ഓരോ നിമിഷവും പ്രകൃതിയോട് ചേർന്നുനിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നെത്തന്നെ അതിനായി പാകപ്പെടുത്തുമ്പോൾ, 'കണ്ണകി' പ്രകൃതിയുടെ ഒരു ബൊട്ടിക് ആയി മാറണമെന്നും വിചാരിക്കുന്നു. സഹജീവികളോടുള്ള സ്‌നേഹവും പരിസ്ഥിതിയോട് കരുതലും കേവലം വാക്കുകളല്ല, മറിച്ച് ജീവിതചര്യയുടെ ഭാഗമാണ്. 'കണ്ണകി'യുടെ തുടക്കം മുതൽ തന്നെ ഓരോ ചുവടിലും മണ്ണറിഞ്ഞു മുന്നേറാൻ ശ്രദ്ധിച്ചിരുന്നു. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് മാലിന്യനിർമാർജനമാണ്. നമ്മളാൽ ഈ ഭൂമിക്ക് ഒരു ഭാരവും ഉണ്ടാകരുതെന്ന ഉറച്ച ബോധ്യം നമുക്കുണ്ടാകണം. അജൈവവസ്തുക്കളുടെ ഉപയോഗം പരമാവധി കുറച്ച് പ്രകൃതിയുമായി പൂർണ്ണമായും ഇണങ്ങിച്ചേരുക എന്നത് ഈ കാലഘട്ടത്തിൽ നാമോരോരുത്തരും ജീവിതവ്രതമായിത്തന്നെ ഏറ്റെടുക്കേണ്ടതാണ്. ഒരു സാരി തിരഞ്ഞെടുക്കുമ്പോൾ അത് എങ്ങനെ വിറ്റ് ലാഭമുണ്ടാക്കാം എന്നതിലുപരി, അതിലടങ്ങിയിരിക്കുന്ന കലയെയും പ്രകൃതിയെയുമാണ് ഞാൻ കാണുന്നത്. ഈയിടെ ഒരു സുഹൃത്തിനോട് ഇത് പങ്കുവെച്ചപ്പോൾ, 'എങ്കിൽ പിന്നെ ഇതൊക്കെ വെറുതെ കൊടുത്തു കൂടെ?' എന്ന് പരിഹാസത്തോടെ അദ്ദേഹം ചോദിക്കുകയുണ്ടായി. സമാനമായ ചോദ്യങ്ങൾ ഇനിയും ഉണ്ടായേക്കാം എന്നതുകൊണ്ടാണ് എന്റെ നിലപാട് ഇവിടെ വ്യക്തമാക്കുന്നത്.

To advertise here,

പ്രകൃതിദത്ത ചായങ്ങളും (Natural dye) പരുത്തി വസ്ത്രങ്ങളും പരമാവധി ഉൾക്കൊള്ളിച്ചുകൊണ്ട്, പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ഗുണകരമാവുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണകിയെ പൂർണ്ണമായും രൂപപ്പെടുത്തിയെടുത്തത്. അങ്ങനെയാണ് പ്രകൃതിയുടെ തനിമയാർന്ന നിറക്കൂട്ടുകൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് തേടി ഷിമോഗയിലേക്ക് യാത്രതിരിച്ചത്. പ്രകൃതിയുടെ വരദാനങ്ങളും മനുഷ്യന്റെ കഠിനാധ്വാനവും ഒരേ നൂലിൽ കോർത്തുവച്ച മനോഹരമായ ഒരനുഭവമായിരുന്നു ആ യാത്ര.

പശ്ചിമഘട്ടത്തിന്റെ ഓരം ചേർന്നുള്ള പ്രകൃതിരമണീയമായ കാഴ്ചകൾക്കും നിത്യഹരിതമായ പച്ചപ്പിനും ഇടയിലൂടെ, ചായങ്ങളുടെ വിസ്മയലോകമായ ചരകയിലേക്കായിരുന്നു എന്റെ ആ യാത്ര. സത്യത്തിൽ, അത് എന്നിലേക്ക് ഇറങ്ങിച്ചെന്ന ഒരു അനുഭവം കൂടിയായിരുന്നു. എന്റെ യാത്രാനുഭവങ്ങളുടെ അടിസ്ഥാനശില എന്ന് വിശേഷിപ്പിക്കാവുന്നത് രണ്ട് യാത്രകളാണ് നർമ്മദ യാത്രയും ഷിമോഗ യാത്രയും. രണ്ടും തികച്ചും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു; മനുഷ്യന്റെ കഠിനാധ്വാനത്തെയും അതിജീവനത്തെയും ദാരിദ്ര്യത്തെയും അടുത്തറിഞ്ഞ നിമിഷങ്ങൾ. നർമ്മദയെക്കുറിച്ച് പിന്നീട് പറയാം, ഇപ്പോൾ ഷിമോഗയിലെ വിശേഷങ്ങളിലേക്ക്. കുറിപ്പുകൾ വിരസമായിപ്പോകാതിരിക്കാനും എല്ലാവരും താല്പര്യത്തോടെ വായിക്കാനും വേണ്ടിയാണ് ഷിമോഗ യാത്രയെക്കുറിച്ചും, പ്രകൃതിദത്ത ചായങ്ങളുടെ പിറവിയെക്കുറിച്ചും രണ്ട് ഭാഗങ്ങളിലായി എഴുതുന്നത്.

പ്രകൃതിദത്ത ചായങ്ങളുടെ മാന്ത്രികത നേരിൽ കാണണമെന്ന വലിയൊരു ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. 'കണ്ണകി'യിലെ ഭൂരിഭാഗം വസ്ത്രങ്ങളും പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ചുള്ളതാണ്. അതുകൊണ്ട് അതിന്റെ നിർമ്മാണ രീതികൾ പഠിക്കാനും ഇത്തരം ഗ്രാമീണ യൂണിറ്റുകളെ പിന്തുണയ്ക്കാനും ഞാൻ ആഗ്രഹിച്ചു. ആ ആഗ്രഹമാണ് എന്നെ ഷിമോഗയിലെ 'ചരക'യിലെത്തിച്ചത്. പ്രശസ്ത നാടകപ്രവർത്തകനായ പ്രസന്ന സ്ഥാപിച്ച 'ചരക', ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നാച്ചുറൽ ഡൈ യൂണിറ്റുകളിൽ ഒന്നാണ്. ഗാന്ധിയൻ മൂല്യങ്ങളിൽ അധിഷ്ഠിതമായ ലളിത ജീവിതമാണ് അവിടുത്തെ മുഖമുദ്ര. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ എണ്ണൂറോളം ഗ്രാമീണ സ്ത്രീകളാണ് തങ്ങളുടെ ജീവിതോപാധി കണ്ടെത്തുന്നത്. എന്റെ യാത്രകൾ കേവലം ഒരു വിപണന കേന്ദ്രത്തിലേക്കല്ല, മറിച്ച് തുണി ഉത്പാദിപ്പിക്കുന്ന യൂണിറ്റിലേക്കാണ്. കൈത്തറി വസ്ത്രങ്ങളുടെ വില കേട്ട് നെറ്റി ചുളിക്കുന്നവർ, അറിയാത്തത് വലിയൊരു അധ്വാനം ഓരോ നൂലിന് പിന്നിലുമുണ്ട് എന്നതാണ്. ചരകയിലെ കാഴ്ചകൾ എന്നെ പഠിപ്പിച്ചത് അതാണ്. നൂൽ നൂൽക്കുന്നത് മുതൽ തുടങ്ങി ക്ഷമയോടെയുള്ള പ്രവർത്തനങ്ങളാണ് ഓരോ വസ്ത്രത്തിനും പറയാനുള്ളത്. നൂൽ നൂൽക്കൽ കഴിഞ്ഞാൽ പിന്നെ നിറം മുക്കലാണ്. നൂലുകൾ പുഴുങ്ങി ചായം മുക്കി ഉണക്കിയെടുക്കുന്ന നീണ്ട പ്രക്രിയയാണത്. അതിനുശേഷമാണ് നെയ്ത്ത് തുടങ്ങുന്നത്. നെയ്ത്തിന് ശേഷം തുണികൾ വീണ്ടും തിളച്ച വെള്ളത്തിൽ പുഴുങ്ങുന്നു. തുടർന്ന് ഡിസൈനുകൾ പതിച്ച അച്ചുകൾ ഒരേ താളത്തിൽ, തെറ്റാതെ വീണ്ടും വീണ്ടും പതിപ്പിക്കാൻ വലിയ ഏകാഗ്രത വേണം. ഒരു ചെറിയ പിഴവ് മതി ആ വസ്ത്രം പാഴാകാൻ. ഇതിനെയാണ് നമ്മൾ 'ബ്ലോക്ക് പ്രിന്റിംഗ്' എന്ന് വിളിക്കുന്നത്.

കുട്ടിക്കാലത്ത് അച്ഛന്റെ അനിയൻ രാമചന്ദ്രൻ ചിറ്റപ്പൻ ഞങ്ങളെക്കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുമായിരുന്നു. ശങ്കേഴ്‌സ് വീക്കിലിയിലേക്ക് നിരന്തരമായി ചിത്രങ്ങൾ അയക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു രീതിയായിരുന്നു. അച്ഛന്റെയും ചിറ്റപ്പന്മാരുടെയും വഴിയിലൂടെ ലഭിച്ച ആ ചിത്രകലാ വാസനയാകാം നിറങ്ങളുടെ ഈ സംയോജനത്തോട് എനിക്ക് ഇത്ര കൗതുകം തോന്നാൻ കാരണം. രണ്ടോ മൂന്നോ നിറങ്ങളുടെ സംയോജനത്തിലൂടെ മൂന്നാമതൊരു നിറം ഉണ്ടാകുന്നത് വലിയ കൗതുകം ആണ് ഞങ്ങൾ കിട്ടികൾക്ക് അന്നെല്ലാം. ചരകയുടെ പ്രകൃതിദത്ത യൂണിറ്റിൽ എങ്ങനെയാണ് ചായങ്ങൾ നിർമ്മിക്കുന്നതെന്ന് പറയട്ടെ.

എല്ലാ ആൾക്കാർക്കും ഒരേ പോലെ ഇഷ്ടമുള്ള ഇൻഡിഗോ നിറത്തിന് കുറിച്ച് ആദ്യം പറയാം. ഇൻഡിഗോ വെറുമൊരു നിറത്തേക്കാൾ കൂടുൽ ആഗോളതലത്തിൽ തുണിത്തരങ്ങളുടെ ചരിത്രത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ ഒരു പ്രകൃതിദത്ത ചായമാണ്. ഇൻഡിഗോ ഡൈയുടെ ഉത്പാദനം സങ്കീർണ്ണവും വിചിത്രവുമായ ഒരു പ്രക്രിയയാണ്, കഴുകിയാലും പലപ്പോഴും നിറീത്തെളിഞ്ഞു വരുന്നു. പക്ഷെ ഡൈയുടെ കൂട്ടിൽ പിഴവ് പറ്റിയാൽ ഇളകി പോകാനും സാധ്യതയുണ്ട്. ഇന്ത്യ, ഈജിപ്ത് ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഇൻഡിഗോ നിരവധി നാഗരികതകളുടെ ഫാഷനിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് ഇനി ഇൻഡിഗോ നിറത്തിന്റെ രഹസ്യം പറയട്ടെ.... പ്രകൃതിയുടെ നീലമന്ത്രം അതാണ് ഇൻഡിഗോ. പ്രകൃതിദത്തമായി നീലനിറം ഉത്പാദിപ്പിക്കുന്ന അത്ഭുതകരമായ ഒരു പ്രക്രിയയാണ് ഇൻഡിഗോ ഡൈയിംഗ്. ഇൻഡിഗോ ചെടിയുടെ ഇലകൾ വെള്ളത്തിൽ കുതിർത്ത് പുളിപ്പിച്ചാണ് (Fermentation) ഇതിലെ നിറം വേർതിരിക്കുന്നത്. ഇലകളിലെ 'ഇൻഡികാൻ' എന്ന പദാർത്ഥം വെള്ളത്തിൽ ലയിച്ചു ചേരുന്നു. ഈ ലായനിയിലേക്ക് വായു കടത്തിവിടുമ്പോൾ (Oxidation) ഒരു മാന്ത്രിക മാറ്റം സംഭവിക്കുന്നു. പച്ചനിറമുള്ള ലായനി കടും നീലയായി മാറുന്നത് കാണാൻ തന്നെ കൗതുകമാണ്. ചർമ്മത്തിന് തികച്ചും സുരക്ഷിതമാണ് പ്രകൃതിയുടെ ഈ നീലമന്ത്രം.

എപ്പോഴും ട്രെൻഡി ആയി നിലനിൽക്കുന്ന ഒന്നാണ് കറുപ്പ്. കറുപ്പ് നിറം പല തരമുണ്ട്. നമ്മൾ കാണുന്ന രാസവസ്തുക്കൾ ചേർന്ന കറുപ്പല്ല ഇത്. പഴയ ഇരുമ്പ് കഷണങ്ങൾ ശർക്കര ലായനിയിൽ ഇട്ട് മാസങ്ങളോളം പുളിപ്പിച്ചാണ് ഇതിനുള്ള ലായനി ഉണ്ടാക്കുന്നത്. ഈ ലായനി മരത്തൊലികളിലെ ടാനിനുമായി ചേരുമ്പോഴാണ് മനോഹരമായ കറുപ്പ് നിറം ജനിക്കുന്നത്. അക്കേഷ്യ കറ്റച്ചു (കരിങ്ങാലി) പോലുള്ള മരങ്ങളുടെ സത്തും ഇതിനായി ഉപയോഗിക്കുന്നു. ഇനി മഞ്ഞയുടെ കുളിർമ ഉണ്ടാവുന്നത്: മഞ്ഞൾ, അടക്കത്തോട് തുടങ്ങിയവയാണ് മഞ്ഞനിറത്തിന്റെ ഉറവിടം. മഞ്ഞൾ പൊടിച്ച് വെള്ളത്തിൽ തിളപ്പിച്ചും ചില പ്രാദേശിക മരങ്ങളുടെ തൊലിയും പൂക്കളും ഉപയോഗിച്ചും തുണികൾക്ക് ശോഭയുള്ള മഞ്ഞനിറം നൽകുന്നു. അടയ്ക്കാത്തോട്, അക്കേഷ്യ കറ്റച്ചു എന്നിവയിൽ നിന്നാണ് തവിട്ടുനിറം വേർതിരിക്കുന്നത്. കൂടാതെ മാതളനാരങ്ങയുടെ തോട് ഉപയോഗിച്ച് മഞ്ഞയും തവിട്ടും നിറങ്ങൾ നിർമ്മിക്കുന്നു. ഇത് വസ്ത്രങ്ങൾക്ക് ഒരു പ്രത്യേക വിന്റേജ് ഭംഗി നൽകുന്നു. ഷിമോഗയിലെ ഓരോ നിമിഷവും ഇങ്ങനെ നിറക്കൂട്ടുകളുടെ വലിയൊരു ലോകമാണ് തുറന്നു തന്നത്. മനോഹരമാണ് പ്രകൃതിദത്ത ചായങ്ങളുടെ ലോകം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ, രാജസ്ഥാനിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും ഒക്കെ ഇത്തരം വിസ്മയങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. യാത്രയും ആശ്രമത്തിലെ താമസവും അടുത്ത ലക്കത്തിൽ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi