വെറുമൊരു ആരാധനാലയം മാത്രമല്ല കോട്ടയത്തെ ദേവലോകം പള്ളി. ഇന്ത്യയിലെ ക്രൈസ്തവ ചരിത്രത്തിന്റേയും വിശ്വാസപ്രമാണങ്ങളുടേയുമെല്ലാം വേര് ഈ പള്ളിയുമായി ചേർന്നുകിടിക്കുന്നു.
സത്യക്രിസ്ത്യാനികളുടെ നാടാണ് കോട്ടയം. അവിടെ മുട്ടമ്പലത്തിനടുത്തുള്ള കുന്നിൻമുകളിൽ വർഷങ്ങൾക്ക് മുൻപ് ഒരു ബംഗ്ലാവ് ഉയർന്നു. കെട്ടിടം പണിത ആശാരി അതിന് ദേവലോകം എന്ന് പേരുവിളിച്ചു. കാലം ഏറെ മുന്നോട്ടുപോയി. മീനച്ചിലാറിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. 1953ൽ ദേവലോകത്തിന്റെ മണ്ണിൽ ഒരു ചാപ്പൽ ഉയർന്നു. പോകെപ്പോകെ വിശ്വാസികളുടെ അഭയവും ആശ്രയവുമായിത്തീർന്നു ആ പള്ളി. ദേവലോകം പള്ളി ഇന്ന് കോട്ടയത്തിന്റെ അഭിമാനമാണ്. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമോന്നത ആസ്ഥാനവും.
ഓട്ടോയിറങ്ങി വൻമരങ്ങൾ തണലിടുന്ന പാതയിലൂടെ ദേവലോകത്തിലേക്ക് പ്രവേശിച്ചു. വെറുമൊരു പള്ളിയല്ല ദേവലോകം. ഇന്ത്യയിലെ ക്രൈസ്തവ ചരിത്രവുമായി ബന്ധപ്പെട്ട ചെപ്പേടുകളും ശാസനങ്ങളും തിരുശേഷിപ്പുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അല്പദൂരം മുന്നോട്ടുപോയപ്പോൾ വലതുവശത്തായി ചെറിയൊരു കെട്ടിടം കണ്ടു. ഇതാണ് പഴയ ദേവലോകം ബംഗ്ലാവ്. 1951ലെ തിരുകൊച്ചി ഹൈക്കോടതിയുടെ പ്രതികൂല വിധിപ്രകാരം ഓർത്തഡോക്‌സ് സഭയ്ക്ക് പുതിയൊരു ആസ്ഥാനം കണ്ടെത്തേണ്ടിവന്നു. അതുവരെ സഭയുടെ ആസ്ഥാനം കോട്ടയത്തെ പഴയ സെമിനാരി ആയിരുന്നു. അങ്ങനെയാണ് ദേവലോകം സഭയുടെ പുണ്യഭൂമിയായി മാറിയത്. സഭാ മേലധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ദീർഘവീക്ഷണമായിരുന്നു ദേവലോകം എന്ന സഭാ ആസ്ഥാനം. കെ.സി. മാമ്മൻമാപ്പിള, മാളിയേക്കൽ എം.സി.മാത്യു, ഉപ്പൂട്ടിൽ കുഞ്ഞച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് ദേവലോകം വാങ്ങുന്നതിന്റെ കാര്യങ്ങളെല്ലാം നടന്നത്. അങ്ങിനെ ദേവലോകം ബംഗ്ലാവ് ദേവലോകം അരമനയായി: പൗരസ്ത്യ കാതോലിക്കായുടെ ആസ്ഥാനമായി. ഇന്ന് ഈ കെട്ടിടത്തിൽ മാനേജറുടെ ഓഫീസും മെസ്സും പ്രവർത്തിക്കുന്നു.
കാഴ്ചകളും ചരിത്രവുമാണ് ദേവലോകത്തിലെത്തുന്ന വിശ്വാസികളെ കാത്തിരിക്കുന്നത്. ജപമാലയിലെ മുത്തുകൾപോലെ അവ പരസ്പരം കോർത്തിരിക്കുന്നു. ചരിത്രമറിയാതെ കാഴ്ചകളിലേക്ക് കടക്കാൻ കഴിയില്ല. ഇപ്പോഴത്തെ അരമന മാനേജർ ഫാദർ യാക്കോബ് തോമസ് പഴയ കഥകൾ പറഞ്ഞുതന്നു. മലങ്കര നസ്രാണികളുടെ ഉദയവും വളർച്ചയുമെല്ലാം ആ കഥകളിൽ തെളിഞ്ഞുനിന്നു.
തോമാശ്ലീഹയുടെ പിൻതലമുറക്കാരാണെന്ന് വിശ്വസിക്കുന്നവരാണ് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭക്കാർ. കർത്താവിന്റെ പന്ത്രണ്ടുശിഷ്യരിൽ ഒരാളായ തോമാശ്ലീഹയാണ് ഇന്ത്യയിലും പേർഷ്യയിലും സഭ സ്ഥാപിച്ചത്. ഇന്ത്യയിലെ സഭ മലങ്കര മലങ്കരം സഭ എന്നും സഭാംഗങ്ങൾ മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നും അറിയപ്പെട്ടു. മലങ്കരസഭയിൽ അക്കാലത്ത് തദ്ദേശീയരായ ബിഷപ്പുമാർ ഇല്ലായിരുന്നു. അതിനാൽ പേർഷ്യയിൽനിന്ന് അവരെ കൊണ്ടുവരേണ്ടിവന്നു. അങ്ങനെയെത്തിയവരാണ് മാർ സാബോർ, മാർ അഫ്രോത്ത്, മരുവാൻസബ്രീശോ എന്ന പേർഷ്യൻ കച്ചവടക്കാരനൊപ്പമാണ് അവർ കൊല്ലത്തെത്തിയത്. അവർ കൊല്ലത്ത് നിർമ്മിച്ച തരിസാപള്ളിക്ക് അന്ന് വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ നൽകിയ അധികാരരേഖയാണ് തരിസാപ്പള്ളി ശാസനങ്ങൾ എന്ന് അറിയപ്പെടുന്നത്.
പിന്നീട് പോർട്ടുഗീസുകാർ ഇവിടെയെത്തി. പള്ളികൾ പിടിച്ചെടുക്കാനും കേരള ക്രൈസ്തവസഭയെ പാശ്ചാത്യമേൽക്കോയ്മയിലേക്ക് കൊണ്ടുവരാനും അവർ ശ്രമിച്ചു. 1599ൽ നടന്ന ഉദയംപേരൂർ സുനഹദോസ് അത്തരത്തിലൊരു നീക്കമായിരുന്നു. പക്ഷേ മാർത്തോമ ക്രിസ്ത്യാനികൾ അതിനെചെറുത്തു. പോർച്ചുഗീസുകാരുടെ അധിനിവേശത്തിനെതിരെ അവർ 1653 ജനുവരി 3ന് മട്ടാഞ്ചേരിയിൽ വെച്ച് പരസ്യമായി എടുത്ത പ്രതിജ്ഞയാണ് കൂനൻ കുരിശുസത്യം. 2,500 ഓളം വരുന്ന വിശ്വാസികൾ കുരിശിൽ വടം കെട്ടി അതിൽ പിടിച്ചാണ് സത്യം ചെയ്തത്. പിന്നീട് മലങ്കര നസ്രാണികൾക്കിടയിൽ ഒട്ടേറെ പിളർപ്പുണ്ടായെങ്കിലും മെത്രാൻമാരുടേയും വിശ്വാസികളുടേയും നേതൃത്വത്തിൽ സുറിയാനി സഭ വളർന്നു. ദേവലോകം അരമന ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമോന്നത കേന്ദ്രമായിത്തീരുകയും ചെയ്തു.
ചരിത്രം കേട്ടുകൊണ്ട് മുന്നോട്ടു നടന്നു. ദേവലോകം ചാപ്പലിന് മുന്നിലെത്തി. കോൺക്രീറ്റ് പാകിയ നടപ്പാത. മുറ്റം നിറയെ ഉരുളൻകല്ലുകൾ. താഴെ റബ്ബർതോട്ടങ്ങളാണ്. വിശുദ്ധ തോമാശ്ലീഹയുടേയും മാതാവിന്റെയും രൂപംകൊത്തിയ വാതിൽതുറന്ന് അകത്തുകടന്നു. ഭാരതീയ വാസ്തുകലയുടെ സ്വാധീനം ദേവാലയത്തിന്റെ നിർമ്മിതിയിൽ കാണാം. കല്ലിലും തടിയിലുമുള്ള രൂപങ്ങൾ ആ തനിമ വിളിച്ചോതുന്നു. ഗംഭീരമായ നിർമിതിയാണ് അകത്ത്. വശങ്ങളിലെ വാതിലുകൾക്ക് മുകളിലായി ക്രിസ്തുവിന്റെ ജനനംമുതൽ സ്വർഗാരോഹണം വരെയുള്ള നിമിഷങ്ങൾ ഗ്ലാസ്ചിത്രങ്ങളായി തുടിക്കുന്നു. പള്ളിയുടെ നടുക്കായി ഒരു മരക്കൂട് കണ്ടു. ബീമ എന്നുവിളിക്കുന്ന ഈ കൂടിനകത്തുനിന്നാണ് മെത്രാൻമാരും മറ്റും വിശ്വാസികളോട് സംസാരിക്കാറുള്ളത്. പഴയ യഹൂദപാരമ്പര്യത്തിന്റെ അവശേഷിപ്പാണത്രേ ബീമ. തൊട്ടുമുന്നിലായി പഴമ തുടിക്കുന്ന മദ്ബഹ അഥവാ അൾത്താര. മേലാപ്പിൽ ഇരുകൈകളുമുയർത്തി അനുഗ്രഹം ചൊരിയുന്ന ക്രിസ്തു. മദ്ബഹയുടെ തൊട്ടുമുന്നിലായി നമസ്‌കാര മേശ കാണാം. ഇതിന് മുന്നിൽനിന്നാണ് പ്രാർഥന നടത്തുന്നത്. വശങ്ങളിലെ ചുമരിൽ ഗീവർഗീസ് പുണ്യാളന്റെയും വിശുദ്ധ പരുമലതിരുമേനിയുടേയും ഛായാചിത്രങ്ങളുണ്ട്. ഇടതുവശത്തായി മാമോദീസ തൊട്ടി. മദ്ബഹയ്ക്ക് മുന്നിലായി പാതിയുരുകിത്തീർന്ന മെഴുകുതിരികൾ. ഇവിടെ ഈ വിശുദ്ധസങ്കേതത്തിൽ വന്ന് വിശ്വാസികൾ ഹൃദയംതുറന്ന് പ്രാർഥിക്കുമ്പോൾ മനസ്സിലെ പാപങ്ങളെല്ലാം ഉരുകിത്തീരുന്നു.
പള്ളിയിലെ കാഴ്ചകളിൽ ഏറ്റവും കൗതുമായി തോന്നിയത് തൂക്കുവിളക്കാണ്. പൊതുവെ ഹൈന്ദവക്ഷേത്രങ്ങളിൽ മാത്രം കാണുന്ന കാഴ്ച. ആ കാഴ്ചയ്ക്ക് പിന്നിലൊരു ചരിത്രമുണ്ട്. മറ്റ് ക്രൈസ്തവവിഭാഗക്കാർ പുറത്തുനിന്നുവന്ന ആചാരങ്ങളെയും മുറകളെയും പിന്തുടർന്നപ്പോൾ ഓർത്തഡോക്‌സ് സുറിയാനികൾ മാറിനടന്നു. അവർ തദ്ദേശീയമായ രീതികളും ചടങ്ങുകളുമാണ് പിന്തുടർന്നത്. വിളക്കുകൊളുത്തൽ അതിന്റെ ഉദാഹരണമാണ്. മറ്റൊരു സഭയിലും ഈ കാഴ്ച കാണാനാവില്ല. ഇനിയുമുണ്ട് സാംസ്‌കാരികമായ ആ ഇഴുകിച്ചേരലിന്റെ ഉദാഹരണങ്ങൾ.
സഭയുടെ കീഴിലുള്ള പല പള്ളികളിലും കൽവിളക്കുകൾ ഇപ്പോഴും കാണാം. 'ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു' എന്ന ക്രിസ്തുവചനത്തെ കൽവിളക്കിലെ തിരികളിലൂടെ വിശ്വാസികൾ മുന്നോട്ടുകൊണ്ടുപോകുന്നു. താലികെട്ട്, മന്ത്രകോടി, പ്രദക്ഷിണം, തുടങ്ങിയ തദ്ദേശീയ ആചാരങ്ങൾ സഭയുടെ വിശ്വാസക്രമത്തിന്റെ ഭാഗമായി ഇന്നും നിലനിർത്തിപ്പോരുന്നു.
തരിസാപ്പള്ളി ശാസനങ്ങൾ അഥവ തരിസാപള്ളി ചേപ്പേടുകൾ എന്ന് അറിയപ്പെടുന്ന ചെമ്പുതകിടിൽ തീർത്ത ഈ രേഖകൾ ഇടക്കാലത്ത് നഷ്ടപ്പെട്ടു. പിന്നീട് കണ്ടെത്തിയ രണ്ടും മൂന്നും തകിടുകളാണ് ദേവലോകം പള്ളിയിലുള്ളത്. അറബിക്, ഹീബ്രു, പേർഷ്യൻ, അറബിക്, തമിഴ്, മലയാളം, സംസ്‌കൃതം എന്നീ ഭാഷകളിലാണ് ഈ ശാസനം എഴുതിയിട്ടുള്ളത്. ഇതു കൂടാതെ ഇരവികോർത്തൻ ചെപ്പേടും പൂർണ്ണരൂപത്തിൽ ദേവലോകം അരമനയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഇവ കൂടാതെ പരിശുദ്ധ മാർതോമാശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിച്ച പേടകം ചാപ്പലിന് തൊട്ടടുത്തായി കാണാം. അതിനടുത്തായി കർത്താവിനെ ക്രൂശിച്ച കുരിശ്, ഗീവർഗീസ് സഹദാ, മാർ ഇവാനിയോസ്, നാലാം നൂറ്റാണ്ടിൽ ജീവിച്ച മറ്റ് വിശുദ്ധ പിതാക്കൻമാർ തുടങ്ങി പത്ത് വിശുദ്ധൻമാരുടെ തിരുശേഷിപ്പുകൾ എന്നിവയും സൂക്ഷിച്ചിരിക്കുന്നു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവ, പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവ, പരിശുദ്ധ ബസേലിയോസ് മാർത്തോ മാത്യൂസ് പ്രഥമൻ ബാവ, പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ ബാവ എന്നിവരുടെ കബറുകളും ഇവിടെയുണ്ട്
മൂറോൻകൂദാശയും പെരുനാളും
പത്തുവർഷം കൂടുമ്പോൾ നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയാണ് ഇവിടുത്തെ പ്രധാന ചടങ്ങ്. വിശുദ്ധതൈലം എന്നാണ് മൂറോൻ എന്ന ഗ്രീക്ക് പദത്തിന്റെ അർഥം. പരിശുദ്ധ കതോലിക്ക ബാവയുടേയും മറ്റ് മെത്രാന്മാരുടേയും സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങാണ് ഇത്. മാമോദീസയിലുടെയും മൂറോൻ അഭിഷേകത്തിലൂടെയുമാണ് ഒരാൾ സഭാവിശ്വാസിയായിത്തീരുന്നത്. ജനുവരി രണ്ട്, മൂന്ന് തീയതികളിലാണ് പ്രധാന പെരുന്നാൾ. പ്രതിവർഷം മേല്പട്ടക്കാർ ഒരുമിച്ചുകൂടുന്ന സുനഹദോസും പിതാക്കൻമാരുടെ ഓർമപ്പെരുന്നാളുകളും മറ്റ് പ്രധാന ചടങ്ങുകളാണ്.
വെറും കാഴ്ചകൾ മാത്രമല്ല ദേവലോകം പള്ളിയിലെത്തുന്നവരെ കാത്തിരിക്കുന്നത്. ഇവിടെ ക്രൈസ്സ്തവചരിത്രത്തിന്റെ കഥകൾപറയുന്ന തിരുശേഷിപ്പുകളുണ്ട്, കേരളസംസ്‌കാരത്തിന്റെ ഭാഗമായ ശാസനങ്ങളുണ്ട്, വിശ്വാസികൾ ഏറെ ആരാധിക്കുന്ന കബറിടങ്ങളുമുണ്ട്. മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമോന്നത കേന്ദ്രം കൂടിയാണ് ഇന്ന് ഈ പള്ളിയോടൊപ്പമുള്ള കാതോലിക്കേറ്റ് അരമന. സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഭരണവും പരിപാലനവുമെല്ലാം ഇവിടെയാണ്.
മനുഷ്യസ്‌നേഹത്തിന്റെ കഥകൾകൂടി പറയാനുണ്ട് ഈ അരമനയ്ക്ക്. പലവിധ ആവശ്യങ്ങൾക്കായി പലദിക്കിൽ നിന്ന് ആളുകൾ ഇവിടെയെത്തുന്നു. അവരിൽ വീട് കെട്ടേണ്ടവരുണ്ട്, മാറാരോഗങ്ങൾക്ക് ചികിത്സ വേണ്ടവരുണ്ട്, മക്കളെ പഠിപ്പിക്കാൻവേണ്ടി എത്തുന്നവരും എല്ലാമുണ്ട്. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ നോക്കാതെ അവർക്കെല്ലാം സഹായം നൽകുന്നതിനായ് ഇപ്പോഴത്തെ കാതോലിക്ക ബാവ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ 'സഹോദരൻ ' എന്ന ജീവകാരുണ്യ പദ്ദതിക്ക് രൂപം നൽകി. അങ്ങനെ എല്ലാ അർഥത്തിലും ഈ സഭാ കേന്ദ്രം വിശ്വാസികളുടേയും അഗതികളുടേയും ദേവലോകമായിത്തീരുന്നു.
തരിസാപള്ളി ശാസനങ്ങൾ
നസ്രാണി ക്രൈസ്തവരുടേയും കേരളചരിത്രത്തിന്റെയും ഭാഗമായ സുപ്രധാന രേഖകളാണ് തരിസാപള്ളി ശാസനങ്ങൾ. പേർഷ്യയിൽ നിന്ന് കേരളത്തിലെത്തിയ മാർ സാപ്രോ ഈശോ എന്ന പുരോഹിതശ്രേഷ്ഠന് അന്നത്തെ വേണാട് ഭരിച്ച അയ്യനടികൾ നൽകിയ അധികാര രേഖകളാണ് തരിസാപള്ളി ശാസനങ്ങൾ അഥവ ചേപ്പേടുകൾ. അറബിക്, ഹീബ്രു, പേർഷ്യൻ, തമിഴ്, മലയാളം, സംസ്‌കൃതം എന്നീ ഭാഷകളിലാണ് ഇത് എഴുതിയിട്ടുള്ളത്. ചെമ്പുതകിടിൽ തീർത്ത ഈ രേഖകൾ പിൽക്കാലത്ത് നഷ്ടമായി. പിന്നീട് കണ്ടെത്തിയ രണ്ടും മൂന്നും തകിടുകളാണ് ദേവലോകം പള്ളിയിലുള്ളത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Headquarters of the Malankara Orthodox Syrian Church in Kottayam., Home to historical artifacts including the Tharisapalli copper plates., Showcases a unique blend of Indian architecture and Christian traditions., Features tombs of past Catholicos and sacred relics of saints., Hosts the 'Sahodaran' charity initiative by the current Catholicos.
Published: 05 Jul 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented