യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. അത് ജീവിതത്തിൽ മികച്ച ഒരു അനുഭവവുമാണ്. യാത്രകൾ ചെറുതും വലുതുമായിക്കോട്ടെ, അത് നമുക്ക് കൂടുതൽ വിശാലമായ കാഴ്ചപ്പാട് പകർന്നുനൽകും. ലോകത്തോടുള്ള നമ്മുടെ മനോഭാവത്തെ മാറ്റിമറിക്കും. യാത്രകൾ പലപ്പോഴും നല്ല അനുഭവങ്ങൾക്കു പുറമേ പല ബുദ്ധിമുട്ടുകളും സൃഷ്ടിച്ചേക്കാം.
അതുപോലൊരു അനുഭവമാണ് ഒരു ട്രാവൽ വ്‌ളോഗർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക്, യാത്ര സങ്കീർണ്ണമായേക്കാമെന്നാണ് അയാൾ പറഞ്ഞത്. ഇന്ത്യൻ പാസ്പോർട്ടുമായി ലോകം ചുറ്റിയ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് 22-കാരൻ കാര്യം വിശദമാക്കിയത്. ഇന്ത്യൻ പാസ്പോർട്ട് കൈവശം വെക്കുക എന്നതിനർത്ഥം മറ്റുള്ളവരെക്കാൾ കൂടുതൽ സൂക്ഷ്മപരിശോധന നേരിടേണ്ടി വരും എന്നാണ് ജയന്ത് ശർമ്മ അവകാശപ്പെട്ടത്.
'യാത്രയെ സ്‌നേഹിക്കുന്ന ഒരു ഇന്ത്യൻ പാസ്പോർട്ട് ഉടമയെന്ന നിലയിൽ എനിക്ക് നേരിടേണ്ടി വന്ന യാത്രയുടെ ഇരുണ്ടവശം. അത് ഗൈഡ്ബുക്കുകളിലില്ല. റീലുകളിലുമില്ല. അസ്തമയങ്ങളിലോ, വിമാനയാത്രകളിലോ, എയർപോർട്ട് ലോഞ്ചുകളിലോ ഇല്ല. എന്നാൽ അത് തുറിച്ചുനോട്ടങ്ങളിലുണ്ട്. നിശ്ശബ്ദതയിലുണ്ട്. നിങ്ങളുടെ മനുഷ്യത്വം തെളിയിക്കാൻ ആവശ്യപ്പെടുന്ന രേഖകളിലുണ്ട്. ഏഴ് ദിവസത്തെ ഒരു യാത്രയ്ക്ക് വേണ്ടി എനിക്ക് ഒരുപാട് ന്യായീകരിക്കേണ്ടി വന്നിട്ടുണ്ട്. എവിടേക്ക് പോകണം എന്ന് ആസൂത്രണം ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം ഞാൻ തിരിച്ചുവരും എന്ന് എംബസികളെ ബോധ്യപ്പെടുത്താനാണ് ചിലവഴിച്ചത്.
ഒരു വാക്ക് പോലും പറയുന്നതിന് മുൻപ് ഒരു ബോർഡർ കൺട്രോൾ ഓഫീസർക്ക് വെറും 3 സെക്കൻഡ് നോട്ടം കൊണ്ട് എന്നെയൊരു ഭീഷണിയായി തോന്നിയിട്ടുണ്ട്. എന്റെ പാസ്പോർട്ട് കൈമാറുമ്പോഴെല്ലാം ഞാൻ മുൻവിധികളുടെ ഭാരം കൂടിയാണ് കൈമാറുന്നത്. നിങ്ങൾ എവിടെ നിന്ന് വരുന്നു? എന്തിനിവിടെ വന്നു? തനിച്ചാണോ? കയ്യിൽ ആവശ്യത്തിന് പണമുണ്ടോ? അവരൊന്നും ഒരു യാത്രക്കാരനെയല്ല എന്നിൽ കാണുന്നത്. അവരൊരു അപകടസാധ്യതയാണ് കാണുന്നത്. നിയമം ലംഘിച്ച് തങ്ങാൻ സാധ്യതയുള്ള ഒരാളെ. തവിട്ടുനിറമുള്ള, പാസ്പോർട്ടുമായി കടന്നുപോകാൻ ശ്രമിക്കുന്ന ഒരു മനുഷ്യനെ.' ജയന്ത് പറയുന്നു.
'ഏറ്റവും വേദനിപ്പിക്കുന്നത് എന്തെന്നാൽ... നമുക്കിത് അറിയാം എന്നതാണ്. നമ്മൾ അതിനായി തയ്യാറെടുക്കുന്നു. നമ്മൾ ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കുന്നു. സൗമ്യമായി സംസാരിക്കുന്നു. കൂടുതൽ രേഖകൾ കയ്യിൽ കരുതുന്നു. എളുപ്പമുള്ള രാജ്യങ്ങളിലൂടെ കടന്നുപോകാനുള്ള വഴികൾ ആസൂത്രണം ചെയ്യുന്നു. നമ്മൾ ഒരുപാട് പുഞ്ചിരിക്കും, സന്തോഷം കൊണ്ടല്ല മറിച്ച് തെറ്റിദ്ധരിക്കപ്പെടുമോ എന്ന ഭയം കൊണ്ട്. ഒരു കാരണവും വ്യക്തമാക്കാതെ വിസ നിഷേധിക്കപ്പെട്ടതിന് ശേഷം ആളുകൾ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഞാനിപ്പോൾ അത് തുറന്നുപറയുകയാണ്. ഇതാണ് യാത്രയുടെ മോശം വശം. ഇതൊരു സഹതാപം പിടിച്ചുപറ്റാനുള്ള പോസ്റ്റല്ല. ഇതൊരു യാഥാർത്ഥ്യബോധമാണ്. അപമാനിക്കപ്പെടുകയും, അവഗണിക്കപ്പെടുകയും ചെയ്ത ഓരോ ഇന്ത്യൻ യാത്രക്കാർക്കും വേണ്ടി. കേവലം ലോകം ചുറ്റിക്കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് തെളിയിക്കാൻ വേണ്ടി, നമുക്ക് പോരാടേണ്ടി വരാത്ത ഒരു ദിവസം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഞങ്ങൾക്ക് പ്രത്യേക പരിഗണനയൊന്നും വേണ്ട. അതിരുകളില്ലാതെ സ്വപ്നം കാണാനുള്ള അവകാശം മാത്രം മതി.' അയാൾ കൂട്ടിച്ചേർത്തു.
ഈ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ വൈറലായി. മിക്ക ഇന്ത്യൻ യാത്രക്കാർക്കും ബന്ധപ്പെടുത്താൻ കഴിയുന്ന ഒരു അനുഭവത്തെക്കുറിച്ച് സംസാരിച്ചതിന് നിരവധി ആളുകൾ ജയന്തിന് നന്ദി പറഞ്ഞു. മറ്റുചിലർ അദ്ദേഹത്തിന്റെ സത്യസന്ധതയെ അഭിനന്ദിക്കുകയും സോഷ്യൽ മീഡിയയിൽ അപൂർവ്വമായി മാത്രം കാണുന്ന യാത്രയുടെ ഇത്തരം ഒരു വശത്തെക്കുറിച്ച് തുറന്നു സംസാരിച്ചതിന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A 22-year-old traveler shares the struggles of traveling with an Indian passport, highlighting prejudice and scrutiny faced at borders.
Published: 19 Jul 2025, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented