കുന്തിപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന, അട്ടപ്പാടി മലനിരകളുടെ താഴ്വാരത്താണ് കരിമ്പുഴ ഗ്രാമം. മണ്ണാര്‍ക്കാടിന്റെ മടിത്തട്ടില്‍ കരിമ്പുഴപ്പുഴയുടെ തീരത്ത് നെയ്ത്ത് ഉപജീവനമാക്കിയ ഒരുകൂട്ടം മനുഷ്യരുണ്ട്, കന്നഡയുടെ വേരുകള്‍ പേറുന്നവര്‍. മഞ്ഞിന്റെ നേര്‍ത്ത കമ്പളത്തില്‍ മൂടിപ്പുതച്ചിരിക്കുകയായിരുന്നു ഞങ്ങളെത്തുമ്പോള്‍ ഈ ഗ്രാമം. നൂറ്റാണ്ടുകളായി കൈത്തറിയില്‍ നെയ്ത് ഉപജീവനം നടത്തുന്ന ദേവാംഗര്‍ വംശജരാണ് ഈ തെരുവിലുള്ളത്. നൂറോളം നെയ്ത്തുകുടുംബങ്ങള്‍ ഇവിടെയുണ്ട്. ഞങ്ങളെ സ്വീകരിച്ചത് രാമദാസനും അദ്ദേഹത്തിന്റെ അച്ഛനായ ബാലകൃഷ്ണനുമാണ്. കരിമ്പുഴയെക്കുറിച്ച് ചോദിക്കുമ്പോള്‍ കടന്നുപോയ സുവര്‍ണകാലത്തിന്റെ തിളക്കം അവരുടെ കണ്ണുകളില്‍ കണ്ടു. 

To advertise here,

സാമൂതിരി രാജകുടുംബത്തിനുള്ള ഉടയാടകള്‍ നെയ്യാനായി എത്തിയവരാണ് ഇവിടെയുള്ളവരുടെ മുന്‍തലമുറക്കാര്‍. ദേവാംഗര്‍ വംശജരുടെ കഥ തുടങ്ങുന്നത് ഹംപിയില്‍നിന്നാണ്. ദേവന്മാര്‍ക്ക് അംഗവസ്ത്രം നെയ്തിരുന്നവരാണ് തങ്ങളെന്നും അങ്ങനെയാണ് ദേവാംഗര്‍ എന്ന പേര് സമുദായത്തിന് ലഭിച്ചതെന്നുമാണ് വിശ്വാസം. കന്നഡയാണ് മാതൃഭാഷ. ഇപ്പോള്‍ സംസാരിക്കുന്നത് മലയാളവും തമിഴും കലര്‍ന്ന കന്നഡയാണ്. വാമൊഴിയായി പകര്‍ന്നുവരുന്നതിനാല്‍ ഭാഷയ്ക്ക് പ്രത്യേക ലിപിയില്ല. കുലത്തൊഴില്‍ കൈവിട്ടുപോയാലും ഭാഷ എന്നും തങ്ങളുടെ കൂടെയുണ്ടാവുമെന്ന് അഭിമാനത്തോടെ ബാലകൃഷ്‌ണേട്ടന്‍ പറഞ്ഞു. പൂണൂല്‍ധാരികളാണ് പുരുഷന്മാര്‍. ദേവാംഗ ചെട്ട്യാര്‍ വിഭാഗത്തിലുള്ള ബ്രാഹ്മണരാണ് തങ്ങളെന്ന് ഇവര്‍ അവകാശപ്പെടുന്നു. കരിമ്പുഴത്തെരുവിലെത്തുന്നവരെ വരവേറ്റുകൊണ്ട് കുലദൈവമായി സൗഢേശ്വരിയമ്മയുടെ കോവില്‍ തലയുയര്‍ത്തിനില്‍ക്കുന്നു. 

കോഴിക്കോട് സാമൂതിരിയുടെ കീഴിലായിരുന്നു കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രം. നികുതിപിരിവിനായി ഇവിടം, ഏറാള്‍പ്പാട് രാജാവിനെ സാമൂതിരി ഏല്പിക്കുകയുണ്ടായി. അങ്ങനെ ശ്രീരാമസ്വാമിക്ഷേത്രം ആസ്ഥാനമാക്കി ഏറാള്‍പ്പാട് രാജാവ് കരിമ്പുഴയില്‍ സ്ഥിരതാമസമാക്കി. അദ്ദേഹത്തിന് കൊട്ടാരം പണിയാനായി പുഴവക്കത്തുള്ള സ്ഥലങ്ങള്‍ ഏറ്റെടുത്തു. ഏറാള്‍പ്പാടിന് കൊട്ടാരം ഉയര്‍ന്നതോടെ ശ്രീരാമസ്വാമിക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചു. ക്ഷേത്രം വളര്‍ന്നതോടെ അവിടെയുള്ള അമ്പലവാസികള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനായി അദ്ദേഹം വിവിധയിടങ്ങളില്‍നിന്ന് ആളുകളെ ഇവിടെക്കൊണ്ടുവന്ന് പാര്‍പ്പിക്കുകയായിരുന്നു. അങ്ങനെയെത്തിയവരാണ് നെയ്ത്തുകാരായ ദേവാംഗര്‍ എന്ന് കരുതപ്പെടുന്നു. 

അമ്പലവാസികള്‍ക്കായി നേര്യതും പുളിയിലക്കര മുണ്ടും നെയ്യാനായി ഹംപിയില്‍നിന്ന് ഇരുപതോളം കുടുംബങ്ങളെ എത്തിച്ചു. ഇവര്‍ക്ക് വീടുവയ്ക്കാനായി സ്ഥലം പതിച്ചുനല്‍കി. അങ്ങനെയാണ് അഗ്രഹാരംപോലെ അടുത്തടുത്ത വീടുകള്‍ ഉയര്‍ന്നത്. ''അമ്പലവാസികള്‍ക്ക് വസ്ത്രം നെയ്തുനല്‍കുന്നതിനുള്ള പ്രതിഫലമായി ഞങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള നെല്ല് ലഭിച്ചു. തമിഴ്നാടുമായി ബന്ധമുള്ള ഞങ്ങള്‍ കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍നിന്ന് നൂല് വാങ്ങിക്കൊണ്ടുവന്നു.

നൂലിന്റെ കാശും ഞങ്ങള്‍ക്ക് നെല്ലായി നല്‍കി. ഇതിനൊപ്പം ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കുവേണ്ട ഓട്ടുപാത്രങ്ങള്‍, നിലവിളക്കുകള്‍ എന്നിവ നിര്‍മിക്കാന്‍ മൂശാരിക്കുടുംബങ്ങളെ മറ്റുള്ള സ്ഥലങ്ങളില്‍നിന്നും കൊണ്ടുവന്ന് പാര്‍പ്പിച്ചു. കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രത്തോടുചേര്‍ന്നുള്ള ബ്രഹ്മീശ്വരം ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായി ഇന്നും മൂശാരിക്കുടുംബങ്ങള്‍ അധിവസിക്കുന്നു. ആശാരിമാരെയും ഇത്തരത്തില്‍ പാര്‍പ്പിച്ചതാണത്രേ.  അവര്‍ ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് താമസം''-ബാലകൃഷ്‌ണേട്ടന്‍ പറഞ്ഞു.   

ആഭരണങ്ങള്‍ നിര്‍മിക്കാനായി തട്ടാന്‍കുടുംബങ്ങളെയും ഇരുമ്പുപണിക്കായി കരുവാന്മാരെയും ഇവിടെ എത്തിച്ചു. മൂന്ന് കി.മീ. ചുറ്റളവില്‍ ഈ സമുദായങ്ങളില്‍പ്പെട്ട ആളുകള്‍ ഇന്നും കരിമ്പുഴയില്‍ താമസിക്കുന്നു. ഒറ്റമുണ്ടുനെയ്യാന്‍ ശാലിയര്‍ കുടുംബങ്ങളെയും രാജാവിന്റെ അംഗരക്ഷകരായി നായന്മാരെയും എത്തിച്ചു. കണക്കെഴുതാന്‍ മേനോന്മാരും പൂജയ്ക്കായി നമ്പൂതിരിമാരും ഇവിടേക്കെത്തി. അങ്ങനെ വിവിധ സമ്പ്രദായങ്ങള്‍ പിന്തുടരുന്ന ഒരുകൂട്ടം ആളുകള്‍ ശ്രീരാമസ്വാമിക്ഷേത്രത്തിനുചുറ്റുമായി ജീവിതമാരംഭിച്ചു. ഒരുകാലത്ത് പ്രതാപത്തിന്റെ ഉന്നതിയില്‍നിന്ന നെയ്ത്തുഗ്രാമമായിരുന്നു കരിമ്പുഴ. 

ഇന്ന് നൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. പണ്ട് എല്ലാ വീടുകളിലും ഒന്നോ രണ്ടോ തറികള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് മിക്ക വീടുകളില്‍നിന്നും തറികള്‍ അന്യംനിന്നുപോയിരിക്കുന്നു. കൂലി കുറവായതും ലാഭമില്ലാത്തതുമെല്ലാം പുതിയ തലമുറ നെയ്ത്തിനെ ഉപേക്ഷിക്കാന്‍ കാരണമായി. ദിവസവരുമാനം 350 രൂപയില്‍ ഒതുങ്ങുന്നു എന്നുള്ളതാണ് സങ്കടകരമായ അവസ്ഥ. അതിനാല്‍ ചെറുപ്പക്കാര്‍ കുലത്തൊഴില്‍ ഉപേക്ഷിക്കുന്നു. പത്തുവര്‍ഷത്തിനുള്ളില്‍ ഈ തൊഴില്‍ ഇവിടെനിന്നും ഇല്ലാതാവുമെന്ന് വിഷമത്തോടെ പറയുന്നു കരിമ്പുഴയിലെ ജനങ്ങള്‍. യന്ത്രത്തറികളുടെ കടന്നുകയറ്റമാണ് കൂലികുറയാനുള്ള ഒരു കാരണം. ഒരു ഡബിള്‍മുണ്ട് കൈത്തറിയായി നെയ്യുമ്പോള്‍ യന്ത്രത്തറികളില്‍ പത്ത് മുണ്ട് നെയ്യാം. അപ്പോള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാം. എങ്കിലും യന്ത്രത്തറികളില്‍ ഉത്പാദിപ്പിച്ചാല്‍ മാത്രമേ തുണിവ്യവസായത്തിന് നിലനില്‍പ്പുള്ളൂവെന്നാണ് ഇവരുടെ ഭാഷ്യം. 

അഗ്രഹാരങ്ങളെ ഓര്‍മിപ്പിക്കും വിധമാണ് ഇവിടത്തെ ചെറുവീടുകള്‍. സുന്ദരമായ കോലങ്ങളാല്‍ ഓരോ വീടിന്റെയും മുറ്റം മനോഹരമാക്കിയിരിക്കുന്നു. ചുറ്റും കൈത്തറിയുടെ താളം കേള്‍ക്കാം. ഗ്രാമത്തിലെ മിക്ക വീടുകളിലും തറി ഉണ്ടെങ്കിലും എല്ലായിടത്തും നെയ്ത്ത് ഇല്ലെന്ന് മാത്രം. സാരിയും വേഷ്ടിയും കസവുമുണ്ടുമെല്ലാം നെയ്യാറുണ്ടെങ്കിലും ഓരോന്നും ഒരുകൂട്ടം ആളുകളുടെ അധ്വാനത്തിന്റെ ഫലമാണെന്ന് പറയാതെ വയ്യ. സ്ത്രീകളും പുരുഷന്മാരുമെല്ലാം ഇവിടെ വസ്ത്രം നെയ്യും. 350 മുതല്‍ 400 രൂപ വരെയാണ് ഒരുദിവസം നെയ്താല്‍ ഇവര്‍ക്ക് ലഭിക്കുന്ന കൂലി.

ഇഴകള്‍ക്ക് പൊട്ടലോ മറ്റുതകരാറുകളോ ഉണ്ടായാല്‍ തുണി വിറ്റുപോകാതെ തിരിച്ചുവരും. തെരുവ് നിവാസികളുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് കരിമ്പുഴ പുഴ. തെരുവിന്റെ ജീവിതം ആരംഭിക്കുന്നത് ഈ പുഴയില്‍നിന്നാണ്. കുട്ടികളും മുതിര്‍ന്നവരുമടക്കം എല്ലാവരും വസ്ത്രങ്ങള്‍ കഴുകാനും കുളിക്കാനുമെല്ലാം ആശ്രയിക്കുന്നത് ഈ പുഴയെയാണ്. ശാന്തമായി ഒഴുകുന്നുവെങ്കിലും ചിലപ്പോള്‍ രൗദ്രഭാവം പൂണ്ടുനില്‍ക്കുന്ന മറ്റൊരു മുഖംകൂടിയുണ്ട് കരിമ്പുഴ പുഴയ്ക്ക്. 

അടിയൊഴുക്കും താഴ്ചയുമറിയാതെ പുഴയിലിറങ്ങുന്നവരില്‍ പലരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, പുഴയുടെ സകലതാളവും ഹൃദയത്തിലേറ്റിയവരാണ് തെരുവ് നിവാസികള്‍. തെരുവിലെ കുട്ടികള്‍ വെള്ളത്തില്‍ കളിച്ചു തിമിര്‍ക്കുമ്പോള്‍ ആ സന്തോഷം പങ്കിടാനെന്നോണം തീരത്ത് ആറ്റുവഞ്ചികള്‍ ഉലയുന്നുണ്ടായിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന നെയ്ത്ത് അന്യംനിന്നുപോകുമോയെന്ന ആശങ്ക ഈ നാട്ടുകാര്‍ക്കുണ്ട്. എങ്കിലും ഒരു അനുഷ്ഠാനം പോലെ പാരമ്പര്യമായി ലഭിച്ച തൊഴിലിനെ ഇവര്‍ ചേര്‍ത്തു പിടിക്കുന്നു.