എപ്പോഴും ജോലിചെയ്തുകൊണ്ടിരിക്കുന്ന ശരീരത്തിന് വിശ്രമം ലഭിക്കാനുള്ള മാർഗമാണ് ഉറക്കം. നന്നായൊന്ന് ഉറങ്ങിയെണീറ്റാൽ ഉന്മേഷം തോന്നുന്നതിന് കാരണവും അതാണ്. എന്നാൽ മാറിയ ആഹാരരീതികളും ജീവിതശൈലിയുമെല്ലാം ഉറക്കത്തെ നഷ്ടമാക്കുന്നുണ്ട്.

എത്രസമയം ഉറങ്ങണമെന്ന് നിശ്ചയിക്കുന്നത് ശരീരത്തിലെ ബയോളജിക്കൽ ക്ലോക്കാണ്. ശരീരത്തിലെ ഹൈപ്പോതലാമസിന്റെ പ്രവർത്തനച്ചിട്ടയാണ് ഇത്. ഉറക്കത്തിലെ ചെറിയ വ്യത്യാസങ്ങളെല്ലാം ഈ ക്ലോക്ക് പരിഹരിക്കും. എന്നാൽ ഉറക്കതടസ്സം സ്ഥിരമാകുമ്പോൾ സംഗതി താളംതെറ്റും. ശാരീരികവും മാനസികവുമായി പല പ്രയാസങ്ങളും ഉണ്ടാകും.

എത്രനേരം ഉറങ്ങണം
നവജാതശിശുക്കൾ 14 മുതൽ 16 മണിക്കൂർ നേരം ഉറങ്ങണം. ഒരുവയസ്സുമുതൽ ആറുവയസ്സുവരെയുള്ള കുട്ടികൾക്ക് 10-12 മണിക്കൂർ ഉറക്കം ആവശ്യമാണ്. പതിനാറ് വയസ്സിന് മുകളിലുള്ളവർക്ക് ആറരമുതൽ എട്ടുമണിക്കൂർ വരെ ഉറക്കം വേണം. മധ്യവയസ്സിന് ശേഷം ആറു മുതൽ എട്ടുമണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്.

ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ
ഉറക്കക്കുറവിന്റെ പൊതുവായ ചില ലക്ഷണങ്ങൾ ഇവയാണ്.

* രാവിലെ എഴുന്നേൽക്കുമ്പോഴുള്ള ഉത്കണ്ഠ. വേണ്ടപോലെ ഉറങ്ങിയില്ലല്ലോ എന്ന ആശങ്ക.

* ദിവസംമുഴുവൻ നീണ്ടുനിൽക്കുന്ന ക്ഷീണം.

* രാത്രി ഞെട്ടി ഉണരുന്നത് പതിവാകുക.

ഉറക്കം കുറഞ്ഞാൽ രോഗസാധ്യത
ഉറക്കം കുറയുന്നത് അമിത ബി.പി മുതൽ മാനസിക പ്രശ്‌നങ്ങൾക്ക് വരെ വഴിയൊരുക്കാം. പല രോഗങ്ങളുടേയും തീവ്രത കൂടാനും ഇത് ഇടയാക്കും.

അമിത ബി.പി.
മനസ്സും ശരീരവും വിശ്രമിക്കുന്ന സമയമാണ് ഉറക്കം. ഹൃദയമിടിപ്പ് കുറഞ്ഞിരിക്കും. എന്നാൽ ഉറക്കമില്ലാത്തവരിൽ കിടന്നാലും അവയവങ്ങൾക്ക് വിശ്രമമുണ്ടാവില്ല. ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മർദം ഉയരുകയും ചെയ്‌തേക്കാം.

അമിതവണ്ണം
ഉറക്കം കുറഞ്ഞാലും തടികൂടാൻ സാധ്യതയുണ്ട്. ഉറക്കക്കുറവ് വിശപ്പ്, ആഹാരം വിഘടിക്കൽ എന്നിവയെ സഹായിക്കുന്ന ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കും. ദഹനം വേണ്ടവിധം നടക്കാതെ പോകും. അവ കൊഴുപ്പ് രൂപത്തിൽ അടിയുകയും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാം.

പ്രമേഹം
ഉറക്കം നഷ്ടമാകുന്നത് പ്രമേഹസഹാധ്യത കൂട്ടും. ആറുമണിക്കൂറിൽ കുറവ് സമയം ഉറങ്ങുന്നവരിൽ ഇൻസുലിന്റെ അളവ് കുറഞ്ഞേക്കാം. രക്തത്തിൽ

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഇൻസുലിൻ പ്രധാനമാണ്. നിലവിൽ പ്രമേഹമുള്ളവർക്ക് ഉറക്കപ്രശ്‌നങ്ങൾ കൂടാനും സാധ്യതയുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi