നൂറുവർഷത്തിലധികം പഴക്കമുള്ള തേക്കിൻതടിയിൽ നിർമിച്ച ആ അലമാരയ്ക്ക് പൈതൃക മൂല്യത്തിന്റെ തിളക്കമുണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ടായി അത് തുറന്നിട്ടില്ല. അലമാര കണ്ടപ്പോൾത്തന്നെ വന്യജീവി ഗവേഷകനായ റാസ കാസ്മിയുടെ ഹൃദയം തുടിച്ചു. പക്ഷിനിരീക്ഷകയും ഗവേഷകയുമായ ഇന്ത്യയിലെ ആദ്യത്തെ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമാൽ അറയുടെ വിലപ്പെട്ട പഠനറിപ്പോർട്ടുകളും കുറിപ്പുകളുമായിരുന്നു അലമാരയിൽ. ജമാൽ അറയുടെ മകളും റിട്ട. അധ്യാപികയുമായ മധുക്കയുടെ റാഞ്ചിയിലുള്ള വീട്ടിലായിരുന്നു അലമാര. പക്ഷി നിരീക്ഷണത്തിനായി കാട്ടുപാതകളും മലനിരകളും ഹരിതവനങ്ങളും ചെറുപ്പത്തിൽത്തന്നെ താണ്ടിയ ജമാൽ അറയെ ഇന്ത്യയിലെ ആദ്യത്തെ പക്ഷി നിരീക്ഷകയായി സാക്ഷ്യപ്പെടുത്തിയത് പ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമായ സാലിം അലിയായിരുന്നു. ഛോട്ടാ നാഗ്പ്പുർ (ഇന്നത്തെ ഝാർഖണ്ഡിൽ) നഗരത്തിൽ ജനിച്ചുവളർന്ന ജമാൽ അറ, ബിഹാർ വനാന്തരങ്ങളിലൂടെ പക്ഷികളെത്തേടിപ്പോയിരുന്നു. അമ്മാവൻ സാമി അഹമ്മദ്, ബിഹാറിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. വീട്ടുവളപ്പിലെ ഉദ്യാനത്തിൽനിന്ന് പക്ഷി നിരീക്ഷണം ആരംഭിച്ച ജമാൽ അറയ്ക്ക് കാട്ടുപാതകൾ അമ്മാവൻ തുറന്നുകൊടുത്തു. വർണങ്ങളുടെ വിസ്മയലോകത്തിലേക്ക് അങ്ങനെ അവർ ചിറകടിച്ചുയർന്നു. ചെറുപ്പത്തിൽത്തന്നെ സാലിം അലിയുമായി പരിചയപ്പെടാനും കഴിഞ്ഞു.

''പക്ഷികളുടെ നോട്ടം, തലവെട്ടിച്ചുള്ള ചലനങ്ങൾ, ചിറകടി, ഇരതേടൽ, നാദവും മധുരസംഗീതവും... എല്ലാം എത്ര സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു'' -ജമാൽ അറയുടെ കുറിപ്പുകൾ വായിച്ച സാലിം അലി എഴുതി. സംസാരത്തിനിടെ മധുക്ക, അമ്മയുടെ തുറക്കാത്ത അലമാരയെക്കുറിച്ച് പറഞ്ഞു. താക്കോൽ നഷ്ടപ്പെട്ടതിനാൽ ഒരു കൊല്ലന്റെ സഹായത്തോടെ റാസ കാസ്മിയും മധുക്കയും ചേർന്ന് അലമാര തുറന്നു. അതിൽ ക്രയോൺസിലും പെൻസിലിലും വരച്ച നിരവധി പക്ഷികളുടെ ചിത്രങ്ങൾ അവർ കണ്ടെടുത്തു. ഏകാകിയായി കാട്ടുപാതയിലൂടെ നടന്ന അനുഭവങ്ങളും പക്ഷികളുടെ സംഗീതസാന്ദ്രമായ ഈണങ്ങൾ തേടി കാറ്റിലും ചാറ്റൽമഴയിലും അതിശൈത്യത്തിലും വനാന്തരങ്ങളിലൂടെ നടന്ന അനുഭവങ്ങളും ജമാൽ അറ കുറിച്ചുവെച്ചിരുന്നു. അതിനൊപ്പം 'ബിഹാറിലെ പക്ഷികൾ' എന്ന തലക്കെട്ടുള്ള വലിയൊരു കടലാസുകെട്ടുമുണ്ടായിരുന്നു. കാഴ്ചക്കുറവുണ്ടെങ്കിലും വിറയ്ക്കുന്ന കൈകളോടെ അതിൽ സ്പർശിച്ച് മധുക്ക പറഞ്ഞു: ''കട്ടിലിൽക്കിടന്ന് അന്ത്യനാളുകൾ എണ്ണിയപ്പോഴും അമ്മ പറയാറുണ്ടായിരുന്നു, ബിഹാറിലെ പക്ഷികളെക്കുറിച്ചുള്ള ഒരു വലിയ കടലാസുപൊതി അലമാരയിലുണ്ടെന്ന്. ആ കടലാസുകെട്ട് എനിക്കൊന്ന് കാണണമെന്നും. പക്ഷേ, അത് തുറക്കാൻ കഴിഞ്ഞില്ല. അമ്മതന്നെ താക്കോൽ എവിടെയോ വെച്ച് മറന്നു.'' 

പത്താംക്ലാസ്‌വരെ മാത്രമേ ജമാൽ അറ പഠിച്ചുള്ളു. അതിനുശേഷം പക്ഷിനിരീക്ഷണത്തിൽ മുഴുകി. അമ്മാവനോടൊപ്പം വനയാത്രകൾ പതിവാക്കി. ബ്രിട്ടീഷുകാരായ പ്രകൃതിസ്‌നേഹികളുടെ പുസ്തകങ്ങൾ വായിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം സാലിം അലി അധ്യക്ഷനായ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേർണലുകളിൽ ഇംഗ്ലീഷിലുള്ള കുറിപ്പുകൾ അച്ചടിച്ചുവരാൻ തുടങ്ങി. സാലിം അലി തന്നെയാണ് അവ സൂക്ഷ്മമായി പരിശോധിച്ച് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. 26-ാം വയസ്സിലാണ് ജമാൽ അറയുടെ ആദ്യകുറിപ്പുകൾ (1949) സാലിം അലിയുടെ ജേർണലിൽ പ്രസിദ്ധീകരിച്ചത്. ബിഹാറിലെ വന്യജീവി സങ്കേതങ്ങളെക്കുറിച്ചുള്ളതായിരുന്നു. അതിന് ശേഷമാണ് ബിഹാറിലെ പക്ഷികളെക്കുറിച്ച് എഴുതാൻ ആരംഭിച്ചത്.

1935 മുതൽ കുങ്കുമനിറമുള്ള താറാവുകൾക്ക് വംശനാശം നേരിട്ടുവെന്ന് ഗവേഷകർ കണ്ടെത്തുകയുണ്ടായി. ബിഹാറിലും പരിസരങ്ങളിലും ജമാൽ അറ എന്ന പെൺകുട്ടി അതിസാഹസികമായി അവയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 1960-ൽ ഇതേക്കുറിച്ച് ജേർണലിൽ അവർ എഴുതുകയുണ്ടായി. ഇന്ത്യൻ വന്യജീവി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെക്കുറിച്ച് പത്രപ്രവർത്തക അനിതാമണി തയ്യാറാക്കിയ 'വിമൻ ഇൻ ദി വൈൽഡ്' എന്ന ഗ്രന്ഥത്തിൽ ഒരധ്യായം ജമാൽ അറയെക്കുറിച്ചാണ്. 1960 മുതൽ ജമാൽ അറയുടെ കുറിപ്പുകളും ലേഖനങ്ങളും ചിറകടിച്ചുയരാൻതുടങ്ങി. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ഉപദേശക സമിതിയിൽ 1970-ൽ അംഗമായതോടെ അവർ പ്രശസ്തയായി.

ജമാൽ അറ പലപ്പോഴായി പ്രസിദ്ധീകരിച്ച കുറിപ്പുകളും ലേഖനങ്ങളും ആരെയും വിസ്മയിപ്പിക്കുന്നതാണെന്ന് റാസ കാസ്മി പറയുന്നു. ''അന്നത്തെ ഭൂപ്രകൃതി ഇപ്പോൾ മാറിക്കഴിഞ്ഞു. ചിലയിടങ്ങളിൽ വിനാശകരമായ മാറ്റങ്ങൾ പ്രകൃതിയെ കീഴ്‌മേൽ മറിച്ചു. അതിനാൽ കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞുനോക്കാൻ മാൽ അറയുടെ കുറിപ്പുകൾ സഹായിക്കും.'' പക്ഷികളുടെ വാസസ്ഥലങ്ങൾ മുൻനിർത്തിയുള്ള ലേഖനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ജമാൽ അറ കുറിപ്പുകൾ തയ്യാറാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിനായി ജനപങ്കാളിത്തം കൂടിയേ തീരൂവെന്ന മഹത്തായ സന്ദേശവും അവർ നൽകുകയുണ്ടായി. പക്ഷേ, 1988 മുതൽ അവർ എഴുത്ത് നിർത്തി. വനസഞ്ചാരവും അവസാനിപ്പിച്ചു. 1995-ൽ മരിക്കുന്നതു വരെ ഈ രംഗത്തുനിന്ന് വിട്ടുനിന്നു. എല്ലാ സുഹൃദ്ബന്ധങ്ങളും വിച്ഛേദിച്ച നിലയിലായിരുന്നു. ഇത് നിഗൂഢമായ സ്ഥിതിവിശേഷമായി റാസ കാസ്മിക്ക് അനുഭവപ്പെട്ടു. മകൾ മധുക്കയോട് തിരക്കിയിട്ടും അതിനുള്ള മറുപടി ലഭിച്ചില്ല. ജമാൽ അറയുടെ ഒരു ചിത്രം പോലും എങ്ങും കിട്ടാനില്ലായിരുന്നു. ഒടുവിൽ വളരെ പണിപ്പെട്ടാണ് റാസ കാസ്മിക്ക് മറ്റൊരാളിൽനിന്ന് അവരുടെ പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ലഭിച്ചത്. അത് കാണാനാകട്ടെ കാഴ്ചശക്തി കുറഞ്ഞ മകൾ മധുക്കയ്ക്ക് കഴിഞ്ഞതുമില്ല. ജമാൽ അറയുടെ പിതാവ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഹമീദ്‌ബേ എന്ന പത്രപ്രവർത്തകനായിരുന്നു അവരുടെ ഭർത്താവ്. പിൽക്കാലത്ത് അവർ വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. ജമാൽ അറയെയും മകൾ മധുക്കയെയും സംരക്ഷിച്ചത് അമ്മാവനായ സാം അഹമ്മദായിരുന്നു. ''പലപ്പോഴും അമ്മാവന് സ്ഥലംമാറ്റം കിട്ടുമ്പോൾ ഞാനും അമ്മയും അദ്ദേഹത്തോടൊപ്പം അവിടെയുള്ള വനങ്ങളിലൂടെ സഞ്ചരിച്ച് പക്ഷികളെ നിരീക്ഷിച്ചിട്ടുണ്ട്. എത്രയോ വനപ്രദേശങ്ങളും അറിയപ്പെടാത്ത പക്ഷികളെയുമെല്ലാം കാണാൻകഴിഞ്ഞു. എല്ലാം സുഖകരമായ ഓർമ്മകൾ'' മധുക്ക മന്ത്രിച്ചു. ഇന്ത്യയിലെ ആദ്യത്തെ പക്ഷിനിരീക്ഷക എന്ന് വിളിപ്പേരിനുടമ, അവസാനകാലത്ത് എഴുത്തും നിരീക്ഷണവും ഉപേക്ഷിച്ച് ഏകാന്തവാസം നയിച്ചു. 1995-ൽ 72-ാം വയസ്സിൽ ജമാൽ അറ ലോകത്തോട് വിടപറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbiurl.in/grihalakshmi