സഞ്ചാരികളുടെയും തീർഥാടകരുടെയും സ്വപ്‌നകേന്ദ്രമാണ് ഇതിഹാസ പുരാണങ്ങളിൽ പരാമർശിക്കുന്ന പുണ്യപുരാതന നഗരമായ ദ്വാരക. സംസ്‌കൃതസാഹിത്യങ്ങളിലെ പരാമർശങ്ങൾ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്ന്. ചതുർധാമങ്ങളിലും സപ്തപുരികളിലും ഉൾപ്പെടുന്ന നഗരം. ഗുജറാത്തിലെ പടിഞ്ഞാറേ തീരത്തുള്ള ദ്വാരകയിലായിരുന്നു ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലം ചെലവഴിച്ചതെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തിന് ശേഷം ദ്വാരകയെ ആറുതവണ കടലെടുത്തുവെന്നും വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഏഴ് പുണ്യനഗരങ്ങളിൽ ഒന്നായ ദ്വാരകയിലേക്ക് നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്. പുരാതന ക്ഷേത്രങ്ങളും ബീച്ചുകളും വൈവിധ്യമാർന്ന സംസ്‌കാരവും അടുത്തറിയാനാകും ഈ നഗരത്തിലെത്തിയാൽ.

To advertise here,

ദ്വാരകാദിശ് ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ദേവഭൂമി ദ്വാരക ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദ്വാരകാദീശ് ക്ഷേത്രം. അമ്പതിലധികം പടവുകൾ കയറിയെത്തുന്ന ചെറിയ ഒരു കുന്നിൻ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ ആകർഷകമായ താഴികക്കുടവും ബഹുനില ഗോപുരവും സഞ്ചാരികളെ അദ്ഭുതപ്പെടുത്തും. ശ്രീകോവിലിനെ പ്രധാന കൃഷ്ണവിഗ്രഹവുമായി ബന്ധിപ്പിക്കുന്ന ശില്പസമ്പന്നമായ ചുവരുകളും പുരാണ കഥാപാത്രങ്ങളാൽ ആലേഖനം ചെയ്യപ്പെട്ട കൊത്തുപണികളും നമ്മെ വിസ്മയിപ്പിക്കും. 43 മീറ്റർ ഉയരമുള്ള മനോഹരമായ ഗോപുരത്തിന്റെ മുകളിൽ 52 യാർഡ് തുണികൊണ്ട് നിർമ്മിച്ച ഒരു പതാകയുണ്ട്. അറബിക്കടലിൽനിന്നും വിശീയെത്തുന്ന ഇളംകാറ്റിൽ പാറിപ്പറക്കുന്ന ഈ മനോഹരകാഴ്ച ആരുടെയും മനംമയക്കും. ദ്വാരകാദിശ് ക്ഷേത്രത്തിൽനിന്നും ഏതാനും മിനിറ്റ് ഡ്രൈവ് ചെയ്താൽ ദ്വാരകയിലെ തന്നെ മറ്റൊരു പ്രസിദ്ധമായ രുക്മിണി ക്ഷേത്രത്തിൽ എത്തിച്ചേരാനാകും.

 

placeholder
രുക്മിണി ദേവി ക്ഷേത്രം (shutterstock Images)

രുക്മിണി ക്ഷേത്രം

ഭഗവാൻ ശ്രീകൃഷ്ണന്റെ പത്‌നിയായ രുക്മിണീ ദേവിയുടെ പേരിലുള്ള ഈ ക്ഷേത്രം സഞ്ചാരികളെയും ഭക്തരെയും ഒരുപോലെ അതിശയിപ്പിക്കും. ശികാര ഗോപുരങ്ങളുടെയും വൈവിധ്യമാർന്ന കൊത്തുപണികളുടെയും മകുടോദാഹരണമാണ് ഈ ക്ഷേത്രം. 2500-ഓളം വർഷങ്ങൾ പഴക്കമുള്ള രുക്മിണീക്ഷേത്രം 12-ാം നൂറ്റാണ്ടിൽ പുതുക്കിപ്പണിതുവെന്നാണ് കരുതപ്പെടുന്നത്. രുക്മിണിദേവിയുടേതാണ് ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാന വിഗ്രഹം. ശ്രീകോവിലിനോട് ചേർന്ന് നരതാരങ്ങളും (മനുഷ്യരൂപങ്ങൾ) ഗജതാരങ്ങളും (ആനകളും) കൊത്തിവെച്ചിരിക്കുന്നു. ദ്വാരകാദിശ് ക്ഷേത്രദർശനത്തിന് ശേഷം സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ക്ഷേത്രമാണ് രുക്മിണി ക്ഷേത്രം.

ബെറ്റ് ദ്വാരക

ദ്വാരകയിൽനിന്നും ഓഖയിലൂടെ അല്പദൂരം ഡ്രൈവ് ചെയ്താൽ നിങ്ങൾക്ക് ബെറ്റ് ദ്വാരക ദ്വീപിൽ എത്തിച്ചേരാനാകും. തീരത്ത് നിന്ന് ദ്വീപിലേക്ക് ഫെറിയിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുക. ഡോൾഫിനുകളും അത്യപൂർവ പക്ഷികളെയും ദ്വീപിലേക്കുള്ള യാത്രയിൽ കാണാനാവും. ദ്വീപിൽ കൃഷ്ണ ക്ഷേത്രം, ശ്രീ കേശവ്‌റായ്ജി ക്ഷേത്രം, ഹനുമാൻ ദണ്ഡി ക്ഷേത്രം തുടങ്ങി മറ്റ് പുണ്യസ്ഥലങ്ങളും നിരവധിയുണ്ട്. ബെറ്റ് ദ്വീപിലുള്ള സിഖ് ഗുരുദ്വാരയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഓഖയ്ക്കും ബെറ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള രാജ്യത്തെ ഏറ്റവും വലിയ കേബിൾ പാലമായ സുദർശൻ സേതു സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുക. 2,320 മീറ്റർ നീളമുള്ള ഈ പാലം

ദേവഭൂമിയായ ദ്വാരകയുടെ അഭിവൃദ്ധിയെ അടയാളപ്പെടുത്തുന്നു. 2024-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുദർശൻ സേതു രാജ്യത്തിന് സമർപ്പിച്ചത്. സുന്ദരമായ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ഈ പാലത്തിലൂടെയുള്ള യാത്ര സഞ്ചാരികളെ അദ്ഭുതപ്പെടുത്തും.

 

placeholder
ഗോമതി നദിയിലെ പുണ്യ സ്നാനം (Shutterstock Images)

സോമനാഥ ക്ഷേത്രം

ശില്പഭംഗികൊണ്ട് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന പുരാതന ക്ഷേത്രമാണ് സോമനാഥ ക്ഷേത്രം. ദ്വാരക സന്ദർശനം പൂർത്തിയാക്കിയ സഞ്ചാരികൾക്ക് അറബിക്കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന സോമനാഥ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാം. ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രഥമസ്ഥാനമുള്ള സോമനാഥിൽ ശിവലിംഗ പ്രതിഷ്ഠയോടൊപ്പം പാർവതി, ഗണപതി, നന്ദി എന്നീ വിഗ്രഹങ്ങളുമുണ്ട്. സോളങ്കീ വാസ്തുശില്പ കലാരീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്. ഇവിടുത്തെ സന്ദർശനം പൂർത്തിയാക്കി ഏവർക്കും തുൾസി ശ്യാം ക്ഷേത്രത്തിലേക്ക് സന്ദർശിക്കാവുന്നതാണ്. ഭഗവാൻ വിഷ്ണുവിന്റെ പേരിലുള്ള ഈ ക്ഷേത്രം സന്ദർശിക്കാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. മനോഹരമായ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട ഇടംകൂടിയാണ് ഇത്. ഭഗവാൻ കൃഷ്ണൻ തുൾ എന്ന അസുരനെ വധിച്ചത് ഇവിടെവെച്ചായിരുന്നുവെന്നും പറയപ്പെടുന്നു. ചൂടുള്ള നീരുറവയ്ക്ക് പേരുകേട്ട ഇടംകൂടിയാണ് ഈ പ്രദേശം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi