
നേര്‍ത്ത മൃദുവായ പൊറോട്ടയിലേക്ക് ചൂട് ബീഫ് റോസ്റ്റ് അല്ലെങ്കില്‍ മട്ടന്‍ കുറുമ അതുമല്ലെങ്കില്‍ ചിക്കന്‍ കറി, അതും അല്ലെങ്കില്‍ ചൂട് പനീര്‍ ചില്ലി അല്ലെങ്കില്‍ വെജ് കുറുമ. ഇവയിലേതെങ്കിലും ഒരു സ്പൂണ്‍ വിളമ്പി അല്ലെങ്കില്‍ അല്പം പൊറോട്ടയും അതിന്റെ കൂടെ ഇത്തിരി ഗ്രേവിയും ഒരു കഷ്ണവും ചേര്‍ത്ത് വായിലേക്ക് വെച്ച്, അതങ്ങനെ ചവച്ച് പൊറോട്ടയെ വേദനിപ്പിക്കാതെ മെല്ലെ മെല്ലെ നുണഞ്ഞ് രുചിയുടെ ഓരോ മുകുളങ്ങളെയും ഉണര്‍ത്തി തൊട്ടു തലോടി ആസ്വദിക്കുമ്പോള്‍ ചുറ്റുമുള്ളതൊന്നും നമ്മളറിയില്ല, അതങ്ങനെ തന്നെയല്ലേ. ചൂട് പൊറോട്ട കൈകൊണ്ട് തൊടുമ്പോള്‍ തോന്നുന്ന ഒരു സ്വര്‍ഗീയാനുഭൂതി, അതിനെ ബീഫ് റോസ്റ്റ് ഒഴിച്ച് കുതിര്‍ത്തു കഴിക്കുമ്പോഴുള്ള ഒരു നിര്‍വൃതി, ഈ പ്രവൃത്തികളാണ് പൊറോട്ടയെ അത്രമേല്‍ നമ്മുടെ പ്രിയഭോജനമാക്കിയിട്ടുള്ളത്.
പലപ്പോഴും പൊറോട്ട ഉണ്ടാക്കുന്നവരുടെ കരവിരുതും വേഗവും നോക്കിനിന്നിട്ടുണ്ട്. പക്ഷേ ഒരിക്കല്‍ പൊറോട്ട എന്നെ കരയിപ്പിച്ചു. ഒരു കോഴിക്കോട് യാത്ര കഴിഞ്ഞു വീട്ടിലേക്കു തിരിക്കുന്ന സമയം, അന്ന് വൈകിട്ട് കൂടെ പാരഗണിലെ പൊറോട്ടയും ബീഫ് റോസ്റ്റും, ഉലര്‍ത്തും വയറുനിറയെ കഴിച്ച് കൂട്ടിനു ഒരു സുലൈമാനിയും ഊതിയൂതി കുടിച്ചതിനുശേഷമാണ് വണ്ടിയില്‍ കയറിയത്. രാത്രി എട്ടര മണി, കയറിയ പാടെ സൈഡ്‌സീറ്റിലിരുന്നു ഉറക്കം പിടിക്കാനുള്ള തയ്യാറെടുപ്പുകളൊക്കെ നടത്തി, ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി, ദുപ്പട്ട കൊണ്ട് മുഖവും തലയും മൂടി കണ്ണടച്ച് ഉറക്കത്തെ ധ്യാനിച്ചു വിളിച്ചുവരുത്തി യാത്ര തുടങ്ങി.
Also Read
അങ്ങനെ ഇരിക്കുമ്പോള്‍ വണ്ടി എവിടെയോ നിര്‍ത്തി, 'പ്രവാസി തട്ടുകട', എന്നൊരു ബോര്‍ഡ് കണ്ടു. ഭക്ഷണം കഴിക്കാനായി നിര്‍ത്തിയതാണ്, കുറച്ചുപേര് കടയിലേക്കു കയറി, അത്യാവശ്യം തിരക്കുണ്ട്. അപ്പോഴാണ് കടയുടെ മുന്‍പിലായി, ഇരുമ്പ് നെറ്റിന് പുറകില്‍ നിന്ന് കൊണ്ട് മുന്‍പിലും ഒരു വശത്തും വെച്ചിട്ടുള്ള ഇരുമ്പ് സ്ലാബിലേക്ക് പൊറോട്ട പരത്തിയിടുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. ഏറിയാല്‍ 20-25 വയസ്സ് പ്രായം കാണും, വെളുത്തു മെലിഞ്ഞ ഒരു കോമളന്‍, ആള്‍ ബഹളമൊന്നും ഉണ്ടാക്കാതെ വളരെ നിശബ്ദനായി ജോലി ചെയ്യുന്നു. ജീന്‍സും മഞ്ഞ ടീഷര്‍ട്ടും ആണ് വേഷം.
വളരെ ശാന്തനായി, എന്നാല്‍ അകത്തുനിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചു ചടുലതയോടെ ജോലി ചെയ്യുന്നു. ഉരുളയാക്കി വെച്ചിരിക്കുന്ന പൊറോട്ടമാവ് എടുത്തു സ്ലാബിലിട്ടു കൈ കൊണ്ടൊന്നു അമര്‍ത്തിയതിനുശേഷം ചപ്പാത്തിക്കോല്‍ കൊണ്ട് മൂന്നുനാല് തവണ പരത്തി, പിന്നീട് 5 വിരലുകളും പാത്രത്തിലിരിക്കുന്ന എണ്ണയില്‍ മുക്കി പരത്തിയ മാവിലേക്കു തളിച്ച് കൈ കൊണ്ട് ഒന്ന് കൂടെ അമര്‍ത്തിയിട്ടു അതിസൂഷ്മമായി അരികുകള്‍ വിടര്‍ത്തി ഒരു ജാലവിദ്യക്കാരനെ പോലെ മാവിനെ എടുത്തുവീശി സ്ലാബിലേക്കിടുന്നു. പിന്നീട് മൂന്നുനാലു തവണ ഇങ്ങനെ വീശി വീതി കൂട്ടിയതിനുശേഷം സ്ലാബിലേക്കിട്ട തൂവാല പോലത്തെ മാവില്‍ ഒരു നൈസ് കത്തി കൊണ്ട് ഇടവിട്ട 5 വരകള്‍ ഉണ്ടാക്കും. പിന്നീട് ഓരോ വരി മാവും എടുത്തു വട്ടത്തില്‍ ചുരുട്ടി മാറ്റിവെയ്ക്കും, അദേഹത്തിന്റെ ഉള്ളില്‍ ഒരു കണക്കുണ്ട്, അതിന്‍പ്രകാരം ചുരുട്ടി വെയ്ക്കുന്ന സമയത്ത് അധികം വരുന്ന കഷണങ്ങള്‍ മാറ്റിവെയ്ക്കുകയും പിന്നീട് മറ്റു മാവിനോട് ചേര്‍ത്ത് ഉരുട്ടി വെയ്ക്കുകയും ചെയ്യും. ഉരുട്ടി വെച്ചിരിക്കുന്ന പൊറോട്ടപന്തുകള്‍ നേര്‍മ്മയായി പരത്തി ഒരു വശത്തിരിക്കുന്ന ഇരുമ്പ് സ്ലാബിലേക്കിട്ട് ചുട്ടെടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അത്തപ്പൂ ഇടുന്നത് പോലെ എന്തുകൊണ്ടാണ് വട്ടത്തില്‍ ഇട്ട് ചുട്ടെടുക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല,
അല്‍പ്പം കഴിഞ്ഞപ്പോള്‍ അകത്തുനിന്നും, ഓംലെറ്റ്, ബുള്‍സൈ എന്നൊക്കെ വിളിച്ചു പറയുമ്പോള്‍ പുറകിലേക്ക് തിരിഞ്ഞ് ഒരു ടംബ്ലറില്‍ മുട്ട പൊട്ടിച്ചിട്ട്, അരിഞ്ഞു വെച്ചിരിക്കുന്ന, സവാളയും, പച്ചുമുളകും ചേര്‍ത്ത് സ്ലാബിന്റെ നടുക്കുള്ള സ്ഥലത്തേയ്‌ക്കൊഴിച്ചു ഓംലെറ്റാക്കുന്നതും അത് അല്പം പോലും പൊട്ടിപ്പോകാതെ അതിസൂക്ഷ്മതയോടെ പാത്രത്തിലേക്കെടുക്കുന്നതും നോക്കി ഇരിക്കുവാന്‍ നല്ല കൗതുകം തോന്നി. ചെറുപ്പക്കാരന്റെ മുഖത്ത് മുഷിച്ചിലോ ദേഷ്യമോ ഒന്നുമില്ല. ഒരു നിര്‍വികാരത മാത്രം.
ജോലി ഇങ്ങനെ അനസ്യൂതം തുടരുന്നതിനിടയില്‍ ഒരു ഗ്ലാസില്‍ അല്‍പ്പം ചൂട് വെള്ളം എടുക്കുന്നതും അടുപ്പിന്റെ താഴെ ഇരുന്ന് അതു ഊതിയൂതി കുടിക്കുന്നതും കണ്ടു, എണീക്കുമ്പോള്‍ അയാള്‍ വയര്‍ അമര്‍ത്തി പിടിക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും അസ്വസ്ഥത കാണുമായിരിക്കും, അതാവും മുഖത്തു ഒരു ഭാവം പോലും പ്രകടിപ്പിക്കാത്തത്. യാത്ര കഴിഞ്ഞു വീട്ടില്‍ എത്തിയിട്ടും അയാളുടെ മുഖം മനസ്സില്‍ നിന്നും മാഞ്ഞില്ല. അല്‍പ്പം നാളുകള്‍ കഴിഞ്ഞിട്ടും മൃദുവായ പൊറോട്ട ഏറ്റവും ശ്രദ്ധയോടെ പൊട്ടിച്ചു കറിയില്‍ മുക്കി വായില്‍ നുണയുമ്പോള്‍ ഞാന്‍ ഓര്‍ക്കുമായിരുന്നു പ്രവാസി തട്ടുകടയിലെ പൊറോട്ടയടിക്കുന്ന മഞ്ഞഷര്‍ട്ടുകാരനെ.
Content Highlights: dr.gigi j alex share her food memories of porotta and beef
Published: 01 Mar 2024, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented