യുദ്ധം തകർത്ത, മനുഷ്യന്റെ നിലനിൽപുപോലും അപകടത്തിലായ യുക്രെയ്നിൽ ഒരുകൂട്ടം കുഞ്ഞനെലികളെ രക്ഷിക്കാൻ പെടാപ്പാടുപെടുന്ന സയന്റിസ്റ്റിന്റെ കഥയാണിത്. പേര്, മിഖായേൽ റസിൻ. സംരക്ഷിക്കുന്നത് വംശനാശഭീഷണിയിലായ യൂറോപ്യൻ ഹാംസ്റ്ററുകളെയും. കീവ് മൃഗശാലയ്ക്കു കീഴിൽ ഹാംസ്റ്ററുകൾക്കായി ഒരു രക്ഷാകേന്ദ്രമുണ്ടാക്കിയിരുന്നു അദ്ദേഹം.
അപകടാവസ്ഥയിൽ കഴിയുന്ന ഹാംസ്റ്ററുകളെ പിടിച്ചുകൊണ്ടുവന്ന് പരിപാലനം നൽകി കൂടുതൽ സുരക്ഷിതവും സ്വാഭാവികവുമായ ആവാസ വ്യവസ്ഥകളിലേക്ക് തിരിച്ചുവിടുക, പ്രജനനം നടത്തുക എന്നിവയായിരുന്നു ദൗത്യം. പക്ഷേ യുദ്ധം സ്ഥിതി ആകെ മാറ്റി. 2023 ഫെബ്രുവരിയിൽ, ഖേർസൺ മുതൽ കീവ് വരെയുള്ള നഗരങ്ങളിൽ ക്രൂയിസ് മിസൈലുകൾ പതിച്ചപ്പോൾ, കീവിൽ ഏകദേശം ഒരാഴ്ചത്തേക്ക് ചൂടും വൈദ്യുതിയും മുടങ്ങി.
മൃഗശാലയിലെ ഹാംസ്റ്ററുകളെക്കുറിച്ചോർത്ത് റസിന് ഉറങ്ങാനായില്ല. ഇരുണ്ട മുറിയിലെ ഒറ്റപ്പെട്ട കൂടുകളിൽ ശിശിരനിദ്രയിലായിരുന്നു ഹാംസ്റ്ററുകളപ്പോൾ. അവ പൊതുവേ തണുപ്പ് സഹിക്കുന്നവയാണെങ്കിലും, ശരീരതാപനില ഒരുപാട് താഴ്ന്നാൽ രക്ഷപ്പെടാനാവില്ല. അങ്ങനെ തന്നെക്കൊണ്ടാവുംവിധം അവയ്ക്കുള്ള സൗകര്യം പുനഃസ്ഥാപിക്കാൻ അദ്ദേഹം ശ്രമിച്ചു. യുദ്ധംമൂലം വരുമാനം നിലച്ചപ്പോഴും അദ്ദേഹം ദൗത്യത്തിൽ നിന്ന് പിന്നോട്ടുപോയില്ല. ആ കഠിനമായ ശൈത്യകാലത്തെ റൂസിൻ്റെ ഹാംസ്റ്ററുകൾ അതിജീവിച്ചു.
പക്ഷേ, പിന്നീടുവന്ന വേനൽക്കാലം മറികടക്കാൻ പലതിനുമായില്ല. കേന്ദ്രത്തിലേക്ക് ആവശ്യത്തിന് വൈദ്യുതി എത്താത്തതിനാൽ ചൂട് അനിയന്ത്രിതമായി കൂടി. ഹാംസ്റ്ററുകളിൽ പലതും ഹൈപ്പർതെർമിയ ബാധിച്ച് മരിച്ചു. കിഴക്കൻ യുക്രെയ്നിൽ വന്യതയിൽ കഴിഞ്ഞ ഹാംസ്റ്റർ കൂട്ടങ്ങൾ അപ്രത്യക്ഷമായി. യുദ്ധമില്ലായിരുന്നെങ്കിൽ പോലും യൂറോപ്യൻ ഹാംസ്റ്ററുകളുടെ തിരിച്ചുവരവ് എളുപ്പമായിരുന്നില്ല. യുദ്ധം സ്ഥിതി കൂടുതൽ വഷളാക്കി. യുക്രെയ്നിൽ ആയിരത്തോളം ഹാംസ്റ്ററുകൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. അതേസമയം, ദൗത്യവുമായി മുന്നോട്ടുപോവുകയാണ് റസിൻ.
അവസാനത്തെ ഹിമയുഗം മുതൽ ഭൂമുഖത്ത് വസിക്കുന്നവരാണ് യൂറോപ്യൻ ഹാംസ്റ്ററുകൾ. പക്ഷേ, ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെ, വർഷത്തിൽ അഞ്ച് ലക്ഷത്തോളം ഹാംസ്റ്ററുകളെ രോമത്തിനായി കൊന്നൊടുക്കി. കൃഷിരീതി മാറിയതോടെ അവയുടെ ഭക്ഷണ വൈവിധ്യവും ഇല്ലാതായി.
വർഷംതോറുമുള്ള ശിശിരനിദ്രയിൽ നിന്ന് ഉണർന്ന് ഭക്ഷണം കഴിക്കാൻ നോക്കുമ്പോൾ ഹാംസ്റ്ററുകൾ കണ്ടത് ഉഴുതുമറിച്ച വയലുകളാണ്. കഴിക്കാനൊന്നുമില്ല, ഇരപിടിയന്മാരിൽ നിന്ന് ഒളിക്കാൻ സ്ഥലങ്ങളുമില്ല. അങ്ങനെയവർ കൂട്ടമായി ഇല്ലാതായി. അവശേഷിച്ചവയുടെ ആവാസവ്യവസ്ഥയെ യുദ്ധവും തകർത്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Amidst the Ukraine war, a dedicated scientist fights to protect critically endangered European hamsters. Discover his urgent mission and the devastating impact of conflict on these tiny creatures.
Published: 29 Sept 2025, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented