
കറുത്ത കണ്ണും നീണ്ട മുടിയുമുള്ള ഗ്രസിയല്ല സൗന്ദര്യത്തിന്റെ മാത്രമല്ല ആത്മാര്‍ഥ പ്രണയത്തിന്റെയുംകൂടി പ്രതീകമാണ് ഇറ്റലിക്കാര്‍ക്ക്. ആ ഗ്രസിയല്ലയെ തേടിയാണ് പ്രോച്ചിട ദ്വീപില്‍ എത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ഒരു ഫ്രഞ്ച് സൈനികന്‍ പ്രോച്ചിട ദ്വീപില്‍ എത്തുകയും ഗ്രസിയല്ല എന്ന അനാഥ പെണ്‍കുട്ടിയുമായി ഗാഢപ്രണയത്തിലാവുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ നാട്ടിലേക്ക് പോയപ്പോള്‍, ഗ്രസിയല്ല അസുഖബാധിതയായി മരണമടഞ്ഞു. മരിക്കുന്നതിന് മുന്‍പ് കാമുകന് തന്റെ മുടിയിഴകള്‍ അവള്‍ അയച്ചുകൊടുത്തിരുന്നു. അവളുടെ മരണത്തില്‍ ഉലഞ്ഞ കാമുകനായ അല്‍ഫോന്‍സ് ഡെ ലേമാര്‍ട്ടിന്‍, 'ഗ്രസിയല്ല' എന്ന പേരില്‍ ആത്മകഥാംശമായ നോവല്‍ രചിച്ചു. അത് ഫ്രഞ്ച് സാഹിത്യത്തിലെ മികച്ച സൃഷ്ടികളില്‍ ഒന്നായിത്തീര്‍ന്നു. നോവലിനെ ആധാരമാക്കി സിനിമകള്‍, കഥകള്‍, കവിതകള്‍ തുടങ്ങിയവ രചിക്കപ്പെട്ടു. ഈ കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോഴാണ് പ്രോച്ചിട ദ്വീപ് സന്ദര്‍ശനംകൂടി ഇറ്റലി യാത്രയില്‍ ഉള്‍പ്പെടുത്തിയത്.

ഇറ്റലിയിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായ നേപ്പിള്‍സില്‍നിന്ന് കടല്‍മാര്‍ഗം മാത്രമേ പ്രോച്ചിടയില്‍ എത്താന്‍ സാധിക്കൂ. ഉച്ചയ്ക്ക് ബെവെറേല്ലോ തുറമുഖത്തുനിന്ന് ബോട്ടും വിമാനവും കൂടിച്ചേര്‍ന്ന ഹൈഡ്രോഫോയിലില്‍ അങ്ങോട്ടേക്ക് തിരിച്ചു. മുക്കാല്‍ മണിക്കൂര്‍ സമയമെടുത്തു ദ്വീപിലെ തുറമുഖമായ മറീന ഗ്രാന്റില്‍ എത്താന്‍. ഒരു കിലോമീറ്ററോളം നീണ്ട കടല്‍ത്തീരത്തിന് സമാന്തരമായി മനോഹരമായ കെട്ടിടങ്ങള്‍. ഇവയ്ക്ക് രണ്ടിനും നടുവിലായി വൃത്തിയുള്ള കല്ലിട്ട പാത.
ദ്വീപിന് ആകെയുള്ള വിസ്താരം നാല് കിലോമീറ്റര്‍ മാത്രമാണ്. ജനസംഖ്യ പതിനായിരത്തില്‍ താഴെ. ദ്വീപിന്റെ എതിര്‍വശത്ത് ബുക്ക് ചെയ്ത ഹോട്ടലിലേക്ക് നടന്നു. അടുത്തുള്ള റെസ്റ്റോറന്റിനെപ്പറ്റി അന്വേഷിച്ചപ്പോഴാണറിഞ്ഞത് ദ്വീപിലെ എല്ലാ കടകളും ഉച്ചയ്ക്ക് രണ്ടുമണിക്ക് അടയ്ക്കുമെന്ന്. വൈകീട്ട് ഏഴുമണിക്കേ പിന്നീട് തുറക്കൂ. കൈയിലുണ്ടായിരുന്ന ബണ്ണും മറ്റും കഴിച്ച് തത്കാലം വിശപ്പടക്കി.
പിറ്റേന്ന് രാവിലെ 'ടെറാ മുറാറ്റ' ലക്ഷ്യമാക്കി നടന്നു. പ്രോച്ചിട ദ്വീപിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണിത്. ഇവിടെ ഗ്രസിയല്ലയുടെ പേരിലുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണിത കെട്ടിടത്തിലാണ്. കല്ലുപാകിയ ചെറുവീഥികളിലൂടെ നടന്നു.
ഇരുവശങ്ങളിലും വീടുകളായിരുന്നു. എല്ലാ വീടിന്റെയും മുറ്റത്ത് ഒരു നാരകമരമെങ്കിലുമുണ്ടായിരുന്നു. അതില്‍ നിറയെ വലിയ നാരങ്ങകള്‍ തൂങ്ങിക്കിടന്നു. ആളുകള്‍ കൂടുതലും സൈക്കിള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. വീതിയുള്ള റോഡുകള്‍ വണ്‍വേയാണ്. ഒരു കാര്‍ പോകാനുള്ള വീതി മാത്രമേ ആ റോഡുകള്‍ക്കുള്ളൂ. കയറ്റിറക്കങ്ങള്‍ പി ന്നിട്ട് ഗ്രസിയല്ല മ്യൂസിയത്തിലെത്തി. രണ്ടാംനിലയിലായിരുന്നു മ്യൂസിയം. അവിടെ വരവേറ്റത് തേജസ്സുറ്റ കണ്ണുകളുള്ള ഗ്രസിയല്ല പാവയായിരുന്നു.
സ്വര്‍ണനിറത്തിലെ നൂലുകള്‍കൊണ്ട് അലങ്കരിച്ച നീണ്ടകുപ്പായവും തലയില്‍ മഞ്ഞതട്ടവുമെല്ലാം കശ്മീരി പെണ്‍കുട്ടിയെ ഓര്‍മിപ്പിച്ചു. ഗ്രസിയല്ലയുടെ യഥാര്‍ഥ ചിത്രം അവിടെയുണ്ടെന്ന് വായിച്ചിരുന്നു. അവളെ ഒരുനോക്ക് കാണാന്‍ മനസ്സ് കൊതിച്ചു. ആദ്യത്തെ മുറിയിലെ ചുമരില്‍ പലതരം ചങ്ങല, ബ്രഷ്, കത്തി, ചുറ്റിക, ആണി, പണിയായുധങ്ങള്‍ തുടങ്ങിയവകൊണ്ട് അലങ്കരിച്ചിരുന്നു. ഒരു മൂലയില്‍ അക്കാലത്തെ അടുപ്പും മണ്‍ചട്ടിയും പാത്രങ്ങളും മറ്റുമായിരുന്നു. അടുത്ത മുറിയായിരുന്നു ഗ്രസിയല്ലയുടെത്. തേടിനടന്ന ഫോട്ടോ അവിടെ കണ്ടെത്തി. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്‌കെച്ച് ആയിരുന്നു. വിഷാദം തുളുമ്പുന്ന മുഖം. അതിന് മുന്നില്‍ ഒരു സ്റ്റൂളിന്റെ പുറത്തുവെച്ചിരുന്ന തടിപ്പെട്ടിക്കുള്ളില്‍ പിന്നിയിട്ട മുടി വെട്ടിവെച്ചിരുന്നു. ഗ്രസിയല്ല തന്റെ കാമുകനയച്ച മുടിയിഴകള്‍ അതില്‍നിന്നാകണം എന്നോര്‍ത്തപ്പോള്‍ ഒരു നൊമ്പരം അനുഭവപ്പെട്ടു.

1950 മുതല്‍ എല്ലാ വേനല്‍ക്കാലത്തും ദ്വീപിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിക്ക് 'ഗ്രസിയല്ലാപട്ടം' കൊടുക്കും. വിജയികളായ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ചുമരില്‍ കണ്ടു. തിരികെയിറങ്ങുന്നതിന് മുന്‍പ് ടെറസിലേക്ക് പോയി. ദ്വീപിന്റെ വിശാലമായ കാഴ്ച അവിടെനിന്നാല്‍ കാണാം. ഇറ്റാലിയന്‍ എഴുത്തുകാരി എല്‍സ മോറാന്റെ തന്റെ നോവലായ 'ദി ഐലന്‍ഡ് ഓഫ് അര്‍തുറോ', ഈ ദ്വീപിനെ ആസ്പദമാക്കിയാണ് എഴുതിയത്. ഈ ടെറസിന് കഥാകാരിയുടെ പേര് തന്നെയാണ് നല്‍കിയിട്ടുള്ളതും.

തൊട്ടടുത്തുള്ള പിങ്ക് നിറത്തില്‍ അലങ്കരിച്ച സെയിന്റ് മൈക്കിള്‍ പള്ളിയിലേക്കാണ് പിന്നീട് പോയത്. അകത്ത് വിശുദ്ധ മൈക്കിളിന്റെ വലിയൊരു വെങ്കലപ്രതിമ കണ്ടു. ഇറ്റലിയിലെ മറ്റ് പള്ളികള്‍പോലെ ഇതിന്റെ മേല്‍ക്കൂരയും മനോഹരമായ പെയിന്റിങ്ങുകള്‍കൊണ്ട് അലങ്കരിച്ചിരുന്നു. 2022-ല്‍ പ്രോച്ചിട ദ്വീപായിരുന്നു ഇറ്റലിയുടെ സാംസ്‌കാരികതലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഈ പ്രദേശത്തിന്റെ ഉന്നമനത്തിനായി വലിയൊരു തുക സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. ആ തുകയില്‍നിന്ന് കുറച്ചെടുത്താണ് ആവലോസ് കൊട്ടാരത്തെ ആകര്‍ഷണകേന്ദ്രമാക്കിമാറ്റിയത്. കാടുപിടിച്ച, ഭാര്‍ഗവിനിലയം'പോലെ തോന്നിച്ച വലിയൊരു ബംഗ്ലാവിലാണ് എത്തിച്ചേര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ ജയില്‍മുറികള്‍ കാണാന്‍കഴിഞ്ഞു. സെല്ലിലെ ജനാലയില്‍കൂടി നോക്കിയാല്‍ ലിഗുരിയന്‍ കടലില്‍ തിരമാലകള്‍ ആര്‍ത്തുല്ലസിക്കുന്നത് കാണാം.

പിയാസ മാര്‍ട്ടീരിയിലേക്ക് നടന്നു. ആ വഴിയിലൂടെ നടക്കുമ്പോള്‍ കോറിസെല്ല എന്ന അതിസുന്ദരമായ മുക്കുവഗ്രാമം കാണാം. 'റ'' പോലെ വളഞ്ഞ കടല്‍ത്തീരത്തിന് സമാന്തരമായി പല നിറത്തിലുള്ള വീടുകള്‍. കടലില്‍ പൊട്ടുപോലെ ബോട്ടുകള്‍. പിയാസ മാര്‍ട്ടീരി മൂന്നുംകൂടിയ കവലയാണ്. കോറിസെല്ലയിലേക്കും ടെറാ മുറാറ്റയിലേക്കും മറീന ഗ്രാന്റിലേക്കും പോകുന്ന വഴികള്‍ ഇവിടെയാണ് കൂടിച്ചേരുന്നത്. പ്ലേഗില്‍നിന്ന് പ്രോച്ചിടയെ മോചിപ്പിച്ചതിന്റെ സ്മരണാര്‍ഥം പണിത പള്ളി ഇവിടെയുണ്ട്. കസാലെ വാസെല്ലോ ആയിരുന്നു അടുത്ത ലക്ഷ്യം. ടെറാ മുറാറ്റയില്‍ സ്ഥലപരിമിതിയുണ്ടായപ്പോള്‍ ആളുകള്‍ താണപ്രദേശങ്ങളിലേക്ക് ചേക്കേറാനാരംഭിച്ചു. പതിനേഴാംനൂറ്റാണ്ടില്‍ പണിത കെട്ടിടങ്ങളെ കസാലെ എന്നായിരുന്നു വിളിച്ചിരുന്നത്. കസാലെകളില്‍ ഏറ്റവും പഴയതാണ് കസാലെ വാസെല്ലോ.

ഗുഹപോലെയുള്ള കവാടത്തിലൂടെ കയറിച്ചെന്നാല്‍ ഒരു നടുമുറ്റത്തെത്തും. അതിന് ചുറ്റുമായി ഒരുപോലെ തോന്നിക്കുന്ന മൂന്നുനില കെട്ടിടങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് പണിതിരിക്കുന്നു. ഇന്നും ഇവിടെ ആളുകള്‍ താമസിക്കുന്നുണ്ട്. അവിടെനിന്ന് കോറിസെല്ല കാണാനിറങ്ങി. ഗ്രാമത്തിലേക്ക് റോഡ് ഒന്നുമില്ല. കടല്‍ത്തീരത്തിന് സമാന്തമായി തട്ടുതട്ടുകളായുള്ള വീടുകളാണ്. പടികള്‍ ഇറങ്ങിയാണ് കടല്‍ത്തീരത്തെത്തുക. അവിടെ കുടിയേറ്റക്കാരുടെ മതില്‍ (Wall of migrants)) കണ്ടു. പ്രോച്ചിട ദ്വീപില്‍നിന്ന് മറ്റിടങ്ങളിലേക്ക് ചേക്കേറിയവര്‍ക്ക് അവരുടെ പൂര്‍വികരുടെ പേര് ഈ മതിലില്‍ എഴുതിച്ചേര്‍ക്കാം. അവസാനം സന്ദര്‍ശിച്ചത് ലൈറ്റ് ഹൗസാണ്. കോറിസെല്ലയില്‍നിന്ന് അരമണിക്കൂറോളം നടക്കണം. ഉപേക്ഷിക്കപ്പെട്ട ഒരു വലിയ വട്ടമുറി. അതെങ്ങനെയാണ് ലൈറ്റ്ഹൗസായതെന്ന് ഒരു പിടിയും കിട്ടിയില്ല. ഇറ്റലിയിലെ കാപ്രി, ഇശ്ചിയ ദ്വീപുകള്‍ യാത്രികരുടെ പറുദീസയാണെങ്കിലും തിരക്കില്ലാത്ത ദ്വീപ് ജീവിതം ആസ്വദിക്കാന്‍ ഗ്രസിയല്ലയുടെ പ്രോച്ചിടയാണ് ഉചിതം
Content Highlights: Italy travelogue by mitra satheesh
Published: 02 Oct 2023, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented