കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച കുറിയേടത്ത് താത്രിയെ 'കേരളത്തിലെ ആദ്യഫെമിനിസ്റ്റ്' എന്ന് വിശേഷിപ്പിക്കുന്നതിൽ ആലങ്കാരികതയൊന്നുമില്ല. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സാമൂഹികനീതിയുടേയും പേരിൽ നടന്ന വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചത് താത്രിയുടെ സ്മാർത്തവിചാരത്തിലൂടെയാണ്. ബ്രാഹ്‌മണ്യത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും പുരുഷാധിപത്യത്തെയും തകർക്കാനായി തന്റെ തന്നെ ജീവിതം അടിയറ വയ്ക്കുകയാണ് താത്രി ചെയ്തത്. സ്ത്രീ വിമോചനത്തിന്റെ ഉത്തമ മാതൃകയായി ഇപ്പോഴും താത്രിയുടെ സ്മാർത്തവിചാരം നിലനിൽക്കുന്നുണ്ട്. താത്രിയുടെ സ്മാർത്തവിചാരത്തെ അടിസ്ഥാനമാക്കി ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ രചിച്ച' താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം' എന്ന കൃതി അവരുടെ ജീവിതത്തിലേക്കും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിലേക്കും ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. മലയാളിയുടെ പൊതുബോധത്തെ ഉടച്ച് വാർക്കാനും സമൂഹത്തിൽ നവോത്ഥാനത്തിന്റെ ശംഖൊലി മുഴക്കാനും സ്മാർത്തവിചാരം നിർണ്ണായകമായ ഒരു പങ്കുവഹിച്ചു. കുറിയേടത്ത് താത്രിയുടെ ജീവിതത്തിലേക്ക് ചരിത്രപരമായുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു അവലോകനമാണ് ഈ പുസ്തകം.

To advertise here,

'സ്ത്രീ ശരീരം നടത്തിയ കലാപം' എന്ന ആദ്യ അധ്യായത്തിൽ കേരളത്തിന്റെ ജീർണ്ണമായ സാംസ്‌ക്കാരിക അവസ്ഥ സൂചിപ്പിക്കുന്നതോടൊപ്പം പുരുഷാധിപത്യം ശക്തമായിരുന്ന മേലാള വിഭാഗങ്ങളിലേക്കും സ്ത്രീസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന കീഴാള വിഭാഗങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. 1905ൽ സ്മൃതിനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചി രാജ്യത്തെ ധർമ്മശാസ്ത്ര പടുക്കളായ ബ്രാഹ്‌മണർ കുറിയേടത്ത് താത്രിയെ ചാരിത്ര്യദോഷത്തിന്റെ പേരിൽ വിചാരണ ചെയ്യുന്നത്. സ്മാർത്തവിചാരം നാല്പത് ദിവസം നീണ്ടുനിന്നു. വിചാരണയ്ക്കുശേഷം 'സാധനം 'എന്ന നപുംസക പേരിലാണ് ചാരിത്ര്യദോഷം ആരോപിക്കപ്പെട്ട പെണ്ണ് അറിയപ്പെട്ടിരുന്നത്. 'അവൾ അറുപത്തിനാല് പുരുഷൻമാരുടെ പേരുകൾ വിളിച്ചുപറഞ്ഞു. രാജനീതി അനുസരിച്ച് അവരെയെല്ലാം ഭ്രഷ്ടരാക്കി. അറുപത്തി അഞ്ചാമത്തെ പുരുഷന്റെ പേര് പറയാതെ താത്രി അദ്ദേഹം നൽകിയ മോതിരം ദാസി മുഖേന കാണിച്ച് ഈ പേരും പറയണമോ എന്ന് ചോദിച്ചപ്പോൾ അവർ പരിഭ്രാന്തരായി.'മതി' എന്നു പറഞ്ഞ് അവസാനിപ്പിച്ചു എന്നാണ് ചരിത്രം.' പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ഒരു സ്ത്രീ തന്റെ ശരീരം ആയുധമാക്കി നടത്തിയ പോരാട്ടം സ്ത്രീമുന്നേറ്റത്തിന്റെ വിത്തുകൾ പാകി. ബ്രാഹ്‌മണർക്കിടയിൽ മൂത്ത നമ്പൂതിരിക്ക് (മൂസ്സാമ്പൂരി) മാത്രമേ വിവാഹത്തിനുള്ള അധികാരം ഉണ്ടായിരുന്നുള്ളൂ. അനുജന്മാരായ നമ്പൂതിരിമാർ അമ്പലവാസി ഭവനങ്ങളിലും നായർ തറവാടുകളിലും സംബന്ധവുമായി നടന്നിരുന്നു. സമുദായത്തിലെ സ്വത്തുക്കളുടെയും സ്ത്രീകളുടെയും മേൽ പരമാധികാരം ഉണ്ടായിരുന്ന മൂത്ത നമ്പൂതിരി പ്രായം വകവയ്ക്കാതെ എട്ടും പത്തും വിവാഹങ്ങൾ കഴിച്ചു. തൊണ്ണൂറ് വയസ്സ് കഴിഞ്ഞ വയോവൃദ്ധൻപോലും പതിനഞ്ച് തികയാത്ത പെണ്ണിനെ വിവാഹം കഴിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രാകൃതനിയമങ്ങളെയാണ് താത്രി വെല്ലുവിളിച്ചത്. അന്തർജ്ജനങ്ങളുടെ സദാചാരം ഉറപ്പിച്ചു നിർത്താനുള്ള ഒരു മർദ്ദനസംവിധാനമായിരുന്നു ഇത്. എന്നാൽ പുരുഷൻമാർ ക്രൂരമായ ശിക്ഷയ്ക്ക് വിധേയമായ ചരിത്രം വളരെ കുറവാണ്. പലപ്പോഴും പുരുഷാധിപത്യപരമായ രീതികളിൽ ഈ പുരുഷൻമാർ രക്ഷപ്പെട്ടു പോവുകയായിരുന്നു പതിവ്. എന്നാൽ താൻ വിചാരണ ചെയ്യപ്പെടുമ്പോൾ കൂട്ടുപ്രതിയാവാൻ താനുദ്ദേശിച്ചിരുന്ന ഒരൊറ്റ പുരുഷനും രക്ഷപ്പെട്ടുപോകാതിരിക്കാനുളള എല്ലാ തെളിവുകളും താത്രി സമർത്ഥമായി സൂക്ഷിച്ചിരുന്നു.

' കല്പകശ്ശേരിയിലെ പെൺപിറവി' എന്ന അധ്യായം ആറങ്ങോട്ടുകരയിലെ കല്പകശ്ശേരി ഇല്ലത്തെക്കുറിച്ചും താത്രിയുടെ ജനനം അറിഞ്ഞപ്പോൾ തന്നെ കുലം മുടിക്കും എന്ന് ജ്യോതിഷികൾ പ്രവചിച്ചതിനെക്കുറിച്ചും സൂചിപ്പിക്കുന്നു. തർക്കബുദ്ധിയുള്ള, ശാഠ്യക്കാരിയായ താത്രിയുടെ നിർബന്ധപ്രകാരമാണ് പെൺകുട്ടികൾ പഠിക്കുന്നത് നാട്ടുനടപ്പില്ലാതിരുന്ന കാലത്ത് അച്ഛൻ മകൾക്ക് വിദ്യാഭ്യാസം നൽകിയത്. ബാല്യകാലത്ത് പാട്ട് പഠിപ്പിക്കാൻ വന്നിരുന്ന പാലത്തോൾ നമ്പൂതിരിയും സ്വന്തം പിതാവും സഹോദരനും മുതൽ ഋതുവാകുന്നതിന് മുമ്പ് തന്നെ അവളെ ഉപയോഗപ്പെടുത്തുകയും ലൈംഗികമായി ഇരയാക്കിത്തീർക്കുകയും ചെയ്ത നിരവധിപേരുണ്ട്. എന്നാൽ തന്നെ ഇരയാക്കിയവരെ ഇരയാക്കാൻ പോന്ന ബുദ്ധി വൈഭവം അവൾക്കുണ്ടായിരുന്നു. 'ജീർണ്ണിച്ച സദാചാര വ്യവസ്ഥയെ തകർക്കാനായി തന്നോടൊപ്പം സഹശയനം ചെയ്ത പുരുഷന്മാരുടെയെല്ലാം രഹസ്യ ഭാഗങ്ങളുടെ പ്രത്യേകതകളും അതുമായി ബന്ധപ്പെട്ട തെളിവുകളും സമർത്ഥമായി ശേഖരിച്ച് വയ്ക്കാനും അതെല്ലാം തൊലിയുരിക്കുന്ന ചോദ്യങ്ങൾക്ക് മുൻപിൽ ഒട്ടും ലജ്ജയില്ലാതെ പറയാനും കഴിഞ്ഞതാണ് താത്രിയുടെ കലാപത്തിലെ സുപ്രധാന വിജയം.' 

താത്രിയുടെ വേളിയെക്കുറിച്ചും 'പരിവേദനം 'എന്ന സ്മൃതി നിയമത്തെക്കുറിച്ചും പ്രതിപാദിക്കുന്നത് 'വിചാരണ' എന്ന അധ്യായത്തിലാണ്. മുസ്സാമ്പൂരി അസുഖക്കാരനായിരുന്നതിനാൽ അനുജനാണ് താത്രിയെ വിവാഹം ചെയ്തത്. എന്നാൽ ആദ്യ രാത്രിയിൽ മണിയറയിലെത്തിയത് ചേട്ടനാണ്. ഈ സംഭവത്തോടെയാണ് തന്നെ ദ്രോഹിച്ചവരോടെല്ലാം പ്രതികാരം ചെയ്യണം എന്ന ചിന്തയുണ്ടായത്. ആ പ്രതികാരത്തിന് ഭർത്താവിന്റെ അമ്മായിയും സഹായിയായി. പിന്നീട് കുറിയേടത്ത് താത്രിയോടൊപ്പം ഭ്രഷ്ടരാക്കപ്പെട്ട പുരുഷൻമാരെക്കുറിച്ചുള്ള വിവരണമാണ്. അതിൽ ഭ്രഷ്ട് നീക്കി തിരിച്ചു വന്നത് കാവുങ്ങൽ ശങ്കരപ്പണിക്കർ എന്ന കഥകളി നടൻ മാത്രമാണ്. താത്രിയുടെ സ്മാർത്തവിചാരം സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ അവിശ്വസനീയമാണ്. താത്രീ കലാപത്തിന്റെ ഫലമായി പുരുഷകേന്ദ്രിതമായ സവർണ സമൂഹം സ്ത്രീയ്ക്കുമേൽ നിലനിർത്തിയിരുന്ന ലൈംഗികാധിപത്യത്തിന്റെ നിയമവ്യവസ്ഥകളെ തകർത്തു കളഞ്ഞതുകൊണ്ട് തന്നെ ചരിത്രപരമായി ഇതിനെയൊരു സാമൂഹ്യവിപ്ലവമായി കണക്കാക്കാം. സ്ത്രീയെ ഒരു സുഖോപകരണം മാത്രമായി കണ്ടിരുന്ന, പലതരം മർദ്ദന സംവിധാനങ്ങളിലൂടെ ഉടമസ്ഥാവകാശം സ്ഥാപിച്ചിരുന്ന മുതലുകൾ മാത്രമായി കണ്ടിരുന്ന അവസ്ഥയ്ക്ക് മാറ്റം വരുകയും പിതാവിനും മൂത്തപുത്രനും മാത്രം അധികാരമുണ്ടായിരുന്ന വ്യവസ്ഥിതികളെല്ലാം ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. സ്‌ഫോടനാത്മകമായ ഈ ചരിത്രസംഭവം വരും തലമുറകളെ ആഴത്തിൽ സ്വാധീനിച്ചു. തുടർന്ന് ബ്രാഹ്‌മണ സമുദായത്തിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താനായി വി.ടി നടത്തിയ സ്ത്രീസമരങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. അതിനായി വി.ടി ഭട്ടതിരിപ്പാട് 'അതുവരേയും ഭോഗമൂല്യം മാത്രമുള്ള ശരീരമായി പുരുഷന്റെ കാൽച്ചോട്ടിൽ നരകിച്ചു കഴിയാൻ വിധി വന്ന സ്ത്രീയ്ക്ക് പ്രണയമൂല്യം എന്ന ആത്മസൗന്ദര്യം കൂടി നൽകി. 'ഉണ്ണി നമ്പൂതിരി മാസികയിലൂടെ അമ്പലത്തിനുമപ്പുറത്ത് ഒരു ലോകമുണ്ടെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തി. കൂടാതെ അന്ത:പുരത്തിൽ നിന്നുള്ള വിപ്ലവത്തിന് ആഹ്വാനം ചെയ്തു. അന്തർജ്ജനങ്ങളിലെ നല്ലൊരു ശതമാനത്തിനും എഴുത്തും വായനയും അറിയാത്തതിനാൽ അവരോട് സംവദിക്കുക എന്ന ലക്ഷ്യത്തിലാണ് വി.ടി നാടകങ്ങൾ രചിച്ചത്.' അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന നാടകത്തിന്റെ അവതരണം ചരിത്രമാകുന്നത് ഇതൊക്കെ കൊണ്ടാണ്. ഇതോടെ നാടകത്തിന്റെ സന്ദേശം ഉൾക്കൊണ്ട് നമ്പൂതിരി സ്തീകൾ ഘോഷ ബഹിഷ്‌ക്കരിച്ചു. സ്വതന്ത്രരായി നാലു കെട്ടു വിട്ടുവന്ന അന്തർജ്ജനങ്ങൾക്ക് അഭയം നൽകാനായി തൃശ്ശൂർ കേന്ദ്രമാക്കി അന്തർജ്ജനസമാജം സ്ഥാപിച്ചു. അതിനിടയിൽ ലളിതാംബിക അന്തർജ്ജനം നവോത്ഥാന സാഹിത്യത്തിന്റെ ചാലകശക്തിയായി മാറിയത് ഈ പ്രവർത്തനങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടായിരുന്നു.

വി. ടി യെക്കൂടാതെ പ്രേംജിയും എം. ആർ. ബി. യുമെല്ലാം പുതുലോകത്തെക്കുറിച്ചെഴുതി. കൂടാതെ വിധവയായ ഭാര്യാ സഹോദരിയെ എം.ആർ.ബിക്ക് വിവാഹം കഴിച്ചുകൊടുത്തു കൊണ്ട് വി.ടി ബ്രാഹ്‌മണ പൗരോഹിത്യം നൂറ്റാണ്ടുകളായി സ്ത്രീയുടെ മേൽ ബന്ധിച്ചിരുന്ന ചങ്ങലകളെയെല്ലാം അഴിച്ചു മാറ്റി. ഒരു സംസ്‌കൃത നാടകത്തിൽ ഭരതവാക്യം ചൊല്ലി പ്രേക്ഷകർക്ക് ശുഭാശംസ നേർന്നാണ് നാടകം അവസാനിപ്പിക്കുന്നത്. അതേ രീതിയിലാണ് ഈ പഠനവും അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പരമ്പരാഗത ലിംഗനീതിയിലെ പൊള്ളത്തരങ്ങളേയും ജാതീയമായ പൊങ്ങച്ചങ്ങളേയും സ്ത്രീ കടന്നുപോയ ദുരിത പൂർണ്ണമായ അവസ്ഥയേയും തുറന്നു കാണിക്കുക എന്ന കർത്തവ്യം കൂടി ഈ പുസ്തകം നിർവഹിക്കുന്നു. 'Conceptualising Brahminical Patriarchy in Early India: Gender, Caste, Class and State' എന്ന പുസ്തകത്തിൽ ഫെമിനിസ്റ്റ് ചരിത്രകാരിയായ ഉമാചക്രവർത്തി ബ്രാഹ്‌മണജാതിയിലെ നിയമങ്ങൾ സ്ത്രീ ലൈംഗികതയുടെ നിയന്ത്രണത്തിനായി ധാരാളം നിയമങ്ങൾ മുന്നോട്ട് വയ്ക്കുന്നതിനെക്കുറിച്ച് വിവരിക്കുന്നു. 'സ്ത്രീധർമ്മം, പവിത്ര ധർമ്മം' എന്നൊക്കെയുള്ള ആശയങ്ങളിലൂടെ സ്ത്രീലൈംഗികതയെ അടിച്ചമർത്തുകയും സ്ത്രീയെ രണ്ടാം തരക്കാരിയായി നിലനിർത്തുകയും ചെയ്യുന്ന സമൂഹവും പുരുഷാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മാത്രമല്ല ബ്രാഹ്‌മണ പുരുഷാധിപത്യത്തിൽ ലിംഗ പദവിയും ജാതിയും തമ്മിൽ വളരെയധികം ബന്ധമുണ്ട്. മനുസ്മൃതിയിലെ കാലഹരണപ്പെട്ട, നീതിരഹിതമായ രീതികളെ ചോദ്യം ചെയ്യുന്നതോടൊപ്പം ആ കാലഘട്ടത്തിലെ പെണ്ണവസ്ഥ,സമൂഹരീതികൾ, വി.ടി എന്ന ജ്വലിക്കുന്ന നക്ഷത്രം സ്ത്രീജീവിതത്തെ എത്രമാത്രം പ്രകാശമാനമാക്കി മാറ്റി എന്നെല്ലാം കൃത്യമായി രേഖപ്പെടുത്തുന്ന ഈ പുസ്തകം ഒരു പഠനം എന്നതിനുമപ്പുറം ചരിത്രപരമായും ഏറെ പരിഗണനയർഹിക്കുന്നു. സോഷ്യോളജിസ്റ്റായ ക്യാതറിൻ ഹാക്കിമിന്റെ അഭിപ്രായത്തിൽ വ്യക്തിയുടെ ശാരീരികമായും ലൈംഗികമായുമുള്ള കഴിവുകളെയെല്ലാം ലൈംഗിക മൂലധനമായി (Erotic Capital) കണക്കാക്കുകയും അതവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യാറുണ്ട്. ഈ ആസ്തി തന്നെയാണ് വിപ്ളവ നായികയായ കുറിയേടത്ത് താത്രിയും സ്ത്രീയുടെ ഉന്നമനത്തിനും അവളുടെ തുല്യ പദവിക്കും വേണ്ടി ഉപയോഗിച്ചത് .

സാമൂഹ്യശാസ്ത്ര ആശയങ്ങളായ ലിംഗഗതിശാസ്ത്രവും (Gender Dynamics) അധികാര ഗതിശാസ്ത്രവും(Power Dynamics) ബ്രാഹ്‌മണസമുദായത്തിലെ ആൺപെൺജീവിതങ്ങളിൽ നീതിയില്ലായ്മ എത്രമാത്രം ശക്തമായിരുന്നു എന്ന് വ്യക്തമായി തുറന്നുകാട്ടുന്നു. ലിംഗ പദവി സാമൂഹ്യ ബന്ധങ്ങളെ, അധികാര കേന്ദ്രങ്ങളെ, സാമൂഹ്യ ജീവിതത്തെയെല്ലാം സ്വാധീനിക്കുകയും പലപ്പോഴും അവസരങ്ങളും ലിംഗനീതിയും ഒരു വിഭാഗത്തിന് നിഷേധിക്കപ്പെടുകയും ചെയ്തു. ബ്രാഹ്‌മണ സമുദായത്തിലെ സ്ത്രീകൾ ഇത്തരം ലിംഗപരമായ മാറ്റിനിർത്തലുകൾക്ക് നിരന്തരം വിധേയരായിരുന്നു. കുറിയേടത്ത് താത്രിയുടെ കഥയിലെ പവർ ഡൈനാമിക്‌സ് വളരെ ശക്തമായി സമൂഹത്തിലെ ലിംഗ, ജാതിയുടെ അടിസ്ഥാനത്തിലുള്ള അധികാര വ്യവസ്ഥയെ സൂചിപ്പിക്കുന്നു. പുരുഷൻമാർ അധികാര ഘടന കയ്യാളുകയും സവിശേഷമായ പല ആനുകൂല്യങ്ങളും അനുഭവിക്കുകയും അതേസമയം തന്നെ സ്ത്രീയ്ക്കത് നിഷേധിക്കുകയുമാണ് ചെയ്തത്. എന്നാൽ കുറിയേടത്ത് താത്രി തന്റെ ബുദ്ധിയിലൂടെയും വൈദഗ്ധ്യത്തിലൂടെയും തനിക്കൊപ്പം ഈ പുരുഷൻമാരെയും ഭ്രഷ്ടരാക്കുകയും അതു വരെയുണ്ടായിരുന്ന പവർ ഡൈനാമിക്‌സിനേയും ജെൻഡർ ഡൈനാമിക്‌സിനേയും ചോദ്യം ചെയ്യുകയും പുതിയൊരു അധികാരമാറ്റത്തിലേക്ക് (powershift)ഒരു സമുദായത്തിനെയാകെ നയിക്കുകയും ചെയ്തു. താത്രിക്കുട്ടി എന്ന മിത്തിന്റെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ പുസ്തകം പെൺപ്രതിരോധത്തിന്റെ ആഴം വെളിപ്പെടുത്തുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi