
ഖജുരാഹോയിലെ ഒരു ക്ഷേത്രം | ഫോട്ടോ: എൻ ഗൗരി
ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ സോഷ്യല്‍ സ്റ്റഡീസ് ടെക്സ്റ്റ് ബുക്കിലാണ് ആദ്യമായി ''ഖജുരാഹോ'' എന്ന പേര് കേള്‍ക്കുന്നത്. അവിടെ മുഴുവന്‍ 'മറ്റേ' പ്രതിമകളാ എന്ന് ക്ലാസ്സില്‍ ആരോ അടക്കം പറഞ്ഞതും ഓര്‍ക്കുന്നു. പിന്നീട് പല ഡോക്യൂമെന്ററികളും ലേഖനങ്ങളും വഴി ഖജുരാഹോ കൂടുതല്‍ സുപരിചിതമായി. അതുകൊണ്ട് മധ്യപ്രദേശില്‍ കാലുകുത്തിയപ്പോള്‍തന്നെ ഉറപ്പിച്ചു, ഇനി ഖജുരാഹോ കണ്ടിട്ടേ ബാക്കി കാര്യമുള്ളൂവെന്ന്. ഗ്വാളിയറില്‍ നിന്ന് ഉച്ചക്ക് പുറപ്പെടുന്ന ട്രെയിനില്‍ കയറി. ഏകദേശം ഏഴുമണിക്കൂര്‍ ദൂരം. എതിരെയുള്ള സീറ്റുകളില്‍ നവദമ്പതികളാണ്. ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ അവര്‍ കഴിക്കാന്‍ തുടങ്ങിയതാണ്. കത്തിയും മുള്ളും സ്പൂണും മുളകുപൊടിയുമൊക്കെയായി അവര്‍ ഒരു അടുക്കളതന്നെ കൂടെ കൊണ്ടുവന്നിട്ടുണ്ട്. ദാല്‍ചാവലും ബ്രെഡും ജാമുമൊക്കെ കഴിച്ചുകഴിഞ്ഞ് പെണ്ണ് അടുത്ത ഐറ്റം പുറത്തെടുത്തു. നല്ല മൂത്ത നീലം മാങ്ങ. അവള്‍ അതൊരു തട്ടത്തില്‍ പൂളിയിട്ടുകൊണ്ടേയിരുന്നു. ശേഷം ഓരോ മാങ്ങാപ്പൂളിലും നേരത്തെ തയാറാക്കി വെച്ച ഉപ്പും മുളകും ചാട്ട് മസാലയും ചേര്‍ന്ന മിശ്രിതം തൂകി. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ആസ്വദിച്ചു കഴിക്കുകയാണ്. വേറെന്തും ഞാന്‍ സഹിക്കും. പക്ഷെ, പച്ചമാങ്ങ! വായില് കപ്പലോടി! അവര്‍ക്ക് എന്റെ കൊതി കിട്ടണ്ടെന്ന് കരുതി ഞാന്‍ കണ്ണടച്ചു കിടന്നു. കണ്ണു പിന്നെ തുറന്നത് ഖജുരാഹോ സ്റ്റേഷനില്‍ ആണ്. ഒരു കുഞ്ഞു സ്റ്റേഷന്‍. മനുഷ്യരേക്കാളേറെ പശുക്കളും കാളകളുമാണ് സ്റ്റേഷനിലുള്ളത്. പുറത്തേക്കിറങ്ങിയതും ഓട്ടോക്കാരും ടാക്‌സിക്കാരും പുന്നെല്ല് കണ്ട എലികളെപ്പോലെ എന്റെ കൂടെയിറങ്ങിയ വെള്ളക്കാരെ വളഞ്ഞുപിടിച്ചു. ഈ ബഹളത്തില്‍ ഒന്നും പെടാതെ ഞാന്‍ അവിടെയുള്ളൊരു ചായക്കടയില്‍ കയറി ഒരു കട്ടന്‍ പറഞ്ഞു.
“മാഡം! വുഡ് യു ലൈക് എ റൈഡ്? ഐ ഹാവ് പ്രീമിയം ടാക്‌സി.” ലേശം അമേരിക്കന്‍ ശൈലിയില്‍ അയാള്‍ പറഞ്ഞുനിര്‍ത്തി. ഞാന്‍ മുഖമുയര്‍ത്തി നോക്കി. കൈയ്യില്ലാത്ത ഡെനിം കുപ്പായം, കാലില്‍ സ്ലിപ്പറുകള്‍, മെലിഞ്ഞൊട്ടിയ കവിളുകള്‍, നീണ്ടുവളഞ്ഞ മൂക്കിനോട് ചേര്‍ന്നിരിക്കുന്ന കറുത്ത കണ്ണട, ഗുട്കക്കറ പറ്റിയ പല്ലുകള്‍, മുന്‍വശത്തെ താഴത്തെ നിരയിലെ രണ്ടുപല്ലുകള്‍ മിസ്സിങ്ങാണ്. ഏകദേശം അന്‍പത് വയസ്സിനടുത്തു പ്രായം. “മൈസെല്‍ഫ് ഭോല! ദി ബെസ്റ്റ് ഡ്രൈവര്‍ ഇന്‍ ഖജുരാഹോ”
ചായയുടെ പൈസ കൊടുത്ത് ഞാന്‍ ചോദിച്ചു, “എനിക്കൊരു ടു വീലര്‍ ഒപ്പിച്ചു തരാമോ? കമ്മിഷന്‍ തരാം.”
“ഇവിടെയെങ്ങും ടു വീലര്‍ കിട്ടില്ല മാഡം. കിട്ടുവാണെങ്കില്‍ തന്നെ നല്ല വാടക കൊടുക്കണം.” ആള് പറയുന്നത് കള്ളമല്ല. ഓണ്‍ലൈനില്‍ അങ്ങനെ വാടകക്ക് കൊടുക്കുന്ന പരിപാടി എങ്ങും കണ്ടില്ല. രണ്ടു മൂന്നു നമ്പറില്‍ വിളിച്ചു ചോദിച്ചപ്പോള്‍ ആയിരം, എണ്ണൂറ് എന്നൊക്കെയാണ് ദിവസവാടക പറഞ്ഞത്. ഒടുവില്‍ ഞാനും ഭോലഭയ്യയും ചര്‍ച്ചചെയ്ത് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും നഷ്ടംപറ്റാത്ത ഒരു തുകയില്‍ എത്തിച്ചേര്‍ന്നു കൈയും കൊടുത്തു. ശേഷം എന്റെ സാരഥി പെട്ടിയൊക്കെ കാറില്‍ കയറ്റിവെച്ചു. വരണ്ട പൊടിപാറുന്ന വീഥികള്‍. പ്രധാനറോഡുകള്‍ കഴിഞ്ഞാല്‍ പിന്നെ മുഴുവന്‍ കുണ്ടും കുഴിയുമാണ്.
“മാഡം! നമുക്കിന്ന് കിഴക്കുള്ള അമ്പലങ്ങളില്‍ പോകാം. നാളെ ഫുള്‍ ഡേ കൊണ്ട് ബാക്കി കവര്‍ ചെയ്യാം.” ഞാന്‍ തലയാട്ടി.
ഒന്‍പതാം നൂറ്റാണ്ടില്‍ മധ്യഭാരതം അടക്കി ഭരിച്ചിരുന്ന ചണ്ഡേല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഖജുരാഹോ. ഖജുരാഹോയില്‍ പ്രധാനമായും മൂന്നു ക്ഷേത്രസമുച്ചയങ്ങള്‍ ആണുള്ളത്- കിഴക്കും പടിഞ്ഞാറും തെക്കും. ഇതില്‍ പടിഞ്ഞാറെ സമുച്ചയമാണ് ഏറ്റവും പ്രശസ്തം. കിഴക്കന്‍ സമുച്ചയം പ്രധാനമായും ജൈനക്ഷേത്രങ്ങള്‍ ആണ്. വൈകുന്നേരം ആയതുകൊണ്ട് തന്നെ എല്ലാം ഒറ്റയടിക്ക് കണ്ടുതീര്‍ക്കുന്നത് നടക്കില്ല. അതുകൊണ്ട് കിഴക്കു പോകുന്നത് തന്നെയാണ് ഉത്തമം.
വണ്ടി കിഴക്കന്‍ സമുച്ചയത്തിന്റെ മുന്നില്‍ ചെന്നുനിന്നു. പ്രധാനമായും ഇവിടെ മൂന്നു ക്ഷേത്രങ്ങളാണുള്ളത്. പാര്‍ശ്വനാഥ്, ആദിനാഥ്, ഘണ്ടായി. ഇവ മൂന്നും ജൈനക്ഷേത്രങ്ങളായിരുന്നു. അകത്തേക്ക് ചെന്നതും ആദ്യം കണ്ണുടക്കിയത് പാര്‍ശ്വനാഥ് ക്ഷേത്രത്തിലാണ്. ഗംഭീരകൊത്തുപണികള്‍! കൂട്ടത്തില്‍ ചെറിയ ക്ഷേത്രങ്ങളായ ഇവക്ക് ഇത്ര ഭംഗിയാണെങ്കില്‍ എന്തായിരിക്കും പ്രധാനസമുച്ചയമായ പടിഞ്ഞാറില്‍ ഉള്ള ക്ഷേത്രങ്ങള്‍! ഞാന്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു. ഇവിടെ അധികം വിനോദസഞ്ചാരികള്‍ ഇല്ല. കൂടുതലും ജൈനമതവിശ്വാസികളാണ്. വീഡിയോ എടുക്കാന്‍ പറ്റിയ ശാന്തസുന്ദരമായ സ്ഥലം.
ഞാന്‍ മെല്ലെ ക്യാമറ ഓണാക്കി. കൊത്തുപണികളുടെ ലോങ്ങ് ഷോട്ട് എടുത്തുകൊണ്ടു തുടങ്ങാം. പെട്ടെന്ന് ഫ്രെയിമില്‍ ഒരാളു കേറി. ഞാന്‍ കറണ്ട് അടിച്ചപോലെ ഞെട്ടി കണ്ണടച്ചു. ആള് പരിപൂര്‍ണനഗ്‌നന്‍ ആണ്! കൈയ്യിൽ ഒരു മയില്‍പീലി വിശറിയുണ്ട്. അതിങ്ങനെ വീശുന്നുണ്ടെന്നല്ലാതെ മറ്റൊരു പ്രയോജനവുമില്ല. ഞെട്ടല്‍ ഒന്നു വിട്ടുമാറിയപ്പോള്‍ ഞാന്‍ അയാള്‍ പോയ ദിശയില്‍ നടന്നു. പുള്ളി ശ്രീകോവിലിന്റെ മുന്നിലെ പീഠത്തില്‍ ചമ്രംപടിഞ്ഞിരിപ്പുണ്ട്. ഒരു കുടുംബം മുഴുവന്‍ പുള്ളിയുടെ മുന്നില്‍ മുട്ടുകുത്തി നമസ്‌കരിക്കുന്നുണ്ട്. സ്ത്രീകള്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നു, ഇദ്ദേഹം അവരോട് സംസാരിക്കുന്നു. മൊത്തത്തില്‍ ഇതെല്ലാം ഞാന്‍ വാ പൊളിച്ച് കണ്ടു. അല്പം കഴിഞ്ഞ് എനിക്ക് സംഗതി മെല്ലെ പിടികിട്ടി. പാര്‍ശ്വനാഥ് വെറും ഒരു ജൈനക്ഷേത്രം അല്ല, ദിഗംബരജൈനക്ഷേത്രമാണ്. പല ലേഖനങ്ങളും വായിച്ചപ്പോളും ഇത് ഞാന്‍ ശ്രദ്ധിച്ചില്ല. ജൈനമതത്തില്‍ രണ്ടു തരം സന്യാസം ഉണ്ട്- ദിഗംബരയും ശ്വേതാമ്പരയും. ദിഗംബരസന്യാസികളുടെ ദേഹത്ത് നൂല്‍ബന്ധം കാണില്ല. ഇവര്‍ കോഴിഞ്ഞുവീണ മയില്‍പീലികള്‍ കൊണ്ടുത്തീര്‍ത്ത 'പിച്ഛി' എന്ന വിശറി മാത്രമാണ് കൈയ്യില്‍ കരുതുക. ഈ വിശറിയുടെ പ്രധാനകര്‍മം നടക്കുമ്പോഴും ഇരിക്കുമ്പോഴും മാര്‍ഗത്തിലുള്ള പ്രാണികളെ തുരത്തുക എന്നതു മാത്രമാണ്. കാരണം പ്രാണികളെ കൊല്ലുന്നത് ഇവരുടെ വിശ്വാസത്തില്‍ പാപമാണ്. ശ്വേതാമ്പരസന്യാസികള്‍ വെള്ളവസ്ത്രം ധരിച്ചവരായിരിക്കും. ഇവരില്‍ സ്ത്രീകളും ഭിന്നലിംഗത്തിൽപ്പെട്ടവരും ദീക്ഷ സ്വീകരിക്കാറുണ്ട്. എന്നാല്‍ ദിഗംബരന്മാര്‍ വിശ്വസിക്കുന്നത് സത്പുരുഷന്മാര്‍ ഒഴികെ മറ്റാരും ഒരിക്കലും നിര്‍വാണമടയില്ല എന്നാണ്. അതുകൊണ്ട് പുരുഷസന്യാസികള്‍ മാത്രമേ അവരുടെ ഇടയിലുള്ളു. അവിടെയും ഇവിടെയുമൊക്കെയായി ഇവരെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമായാണ്. കുറച്ചു മുന്‍പോട്ട് നടന്നപ്പോള്‍ ഇവരുടെ ആശ്രമം പോലൊരു കെട്ടിടം കാണ്ടു. തുറന്നിട്ട ഓരോ കുഞ്ഞുമുറിയുടെയും വാതില്‍ക്കല്‍ ഓരോ ദിഗംബരസന്യാസികളും ഇരിക്കുന്നു. അനുഗ്രഹം വാങ്ങാനായി ഭക്തരുടെ നീണ്ട നിരയും.
പുറത്തിറങ്ങിയതും ഒരു കുഞ്ഞിക്കൈ എന്നെ വന്നു തൊട്ടു. കഷ്ടിച്ച് അവള്‍ക്കൊരു എട്ട് വയസ്സുകാണും. കൈയ്യില്‍ പിടിച്ചിരിക്കുന്ന ട്രേ നിറയെ ഫ്രിഡ്ജ് മഗ്‌നെറ്റും കീചെയിനുമാണ്. വെള്ളം കണ്ടിട്ട് ആഴ്ചകളായ പാറിപ്പറന്നു നടക്കുന്ന ചെമ്പന്‍ മുടി, പൊടി പുരണ്ട മുഖവും ഉടുപ്പും. പാല്‍പ്പല്ല് ഒന്നുരണ്ടെണ്ണം കൊഴിഞ്ഞിട്ടുണ്ട്. പേര് ലക്ഷ്മി! ഐശ്വര്യത്തിന്റെയും സമ്പത്സമൃധിയുടെയും ദേവീനാമം! അവളുടെ കൈയ്യില്‍ നിന്ന് ഞാന്‍ കുറച്ചു സാധനം വാങ്ങി. ശേഷം ചോദിച്ചു,
''ഗോല(ഐസ് മിട്ടായി) ഖാവോഗി?” കണ്ണുകള്‍ രണ്ടും വിടര്‍ത്തി അവള്‍ തലയാട്ടി.
ഞങ്ങള്‍ രണ്ടാളും തൊട്ടടുത്ത കടയില്‍ നിന്ന് രണ്ട് ഗോല വാങ്ങി. ഗോലയില്‍ നിന്ന് ഊറിവന്ന തണുത്ത വെള്ളം അവള്‍ തെല്ലും പഴക്കാതെ കുടിച്ചു.
''ലക്ഷ്മി, തു സ്‌കൂള്‍ ജാത്തി ഹെ ക്യാ? '(നീ സ്‌കൂളില്‍ പോകാറുണ്ടോ?) അവള്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. തുടര്‍ന്ന് ഒന്നും ചോദിക്കാന്‍ തോന്നിയില്ല.
വടക്കോട്ടൊക്കെ യാത്ര പോകുമ്പോള്‍ ഏറ്റവും വിഷമമുണ്ടാക്കുന്ന കാര്യമാണ് ഈ ബാല്യങ്ങള്‍. തീന്മേശ തുടച്ചും പാത്രം കഴുകിയും പിച്ചയെടുത്തും വഴിയോരത്തു സാധനങ്ങള്‍ വിറ്റും സര്‍ക്കസ് കൂടാരത്തിലും ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍.
തിരിച്ച് ഹോട്ടലില്‍ വിട്ടിട്ട് ഭോല ഭയ്യ പ്രാസം ഒപ്പിച്ചു പറഞ്ഞു, ''മാഡം ടുമോറോ ഷാര്‍പ് ഏയ്റ്റ്! ഡോണ്ട് ബി ലേറ്റ്.”
പിറ്റേന്ന് രാവിലെ തന്നെ മൂപ്പര് ഹാജര്‍ ആയിരുന്നു. ഇന്നലെ അധികം മിണ്ടാത്ത ഭോല ഭയ്യ ഇന്ന് വാചാലനായിരുന്നു. പതിനഞ്ചാം വയസ്സില്‍ ആണ് ഭയ്യയുടെ വിവാഹം. ഖജുരാഹോയിലൊക്കെ പല ഗ്രാമങ്ങളിലും ഇന്നും ഈ പ്രായത്തിലൊക്കെ വിവാഹം കഴിക്കാറുണ്ട്. ഭാര്യയും കുട്ടികളും ഗ്രാമവും അമ്മയും അച്ഛനും എന്നുതുടങ്ങി, മുപ്പതാം വയസ്സില്‍ പുള്ളി അനുരക്തനായ ഫ്രഞ്ച്കാരി മദാമ്മയെക്കുറിച്ചുവരെ ഭോല ഭയ്യ പറഞ്ഞു.
ഒടുവില്‍ ഞങ്ങള്‍ പടിഞ്ഞാറെ സമുച്ചയത്തില്‍ എത്തി. ഇന്നലെ കണ്ടത് വെറും ട്രൈലെര്‍ മാത്രമെന്ന് ഇവിടെ വരുമ്പോള്‍ മനസിലാകും. ഒരുകാലത്ത് ഈ ക്ഷേത്രസമുച്ചയത്തിന്റെ പ്രവേശനാക്കവാടത്തിനു മുന്നില്‍ രണ്ട് വലിയ സ്വര്‍ണപ്പനകള്‍ (ഖജൂര്‍) ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഖജൂര്‍ നിന്ന സ്ഥലമാണ് ഖജുരാഹോ എന്നറിയപ്പെട്ടു തുടങ്ങിയത്. പ്രശസ്ത യാത്രികന്‍ ഇബ്‌ന് ബത്തൂത്ത ഇതിനെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. എന്നാല്‍ കോഴി നിന്നിടത്ത് പൂടപോലുമില്ല എന്നു പറയുന്നപോലെ ഈ സ്വര്‍ണപ്പനകളുടെ യാതൊരു അവശേഷിപ്പും ഇന്ന് ഖജുരാഹോയില്‍ ഇല്ല. പ്രധാനമായും 8 ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ചണ്ഡേല രാജവംശത്തിന്റെ പ്രൗഡി വിളിച്ചോതുന്ന സൃഷ്ടികള്‍! ഇവയില്‍ കാന്തരീയ മഹാദേവക്ഷേത്രവും ലക്ഷ്മണക്ഷേത്രവുമാണ് ശില്പചാരുതിക്ക് അതിപ്രശസ്തം. അഴകളവുകള്‍ ഒത്ത ഗഗനചാരിണികള്‍, സാലഭഞ്ചികകള്‍! നൃത്തവും യുദ്ധവും രതിയും ഇടകലര്‍ന്ന ശില്പങ്ങള്‍!
ഖജുരാഹോ എന്നു പറയുമ്പോള്‍ രതിഭാവത്തിലുള്ള ശില്പങ്ങളായിരിക്കും പലര്‍ക്കും ഓര്‍മ്മ വരുന്നത്. എന്നാല്‍ അതുമാത്രമല്ല ഖജുരാഹോ. ധര്‍മം,അര്‍ത്ഥം, കാമം, മോക്ഷം എന്ന മനുഷ്യജീവിതത്തിലെ പ്രധാനപ്പെട്ട നാലു ഘട്ടങ്ങളെയാണ് ശില്‍പകലയിലൂടെ ഈ ക്ഷേത്രങ്ങളില്‍ കൊത്തി വെച്ചിരിക്കുന്നത്. എന്നാല്‍ ലൈംഗികദാരിദ്ര്യം അത്രമേല്‍ നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹം ഖജുറാഹോയെ വെറും 'മറ്റേ' ശില്പങ്ങള്‍ ഉള്ള സ്ഥലമാക്കി വിലകുറച്ചു! കാണാന്‍ വരുന്ന ചെറുപ്പക്കാരുടെ അടക്കം പറച്ചിലുകളും ചിരികളുമൊക്കെ തീര്‍ത്തും അരോചകമായി പലപ്പോഴും അനുഭവപ്പെട്ടു. നമ്മള്‍ ജീവിക്കുന്ന രാജ്യത്തെ അതിശ്രേഷ്ഠമായ ഒരു സൃഷ്ടിയുടെ ചരിത്രമോ പ്രധാന്യമോ അറിയാതെ കൂട്ടംകൂടി നിന്ന് അപഹസിക്കുന്നത് തീര്‍ത്തും ചപലമാണ്. അവിടെയുള്ള പല സ്ത്രീശില്‍പങ്ങളുടെയും സ്വകാര്യഭാഗങ്ങള്‍ വളരെ മിനുസപ്പെട്ടാണിരിക്കുന്നത്. ഇത് ശ്രദ്ധിച്ചപ്പോള്‍ അവിടെയുള്ള കാവല്‍ക്കാരന്‍ പറഞ്ഞു, “ആണുങ്ങള്‍ വന്ന് ശില്പങ്ങളുടെ സ്വകാര്യഭാഗങ്ങളൊക്കെ തടവും. അതാ അവിടെ മാത്രം ഇങ്ങനെ മിനുസപ്പെട്ടിരിക്കുന്നത്.” കേട്ടിട്ട് വല്ലാത്തൊരു അറപ്പാണ് തോന്നിയത്. ശാസ്ത്രം ഇത്ര വളര്‍ന്നിട്ടും, അശ്രാന്തം പോരാടിനേടിയ അവകാശങ്ങള്‍ കൊണ്ട് സ്ത്രീകള്‍ മുന്നോട്ട് ഒരുപാടു നടന്നെത്തിയെങ്കിലും ഇന്നും പലര്‍ക്കും സ്ത്രീ വെറുമൊരു ഭോഗവസ്തുവാണ്. ഹൃദയം മിടിക്കുന്ന, ശ്വസിക്കുന്ന, ശബ്ദിക്കുന്ന, ചെറുക്കുന്ന, ജീവനുള്ള സ്ത്രീകള്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ സാധിക്കുന്നില്ല, പിന്നെയല്ലേ ഒരു പ്രതിമയ്ക്ക്!
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore the magnificent Khajuraho temples, a UNESCO World Heritage site. Discover their intricate carvings, rich history, and spiritual significance.
Published: 24 Sept 2025, 11:47 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented