സ്വീഡൻ എന്ന രാജ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ രണ്ടുകാര്യങ്ങളാണ് മനസ്സിലേക്ക് കടന്നുവന്നിരുന്നത്; നൊബേൽസമ്മാനം നൽകുന്ന നാട്, പ്രശസ്തരായ ടെന്നിസ് കളിക്കാരുടെ നാട്. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ വലുപ്പത്തിലും ജനസംഖ്യയിലും ഒന്നാംസ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് സ്വീഡൻ. ലോകത്തിലെ ഏറ്റവും സമാധാനപൂർണമായ രാജ്യങ്ങളിലൊന്നായും ഇതിനെ കരുതുന്നു.
ദ്വീപുകളുടെ നഗരം
മാലാരെൻ ശുദ്ധജലതടാകം ബാൾട്ടിക് കടലുമായി ചേരുന്ന ഭാഗത്ത് ചിതറിക്കിടക്കുന്ന 14 ദ്വീപുകൾ ചേർന്നാണ് തലസ്ഥാനമായ സ്റ്റോക്‌ഹോം രൂപപ്പെട്ടിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട മൂന്നെണ്ണം ചേർന്നതാണ് ഗാംലസ്റ്റാൻ എന്നറിയപ്പെടുന്ന പഴയ നഗരം. അവിടെനിന്നാണ് സ്വീഡിഷ് സ്വദേശിയായ കാറ്റി നയിച്ച 'വാക്കിങ് ടൂർ' ആരംഭിച്ചത്. നഗരത്തിന്റെ ചരിത്രത്തെപ്പറ്റി കാറ്റി സൂചിപ്പിച്ചു. 'വടക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന നഗരം രൂപപ്പെട്ടത് വ്യാപാരകേന്ദ്രമായാണ്. പേര് സൂചിപ്പിക്കുന്നതുപോലെ, തടി എന്നും ദ്വീപ് എന്നും അർഥം വരുന്ന വാക്കുകൾ ചേർന്നാണ് നഗരത്തിന് പേര് വന്നത്. തടികൊണ്ടുള്ള കോട്ടകൾ കെട്ടി
സംരക്ഷിക്കപ്പെട്ട ദ്വീപ് എന്ന് പറയാം
കാറ്റിയുടെ സംസാരത്തിൽനിന്നാണ്, തടിയും ഇരുമ്പയിരും കയറ്റുമതിചെയ്യുന്ന പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് സ്വീഡൻ എന്ന് അറിഞ്ഞത്. വടക്കൻ സ്വീഡനിലെ കിരുണയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ ഇരുമ്പയിര് ഖനി സ്ഥിതിചെയ്യുന്നത്. ഏഴ് ഈഫൽ ഗോപുരം പണിയാനുള്ള ഇരുമ്പ് ഓരോ ദിവസവും അവിടെനിന്ന് ഖനനംചെയ്യാറുണ്ടത്രേ. രാജ്യത്തിന്റെ എഴുപതുശതമാനം സ്ഥലം വനഭൂമിയാണ്. ലോകത്തിലെ ഏറ്റവും വലിയ തടി, കടലാസ് കയറ്റുമതിരാജ്യങ്ങളിലൊന്നാണ് സ്വീഡൻ. മുറിച്ചെടുക്കുന്ന ഓരോ മരത്തിനും പകരം രണ്ടോ മൂന്നോ പുതിയ തൈകൾ നടുന്നു.
ഗുസ്താവിന്റെ കപ്പൽ
കാറ്റി ഞങ്ങളെ ഗുസ്താവ് രണ്ടാമൻ അഡോൾഫ് രാജാവിന്റെ പ്രതിമയ്ക്കരികിലേക്ക് എത്തിച്ചു. ആധുനിക സ്വീഡിഷ് രാഷ്ട്രത്തിന്റെ സ്ഥാപകനായ അദ്ദേഹമാണ് സ്വീഡനെ ഒരു പ്രമുഖ യൂറോപ്യൻ ശക്തിയാക്കി ഉയർത്തിയത്. അദ്ദേഹം നിർമിച്ച വാസ കപ്പൽ അക്കാലത്തെ ഏറ്റവും ശക്തമായ യുദ്ധക്കപ്പലായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, കന്നിയാത്രയിൽത്തന്നെ കപ്പൽ മുങ്ങി. സ്വീഡന് വലിയ നാണക്കേടും സാമ്പത്തികദുരന്തവുമായി അത്. 333 വർഷം സ്റ്റോക്‌ഹോം തുറമുഖത്തിന്റെ അടിത്തട്ടിൽ മുങ്ങിക്കിടന്ന ഈ കപ്പൽ, 1961-ലാണ് വീണ്ടെടുത്തത്. സ്റ്റോക്‌ഹോമിലെ വാസ മ്യൂസിയത്തിൽ ഈ കപ്പൽ സംരക്ഷിച്ചിരിക്കുന്നു. നടന്നുനടന്ന് പാർലമെന്റ്മന്ദിരത്തിന് മുന്നിലെത്തി.
സ്റ്റോക്‌ഹോമിന്റെ ഹൃദയഭാഗത്തുള്ള റീക്‌സ്ഗ്‌സ്ഹൂസെറ്റ് എന്ന മനോഹരമായ കെട്ടിടത്തിലാണ് ഇത്. അതിന്റെ മുകളിൽ പ്രഭുക്കന്മാർ, പുരോഹിതർ, കർഷകർ, സാധാരണക്കാർ എന്നിങ്ങനെ സമൂഹത്തിലെ നാല് പ്രബലവിഭാഗത്തിലെ ആൾക്കാരുടെ പ്രതിമകൾ കാണാം. ഏറ്റവും മുകളിൽ, രാഷ്ട്രത്തെ മാതൃഭാവത്തിൽ ചിത്രീകരിച്ചിരിക്കുന്ന 'മാതൃ സ്വേയ' എന്ന പ്രതിമയാണ്. യൂറോപ്പിലെ പല രാജ്യങ്ങളും 'പിതൃഭൂമി' എന്ന് രാജ്യത്തെ സൂചിപ്പിക്കുമ്പോൾ സ്വീഡിഷ് ജനതയുടെത് മാതൃസങ്കല്പമാണ്.അവിടെയുണ്ടായിരുന്ന, 'ആദ്യത്തെ അഞ്ച് വനിതകൾ' എന്ന പ്രതിമയാണ് ഏറെ ആകർഷിച്ചത്. തലയുയർത്തി നടക്കുന്ന രണ്ട് സ്ത്രീകളാണ് പ്രതിമയിൽ. അവരുടെ കൈകളിൽ, 1922-ൽ സ്വീഡിഷ് പാർലമെന്റിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വനിതാ അംഗങ്ങളുടെ വെങ്കലത്തലകളുണ്ട്. പാർലമെന്റിലേക്ക് പ്രവേശിക്കാൻ ഈ സ്ത്രീകൾ നേരിട്ട വെല്ലുവിളികളെ ഇത് സൂചിപ്പിക്കുന്നു.
ആദ്യമായി പാർലമെന്റിലെത്തിയ ഈ അഞ്ചുപേർ, സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിനിധികളാണ്. തങ്ങൾ വഹിക്കുന്ന ഉത്തരവാദിത്വത്തിന്റെ ഭാരം പേറുന്നതിനോടൊപ്പം, ഭാവിയിലേക്ക് തലയുയർത്തി മുന്നോട്ട് നടക്കുന്നതിന്റെ പ്രതീകംകൂടിയാകുന്നു ശില്പം. നിലവിൽ, സ്വീഡിഷ് രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് ശക്തമായ പങ്കാളിത്തമുണ്ട്.
വഴിയരികിൽ അറുനൂറിലേറെ മുറികളുള്ള റോയൽ പാലസ് കണ്ടു. ഔദ്യോഗിക രാജകീയവസതിയാണ് ഇത്. യൂറോപ്പിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിലൊന്നും. 18-ാംനൂറ്റാണ്ടിൽ നിർമിച്ച ഈ കൊട്ടാരത്തിന് ഏകദേശം 600-ലധികം മുറികളുണ്ട്. സ്വീഡനിലെ ഇപ്പോഴത്തെ ഭരണാധികാരി കിങ് കാൾ പതിനാറാമൻ ഗുസ്താഫ് ആണ്. രാജാവും കുടുംബവും സ്റ്റോക്‌ഹോമിന് പുറത്തുള്ള, ഡ്രോട്‌നിങ്ങോം ദ്വീപിൽ സ്ഥിതിചെയ്യുന്ന ഡ്രോട്‌നിങ്ങോം കൊട്ടാരത്തിലാണ് താമസിക്കുന്നത്. രാജവംശം നിലനിൽക്കുന്നുണ്ടെങ്കിലും സാധാരണക്കാരെപ്പോലെ അവർ കഴിയുന്നു. ഇക്കാരണത്താൽ അവർ സ്വീഡിഷ് ജനതയ്ക്ക് പ്രിയപ്പെട്ടവരാണ്. റോയൽ പാലസ് പ്രധാനമായും ഇപ്പോൾ രാജകുടുംബത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ, വിരുന്നുകൾ, കൂടിക്കാഴ്ചകൾ, രാജ്യത്തെ പ്രതിനിധാനംചെയ്യുന്ന മറ്റ് പരിപാടികൾ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.
കാറ്റി, ദൂരെയുള്ള നഗരസഭാ ഹാൾ (സിറ്റി ഹാൾ) കെട്ടിടം ചൂണ്ടിക്കാണിച്ചു. ചുവന്ന ഇഷ്ടികകൾകൊണ്ട് നിർമിച്ച മനോഹരമായ കെട്ടിടം. ഏറ്റവും ശ്രദ്ധേയമായ ഭാഗം അതിന്റെ ഉയരമേറിയ ഗോപുരമാണ്. ഈ ഗോപുരത്തിന്റെ മുകളിൽ മൂന്ന് സ്വർണക്കിരീടങ്ങൾ കാണാം. അത് സ്വീഡന്റെ ദേശീയചിഹ്നമാണ്. കെട്ടിടത്തിനുള്ളിലെ നീല ഹാളിൽവെച്ചാണ് നൊബേൽ പുരസ്‌കാരജേതാക്കൾക്കുള്ള അത്താഴവിരുന്ന് നടക്കുന്നത്. ഈ ചടങ്ങിന് രാജകുടുംബാംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ അതിഥികൾ പങ്കെടുക്കാറുണ്ട്. കോളേജ് വിദ്യാർഥികൾക്കും വിരുന്നിൽ പങ്കെടുക്കാൻ അവസരമുണ്ടെന്ന് കാറ്റി പറഞ്ഞു. അതിനായി ആദ്യം അപേക്ഷ സമർപ്പിക്കണം. നറുക്കിട്ടാണ് തിരഞ്ഞെടുപ്പ്. ഭാഗ്യം കടാക്ഷിച്ചാൽ അഞ്ഞൂറ് യൂറോ അടച്ച് വിരുന്നിൽ പങ്കെടുക്കാം. കാറ്റി ഇതിനായി മൂന്നുതവണ ശ്രമിച്ചു, നിരാശയായിരുന്നു ഫലം.
ഞങ്ങൾ ഗാംല സ്റ്റാൻഡിന്റെ പഴയ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് പ്രവേശിച്ചു. രാജവംശത്തിന്റെ പ്രതീകമായ സിംഹപ്രതിമകൾ നഗരത്തിൽ ഉടനീളം കാണാം. മറ്റൊരു പ്രതീകമായ മൂന്ന് കിരീടങ്ങൾ, മുൻപ് ഡെൻമാർക്ക്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട കൽമാർ യൂണിയനെ സൂചിപ്പിക്കുന്നു. ഇത് പണ്ട്, ജർമൻ വ്യാപാരികളുടെ 'വ്യാപാര ലീഗിന്റെ' മേൽക്കോയ്മ ചെറുക്കാൻ രൂപപ്പെട്ടതാണെങ്കിലും, പിന്നീട് ഡെൻമാർക്കുമായുള്ള തുടർച്ചയായ യുദ്ധങ്ങൾക്ക് കാരണമായി.
മധ്യകാലശൈലിയിലുള്ള ബഹുവർണ കെട്ടിടങ്ങളും കല്ലുപാകിയ വീഥികളും നിറഞ്ഞ നഗരം പഴമയെ വിളിച്ചോതി. ചുവപ്പ്, മഞ്ഞ, ഓറഞ്ച് വർണങ്ങളിലെ കെട്ടിടങ്ങൾ ഉടമയുടെ സമൂഹത്തിലെ നില സൂചിപ്പിച്ചിരുന്നു. കെട്ടിടങ്ങളിൽ കണ്ട ഇരുമ്പുകൊണ്ടുള്ള അലങ്കാരപ്പണികളുടെ രൂപകല്പനകൾ അതിന്റെ കാലഘട്ടത്തെ സൂചിപ്പിക്കുന്നുവത്രേ. ചില കെട്ടിടങ്ങളുടെ പ്രധാന കവാടത്തിനുമീതേ പിച്ചളയിൽ ചിത്രപ്പണികളുള്ള ഫീനിക്‌സ് പക്ഷിയുടെ ചിത്രം കണ്ടു. ഇവ തീപ്പിടിത്തത്തിൽനിന്നുള്ള ഇൻഷുറൻസിനെ സൂചിപ്പിക്കുന്നു. തീപ്പിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിൽ, ഇൻഷുറൻസുള്ള കെട്ടിടങ്ങൾക്കായിരുന്നു മുൻഗണന.
മാർട്ടിൻ ട്രോട്‌സിഗ്‌സ് ഗ്രാൻഡ് എന്ന ഏറ്റവും ഇടുങ്ങിയ തെരുവ് ഇവിടത്തെ ഒരു പ്രത്യേക ആകർഷണമാണ്, കൈകൾ രണ്ടും നിവർത്തിപ്പിടിച്ചാൽ മതിലിനിടയിൽ തട്ടുന്നത്ര വീതി കുറഞ്ഞ ഒരിടം! നഗരത്തിലൂടെ നടക്കുമ്പോൾ, ക്രിസ്മസ് ഷോപ്പിങ്ങിനായി അണിഞ്ഞൊരുങ്ങുന്ന കടകളിൽനിന്ന്, സ്വീഡന്റെ തനതായ പലഹാരമായ കണെൽബുല്ല അഥവാ കറുവപ്പട്ട ചേർത്ത ബണ്ണിന്റെ മനംമയക്കുന്ന ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു.
സ്റ്റോക്‌ഹോമിലെ രണ്ട് ശില്പങ്ങളെക്കുറിച്ച് പറയാം. ചന്ദ്രനെ നോക്കുന്ന കുട്ടിയുടെതാണ് ഒന്ന്. ഗാംല സ്റ്റാനിലെ ഫിന്നിഷ് പള്ളിമുറ്റത്തുള്ള ഈ ചെറിയ ഇരുമ്പുശില്പം, സ്റ്റോക്‌ഹോമിലെ ഏറ്റവും ചെറിയ ദേശീയസ്മാരകമാണ്. ഒരു ബെഞ്ചിൽ തന്റെ കാൽമുട്ടുകളെ ചുറ്റിപ്പിടിച്ചിരിക്കുന്ന കുട്ടിയുടെ ശില്പം 1954-ൽ ലിസ് എറിക്‌സൺ എന്ന ശില്പിയാണ് നിർമിച്ചത്. 15 സെന്റിമീറ്റർമാത്രം ഉയരമുള്ള ഈ ശില്പത്തിന് മഞ്ഞുകാലത്ത് ആളുകൾ കമ്പിളിത്തൊപ്പിയും ഷാളുകളും അണിയിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. സെയ്ന്റ് ജോർജ്, വ്യാളിയെ കൊല്ലുന്നതാണ് മറ്റൊന്ന്.
സ്റ്റോക്‌ഹോമിലെ ഏറ്റവും പുരാതനമായ സെയ്ന്റ് നിക്കോളാസ് കത്തീഡ്രലിലാണ്, 15-ാംനൂറ്റാണ്ടിൽ തടിയും സ്വർണവും രത്‌നങ്ങളും കൊണ്ട് നിർമിച്ച ഈ പ്രതിമയുള്ളത്.
നൊബേൽ മ്യൂസിയം
ഗാംല സ്റ്റാനിലെ പ്രധാന ചത്വരമായ സ്റ്റോർടോർജെറ്റിലാണ് യാത്ര അവസാനിച്ചത്. വർണാഭമായ ഈ ചത്വരത്തിലാണ് 1520-ൽ ഡെൻമാർക്കിലെ രാജാവായിരുന്ന ക്രിസ്ത്യൻ രണ്ടാമൻ സ്വീഡിഷ് പ്രഭുക്കന്മാരെയും പ്രമുഖരെയും കൂട്ടക്കൊലചെയ്തത്. നൂറിലധികം പ്രമുഖർ ഈ ക്രൂരമായ നടപടിയിൽ കൊല്ലപ്പെട്ടു. സ്വീഡനെ ഡാനിഷ് ഭരണത്തിൻകീഴിൽ കൊണ്ടുവരാനും സ്വീഡിഷ് സ്വാതന്ത്ര്യപ്രസ്ഥാനത്തെ അടിച്ചമർത്താനും വേണ്ടിയായിരുന്നത്രേ ഇത്. ഗുസ്താവ് വാസയുടെ നേതൃത്വത്തിൽ, സ്വീഡന് ഡെൻമാർക്കിൽനിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള തീവ്രമായ പ്രക്ഷോഭത്തിന് ഈ സംഭവം തിരികൊളുത്തി.
അതേ ചത്വരത്തിൽതന്നെയായിരുന്നു നൊബേൽ മ്യൂസിയം. ആൽഫ്രഡ് നൊബേലിന്റെ കഥ പറയുന്ന മുറിയിൽനിന്നാണ് സന്ദർശനം ആരംഭിച്ചത്. ഡൈനമൈറ്റ് കണ്ടുപിടിച്ചതിലൂടെ ആൽഫ്രഡ് നൊബേൽ വളരെയധികം പണം സമ്പാദിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ മരണപ്പെട്ടപ്പോൾ, ഏതോ ഒരു പത്രം ആൽഫ്രഡാണ് അന്തരിച്ചത് എന്ന് തെറ്റിദ്ധരിച്ച് വാർത്ത കൊടുത്തു. അതിൽ അദ്ദേഹത്തെ 'മരണത്തിന്റെ വ്യാപാരി' എന്ന് വിശേഷിപ്പിച്ചത്രേ. അദ്ദേഹത്തിന് അതൊരു വലിയ തിരിച്ചറിവായി. അതോടെ, താൻ സമ്പാദിച്ച ധനം മുഴുവൻ ലോകനന്മയ്ക്കായി ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. മാനവരാശിക്ക് ഉപകാരപ്പെടുന്ന കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞർക്ക് നൊബേൽപുരസ്‌കാരം സമ്മാനിക്കാൻ മരണപത്രത്തിൽ എഴുതിവെച്ചു. ആ മരണപത്രവും അവിടെ കാണാം. നൊബേൽസമ്മാന ജേതാക്കൾ ഒപ്പിട്ട കസേരകളായിരുന്നു മ്യൂസിയത്തിലെ മറ്റൊരു ആകർഷണം. അവിടെയുണ്ടായിരുന്ന കാപ്പിക്കടയിലെ കസേരയുടെ അടിയിൽ ഏതെങ്കിലുമൊക്കെ സമ്മാനജേതാവിന്റെ ഒപ്പ് കാണാം. പഴമയുടെ കഥകൾ പറയുന്ന തെരുവുകളും ശാസ്ത്രത്തിന്റെ ഭാവി വിളിച്ചോതുന്ന മ്യൂസിയവും, ഈ നഗരത്തെ ലോകത്തിലെ ഏറ്റവും മികച്ച യാത്രാലക്ഷ്യങ്ങളിലൊന്നാക്കിമാറ്റുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Stockholm is built across 14 islands, featuring the historic Gamla Stan., Sweden is a global leader in sustainable forestry and iron ore mining., The Nobel Prize banquet is held annually at the Stockholm City Hall., The Vasa Museum houses a 17th-century warship salvaged from the harbor., Sweden's monarchy balances tradition with a modern, egalitarian society.
Published: 08 Apr 2026, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented