അരുണാചൽ പ്രദേശ്, അസം, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ സപ്തസഹോദരിമാർ. ബിഹാറിലെ കിഷൻ ഗഞ്ച് മുതൽ പശ്ചിമ ബംഗാളിന്റെ ഭാഗമായ സിലിഗുഡി വരെ നീളുന്നു ഈ ഭാഗങ്ങൾ. ഇതിൽ നാഗാലാൻഡ് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും സവിശേഷമായ സംസ്ഥാനമാണ്.
നിരവധി ഉത്സവങ്ങൾ ഇന്നാട്ടിലെ ഗോത്രവർഗക്കാരുടേതായി ഉണ്ട്. തുലുനി, യംഷെ, നാസു, സെക്രൻയി എന്നിങ്ങനെ പല പേരുകളിൽ. എന്നാൽ ഉത്സവങ്ങളുടെ ഉത്സവമെന്ന് പേരുകേട്ടത് ഹോൺ ബിൽ ഫെസ്റ്റിവലാണ്. നാഗാലാൻഡിന്റെ സ്വന്തം വേഴാമ്പൽ ഉത്സവം. ഡിസംബർ ഒന്നുമുതൽ പത്തുവരെയാണ് ഹോൺബിൽ ഫെസ്റ്റിവൽ. ഫെസ്റ്റിവൽ 2000-ലാണ് തുടങ്ങിയത്.
നാഗന്മാരുടെ കഥ
തിബറ്റൻ-ബർമീസ് സങ്കരവർഗക്കാരാണ് നാഗാലാൻഡിലെ ഗിരിവർഗക്കാർ. വടക്കുകിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ മ്യാൻമാറിലുമായി അവർ താമസിക്കുന്നു. ഇപ്പോൾ നാഗാലാൻഡ് ഇന്ത്യയിലെ സംസ്ഥാനമാണ്. എന്നാൽ പണ്ട് ഇങ്ങനെയായിരുന്നില്ല. അസംപ്രദേശത്തെ രാജവാഴ്ചക്കാലത്തും വേറിട്ട വിശ്വാസങ്ങളോടും ആചാരങ്ങളോടും കൂടിയ പ്രത്യേക ഗിരിവർഗക്കാരായി നാഗന്മാർ നിലകൊണ്ടു. സർവ ചരാചരങ്ങൾക്കും ആത്മാവും ജീവനും ഉണ്ട് എന്ന സങ്കല്പമായ ആനിമിസം എന്ന വിശ്വാസമാണ് നാഗന്മാരുടേത്. വൃക്ഷലതാദികളും പക്ഷിമൃഗാദികളും കല്ലും പാറയും നദിയുമെല്ലാം അവർക്ക് ഈശ്വരചൈതന്യമാർന്നവയായിരുന്നു.
1826 വരെ ഏതാനും പ്രാവശ്യം ബർമീസ് പട്ടാളം നാഗാ പ്രദേശങ്ങളിൽക്കൂടി അസം ഭാഗത്തേക്ക് പടയോട്ടം നടത്തുകയുണ്ടായി. ഇക്കാലത്ത് നാഗന്മാർ ചുരുങ്ങിയ കാലയളവിലേക്ക് ബർമീസ് ഭരണത്തിൻ കീഴിലായി. 1828-ൽ യാൻഡ ബോ ഉടമ്പടി പ്രകാരം അസം ഭരണം അഹോം രാജകുടുബത്തിൽനിന്ന് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. അക്കാലത്ത് ക്രിസ്തുമതവിശ്വാസം ഇവിടത്തുകാരിൽ നല്ലൊരു ഭാഗം ആളുകളും സ്വീകരിക്കുകയുണ്ടായി. ഇന്നും മൊത്തം ജനസംഖ്യയുടെ എൺപത് ശതമാനത്തിലധികം ക്രിസ്തുമത വിശ്വാസികളാണ്.
ആവോ, അനഗാമി, അനൽ, ചക്കേ സാംഗ്, ചാംഗ്, ചിർ, ചോത്തേ, കോൻയാക്ക്, മൊയോൺ, രംഗ്മ, താംഗ്ഖുൽ, തിഖിർ എന്നിങ്ങനെ മുപ്പതിലധികം വിഭാഗങ്ങളുണ്ട് ഇവിടെ. അവർക്കെല്ലാം സ്വന്തം ഭാഷയും. ഇംഗ്ലീഷും നാഗമീസും ഇവർ സംസാരിക്കുന്നു. തമ്മിൽ കണ്ടാൽ തല കൊയ്തിരുന്ന നാഗന്മാർ ആധുനിക വിദ്യാഭ്യാസം നേടിയശേഷം സഹവർത്തിത്വത്തിലേക്ക് നീങ്ങുകയായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ നാഗന്മാരെ കീഴടക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പും നിരന്തര സംഘട്ടനങ്ങളും ഉണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിൽ ബർമ വഴി എത്തിയ ജാപ്പനീസ് സൈന്യവും ബ്രിട്ടീഷ് നാഗാപോരാളികളും തമ്മിലുണ്ടായ യുദ്ധത്തിൽ നിരവധി പേർക്ക് ജീവഹാനിയുണ്ടായത്രേ. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കാലത്തും സ്വതന്ത്രമായി നിൽക്കാനാണ് നാഗാലാൻഡ് ശ്രമിച്ചത്. പിന്നീട് 1963 ഡിസംബർ ഒന്നിന് ഇന്ത്യയുടെ ഭാഗമായി.
കേട്ടുകേൾവികളുടെ നിറച്ചാർത്തിലൂടെ മാത്രം അറിഞ്ഞ ഹോൺബിൽ ഫെസ്റ്റിവൽ കാണാനായിട്ടായിരുന്നു ആ മണ്ണിലേക്കുള്ള യാത്ര. ഗുവാഹാട്ടിയിൽ തുടങ്ങി ഹോൺബിൽ ഫെസ്റ്റിവല്ലും കണ്ട് സൂക്കോ വാലി ട്രെക്കിങ്ങും കഴിഞ്ഞ് ആറാംദിവസം രാത്രി ദിമാപുർ റെയിൽവേ സ്റ്റേഷനിൽ അവസാനിക്കുന്ന പാക്കേജായിരുന്നു ഞങ്ങളുടേത്. കാമാഖ്യ, ഉമാനന്ദൻ ക്ഷേത്രങ്ങളും ബ്രഹ്‌മപുത്ര ക്രൂയിസും പൂർത്തിയാക്കിയാണ് യാത്രയ്ക്ക് തുടക്കമിട്ടത്.
ഗുവാഹാട്ടിയിലെ കേരള ഭവൻ റസ്റ്ററന്റ് ഭക്ഷണകാര്യത്തിൽ വലിയ സഹായമായി. ഉടമയായ സുനിൽ ഗുരുവായൂർ ഇരുപത്തിയഞ്ച് വർഷമായത്രേ ഇവിടെ. പിന്നീട് ഗുവാഹാട്ടിയിൽനിന്ന് മൂന്ന് ടെമ്പോ ട്രാവലറുകളിലായി പുറപ്പെട്ട് കാമാഖ്യ ക്ഷേത്രവും കണ്ട് രാത്രി പന്ത്രണ്ട് മണിയോടെ കാസിരംഗയിലെത്തി. പിറ്റേന്നായിരുന്നു കാസിരംഗ സഫാരി. അവിടെനിന്ന് ദിമാപുർ വഴി കൊഹിമയിലേക്കും പിന്നീട് കിസാമ വില്ലേജിലേക്കും യാത്ര നീണ്ടു. കിഗ്‌വേമ ഗ്രാമത്തിലെ സക്കാമയിലുള്ള ഹോം സ്റ്റേയിലായിരുന്നു താമസം.
ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന പൈതൃകഗ്രാമം രണ്ടര കിലോമീറ്റർ ദൂരെയാണ്. ഒരുപാട് സ്വപ്‌നങ്ങളുമായി ഗ്രാമത്തിലേക്ക് നീങ്ങി. ഒരാൾക്ക് നൂറ്റി അൻപത് രൂപയാണ് എൻട്രൻസ് ഫീ. നേരത്തേ എത്തിയതിനാൽ ആദ്യം വില്ലേജ് കാണാൻ തീരുമാനിച്ചു. വിവിധ ഗോത്രങ്ങളുടെ പവലിയനുകളാണ് ഇവിടെയുള്ളത്. അതത് ഗോത്രങ്ങളുടെ തനത് വിഭവങ്ങളായ കൈത്തറി, ഭക്ഷണപദാർഥങ്ങൾ, വൈനുകൾ, കരകൗശലവസ്തുക്കൾ എന്നിവ അവരവരുടെ ഗ്രാമത്തിലെ വീടുപോലെ സജ്ജീകരിച്ചവയാണ് ഓരോ പവലിയനും.
പവലിയനുകൾക്ക് മുന്നിൽ പുലി, ആന എന്നിവയുടെ തലയുടെ ആകൃതിയിൽ കൊത്തിയെടുത്ത പ്രത്യേകതരം വാദ്യം കാണാം. അതിൽ കൊട്ടിയാൽ ഉണ്ടാകുന്ന ശബ്ദം ഏറെദൂരം കേൾക്കാം. പാരമ്പര്യവസ്ത്രങ്ങളായ ലോഹെ, മംഗ്‌കൊ ടെപ്‌സു, നെയ്‌തൊ, ടെഹ്‌റ എന്നിവ ധരിച്ച പുരുഷന്മാരെയും ഫെംഹൗ, അസു ജെന്നപ്‌സു എന്നിവ ധരിച്ച സ്ത്രീകളെയും പവലിയനിൽ കണ്ടു. പവലിയനുകളുടെ അകത്ത് കൗതുകക്കാഴ്ചകളാണ്.
പല രൂപങ്ങൾ കൊത്തിയ തൂണുകൾ, മൃഗരൂപങ്ങൾ, പുല്ലുകൊണ്ട് മേഞ്ഞ മേൽക്കൂര എന്നിവയെല്ലാം നാഗന്മാരുടെ കരകൗശലവിദ്യയെ എടുത്തുകാണിക്കുന്നു. മുൻവശത്തിന്റെ മുകൾഭാഗത്ത് പ്രദർശിപ്പിച്ചിട്ടുള്ള തലയോട്ടികളാണ് മറ്റൊരു കാഴ്ച. ഒരുകാലത്ത് നാഗന്മാർ വെട്ടിമാറ്റിയ ശത്രുക്കളുടെ തലകൾ അവരുടെ വീടുകളിൽ പ്രദർശിപ്പിച്ചിരുന്നത്രേ. ഹെറിറ്റേജ് വില്ലേജിന്റെ ഒരുഭാഗത്ത് ഒരു കൂറ്റൻ കുന്തം പവലിയന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. മറ്റൊന്നിൽ അവരുടെ ദേശീയ മൃഗമായ മിതുൻ എന്ന കാട്ടുപോത്തിനെ കശാപ്പുചെയ്ത് തലയും മുൻകാലുകളും പിൻകാലുകളും മുട്ടിന് താഴെയുള്ള ഭാഗവും വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരിക്കുന്നു.
ഇതിനിടെ താഴെ സ്റ്റേഡിയത്തിൽനിന്ന് കൊട്ടും പാട്ടും ആർപ്പുവിളിയും തുടങ്ങി. ഞങ്ങൾ അവിടേക്ക് നടന്നു. ഹോൺബിൽ ഫെസ്റ്റിവലിന്റെ പ്രധാന ഭാഗമായ പരമ്പരാഗത നൃത്തരൂപങ്ങളാണ് അരങ്ങേറുന്നത്. തലയിൽ കൊമ്പുകൾ അടക്കമുള്ള തലപ്പാവും കൈയിൽ ആയുധങ്ങളുമായി പുരുഷന്മാരും ആയുധങ്ങളില്ലാതെ സ്ത്രീകളും പങ്കെടുക്കുന്ന നൃത്തം പൊടിപൊടിക്കുകയാണ്. കടുംനിറങ്ങളാണ് ഇവരുടെ വസ്ത്രങ്ങളുടെ പ്രത്യേകത.
നൃത്തം കണ്ടിരിക്കെ സമയംപോയതറിഞ്ഞില്ല. ഉച്ചഭക്ഷണം കഴിക്കാൻ അടുത്തുള്ള മിലിട്ടറി ലങ്കറിനെ ആശ്രയിക്കേണ്ടിവന്നു. മസാലദോശയിൽ വിശപ്പിനെ അടക്കി ഹോർട്ടികോർപ്പിന്റെയും ഹാൻഡിക്രാഫ്റ്റിന്റെയും പ്രദർശനങ്ങൾ കാണാനിറങ്ങി. വിവിധയിനം ധാന്യങ്ങൾ, കിഴങ്ങുകൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയുടെ പ്രദർശനമാണ് മുകൾനിലയിൽ. കിവി, ഓറഞ്ച് തുടങ്ങിയ ഗാർഡൻ ഫ്രെഷ് പഴങ്ങളും ഉണ്ട്. ഉത്പാദനം കുറവായതിനാൽ വില ഒരല്പം കൂടുതലായിരുന്നു.
കരകൗശല വസ്തുക്കൾ, തുകൽ ഉത്പന്നങ്ങൾ, ആഭരണങ്ങൾ, കത്തി, വാൾ, തോക്ക് മുതലായ ആയുധങ്ങൾ എല്ലാം ഇവിടെ സുലഭമാണ്. പന്നിത്തേറ്റകൾ ഉള്ള മാലയ്ക്ക് ഇരുപത്തി അയ്യായിരമാണ് വില പറഞ്ഞത്.
സന്ധ്യമുതൽ രാത്രിവരെ വിവിധ ട്രൂപ്പുകളുടെ സംഗീത പരിപാടികളായിരുന്നു. വൈകിട്ട് നാലര മണിയാകുമ്പോഴേക്കും ഇവിടെ ഇരുട്ട് പരന്നു തുടങ്ങും. ഒപ്പം മൂടൽമഞ്ഞും. താപനില പന്ത്രണ്ട് ഡിഗ്രിവരെ താഴാറുണ്ട്. രണ്ടാംദിവസം കാലത്ത് നേരത്തേചെന്ന് ടിക്കറ്റെടുത്തു. വിവിധ ഗോത്രങ്ങളുടെ നൃത്തങ്ങൾ ആരംഭിച്ചു. അല്പസമയം അത് കണ്ടശേഷം കൊഹിമ മാർക്കറ്റ് കാണാൻപോയി. അമ്പത് രൂപയാണ് കൊഹിമയിലേക്കുള്ള പന്ത്രണ്ട് കിലോമീറ്റർ യാത്രയ്ക്ക് ബസ്സ് ഈടാക്കുന്നത്.
നാഗാലാൻഡ് തലസ്ഥാനമായ കൊഹിമ ഊട്ടിയോ കൽപ്പറ്റയോ പോലെ തോന്നും. പട്ടണനടുവിലാണ് മാർക്കറ്റ്. ഭക്ഷ്യവസ്തുക്കൾ കൂടുതലും നോൺ വെജിറ്റേറിയനാണ്. വൈകുന്നേരങ്ങളിൽ ഇവയെല്ലാം പാകം ചെയ്യുന്ന തട്ടുകടകൾ സജീവമാകും. തവള, പാറ്റ, എലി, പുഴു, ഒച്ച്, ചീവീട് തുടങ്ങി എല്ലാം ഇവർ ഭക്ഷിക്കും. ഇതെല്ലാം വിൽപ്പനയ്ക്കുണ്ട്. ചെറിയ ഇടനാഴികളിൽക്കൂടി പലഭാഗത്തേക്കും റോഡിന്റെ മറുവശത്തേക്കും നീളുന്ന കടകൾ. ഏറ്റവുംതാഴെ എത്തി വീണ്ടും ഇറങ്ങുന്നിടത്താണ് നാഗന്മാർക്ക് ഏറെ പ്രിയപ്പെട്ട പട്ടിയിറച്ചിയുടെ സ്ഥലം.
മസാല ദോശയും ചായയും അകത്താക്കി ഡോളോ കഴിക്കാനായി വില്ലേജിലുള്ള സെലിയാങ് രഹാങ്കിയുടെ പവലിയനിൽക്കയറി. അവിടെ ഒരു കരിങ്കൽക്കെട്ടിൽ തീക്കുണ്ടത്തിനുചുറ്റും ഇരിക്കാൻ സൗകര്യമുണ്ട്. മരുന്നു കഴിച്ചുകഴിഞ്ഞപ്പോഴേക്ക് മുള അലകുകൾ തിറപോലെ കെട്ടിയ ശിരോ അലങ്കാരവുമായി രണ്ട് ചെറുപ്പക്കാർവന്നു. അവരുടെ പാരമ്പര്യവസ്ത്രധാരണ ഭാഗമാണത്. പോച്ചുറെ, ചാക്ക്‌ഹെസാംഗ് ഗോത്രവീടുകളിൽ ഒരിക്കൽക്കൂടിക്കയറി.
ഗാരോ നോക്ക്പാന്റെ പവലിയനിൽ നല്ല ദാരുശില്പങ്ങൾ കുറെയുണ്ട്. അവിടെവെച്ച് തോക്ക് എടുത്ത് ഫയർചെയ്യുന്ന പോസിൽ ഫോട്ടോ എടുത്തു. അടുത്തതായി കച്ചാരി നോഹ്ഡ്രാംഗ് ഗോത്രവീടാണ്. ഇവിടെ കരകൗശല വസ്തുക്കൾ കൂടുതലുണ്ട്. ഇവർ ദേഹംമുഴുവൻ മറയ്ക്കുന്നതരത്തിൽ വസ്ത്രധാരണം ചെയ്യുന്നവരാണ്. പുല്ലാങ്കുഴൽ, ഒരുതരം ചെണ്ട എന്നിവയാണ് പ്രധാന സംഗീതോപകരണങ്ങൾ. മണിപ്പുർ സംസ്ഥാനവുമായി ബന്ധമുള്ള ഗോത്രമാണിത്. പച്ചനിറത്തിനുള്ള പ്രാധാന്യം ഇവരുടെ വസ്ത്രധാരണ രീതിയിൽ തെളിഞ്ഞുകാണാം. വേഴാമ്പലിന്റെ ചിത്രങ്ങൾ പെയിന്റ് ചെയ്യുന്ന ഒരു സ്ഥലമുണ്ട് ഇവിടെ. അവിടെച്ചെന്ന് കാഴ്ചകൾ കണ്ടുനടന്നു. അപ്പോഴേക്കും ഇരുട്ടുവീണു കഴിഞ്ഞിരുന്നു. വേഴാമ്പൽ ഉത്സവത്തിൽ നാനാവർണങ്ങളോട് വിടപറഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങി. ഭക്ഷണ വൈവിധ്യത്തിനും ആതിഥ്യമര്യാദയ്ക്കും ഗോത്രസംസ്‌കാരങ്ങൾക്ക് പേരുകേട്ട നാട്, ആ നാടിന്റെ സംസ്‌കാരത്തോട് ചേർന്നുനിൽക്കുകയായിരുന്നു ഈ ഉത്സവദിനങ്ങളിലത്രയും ഞങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Comprehensive guide to the annual Hornbill Festival held in Kisama, Nagaland., Insight into the diverse Naga tribes, their history, and animistic beliefs., Cultural highlights including traditional dance, local crafts, and unique culinary practices., Essential travel tips for visiting Kohima and the Heritage Village during the 2026 festival season.
Published: 01 Apr 2026, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented