ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ സ്ഥിതിചെയ്യുന്ന, പ്രകൃതിരമണീയമായ ഒരു തീരദേശ ഗ്രാമമാണ് ഉപ്പട. ഈ ഗ്രാമത്തിന്റെ പേരിലാണ് ലോകപ്രശസ്തമായ ഉപ്പട സിൽക്ക് സാരികൾ അറിയപ്പെടുന്നത്. തെലുങ്കിൽ ഇത് 'ഉപ്പട പട്ട്' എന്നും അറിയപ്പെടുന്നു? 'കണ്ണകി' എന്ന സംരംഭം തുടങ്ങിയതിന് ശേഷമാണ് ഉപ്പട പട്ടുകളെക്കുറിച്ച് ഞാൻ അറിയുന്നത്. സാധാരണ സിൽക്ക് സാരികളിൽ നിന്ന് വളരെയധികം പ്രത്യേകതകൾ ഉള്ളവയാണ് ഉപ്പട പട്ട് സാരികൾ.

To advertise here,

ഉപ്പട സാരികൾ പരമ്പരാഗതമായ ജാംദാനി നെയ്ത്ത് രീതി ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. യന്ത്രസഹായമില്ലാതെ, സമയമെടുത്ത്, കൈകൊണ്ടാണ് ഇതിലെ ഡിസൈനുകൾ തുണിയിൽ നെയ്‌തെടുക്കുന്നത്. ഭാരക്കുറവാണ് ഈ സാരികളുടെ ഒരു പ്രധാന സവിശേഷത. ലോകത്തിലെ ഏറ്റവും പകിട്ടുള്ള പട്ടുസാരികളിൽ ഒന്നായി ഉപ്പട സിൽക്ക് കണക്കാക്കപ്പെടുന്നു. പരമ്പരാഗതമായി കോട്ടൺ നൂലുകൾ പാവായും സിൽക്ക് നൂലുകൾ ഊടായും ഉപയോഗിച്ചാണ് ഈ സാരികൾ നിർമ്മിക്കുന്നത്.

ഇക്കത്തുമായുള്ള വ്യത്യാസം പറയുകയാണെങ്കിൽ ഇക്കത്ത് സിൽക്ക് സാരികൾ കട്ടിയുള്ളതും മിക്കവാറും മൃദുലമായ വർണ്ണങ്ങളിൽ (Soft Colors) ലഭിക്കുന്നതുമാണ്. എന്നാൽ, ഉപ്പട സിൽക്ക് സാരികൾ ഒഴുകി നടക്കുന്ന (Flowy) സ്വഭാവമുള്ളവയാണ്. ആകർഷകമായ കടുംവർണ്ണങ്ങൾ മറ്റൊരു പ്രത്യേകതയാണ്. ജാംദാനി നെയ്ത്ത് രീതിയിൽ പൂക്കളും മറ്റ് ഡിസൈനുകളും സാരികളിൽ ചെയ്തിരിക്കുന്നത് ആകർഷകമായി തോന്നി. സാധാരണ പട്ടുസാരികളിൽ ഈ രീതിയിലുള്ള പൂക്കളുടെ ഡിസൈനുകൾ കാണാറില്ല.

അറിയാത്ത സ്ഥലത്തേക്ക് യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ എപ്പോഴും പ്ലാൻ എയും പ്ലാൻ ബിയും, ചിലപ്പോഴെങ്കിലും പ്ലാൻ സി യും ഉണ്ടാകും. ഉപ്പടസാരി തേടിയുള്ള യാത്രയിലും അങ്ങനെ ഉണ്ടായിരുന്നു. ഒരു പ്ലാൻ നടക്കുന്നില്ലെന്നുവന്നാൽ അടുത്ത പ്ലാനിലേക്ക് പോകും. എന്നാൽ ഈ യാത്ര കൃത്യമായി, പ്രതീക്ഷിച്ചതിലും മനോഹരമായി മുന്നോട്ട് പോവുകയായിരുന്നു.

ഹൈദരാബാദ് നഗരം എനിക്ക് സ്വന്തമായിരുന്ന ഒരു കാലമുണ്ടായിരുന്നു; എന്റെ മകൾ (അമ്മു) അവിടെയുണ്ടായിരുന്നപ്പോഴാണ് ഈ യാത്ര പ്ലാൻ ചെയ്യുന്നത്. എന്നാൽ എന്റെ യാത്രാ ദിവസങ്ങളിൽ പ്രായമായ അമ്മ വീട്ടിൽ തനിച്ചാവുന്നത് ഒഴിവാക്കാനായി അവൾക്ക് വീട്ടിൽ നിൽക്കേണ്ടി വന്നു.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതുവരെ കൂട്ടായി ആരുമുണ്ടായിരുന്നില്ല. ഒടുവിൽ, അവസാന നിമിഷം സുഹൃത്ത് ഷീല ശ്രീകുമാർ കൂടെ വരാൻ തയ്യാറായതോടെ വലിയ ആശ്വാസമായി. കോഴിക്കോട് നിന്നും കാച്ചിഗുഡ എക്സ്പ്രസ്സിന് ടിക്കറ്റെടുത്തു. കേരളത്തിന് പുറത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും പരിചിതവുമായ സ്റ്റേഷനാണ് കാച്ചിഗുഡ. രാത്രി 12 മണിക്കാണ് ട്രെയിൻ അവിടെ എത്തിച്ചേരുക. ആ സമയത്ത് അവിടെ എത്തിച്ചേരുന്നതിനെച്ചൊല്ലി ആശങ്കയുണ്ടായിരുന്നെങ്കിലും ഹിന്ദിയും അത്യാവശ്യം തെലുങ്കും അറിയുന്ന ഷീല കൂടെ വന്നതോടെ കാര്യങ്ങൾ എളുപ്പമായി.

സീതാഫൽ മണ്ടിയിൽ നിന്ന് അഞ്ച് രൂപയുടെ MMTS ടിക്കറ്റെടുത്ത് കോഫി ഡേയിൽ കോഫിയും സമൂസയും ആസ്വദിച്ചിരുന്ന ആ നല്ല കാലം മനസ്സിലേക്ക് ഓടിയെത്തി. തെലങ്കാനയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോൾ ഉപ്പട ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. ഹൈദരാബാദിൽ എവിടെയെങ്കിലും ഉപ്പട സാരികൾ ലഭിക്കുമോ എന്ന അന്വേഷണത്തിലായിരുന്നപ്പോഴാണ് ഷീലയുടെ നിർദ്ദേശം: 'നമുക്ക് അവിടേക്കുതന്നെ പോയാലോ!' പിന്നെ ഒട്ടും ആലോചിച്ചില്ല. ഗൂഗിളിൽ തിരഞ്ഞപ്പോൾ സെക്കന്ദരാബാദിൽ നിന്ന് ഏകദേശം 12 മണിക്കൂർ ട്രെയിൻ യാത്രയുണ്ടെന്ന് മനസ്സിലായി. ഉടൻ തന്നെ സി.ആറിനെ (സി.ആർ.നീലകണ്ഠൻ) വിളിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് വിപിനൻ ഇരവിങ്കുളങ്ങര വഴി ഉപ്പടയിലേക്കുള്ള കണക്ഷൻ ലഭിച്ചു. നിമിഷങ്ങൾക്കകം അദ്ദേഹം കൃത്യമായ വിവരങ്ങൾ നൽകി. ഉപ്പടയിലേക്ക് ഒരേയൊരു ട്രെയിൻ മാത്രമേയുള്ളൂ എന്നും ഉടൻ ടിക്കറ്റ് എടുക്കണമെന്നും മനസ്സിലായി. ടിക്കറ്റ് ബുക്ക് ചെയ്യാൻ എന്റെ അനിയനെ വിളിച്ചപ്പോൾ (എപ്പോഴും എന്റെ ടിക്കറ്റ് ദാതാവ്) ഒരു മാസത്തെ അവന്റെ ആറ് ടിക്കറ്റ് ക്വാട്ടയും അവൻ എനിക്കുവേണ്ടി തന്നെ ഉപയോഗിച്ചുകഴിഞ്ഞിരുന്നു! എന്തുചെയ്യുമെന്നറിയാതെ ഇരുന്നപ്പോൾ, അമ്മു ടിക്കറ്റ് സംഘടിപ്പിച്ചു തന്നു. കാക്കിനാഡയാണ് ഉപ്പടയുടെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ.

അങ്ങനെ, ഉപ്പട എന്ന തീരദേശ നെയ്ത്തുഗ്രാമത്തിലേക്ക് യാത്ര തിരിക്കുകയാണ്. സത്യമായി പറഞ്ഞാൽ ഉപ്പടയെക്കുറിച്ച് വലിയ ധാരണ ഒന്നുമില്ലാതെയാണ് വണ്ടി കയറിയത്. ട്രെയിൻ ഇറങ്ങി പരിസരം കണ്ടപ്പോൾ കുറച്ചുകാര്യങ്ങൾ മനസ്സിലായി. ഒരു പെട്ടിക്കട പോലും പരിസരത്തില്ല. പക്ഷേ റെയിൽവേ സ്റ്റേഷന് അത്യാവശ്യം സൗകര്യമുണ്ട്. ഫ്രെഷ് ആയി പുറത്തിറങ്ങി. ഷീലക്ക് തെലുങ്ക് അറിയാമായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ നെയ്ത്തുഗ്രാമത്തിൽ എത്തിയത്.

റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗ്രാമത്തിലേക്ക് ഓട്ടോയിലായിരുന്നു യാത്ര. ദൈവമേ, അതൊരു ഒന്നൊന്നര യാത്രയായിരുന്നു. കിലോമീറ്ററുകളോളം കടൽത്തീരത്തുകൂടി ഓഫ്റോഡ് യാത്ര... ഓട്ടോറിക്ഷയ്ക്ക് അസാധാരണ വേഗത. കാതടപ്പിക്കുന്ന തെലുങ്ക് പാട്ടും പാട്ടിനോട് ചേർന്ന് ഓട്ടോറിക്ഷാക്കാരന്റെ ഫോൺ സംസാരവും. എപ്പോൾ തെറിച്ച് താഴെ വീഴുമെന്ന് ചോദിച്ചാൽ മതി. പക്ഷേ, ശാന്തമായ കടൽ, വിശാലമായ വൃത്തിയുള്ള കടൽത്തീരം, തെളിഞ്ഞ വെള്ളം. ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ ഡോൾഫിനുകളെയും കാണാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. ഞങ്ങൾക്ക് സമയവും ഭാഗ്യവും ഇല്ലാത്തതുകൊണ്ട് ഡോൾഫിനുകളെ കാണാൻ കഴിഞ്ഞില്ല.

ഞങ്ങൾ ഗ്രാമത്തിൽ എത്തുമ്പോൾ നേരം പുലർന്നുവരുന്നതേയുള്ളൂ. വെറുതെ ഗ്രാമത്തിലെ ചെറിയ റോഡിലൂടെ നടന്നു. അവിടവിടെയായി ചെറിയ വീടുകൾ കാണുന്നുണ്ട്. പക്ഷേ, ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. എനിക്കാണെങ്കിൽ രാവിലെ കുളിക്കാതെ ഒരു സ്ഥലത്തേക്ക് പോകുന്ന ശീലമില്ല, മാത്രമല്ല കഠിനമായ മൂത്രശങ്കയും. ഷീല വഴിയിൽ കണ്ട ചില സ്ത്രീകളോട് അതിനുള്ള പരിഹാരം തെലുങ്കിൽ അന്വേഷിക്കുന്നുണ്ട്. പക്ഷേ അവരാരും തിരിച്ചൊന്നും മിണ്ടുന്നില്ല. ഷീലയുടെ ഭാഷ മനസ്സിലായില്ലായിരിക്കും എന്ന് ഞങ്ങൾ കരുതി. പക്ഷെ, അതല്ല കാര്യം എന്ന് പിന്നീടാണ് മനസ്സിലായത്.

ഒടുവിൽ തറിയുടെ ശബ്ദം കേൾക്കുന്ന ഒരു ചെറിയ വീടിന്റെ മുന്നിൽ ചെന്നുനിന്നു. ശരിക്കും പറഞ്ഞാൽ ആ ഗ്രാമത്തിൽ തീർത്തും അപരിചിതരായ രണ്ട് മനുഷ്യരാണ് ഞങ്ങൾ എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാം. എന്നാൽ ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നത് ചെറിയ അദ്ഭുതവും ആശ്വാസവും നൽകി. വീടിന്റെ ഉമ്മറത്ത് വെച്ചിരിക്കുന്ന തറിയിൽ പണി തുടരുന്ന ആൾ തലപൊക്കി ഞങ്ങളെ ഒന്ന് നോക്കുന്നുപോലുമില്ല.

'ഇവിടെ സ്ത്രീകൾ ആരുമില്ലേ' എന്ന് ഷീല തെലുങ്കിൽ ചോദിച്ചതും അകത്തുനിന്നും ഒരു സുന്ദരി ഇറങ്ങി വന്നു. അവരോട് കാര്യം പറഞ്ഞു. അവർ എന്തെല്ലാമോ പറയുന്നുണ്ട്, എന്നിട്ട് ഞങ്ങളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി. എന്താണ് കാര്യം എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. അടുത്തുള്ള, കുറച്ചുകൂടി സൗകര്യമുള്ള ഒരു വീട്ടിലേക്കാണ് അവർ ഞങ്ങളെ കൂട്ടിപ്പോയത്. പിന്നീടാണ് കാര്യം മനസ്സിലായത് ഈ ഒറ്റമുറി വീടുകളിൽ ഒരിടത്തും ശൗചാലയം ഇല്ല. പ്രാഥമിക കാര്യങ്ങൾക്കുവേണ്ടി അവർ എത്രയോ ദൂരേക്കാണ് പോകാറുള്ളത്. അതുകൊണ്ടാവാം ഞങ്ങൾ ആദ്യം കണ്ട സ്ത്രീകൾ ഒന്നും മിണ്ടാതെ നടന്നകന്നു പോയത്.

ഷീല അവരുമായി സംസാരിച്ചു. അവർ നെയ്തുവെച്ച ഉപ്പട പട്ട് സാരികൾ കാണിച്ചു തന്നു. പക്ഷേ അതിന് എത്ര വിലയാണ് എന്ന് അവർക്കറിയില്ല. 'മാലിക്' (ഉടമ) നൂല് കൊടുക്കും, ഡിസൈൻ പറഞ്ഞു കൊടുക്കും. അതനുസരിച്ച് അവർ സാരികൾ നെയ്യുന്നു. സാരികളുടെ വിലയോ മറ്റ് കാര്യങ്ങളോ അവർക്ക് അറിയില്ല.

പൂർണ്ണമായിട്ടും കൈകൊണ്ട്, മരച്ചർക്കയിൽ നൂല് നൂറ്റ്, മരത്തറിയിൽ നെയ്യുന്ന സാരികൾ ഞാൻ മുഖത്തോട് ചേർത്തു വെച്ചു. എന്റെ ഇഷ്ടം കണ്ടിട്ടാവണം, അവർ എനിക്ക് ചർക്കയിൽ നൂൽ നൂൽക്കാനും തറിയിൽ ഊടും പാവും ഇടാനും ഒരവസരം തന്നു. ഇന്നുവരെ ചെയ്തിട്ടുള്ള യാത്രകളിൽ കുറച്ച് സാഹസികവും വളരെ വ്യത്യസ്തവുമായ യാത്രയായിരുന്നു ഉപ്പടയിലേക്ക് നടത്തിയത്. ഓർമ്മയിൽ തങ്ങിനിൽക്കുന്ന സുന്ദരയാത്ര. ഉപ്പട സിൽക്ക്, പോച്ചംപള്ളി സിൽക്ക് എന്നിവയ്ക്ക് വ്യാജന്മാർ ധാരാളമായി വിപണിയിലുണ്ട്. യഥാർത്ഥ ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ് വാങ്ങാൻ ശ്രദ്ധിക്കുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi