
'നീ നടന്നുപോകുമാ, നീണ്ടുനീണ്ട പാതയില്‍, കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി...'ഈയടുത്ത ദിവസങ്ങളില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കേട്ടത് ഈ പാട്ടായിരിക്കും, കണ്ണുനീരോടെ കാത്തുനിന്നത് ഒരാള്‍ക്കുവേണ്ടിയും. ഷിരൂരില്‍ ഗംഗാവലിപുഴയുടെ തീരത്തുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനുവേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചത് സെപ്റ്റംബര്‍ 25-നാണ്. രണ്ടര മാസം നീണ്ട പ്രാര്‍ത്ഥനകള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യം.
അതിനുശേഷം നാട്ടിലേക്കുള്ള അര്‍ജുന്റെ അവസാനയാത്രയുടെ വീഡിയോയിലും മറ്റും ഏറ്റവും കൂടുതല്‍ കേട്ടത് 'നീ നടന്നുപോകുമാ' എന്ന പാട്ടാണ്. പലര്‍ക്കും കണ്ണീരടക്കാനായില്ല. അര്‍ജുന് വേണ്ടി എഴുതിയ പാട്ടെന്ന് പറഞ്ഞ് അവര്‍ നെഞ്ചോട് ചേര്‍ത്തു. 'അജയന്റെ രണ്ടാം മോഷണം' (എആര്‍എം) എന്ന സിനിമയ്ക്കായി വൈക്കം വിജയലക്ഷ്മി പാടിയ പാട്ടാണിത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ദിബു നൈനാന്‍ തോമസ്.
യൂട്യൂബില്‍ ആ പാട്ടിനുതാഴെ കമന്റുകള്‍ നിറയുന്നു, 'അര്‍ജുന് വേണ്ടി എഴുതിയത് പോലെ ഒരു ഫീല്‍, ഇതുകേള്‍ക്കുമ്പോള്‍ അര്‍ജുനെ ഓര്‍മവരുന്നു, ഈ പാട്ട് കേള്‍ക്കുമ്പോള്‍ അര്‍ജുനും കുഞ്ഞും ഉള്ള വീഡിയോ ആണല്ലോ മനസ്സ് നിറയെ...' അത്രയും ആഴത്തിലാണ് ഈ പാട്ട് എല്ലാവരെയും സ്വാധീനിച്ചിരിക്കുന്നത്.
''ഒരുപാട് പേര്‍ വിളിച്ചു, പാട്ടുകേട്ടിട്ട്. നല്ല സന്തോഷം തോന്നി. പക്ഷേ, അര്‍ജുന്റെ കാര്യം കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. എങ്ങനെയാണ് അര്‍ജുന്റെ വീട്ടുകാരിതൊക്കെ സഹിക്കുന്നത്. എത്രദിവസം കാത്തുനില്‍ക്കേണ്ടി വന്നു, മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെ. അവരിപ്പോള്‍ അനുഭവിക്കുന്നത് നമുക്കൊന്നും ചിന്തിക്കാന്‍ പോലും പറ്റില്ല'', വൈക്കം വിജയലക്ഷ്മി സംസാരിച്ചുതുടങ്ങി.
''ദിബുവാണ് ഈ പാട്ടുപാടാന്‍ എന്നെ വിളിക്കുന്നത്. തമിഴില്‍ ദിബുവിന്റെ സംഗീതത്തില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. 'വായാടി പെത്ത പുള്ള' എന്ന പാട്ട്. അതിനുശേഷം വിളിച്ചത് ഇതിലേക്കാണ്. ഇങ്ങനെയൊരു പാട്ടുണ്ടെന്ന് മാത്രം പറഞ്ഞു. പഠിക്കാനായി ട്രാക്കും അയച്ചുതന്നു. എറണാകുളത്തായിരുന്നു റെക്കോഡിങ്. അവിടെ ചെന്നപ്പോഴാണ് സിനിമയുടെ പേരും, അത് ത്രീഡി ആണെന്നുമൊക്കെ അറിയുന്നത്. പിന്നെ, പാട്ടിലെ സന്ദര്‍ഭങ്ങളെ കുറിച്ചും വിശദമാക്കി തന്നു. ഫീല്‍ വേണമെന്നും പറഞ്ഞു. അങ്ങനെയാണ് പാടിയത്. പാടുന്ന സമയത്ത് എനിക്കും സങ്കടം വന്നു, പ്രത്യേകിച്ച് ചില വരികള്‍'', ഒന്നുനിര്‍ത്തിയിട്ട് വൈക്കം വിജയലക്ഷ്മി മൂളി...'നീ നടന്നുപോകുമാ...'
''കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി എന്ന വരിയൊക്കെ എന്ത് രസമാണ്, എന്തൊരു ഫീലാണ്. അത്രയും അര്‍ത്ഥമുള്ള വരികള്‍. ആ വരികളൊക്കെ കേള്‍ക്കുമ്പോള്‍ ശരിക്കും സങ്കടംവരും. എന്തായാലും ആ പാട്ടിന്റെ ഫീല്‍ ഉള്‍ക്കൊണ്ട് പാടാന്‍ പറ്റിയെന്ന സന്തോഷമുണ്ട്. ആളുകള്‍ ഓരോ പാട്ടും നെഞ്ചിലേറ്റുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണത്''.
ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പാട്ടുകളേതൊക്കെയാണ്? വൈക്കം വിജയലക്ഷ്മിയോട് ചോദിച്ചപ്പോള്‍ ഉടനെ വന്നു ഉത്തരം, ''കാറ്റേ കാറ്റേ, ഒറ്റയ്ക്ക് പാടുന്ന, കൈക്കോട്ടും കണ്ടിട്ടില്ല...ഇങ്ങനെ കുറേ പാട്ടുകളുണ്ട്''.
Content Highlights: vaikom vijalakshmi talking about her new song in ARM
Published: 01 Oct 2024, 01:06 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented