ഓണപ്പൂക്കളത്തിന് നടുവിലാണ് തൃക്കാക്കരയപ്പന് സ്ഥാനം. ഓണത്തിന് ഒരു ആസ്ഥാനമുണ്ടെങ്കില്‍ അത് ഓണത്തപ്പന്‍ എന്നും പേരുള്ള തൃക്കാക്കരയപ്പന്റെ നാടാണ്. കൊച്ചിയുടെ നഗരത്തിരക്കുകളില്‍നിന്ന് അല്പം മാറിയാണ് വാമനന്റെ കാല്‍പാട് പതിഞ്ഞ തൃക്കാക്കര ദേശം. കാല്‍ക്കരദേശമാണ് പിന്നീട് തിരുക്കാല്‍ക്കരയും തൃക്കാക്കരയുമായതെന്ന് പുരാവൃത്തം. കേരളത്തിലെ ഏക വാമനമൂര്‍ത്തി ക്ഷേത്രവും തൃക്കാക്കരയിലാണ്. തൃക്കാക്കര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടില്ലെങ്കില്‍ നിങ്ങള്‍ എത്ര ഓണമുണ്ടിട്ടും പൂക്കളമിട്ടിട്ടും കാര്യമില്ലെന്ന് പഴമക്കാര്‍ പറയുന്നു. ഓണത്തെക്കുറിച്ചുള്ള ഐതിഹ്യം തൃക്കാക്കരയുമായി ഇഴചേര്‍ന്നിരിക്കുന്നു. മഹാബലികര വാമനക്ഷേത്രം എന്നും തൃക്കാക്കരയ്ക്ക് പെരുമയുണ്ട്. വൈഷ്ണവര്‍ വിശ്വസിക്കുന്ന 13 ദിവ്യദേശങ്ങളിലൊന്നാണിത്.

ഇവിടുത്തെ വാമനമൂര്‍ത്തിക്ക് സവിശേഷതകളേറെയാണ്. വിഷ്ണുവിന്റെ വിശ്വരൂപത്തില്‍ ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ധരിച്ചാണ് സാധാരണ കാണുന്നതെങ്കില്‍, ഇവിടെ ഗദയില്ലാത്ത വിശ്വരൂപമാണ് പ്രതിഷ്ഠ. സൗമ്യനായ വിഷ്ണുരൂപമാണത്. എന്നാല്‍ വൈഷ്ണവക്ഷേത്രം മാത്രമല്ല തൃക്കാക്കരയിലുള്ളത്. ശിവഭക്തനായിരുന്ന മഹാബലി ആരാധിച്ചിരുന്ന സ്വയംഭൂവായ ശിവലിംഗപ്രതിഷ്ഠയുള്ള പ്രാചീന ശിവക്ഷേത്രവും ഇവിടെയുണ്ട്. മഹാബലി ആരാധിച്ചിരുന്ന ശിവനും അദ്ദേഹത്തിന് മോക്ഷം നല്‍കിയ വിഷ്ണുവും സമപ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്ന ശൈവ-വൈഷ്ണവ ചൈതന്യം പേറുന്ന ക്ഷേത്രമാണ് തൃക്കാക്കര.

ചേരന്മാരുടെ രാജധാനി...

ചേരരാജാക്കന്മാരുടെ കാലത്താണ് ഓണത്തിന് മലയാളക്കരയില്‍ അത്യുത്തമമായ പ്രാധാന്യം ലഭിക്കുന്നതെന്ന് ചരിത്രം. ചേരന്മാര്‍ക്ക് കൊടുങ്ങല്ലൂരിന് പുറമെ, തൃക്കാക്കരയിലും രാജധാനിയുണ്ടായിരുന്നു. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളെ കാണാന്‍ പ്രദേശത്തെ നാടുവാഴികള്‍ കര്‍ക്കിടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയാണ് തൃക്കാക്കരയില്‍ ഒന്നിച്ചുകൂടിയിരുന്നത്രെ. തൃക്കാക്കര ഭരിച്ചിരുന്ന ഇടപ്പള്ളി രാജാവിനായിരുന്നു ഉത്സവനടത്തിപ്പ് ചുമതല. 

കേരളത്തിലെ മുഴുവന്‍ നാടുവാഴികള്‍ക്കും ജനങ്ങള്‍ക്കും ആതിഥ്യമരുളി 28 ദിവസം നീണ്ട ഉത്സവം കൊണ്ടാടിയിരുന്നു. കര്‍ക്കിടകത്തിലെ തിരുവോണത്തിന് കൊടികയറി, ചിങ്ങത്തിലെ തിരുവോണത്തിന് സമാപിക്കുന്ന ഉത്സവം. കേരളക്കരയുടെ മഹോത്സവമായിരുന്നു തൃക്കാക്കരയുത്സവം. കോഴിക്കോട് സാമൂതിരിയടക്കമുള്ളവര്‍ ഉത്സവത്തിനെത്തിയിരുന്നു. ഓണാഘോഷത്തിന്റെ തുടക്കം ഈ ഉത്സവമായിരുന്നു. തൃക്കാക്കരയുത്സവം തന്റെ പ്രജകള്‍ ആചരിക്കണമെന്ന് ചേരമാന്‍ പെരുമാള്‍ ഉത്തരവിട്ടെന്നും ഓണാഘോഷം അങ്ങനെ തുടങ്ങിയെന്നുമാണ് ചരിത്രം.

ഉത്സവം പിന്നീട് ചുരുങ്ങിച്ചുരുങ്ങി പത്തുദിവസമായി. അതിന്റെ ശേഷിപ്പുകള്‍ ഇന്നുമുണ്ട്. തൃപ്പൂണിത്തുറ രാജാവ് തൃക്കാക്കരയ്ക്കുവരുന്നതിന്റെ വിളംബരജാഥയായാണ് അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നത്. ഇന്നും അത്തച്ചമയ ഘോഷയാത്ര ചിങ്ങത്തിലെ അത്തംനാളില്‍ തൃപ്പൂണിത്തുറയില്‍ നടക്കുന്നു. മലയാളക്കരയിലെ എല്ലാ കുടുംബങ്ങളിലെയും ഒരാള്‍ വീതം ഉത്സവത്തില്‍ പങ്കെടുക്കണമെന്നായിരുന്നു അന്നത്തെ ചിട്ട. പിന്നീട് അതും ചുരുങ്ങി. എന്നാല്‍, ഓണപ്പൂക്കളത്തിന് തൃക്കാക്കരയുത്സവത്തിനുള്ള കുടുംബങ്ങളുടെ പങ്കാളിത്തവുമായി ബന്ധമുണ്ട്. ഓരോ വീട്ടിലും പൂക്കളമിടുമ്പോള്‍, അവര്‍ ഉത്സവത്തില്‍ മനസ്സുകൊണ്ട് പങ്കെടുക്കുകയാണ്. പൂക്കളത്തിനൊപ്പം തൃക്കാക്കരയപ്പന്റെ രൂപംതീര്‍ത്ത് ആരാധിക്കുന്നു.

തിരുവോണസദ്യ തൃക്കാക്കരയുത്സവത്തിന്റെ സവിശേഷതയാണ്. ഉത്രാടത്തിനുകിട്ടുന്ന കാഴ്ചകളുപയോഗിച്ച് തിരുവോണത്തിന് നാടടച്ച് നല്‍കുന്ന സദ്യയായിരുന്നു അത്. ജാതി-മത വ്യത്യാസമില്ലാതെ തൃക്കാക്കരയില്‍ തിരുവോണ സദ്യ ഇന്നും തുടരുന്നു. രാവിലെ പത്തുമണിമുതല്‍ വൈകീട്ട് നാലുമണിവരെ തുടരുന്ന വിഭവസമൃദ്ധമായ സദ്യയില്‍ ഓരോ വര്‍ഷവും  ഇരുപത്തയ്യായിരം പേര്‍വരെ പങ്കെടുത്തിരുന്നു. 

എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെതൃക്കാക്കരയിലെ ഓണമുത്സവം സാഘോഷം കൊണ്ടാടിയിരുന്നു. ചേരസാമ്രാജ്യത്തിന്റെ പതനവും രാജാക്കന്മാര്‍ തമ്മിലുള്ള കിടമത്സരവുമെല്ലാം ആഘോഷത്തിന്റെയും തൃക്കാക്കര ക്ഷേത്രത്തിന്റെയും ശോഭ കെടുത്തി. നിത്യച്ചെലവിനുപോലും വകയില്ലാതെ ക്ഷേത്രഭൂമി കാടുകയറി. ഇടപ്പള്ളി സ്വരൂപം തിരുവിതാംകൂറിന്റെ ഭാഗമായതോടെ, 1921-ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തി. ക്ഷേത്രം ഏറ്റെടുത്തു. 1949-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപവത്കരിച്ചപ്പോള്‍ ക്ഷേത്രം അതിനു കീഴിലായി. ഇന്നും ഇത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്.

1961-ലാണ് കേരളം ഓണത്തെ ദേശീയോത്സവമായി അംഗീകരിച്ചത്. ഇതോടെ, ഓണവുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്ന തൃക്കാക്കര ക്ഷേത്രത്തിന് വലിയ പ്രചാരം ലഭിച്ചു. സംസ്ഥാനത്തെ ഏക വാമനമൂര്‍ത്തി ക്ഷേത്രമെന്നതും പെരുമകൂട്ടി. ധാരാളം ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്താന്‍ തുടങ്ങി. ചരിത്രപരമായ പ്രത്യേകതകള്‍ ചരിത്രകുതുകികളെയും ഇവിടെയെത്തിച്ചു. ഓണമാണ് ഇന്നും ഇവിടുത്തെ ഉത്സവകാലം. അത്തത്തിന് കൊടിയേറ്റം. തിരുവോണമാണ് പ്രധാന ഉത്സവം. തൃപ്പൂണിത്തുറ അത്തച്ചമയത്തിന് കൊടികൊണ്ടുപോകുന്നത് തൃക്കാക്കര ക്ഷേത്രത്തില്‍ നിന്നാണ്. കാല്‍ലക്ഷം പേരാണ് ഇവിടത്തെ തിരുവോണ സദ്യയില്‍ പങ്കെടുക്കാറുള്ളത്.