അജന്ത-എല്ലോറ. ഈ പേരുകൾ കേൾക്കാത്തവർ ചുരുക്കമായിരിക്കും. മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന അജന്ത, എല്ലോറ ഗുഹകൾ 2,000 വർഷത്തിലേറെ പഴക്കമുള്ള ചരിത്രം, കല, ആത്മീയത എന്നിവയുടെ അതിശയകരമായ സംയോജനമാണ്. യുനെസ്‌കോ ലോക പൈതൃക പട്ടികയിലുള്ള ഈ സ്ഥലങ്ങൾ പുരാതന ഘടനകളെന്നതിലുപരി കല്ലിൽ കൊത്തിയെടുത്ത കാലാതീതമായ ആഖ്യാനങ്ങളാണ്.
ശാന്തമായ ബുദ്ധ വിഹാരങ്ങളും അതിമനോഹരമായ ചുവർച്ചിത്രങ്ങളുമുള്ള അജന്ത, ആദ്യകാല ഇന്ത്യയുടെ ആത്മീയവും കലാപരവുമായ ആചാരങ്ങളിലേക്ക് ഒരു നേർക്കാഴ്ച നൽകുന്നു. മറുവശത്ത് ഹിന്ദു, ജൈന, ബുദ്ധ സ്വാധീനങ്ങളുടെ ഐക്യപൂർണ്ണമായ സമന്വയമാണ് എല്ലോറ. കൂടാതെ ഒറ്റക്കല്ലിൽ നിന്ന് കൊത്തിയെടുത്തതും ലോകത്തിലെ ഏറ്റവും വലിയ ഏകശിലാ നിർമ്മിതികളിൽ ഒന്നായി കണക്കാക്കപ്പെടുന്നതുമായ വിസ്മയിപ്പിക്കുന്ന കൈലാസ ക്ഷേത്രം പോലുള്ള സ്മാരക വാസ്തുവിദ്യയ്ക്കും ഇത് പേരുകേട്ടതാണ്.
മന്ത്രിക്കുന്ന തൂണുകൾ മുതൽ പുരാതനമായ ശബ്ദശാസ്ത്രവും പൂർത്തിയാക്കാത്ത അറകളും വരെ, ഓരോ കോണിനും മനസ്സിലാക്കപ്പെടാൻ കാത്തിരിക്കുന്ന ഒരു കഥയുണ്ട്. ഏറിയ ജിജ്ഞാസയോടെ നിഗൂഢമായ ഈ ഗുഹകൾ സന്ദർശിക്കുന്നത് ഒരു പുത്തൻ അനുഭവമാകും. നിങ്ങളുടെ യാത്രയെ കൂടുതൽ കൗതുകമുണർത്തുന്നതാക്കാൻ സാധ്യതയുള്ള, ഈ ഗുഹകളെക്കുറിച്ച് അധികം അറിയപ്പെടാത്ത ചില കാര്യങ്ങൾ അറിയാം!
കടുവ വേട്ടയ്ക്കിടെ കണ്ടെത്തിയത്
അജന്ത ഗുഹകൾ തികച്ചും യാദൃശ്ചികമായാണ് ആധുനിക ലോകത്തിന് വെളിപ്പെട്ടത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച് 1819-ൽ ഒരു വേട്ടയാടൽ യാത്രയ്ക്കിടെ കടുവയെ പിന്തുടരുന്നതിനിടയിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോൺ സ്മിത്ത് ഗുഹയുടെ പ്രവേശന കവാടത്തിൽ ഇടറി വീഴുകയായിരുന്നു. യാദൃശ്ചികതയെന്നോണം ആ വീഴ്ച ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തുശാസ്ത്രപരമായ കണ്ടെത്തലുകളിലൊന്നിലേക്കായിരുന്നു.
ഒറ്റക്കല്ലിൽ നിന്ന് കൊത്തിയെടുത്ത ക്ഷേത്രം
കൈലാസ ക്ഷേത്രം എന്നും അറിയപ്പെടുന്ന എല്ലോറയിലെ ഗുഹ 16, അഗ്‌നിപർവ്വത ബസാൾട്ട് പാറയുടെ ഒറ്റക്കല്ലിൽ നിന്നാണ് പൂർണ്ണമായും പണിതിരിക്കുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി മുകളിൽ നിന്ന് ആരംഭിച്ച് താഴേക്കാണ് ശില്പികൾ ഇത് കൊത്തിയെടുത്തിരിക്കുന്നത്. ഈ നിർമ്മാണ രീതിയാണ് ഇതിനെ അസാധാരണമാക്കുന്നത്. ആധുനിക വാസ്തുവിദ്യയിൽ ഇന്നും സമാനതകളില്ലാത്ത ഒരു നേട്ടമാണിതെന്നാണ് യുനെസ്‌കോ ലോക പൈതൃക കേന്ദ്രം വിശേഷിപ്പിക്കുന്നത്.
അജന്ത ചുമർചിത്രങ്ങൾ
ലാപിസ് ലാസിലി, ചുവന്ന ഓക്കർ, സസ്യങ്ങളിൽ നിന്നുള്ള റെസിനുകൾ തുടങ്ങിയ പ്രകൃതിദത്ത ധാതു പിഗ്മെന്റുകൾ ഉപയോഗിച്ചാണ് അജന്ത ഗുഹകളിലെ ചുമർചിത്രങ്ങൾ സൃഷ്ടിച്ചത്. നൂറ്റാണ്ടുകൾക്ക് ശേഷവും തിളക്കത്തോടെ നിലനിൽക്കുന്ന നിറങ്ങൾ സൃഷ്ടിക്കാൻ ഇവയെ ഓർഗാനിക് പശകളുമായി കലർത്തി. ഇത് അജന്തയെ ഇന്ത്യയിലെ സുസ്ഥിര കലയുടെ ആദ്യകാല ഉദാഹരണങ്ങളിലൊന്നായി മാറ്റുന്നു.
അജന്തയിൽ പ്രധാനമായും ബുദ്ധമത ചൈത്യങ്ങളും (പ്രാർത്ഥനാ ഹാളുകൾ) വിഹാരങ്ങളും (സന്യാസി മഠങ്ങൾ) ആണ് ഉള്ളത്. എന്നാൽ എല്ലോറ ഹൈന്ദവ, ജൈന, ബുദ്ധ നിർമ്മിതികളുടെ അസാധാരണമായ സമ്മിശ്രണം പ്രദർശിപ്പിക്കുന്നു. കല്ലിൽ കൊത്തിയെടുത്ത ഈ മതപരമായ സഹവർത്തിത്വം പുരാതന ഇന്ത്യയിലെ സാംസ്‌കാരിക കരകൗശലത്തിന്റെ അപൂർവ്വ ഉദാഹരണമാണ്.
മന്ത്രണങ്ങൾ കേൾക്കുന്ന ശബ്ദ സംവിധാനം
അജന്തയിലെ ഗുഹ 10 അതിന്റെ അതുല്യമായ ശബ്ദ സംവിധാനത്തിന് പേരുകേട്ടതാണ്. പ്രാർത്ഥനാ ഹാളിലെ വളഞ്ഞ വാസ്തുവിദ്യ കാരണം നേരിയ മന്ത്രണങ്ങളും മന്ത്രോച്ചാരണങ്ങളും പോലും സ്ഥലത്തുടനീളം വ്യക്തമായി കേൾക്കാൻ സാധിക്കും. സന്യാസിമാരുടെ ധ്യാനങ്ങൾക്കും ആചാരങ്ങൾക്കും സഹായകമാകുവാൻ വേണ്ടി രൂപകൽപ്പന ചെയ്തതാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
എല്ലോറയിലെ ഗുഹ 15 വിഷ്ണുവിന്റെ ദശാവതാരങ്ങളുടെ കൊത്തുപണികൾക്ക് പേരുകേട്ടതാണ്. ഈ തലം ഗുഹയ്ക്ക് ഒരു പുരാണ ഗ്രാഫിക് നോവലിന്റെ പ്രതീതി നൽകുന്നു. ഇതിഹാസങ്ങളിലും വിഗ്രഹശാസ്ത്രത്തിലും താല്പര്യമുള്ളവർക്ക് ഇത് വളരെ ആകർഷകമാണ്.
അജന്തയിലും എല്ലോറയിലും മുഴുവൻ സമുച്ചയവും ചുറ്റികകളും ഉളികളും പോലുള്ള അടിസ്ഥാന ഉപകരണങ്ങൾ ഉപയോഗിച്ചാണ് കൊത്തിയെടുത്തതെന്ന് മനസ്സിലാക്കുമ്പോൾ ഇവിടുത്തെ കരകൗശലത്തിന്റെ നിലവാരം കൂടുതൽ വിസ്മയകരമാവുന്നു. ആധുനിക യന്ത്രങ്ങളൊന്നുമില്ലാതെ അപാരമായ വൈദഗ്ധ്യവും നിരന്തരമായ പ്രയത്‌നവും മാത്രം. ഇത് പുരാതന ഇന്ത്യയുടെ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ വിനയപൂർണ്ണമായ ഒരു ഓർമ്മപ്പെടുത്തലാണ്.
പൂർത്തീകരിക്കാത്ത ഗുഹകൾ
അജന്തയിലെ 3, 5, 8 എന്നീ ഗുഹകൾ പൂർത്തീകരിക്കാതെ കിടക്കുന്നു. കൊത്തുപണികളിലും രൂപകൽപ്പനയിലും പെട്ടെന്നുള്ള തടസ്സങ്ങൾ അതിൽ വ്യക്തമാണ്. രാഷ്ട്രീയപരമായ പിന്തുണയിലെ മാറ്റങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ബാഹ്യ ആക്രമണങ്ങൾ എന്നിവയാകാം ഇതിന്റെ കാരണങ്ങളെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ഈ പൂർത്തിയാകാത്ത ഗുഹകൾ മഹത്തായ കഥയ്ക്ക് ഒരു മനുഷ്യ സ്പർശം നൽകുന്നു.
മൺസൂണിനു ശേഷം അജന്തയ്ക്കും എല്ലോറയ്ക്കും ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങൾ പൂർണ്ണമായും മാറുന്നു. സമൃദ്ധമായ പച്ചപ്പ്, ഈർപ്പമുള്ള പാറകളുടെ ഘടന, മൂടൽമഞ്ഞുള്ള വെളിച്ചം എന്നിവ ഒരു അമാനുഷികമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഇത് വേറിട്ട അനുഭവമാകും. കാലാവസ്ഥയിൽ ജീർണ്ണിച്ച കല്ലുകളും പച്ചപ്പ് നിറഞ്ഞ കുന്നുകളും തമ്മിലുള്ള വൈരുദ്ധ്യം ഗുഹകളെ കാഴ്ചയിൽ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നു.
അന്യഗ്രഹ സിദ്ധാന്തം
എല്ലോറയിലെ കൈലാസ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിദ്ധാന്തങ്ങളിൽ ഒന്ന് മനുഷ്യനല്ലാത്ത എന്തോ ഒന്നിന്റെ സഹായം ഇതിന് ലഭിച്ചിരിക്കാം എന്ന നിർദ്ദേശമാണ്. ഇതിന്റെ വലുപ്പം, കൃത്യത എന്നിവ കാരണവും, നീക്കം ചെയ്ത പാറയുടെ അളവ് (കണക്കനുസരിച്ച് ഏകദേശം 200,000 ടൺ) കാരണവും ചില സിദ്ധാന്തക്കാർ ഒരു അന്യഗ്രഹ സ്വാധീനം മുന്നോട്ട് വെക്കുന്നു. കൊത്തുപണികളിലെ ആകാശ രൂപങ്ങളും പറക്കുന്ന രൂപങ്ങളും ഈ സിദ്ധാന്തത്തിന് കൂടുതൽ ബലം നൽകുന്നു. ഇത് രാഷ്ട്രകൂട കാലഘട്ടത്തിലെ എഞ്ചിനീയർമാരുടെയും ശില്പികളുടെയും കഴിവാണെന്നാണ് മുഖ്യധാരാ ചരിത്രകാരന്മാർ പറയുന്നത്. എങ്കിലും അതൊരു നിഗൂഢതയായി തന്നെ തുടരുന്നു.
അജന്തയും എല്ലോറയും ഇന്ത്യയിലെ വെറും ചരിത്രപരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാത്രമല്ല. അവ മനുഷ്യന്റെ സഹനശക്തി, കലാപരത, ആത്മീയ കഥപറച്ചിൽ എന്നിവയുടെ മികവുറ്റ പാഠങ്ങളാണ്. നിങ്ങൾ മതപരമായ വാസ്തുവിദ്യ കാണാനോ, പൈതൃക ഫോട്ടോഗ്രാഫിക്ക് വേണ്ടിയോ, അല്ലെങ്കിൽ പുരാതന ഐതിഹ്യങ്ങളുമായി പരിചയം നേടാനോ ആണ് സന്ദർശിക്കുന്നതെങ്കിൽ പോലും ഈ ഗുഹകൾ ഉപരിപ്ലവമായ വിനോദസഞ്ചാരത്തേക്കാൾ വളരെ ആഴത്തിലുള്ളവ വാഗ്ദാനം ചെയ്യുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the breathtaking Ajanta and Ellora caves in India. Discover ancient art, spiritual stories, and architectural marvels. A journey through history and culture.
Published: 15 Jul 2025, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented