
പനീർ ബട്ടർ മസാല /Photo: Shutterstock
ശരീരത്തിനാവശ്യമായ കാല്‍സ്യം കിട്ടാന്‍ ദിവസവും പാല്‍, തൈര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പാലോ തൈരോ ഇഷ്ടമല്ലാത്തവര്‍ എന്തു ചെയ്യും? അവര്‍ക്കുള്ള മികച്ചൊരു ഓപ്ഷനാണ് പനീര്‍. പാലിലുള്ള എല്ലാ ഗുണങ്ങളും പനീറിലുമുണ്ട്.
പനീര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാനും സാധിക്കും. രണ്ട് ലിറ്റര്‍ പാല്‍ തിളപ്പിച്ച് തീ അണച്ചതിനുശേഷം പാലിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീരോ വിനീഗറോ ചേര്‍ത്ത് യോജിപ്പിക്കുക. പാല്‍ പിരിഞ്ഞുവരുമ്പോള്‍ ഒരു മസ്ലിന്‍ തുണിയിലേക്ക് ഒഴിച്ച് പനീര്‍ അരിച്ചെടുക്കുക. തുണി നന്നായി പിഴിഞ്ഞതിനു ശേഷം മടക്കി പനീറിനു മുകളില്‍ ഒരു കനമുള്ള പാത്രം വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഉപയോഗിക്കാം. ഇത്തവണ ചപ്പാത്തി, വീറ്റ് ബ്രെഡ്, ഫ്രൈഡ്‌റൈസ്, പുലാവ് എന്നിവയോടൊപ്പം വിളമ്പാന്‍ പറ്റിയ പനീര്‍ വിഭവങ്ങള്‍ തയ്യാറാക്കിയാലോ.
മട്ടര്‍ പനീര്‍ ബട്ടര്‍ മസാല
ചേരുവകള്‍:
പനീര്‍ - 200 ഗ്രാം
ഗ്രീന്‍പീസ് - 100 ഗ്രാം
ബട്ടര്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
സവാള - ഒന്ന്
തക്കാളി - ഒന്ന്
ഇഞ്ചി - ഒരിഞ്ച് നീളത്തില്‍
വെളുത്തുള്ളി - ആറ് അല്ലി
ചുവന്നമുളക് - രണ്ട്
പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം - ഒന്ന് വീതം
പെരുംജീരകം - ഒരു ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
കുരുമുളക് - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
കാഷ്യുനട്ട് - ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര- രണ്ട് ടേബിള്‍ സ്പൂണ്‍
കസൂരിമേത്തി - കാല്‍ ടീസ്പൂണ്‍
മല്ലിയില - കാല്‍ കപ്പ്
സൺഫ്‌ളവർ ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: കടായിയില്‍ എണ്ണ ചൂടാക്കി, അതിലേക്ക് ജീരകം, പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, കുരുമുളക്, പെരുംജീരകം എന്നിവ ചേര്‍ക്കുക. സവാള അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നമുളകും ചേര്‍ത്ത് ഒന്ന് വഴറ്റുക. ശേഷം തക്കാളി നാലായി അരിഞ്ഞതും കാഷ്യുനട്ട്‌സും ചേര്‍ത്ത് എല്ലാം ഒന്ന് വഴന്നുവരുമ്പോള്‍ അടുപ്പില്‍നിന്ന് മാറ്റി ആറാന്‍ വയ്ക്കുക. ശേഷം ഈ കൂട്ട് നന്നായി അരച്ചെടുക്കുക. അതേ പാനിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ചേര്‍ത്ത് ചെറുതീയില്‍ വെച്ചതിനുശേഷം മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് പനീര്‍ ക്യൂബും ഗ്രീന്‍പീസും ചേര്‍ത്ത് വഴറ്റുക. രണ്ട് മിനിറ്റിനുശേഷം അരച്ചുവെച്ച കൂട്ട് ചേര്‍ത്ത് അല്പം വെള്ളം ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ക്കുക. ചെറുതീയില്‍ മൂടിവെച്ച് വേവിക്കുക. ഗ്രേവി കുറുകി എണ്ണ തെളിഞ്ഞുവരുമ്പോള്‍ മല്ലിയിലയും കസൂരിമേത്തിയും ചേര്‍ക്കാം. സ്റ്റവ് ഓഫ് ചെയ്തതിനുശേഷം കറി പാത്രത്തിലേക്ക് മാറ്റി മുകളില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ തൂവി വിളമ്പാം.
പനീര്‍ ടിക്ക
ചേരുവകള്‍:
പനീര്‍ - 200 ഗ്രാം
തൈര് - കാല്‍ കപ്പ്
ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി - അര ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
ഗരംമസാല - ഒരു ടേബിള്‍ സ്പൂണ്‍
കസൂരിമേത്തി - അര ടീസ്പൂണ്‍
ചെറുനാരങ്ങ - ഒന്ന്
ബട്ടര്‍, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പനീര്‍ വലിയ ക്യൂബ്‌സ് ആക്കി വയ്ക്കുക. തൈരിലേക്ക് ഇഞ്ചി- വെളുത്തുള്ളി- പച്ചമുളക് പേസ്റ്റും എല്ലാ പൊടികളും നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കട്ടിയുള്ള കൂട്ട് തയ്യാറാക്കുക. പനീറില്‍ ഈ കൂട്ട് ചേര്‍ത്ത് മസാല എല്ലാ വശവും വരുന്ന രീതിയില്‍ പുരട്ടി വയ്ക്കുക. സ്‌ക്യുവേര്‍സില്‍ ഓരോന്നിലും മൂന്ന് ക്യൂബ് പനീര്‍ വീതം കോര്‍ത്തു വയ്ക്കണം. ഒരു നോണ്‍സ്റ്റിക്ക് തവ ചൂടാക്കി ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ചേര്‍ത്ത് അതില്‍ പനീര്‍ സ്‌ക്യുവേര്‍സ് നിരത്തുക. ചെറുതീയില്‍ വെച്ച് ഓരോ വശവും മറിച്ചിട്ട് മൊരിയിച്ചെടുക്കുക. ടിക്ക 180 ഡിഗ്രിയിൽ 15 - 20 മിനിറ്റ് അവനില്‍ വെച്ചും ഗ്രില്‍ ചെയ്‌തെടുക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Paneer dishes that make every meal special
Published: 04 Oct 2025, 12:24 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented