന്ന ഇടയന്മാരെയും. പല ഹിമാലയ ട്രക്കിങ് യാത്രകളിലും ഞാനും കണ്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 36 ദിവസം നീണ്ടുനിന്ന ഹിമാലയ യാത്രയിലാണ് അവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവസരമുണ്ടായത്.

ഹിമാലയത്തിന്റെ അത്യുന്നത ങ്ങളില്‍ പലയിടത്തും പുല്‍മേടുകളുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 10,000 അടിക്ക് മുകളിലുള്ള അത്തരം പുല്‍മേടുകളിലാണ് ഈ ആടുകളെ മേയ്ക്കാനായി കൊണ്ടുപോകുന്നത്. അതിതീവ്രമായ മഞ്ഞുകാലം കഴിഞ്ഞാല്‍ ഇവിടങ്ങളില്‍ പുല്‍മേടുകള്‍ പ്രത്യക്ഷമാകും. കഠിനമായ മഞ്ഞും മഴയും ദുരിതങ്ങളും സഹിച്ചുകൊണ്ട് ഇടയന്മാര്‍ അവരുടെ കാടാറുമാസം തുടങ്ങുന്നത് ഈ സമയത്താണ്. സഹായികളായി ഒന്നോ രണ്ടോ നായ്ക്കളും കൂടെയുണ്ടാകും.

പനാറിലെ കാഴ്ചകള്‍
രുദ്രനാഥിലേയ്ക്കുള്ള ട്രക്കിങ്ങിനിടയില്‍ 12 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞാലുള്ള വിശ്രമസ്ഥലമാണ് പനാര്‍. സമുദ്രനിരപ്പില്‍നിന്ന് 11,000 അടിയിലേറെ മുകളിലുള്ള പര്‍വ്വതപ്രതലങ്ങളിലൊന്നാണിത്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുല്‍മേടുകള്‍ മാത്രമുള്ള ഹിമാലയ ഭാഗം. മുകളിലേയ്ക്ക് കയറുന്തോറും ഹരിതനിറമാര്‍ന്ന പര്‍വ്വത ചെരുവുകളില്‍ അവിടവിടെ കാണുന്ന വെളുപ്പും കറുപ്പും ഇടകലര്‍ന്ന പൊട്ടുകള്‍. അടുത്തെത്തുമ്പോഴാണ് അവ ആട്ടിന്‍പ്പറ്റങ്ങളാണെന്ന് തിരിച്ചറിയുന്നത്.

ജനവാസമില്ലാത്ത അന്തര്‍ഹിമാലയഭാഗങ്ങള്‍. കുറ്റിച്ചെടികള്‍ പോലുമില്ലാത്ത കരിങ്കല്‍പാറകളും പുല്ലുകളും നിറഞ്ഞ സ്ഥലം. വിശാലമായ പനാര്‍ടോപ്പ് എന്നറിയപ്പെടുന്ന പ്രശസ്തമായ ഹിമാലയഭാഗം. അവിടവിടെ കാണുന്ന ചെറിയ പാറക്കൂട്ടങ്ങള്‍. ഒരു തോട്ടക്കാരന്‍ വെട്ടിയൊതുക്കി വെച്ച പുല്‍ത്തകിടിപോലെ, ഹിമാലയത്തിന്റെ അതിസുന്ദരമായ ദൃശ്യം.

12 കിലോമീറ്റര്‍ സുദീര്‍ഘമായ കാല്‍നട യാത്ര കഴിഞ്ഞ് പനാറിലെത്തിയപ്പോള്‍ ഒരു അദ്ഭുത ലോകത്തിലെത്തിയതുപോലെ തോന്നി. വിശാലമായ പനാര്‍ ടോപ്പില്‍ നിന്ന് നോക്കിയാല്‍ താഴെ മറികടന്നെത്തിയ പര്‍വ്വതനിരകള്‍. സാഗറിലെ ഗംഗോളില്‍ നിന്നുതുടങ്ങി പുങ്ക് ബുഗിയാല്‍, ഫൂല്‍ ബുഗിയാല്‍, മൗലികര്‍ക്ക്, വൈതരണി നദി, ലിടി ബുഗിയാല്‍, തുടങ്ങിയ സ്ഥലങ്ങള്‍ താഴെ കാണാം.

ധ്യാനത്തിലെന്നപോലെ ചുറ്റിലും മഞ്ഞിന്റെ തലപ്പാവണിഞ്ഞുനില്‍ക്കുന്ന ഗിരിനിരകള്‍. ചൗഖാംബ , നന്ദന്‍ഘുന്ദി, ത്രിശൂലി, ദേവിസ്ഥാന്‍, നന്ദാദേവി, ധുനഗിരി, ഹര്‍ദിയോള്‍, ബാരാമായി, ഹാത്തിപര്‍വ്വത്, ഗൗരിപര്‍വ്വത്, തുടങ്ങിയ പര്‍വ്വതശൃംഗങ്ങള്‍ ചുറ്റിലും. ചന്ദ്രശില കഴിഞ്ഞാല്‍ ഇത്രയും വിപുലമായി ഹിമഗിരികളുടെ പൂര്‍ണ്ണ ദൃശ്യം ലഭ്യമാകുന്ന സ്ഥലമാണ് പനാര്‍.

ഹിമക്കാറ്റിന്റെ ഹുങ്കാരം
ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍, ആരോഹണാവരോഹണങ്ങളായി കിടക്കുന്ന ഗിരിനിരകള്‍ ഇനിയും മറികടക്കണം. വിശാലമായ പുല്‍മേടിന് നടുവിലായി, ആ ദിവസത്തെ ഞങ്ങളുടെ രാത്രി വിശ്രമസ്ഥലം ദൂരെ കാണാം. അന്തര്‍ഹിമാലയ ഭാഗങ്ങളില്‍ സാധാരണ കാണുന്ന കരിങ്കല്‍ ചീളുകളും മരത്തടികളും ടിന്‍ഷീറ്റുകളും കൊണ്ടുണ്ടാക്കിയ രണ്ടു മുറിയും അടുക്കളയുമുള്ള വിശ്രമസ്ഥലം. സംഭവബഹുലമാണ് ഈ കുടിലുകളിലെ താമസം.

അരമണിക്കൂറോളം മുന്നോട്ട് നടക്കണം. ഒരു പാറയില്‍ ഇരുന്നു. എടുത്തെറിയുന്നപോലെ വീശിയടിക്കുന്ന ഹിമക്കാറ്റിന്റെ ഹുങ്കാരം. അസ്തമയം അടുക്കുന്നു. അവിടവിടെ വേറിട്ട് മേഞ്ഞിരുന്ന ആട്ടിന്‍പറ്റങ്ങള്‍ ഒന്നിച്ചുചേരാന്‍ തുടങ്ങി. രണ്ട് ഇടയന്മാര്‍ ഉച്ചത്തില്‍ ചൂളം വിളിച്ച് ആടുകളെ കൂടുതല്‍ അടുപ്പിച്ചു ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമമാണ്. അവരെ സഹായിക്കാന്‍ കറുത്ത രോമങ്ങളുള്ള വലിയ രണ്ട് ഹിമാലയന്‍ നായകളും കൂടെയുണ്ട്. കൂട്ടം തെറ്റി നില്‍ക്കുന്ന ആടുകളെ കാവല്‍നായ്ക്കള്‍ ഓടിച്ച് കൂട്ടത്തില്‍ ചേര്‍ക്കുന്നു. ഹിമക്കാറ്റും അസഹ്യമായ തണുപ്പും കൂടിയപ്പോള്‍ ആടുകള്‍ കൂടുതല്‍ ഒട്ടിനില്‍ക്കാന്‍ തുടങ്ങി. ഹിമക്കാറ്റില്‍നിന്ന് രക്ഷനേടാനാണ് അവ ഇങ്ങിനെ കൂട്ടമായി ചേര്‍ന്നുനില്‍ക്കുന്നത്.

ഇടയന്റെ കഥ
ആടുകളെ ഒന്നിച്ചു ചേര്‍ത്തുനിര്‍ത്തിയശേഷം അവരിലൊരാള്‍ ഞാനും സഹായിയായ തേജ്പാലും ഇരിയ്ക്കുന്ന പാറയുടെ അരികിലേക്ക് ഓടിവന്നു. തേജ്പാലിന്റെ കൈയില്‍ നിന്ന് തീപ്പെട്ടിക്കൊള്ളികള്‍ വാങ്ങാനാണ്.

ഞങ്ങളുടെ താമസസ്ഥലത്തിനടുത്താണ് അവരുടെ രാത്രി വിശ്രമസ്ഥലം. അയാള്‍ ഞങ്ങള്‍ക്കൊപ്പം നടക്കാന്‍ തുടങ്ങി. ഹിമക്കാറ്റിന് ശക്തിയേറി. പഴകി കീറിയ കമ്പിളി വസ്ത്രങ്ങളായിരുന്നു ഇടയന്റേത്. കുറച്ച് ഗ്ലൂക്കോസ് കൊടുത്തപ്പോള്‍ അയാള്‍ സന്തോഷത്തോടെ അത് സ്വീകരിച്ചു. അയാളോട് കുശലങ്ങള്‍ ചോദിച്ചു. വിമുഖതയൊന്നുമില്ലാതെ അയാള്‍ സംസാരിക്കാന്‍ തുടങ്ങി.

ഹിമാലയത്തിലെ ആട്ടിടയന്മാരെ കുറിച്ച് അയാള്‍ പറയുന്നത് കേട്ടപ്പോള്‍ സങ്കടംതോന്നി. അത്യുന്നതങ്ങളിലെ ഈ പുല്‍മേടുകളില്‍ ഹിമക്കാറ്റും ഹിമപാതവും സഹിച്ച് കഠിനമായ കാലാവസ്ഥയില്‍ ആടുകളെ മേയ്ക്കാനായി എത്തുന്നവര്‍. പകല്‍ മുഴുവനും തുറസ്സായ ഹിമാലയത്തില്‍ കാലാവസ്ഥയോട് മല്ലിടുന്ന അവരുടെ രാത്രികളും കഷ്ടതകള്‍ നിറഞ്ഞതാണ്. പുല്ലുമേഞ്ഞ ചെറിയ കുടിലുകളിലാണ് രാത്രി കഴിച്ചുകൂട്ടുന്നത്. ആറുമാസം ഈ കഠിനതകളില്‍ ജീവിച്ച് പര്‍വ്വതങ്ങളില്‍ ഹിമം മൂടുമ്പോള്‍ അവര്‍ ഉയരങ്ങളില്‍ നിന്നിറങ്ങുന്നു. നാട്ടിലെത്തി ആടുകളെ ഉടമസ്ഥരെ തിരികെ ഏല്പിക്കുന്നു. വിലപേശി ഉറപ്പിച്ച് ഒരാടിന് 50 രൂപ എന്ന തോതിലാണ് ഇവര്‍ ആടുകളെ കൊണ്ടുവരുന്നത്. നുറുകണക്കിനാടുകളുണ്ടാകും. എന്തെങ്കിലും കാരണത്താല്‍ കൂട്ടത്തിലൊന്നിനെ നഷ്ടപ്പെട്ടാല്‍ അതിന്റെ വിലയായി കനത്ത തുക ഉടമസ്ഥര്‍ ഇവരില്‍ നിന്നീടാക്കും.

ബീഡിയും തീപ്പെട്ടിയും
ആടുകളെ മേയ്ക്കാന്‍ വരുന്ന ഇടയന്മാരില്‍ കൂടുതലും ഒരേ കുടുംബത്തിലെ അംഗങ്ങളായിരിക്കും. വരുമാനം വീതിച്ചെടുക്കുമ്പോള്‍ എല്ലാം കുടുംബത്തിനുതന്നെ കിട്ടും എന്നതാണ് അതുകൊണ്ടുള്ള ഗുണം എന്ന് അയാള്‍ പറഞ്ഞു. ഈ ഇടയനൊപ്പമുള്ളത് അയാളുടെ അച്ഛനാണ്. ഭക്ഷണത്തെക്കാളുപരി അവരുടെ പ്രധാന ആവശ്യം ബീഡിയും തീപ്പെട്ടിയുമാണ്. സുരക്ഷിതമായി പൊതിഞ്ഞ് നിധിപോലെയാണ് അവരത് സൂക്ഷിക്കുന്നത്. അത് നഷ്ടപ്പെട്ടാലോ തീപ്പെട്ടി തീര്‍ന്നാലോ വാങ്ങാന്‍ കിലോമീറ്ററുകള്‍ താണ്ടി മഞ്ഞുമലകളിലൂടെ താഴോട്ടിറങ്ങണം. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഇവര്‍ മലയിറങ്ങാറുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ ഒരാള്‍ മാത്രം മലയിറങ്ങും മറ്റേയാള്‍ ആടുകള്‍ക്കൊപ്പം നില്‍ക്കും. കാലാവധി കഴിയാതെ ആടുകളെ താഴേക്ക് കൊണ്ടുവരാന്‍ ഉടമസ്ഥര്‍ അനുവദിക്കാറില്ല.

സീസണ്‍ തുടങ്ങി സന്ദര്‍ശകര്‍ എത്തുന്നത് ഇവര്‍ക്ക് സന്തോഷമാണ്. പുകവലിക്കാരായ സന്ദര്‍ശകരെ അവര്‍ കുടുതല്‍ ഇഷ്ടപ്പെടുന്നു. അതുപറയുമ്പോള്‍ അയാള്‍ ചിരിച്ചു. ''ചില സഞ്ചാരികള്‍ തിരിച്ചുപോകുമ്പോള്‍ ബീഡിയും തീപ്പെട്ടിയും സിഗരറ്റുമൊക്കെ തരും. ചോദിച്ചാലും തരാത്തവരും, ചോദിക്കാതെ തരുന്നവരും കൂട്ടത്തിലുണ്ടാവും.'' അയാള്‍ പറഞ്ഞു.

 

ആടുമേയ്ക്കല്‍ കഴിഞ്ഞ് നാട്ടിലെത്തിയാല്‍ മറ്റെന്തെങ്കിലും ചെറു ജോലികള്‍ ചെയ്ത് ഇവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകും. ഇവരുടെ പ്രധാന വരുമാനമാര്‍ഗ്ഗം ആറുമാസത്തിലൊരിക്കല്‍ കിട്ടുന്ന ഈ തുകയാണ്. ജീവിതത്തിലെ പ്രധാന കടമ്പകളൊക്കെയും ഇവര്‍ കടക്കുന്നത് ആടുമേയ്ക്കലില്‍ നിന്നും കിട്ടുന്ന വരുമാനത്തിലൂടെയാണ്.

സഹോദരിയുടെ വിവാഹത്തിനായി പണം സ്വരൂപിക്കുകയാണ് ഇത്തവണ അച്ഛനൊപ്പം ആടുകളുമായി മലകയറിയതിന്റെ പ്രധാന ലക്ഷ്യമെന്ന് അയാള്‍ പറഞ്ഞു. അതു കഴിഞ്ഞാല്‍ സ്വന്തമായി ഒരു കുതിരയെ വാങ്ങണം. കുതിര ഏതൊരു പഹാഡിയുടെയും സ്വപ്‌നമാണ്.

അത്യുന്നതങ്ങളിലെ ജീവിതം ഈ ഇടയന്മാരുടെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. ഓക്‌സിജന്‍ കുറവുള്ള അന്തരീക്ഷത്തില്‍ തണുപ്പില്‍നിന്ന് രക്ഷനേടാനായുള്ള പുകവലി ഇവരെ മാറാരോഗികളാക്കുന്നു. പുകവലി നിര്‍ത്തിക്കൂടെ എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നു. ''അത് ചിന്തിക്കാന്‍പോലും കഴിയില്ല. അതില്ലാതെ ഈ തൊഴില്‍ ചെയ്യാനാവില്ല...''

ബാക്ക് പാക്കില്‍നിന്ന് രണ്ട് വലിയ ഗ്ലൂക്കോസ് പാക്കറ്റുകളും ബിസ്‌ക്കറ്റുകളും എടുത്തുകൊടുത്തു. അവ സ്വീകരിക്കുമ്പോള്‍ അകലെ ഗ്രാമത്തില്‍ തങ്ങളെ കാത്തിരിക്കുന്ന ഉത്തരവാദിത്വങ്ങളെപ്പറ്റി അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു. സഹോദരിയുടെ വിവാഹത്തിനുള്ള സമ്മാനമാണെന്ന് പറഞ്ഞ് കുറച്ച് പണം നല്‍കിയപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു.

പ്രണാം മാതാജീ
പനാറിലെ രാത്രി പിന്നിട്ട് അതിരാവിലെ പഞ്ചഗംഗയിലേയ്ക്കുള്ള യാത്ര തുടങ്ങി. പനാര്‍ ടോപ്പില്‍നിന്ന് ഒറ്റയടി പ്പാതയിലൂടെ നടക്കുമ്പോള്‍ ദൂരെ ഇന്നലെ കണ്ട ആട്ടിന്‍പറ്റങ്ങള്‍ മേയാന്‍ തുടങ്ങിയിരിക്കുന്നു. ഹിമാലയ യാത്രികരെപ്പോലെ കഴിവതും നേരത്തെ ഈ ആട്ടിന്‍കൂട്ടങ്ങളും മേയാനിറങ്ങും.

ആടുകള്‍ക്കൊപ്പം ഇടയനും അയാളുടെ അച്ഛനുമുണ്ട്. അകലെ നിന്ന് അവര്‍ കൈകള്‍ വീശി യാത്ര പറയുന്നുണ്ടായിരുന്നു.അവരുടെ യാത്രാമൊഴി മലകളില്‍ തട്ടി മാറ്റൊലികൊണ്ടു.

36 ദിവസം നീണ്ടുനിന്ന ആ ഹിമാലയന്‍ ട്രക്കിങ്ങില്‍, തദ്ദേശീയരായ പഹാഡികള്‍ മാത്രമായിരുന്നു ഞങ്ങളുടെ സഹായികള്‍. ജീവിതത്തുടിപ്പുകളും പ്രയാസങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ അവര്‍ പങ്കുവെച്ചു.

ഓരോരുത്തര്‍ക്കും പറയാനുള്ളത് വ്യത്യസ്തമായ കഥകളാണ്. നിഷ്‌കളങ്കരായ ആ മനുഷ്യരുടെ കഥകള്‍ വ്യത്യസ്തമാണ്. തീര്‍ഥാടകരെ, പ്രത്യേകിച്ച് സ്ത്രീകളെ അമ്മയെപ്പോലെ സ്‌നേഹിക്കുന്നവര്‍, ദൈവത്തെപ്പോലെ ബഹുമാനിക്കുന്നവര്‍. ഉത്തരാഖണ്ഡിലെ ആ പഹാഡികളെ ആയുസ്സില്‍ മറക്കാനാവില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi