അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ കാലം. യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ച് നാടകത്തട്ടിലെത്തിയ നിലമ്പൂർ ആയിഷ. സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഇടം നേടിയ ധീരവനിത. കല്ലേറിനെയും വെടിയുണ്ടകളെയും സമൂഹത്തിന്റെ മുൻവിധികളെയും മറികടന്നാണ് അവർ മലയാള നാടകവേദിയിൽ കരുത്തിന്റെ മുഖമായി മാറിയത്. മലബാറിന്റെ സാംസ്‌കാരിക ഭൂമികയിൽ, മലയാളത്തിന്റെ നാടകചരിത്രത്തിൽ നിലമ്പൂർ ആയിഷ തലപ്പൊക്കമുള്ളൊരു പേരാണ്.

നരബാധിച്ച ഓർമ്മകളെ വകഞ്ഞ്, തിരശീലയ്ക്കു മുന്നിലും പിന്നിലും അനുഭവിച്ച പൊള്ളുന്ന ജീവിതത്തെ ഓർക്കാൻ ശ്രമിക്കുന്നു അവർ.

മാറിമറിഞ്ഞ ജീവിതം

ചെറിയോൾ എന്ന് വിളിപ്പേരുള്ള നിലമ്പൂർ ആയിഷ. ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയിലെ അതിരിലൂടെ അവർ ഗൃഹലക്ഷ്മിക്കൊപ്പം സഞ്ചരിച്ചു. ''നിലമ്പൂരിനടുത്ത് മുക്കട്ടയിലാണ് ജനിച്ചതും വളർന്നതുമെല്ലാം. കുടുംബവീടൊക്കെ വിറ്റുപോയി. ഇപ്പോഴും ഇടയ്‌ക്കൊക്കെ അങ്ങോട്ട് പോയിനോക്കും. ആ സ്ഥലമൊക്കെ കാണാൻ. ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയ വല്ലപ്പുഴയിലെ വീട്ടിലാണ് ഇപ്പോൾ താമസം. വല്ലപ്പുഴയിലേക്ക് വന്നിട്ട് പത്തുവർഷത്തിലധികമായി.''

അവരുടെ ഓർമ്മകളിൽ കുട്ടിക്കാലത്തിന്റെ നോവ് അതേ തീവ്രതയോടെ ഇപ്പോഴുമുണ്ട്. വീട്ടിലെ മൂന്നാമത്തെ കുട്ടിയായിരുന്നു ആയിഷ. സമ്പന്നതയിലായിരുന്നു ജീവിതത്തിന്റെ ആദ്യകാലം. പക്ഷേ, ആയിഷ കുട്ടിക്കാലം പിന്നിടുംമുമ്പേ ബാപ്പ മൂത്തേടത്ത് അഹമ്മദ്കുട്ടി മരിച്ചു. ആ മരണം കുടുംബത്തിലേക്ക് ഇല്ലായ്മകളെ വിളിച്ചുവരുത്തി.

''പിന്നെ എല്ലാം ഉമ്മയുടെ ചുമലിലായിരുന്നു. കുഞ്ഞുമക്കളെ പട്ടിണിക്കിടാൻ പറ്റില്ലല്ലോ. ഇങ്ങള് മ്മടെ കൂടെ നെല്ല്കുത്ത് കമ്പനിയിൽ വന്നോളീ, മുറം പിടിച്ചിരുന്നാൽ മതി. ബാക്കി മ്മള് നോക്കിക്കോളാമെന്ന് ചുറ്റുവട്ടത്തുള്ള സ്ത്രീകൾ ഉമ്മയോട് പറഞ്ഞു. അങ്ങനെ ഉമ്മ ജോലിക്ക് പോയിത്തുടങ്ങി. പക്ഷേ, കത്തിത്തുടങ്ങിയ വെളിച്ചം ഒരു കാലവർഷക്കാലത്ത് നനഞ്ഞുകെട്ടതുപോലായി. മില്ലിൽ വച്ചുണ്ടായ ഒരപകടത്തിൽ ഉമ്മയുടെ കാലിന് വലിയ പരിക്കുപറ്റി. പിന്നെ ആശുപത്രിക്കാലമായിരുന്നു. പട്ടിണി പെരുത്തു. സഹായിക്കാൻ ആരുമില്ലാതായി. ഞങ്ങളൊരു ബാധ്യതയായി മാറുമോ എന്നായിരുന്നു എല്ലാവരുടെയും ഭയം.'' കണ്ണീരുകുടിച്ച് നാലുമക്കളെ പോറ്റിയ ഉമ്മയെ ആയിഷ ജീവിതത്തിന്റെ വെളിച്ചമായിക്കണ്ടു.

വേദനയായ ദാമ്പത്യം

ഇല്ലായ്മകളുടെ ചൂട് നന്നായറിഞ്ഞായിരുന്നു ആയിഷയുടെ വളർച്ച. അഞ്ചാം ക്ലാസിൽ പഠനം നിലച്ചു. പ്രായപൂർത്തിയാകും മുമ്പ് വിവാഹം. ജീവിതത്തിന്റെ ആ ഘട്ടത്തെ പറ്റി നല്ല ഓർമ്മകളൊന്നും അവരുടെ മനസ്സിലില്ല.

'' ഞാനന്ന് തീരെ ചെറുതാണ്. കല്യാണം, കുടുംബം അതിനെപ്പറ്റിയൊന്നും യാതൊരു തിരിച്ചറിവുമില്ലാത്ത പ്രായം. ആ മനുഷ്യൻ എന്നെ, ഒരുപാട് ഉപദ്രവിച്ചിരുന്നു.'' സഹിക്കാനാകാത്ത വേദനകൾക്കൊടുവിൽ ഭർതൃവീട്ടിൽ നിന്ന് ഇറങ്ങിപ്പോരുമ്പോൾ ആയിഷയുടെ ഒക്കത്തൊരു പെൺകുഞ്ഞുണ്ടായിരുന്നു. മകൾ ഷഹീദ.

നാടകത്തട്ടിൽ

കൈക്കുഞ്ഞുമായി വീട്ടിൽ തിരികെയെത്തുമ്പോൾ ആയിഷയ്ക്ക് പെൺകുട്ടിക്കാലം കഴിഞ്ഞിരുന്നില്ല. ഉമ്മയ്‌ക്കൊരു കൈത്താങ്ങായെങ്കിലോ എന്ന പ്രതീക്ഷയോടെയാണ് അവർ നാടകത്തട്ടിൽ കയറുന്നത്.

15-ാം വയസ്സിൽ 'ജ്ജ് നല്ല മനിസനാകാൻ നോക്ക്' എന്ന നാടകത്തിൽ തുടക്കം. ആദ്യത്തെ നാടകത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതോർത്ത് നിലമ്പൂർ ആയിഷ ആദ്യം പൊട്ടിച്ചിരിച്ചു. പിന്നെ പറഞ്ഞുതുടങ്ങി: ''ബാല്യം മുതലേ സിനിമ ഒരുപാട് ഇഷ്ടമായിരുന്നു. നടീനടന്മാരെ കാണുമ്പോൾ വലിയ ആവേശമായിരുന്നു. ഡയലോഗുകൾ കേൾക്കുമ്പോൾ കൈയടിക്കും. ഒഴിവുസമയം കിട്ടുമ്പോൾ ഓരോ രംഗങ്ങൾ വെറുതേ ഒരു രസത്തിന് അഭിനയിച്ചുനോക്കും. നാടകകൃത്ത് ഇ.കെ. അയ്മു സ്വന്തമായി ഒരു നാടകം എടുത്താലോ എന്ന് ചിന്തിച്ച് നടക്കുന്ന കാലമായിരുന്നു അത്. 'ജ്ജ് ഇങ്ങനെ വെറുതെ പറഞ്ഞോണ്ട് നടന്നിട്ട് കാര്യമില്ല. ആദ്യം ഒരു നല്ല മനിസനാവാൻ നോക്ക്.' എന്ന് ആരോ ഒരിക്കൽ അയ്മുവിനെ കളിയാക്കി. ആ കളിയാക്കലിൽ നിന്നാണ് ' ജ്ജ് നല്ല മനിസനാവാൻ നോക്ക് ' എന്ന അയ്മുവിന്റെ ആദ്യ നാടകം പിറന്നത്.

ഒരു ദിവസം അയ്മു ഞങ്ങളുടെ വീട്ടിലേക്ക് വന്നു. വീട്ടിലെ ഗ്രാമഫോൺ പാടിക്കൊണ്ടിരിക്കുകയായിരുന്നു. ഞാനാ ഹിന്ദിപ്പാട്ട് ഏറ്റുപാടി രസംപിടിച്ചിരിക്കുകയാണ്.''

ടുക് രാകേ മുഛേ... ജാനേവാലേ...

ഓർമ്മയുടെ അടരുകളിൽ നിന്ന് ആയിഷ ആ പാട്ട് ഓർത്തുപാടി. എന്നിട്ട് കഥ തുടർന്നു.

''പാട്ടും കേട്ടു വന്ന അയ്മു എന്നോടൊരു ചോദ്യം. ആയിഷൂ അനക്ക് നാടകനടി ആവണോന്ന്. കേട്ടപാതി കേൾക്കാത്തപാതി, ഞാൻ റെഡിയെന്നു പറഞ്ഞു. ഇതുകേട്ട് ഉമ്മറത്തേക്ക് വന്ന ഉമ്മയാണ് ആദ്യം എതിർത്തത്. 'പടച്ചോനേ... വേണ്ടാ... മ്മള് മുസ്ലീമാണ്, വേണ്ടാത്തീന് നിക്കണ്ടാ' എന്ന് നിലവിളിയായി. സമുദായത്തിൽ നിന്ന് വിലക്കുണ്ടാവും എന്നായിരുന്നു ഉമ്മയുടെ പേടി.

ഒരു ഗതിയും ഇല്ലാത്ത കാലത്ത് സഹായിക്കാൻ വരാത്തവർക്ക് ശിക്ഷിക്കാനെന്താ അവകാശമെന്ന് ഞാൻ തിരിച്ചുചോദിച്ചു. മറുചോദ്യം ചോദിക്കാൻ ധൈര്യമുള്ള ചെറുപ്പകാലമാണല്ലോ അത്. എന്തായാലും കുറച്ചുനേരം ആലോചിച്ചപ്പോൾ ഉമ്മയ്ക്ക് തോന്നി ഞാൻ പറഞ്ഞതിൽ കാര്യമുണ്ടല്ലോയെന്ന്. 'ശരിയാണ്, എന്തിനാ മറ്റുള്ളോർടെ മുഖം നോക്കുന്നേ? 'നല്ല കാലത്ത്, കൂടെനിന്നിട്ട്, മ്മള് ലേശം ഇല്ലാതെ ആയപ്പോൾ തിരിഞ്ഞ്നോക്കീല്ല ഒരുത്തരും. അത്തരക്കാരെ അടുപ്പിക്കണ്ട.' ഉമ്മയുടെ ഈ വാക്കിന്റെ ബലത്തിലാണ് 'ജ്ജ് നല്ല മനിസനാവാൻ നോക്ക്' എന്ന നാടകത്തിലേക്ക് ഞാൻ എത്തിപ്പെട്ടത്. അഭിനയിച്ചതിൽ ഏറ്റവും ശ്രദ്ധ നേടിയതും ഇഷ്ടക്കൂടുതലുള്ളതും ആ നാടകംതന്നെയാണ്. നാടകത്തിന് ഒരുപാട് പുരസ്‌കാരങ്ങൾ ലഭിച്ചു.''

നാടറിയാതെ നാടക പരിശീലനം

ഒളിച്ചും പാത്തുമൊക്കെ നാടറിയാതെ നാടക റിഹേഴ്സലിന് പോയതൊക്കെ ഇന്നും ആയിഷയ്ക്ക് ഓർമ്മയുണ്ട്. ''ആരുമറിയാതെ രഹസ്യമായിട്ടാണ് റിഹേഴ്സലിന് പോകാറ്. ജാനകിയെന്ന ഒരു കുട്ടിയുണ്ടായിരുന്നു എന്റെ കൂടെ നാടകത്തിൽ. അവളുടെ വീട്ടിലാണ് റിഹേഴ്സലുകൾ നടക്കാറ്. ആരുമറിയാതെ അവിടെ എത്തിപ്പെടുക പാടാണ്. പാതിരാത്രികളിലാകും റിഹേഴ്സൽ. മുഖം മറച്ചാണ് ഒളിച്ചുള്ള യാത്ര. പുലരുമ്പോഴേക്കും തിരിച്ച് വീട്ടിലേക്ക് എത്തണം.

അഭിനയം ആരും പഠിപ്പിച്ചു തന്നിട്ടില്ല. ഒറ്റത്തവണ ഡയലോഗ് പറഞ്ഞുതരും. കഥാസന്ദർഭത്തിനനുസരിച്ച് ഭാവങ്ങൾ വരുത്തും. വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും ഡയലോഗുകൾ മനഃപാഠം ആക്കുന്നതിൽ വലിയ പ്രയാസം തോന്നിയിട്ടില്ല.''

വേദികളിൽ തീപ്പൊരി പാറിച്ച ഡയലോഗുകളെല്ലാം 91-ാം വയസ്സിലും നിലമ്പൂർ ആയിഷയ്ക്ക് കാണാപ്പാഠമാണ്. ''ഇല്ലെടാ ചത്തിട്ടില്ല, അത് പറയാനാണെടാ ഞാനിവിടെ വന്നത്''... വേദികളെ ത്രസിപ്പിച്ച ഡയലോഗുകളിലൊന്ന് ആയിഷ ആവർത്തിച്ചു.

നാടകാഭിനയത്തിന്റെ തുടക്ക കാലത്ത് ഉമ്മയുടെയും സഹോദരങ്ങളുടെയും മാത്രം പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. ബന്ധുക്കളോ നാട്ടുകാരോ അറിഞ്ഞാൽ എന്തും സംഭവിക്കാമെന്ന ഭയം കുടുംബത്തെ അലട്ടിയിരുന്നു. മകളെ ഉമ്മയെ ഏല്പിച്ചായിരുന്നു ആയിഷയുടെ നാടകയാത്രകൾ.

നാടറിഞ്ഞ പേര്

ഏറെ പ്രതീക്ഷയോടെയും എന്നാൽ അതിലേറെ ഭയത്തോടെയുമായിരുന്നു ആദ്യ വേദിയിലേക്ക് ആയിഷ നടന്നു കയറിയത്. കാണികൾ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക വലുതായിരുന്നു. കോഴിക്കോട് ഫറൂക്ക് ലക്ഷ്മി കൊട്ടകയിൽ ആദ്യ നാടകത്തിന് തിരശീല ഉയരുന്നു. മൈക്കിലൂടെ നിലമ്പൂർ ആയിഷയുടെ പേര് ഉറക്കെക്കേട്ടു. ആരെടാ ഇതെന്ന നിലയിൽ ആളുകൾ പരസ്പരം മുറുമുറുത്തു. നിറഞ്ഞ സദസ്സിനു മുന്നിൽ നാടകംകളിച്ചു. തിരശ്ശീലവീണിട്ടും ആരിൽ നിന്നുംമോശമൊന്നും കേൾക്കേണ്ടിവന്നില്ല.

''പക്ഷേ, ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. അഭിനയിക്കാൻ ഇറങ്ങിയെന്ന് നാടറിഞ്ഞപ്പോൾ അടിയും പിടിയും വെടിയും സർവ പുകിലും ഉണ്ടായി. മുസ്ലീം സമുദായത്തിൽ നിന്നും ഒരു സ്ത്രീ വന്നു നാടകം കളിക്കുക എന്നത് നാണക്കേടെന്ന തലത്തിലായിരുന്നു കണ്ടിരുന്നത്.''

കാലത്തിന്റെ സംഘർഷം ആയിഷയിൽ ഒരു നെടുവീർപ്പുയർത്തി. ''നിലമ്പൂർ ആയിഷ നാടകത്തിലേക്ക് വന്നത് നാട്ടിലെ പ്രമാണിമാരെയും യാഥാസ്ഥിതികരെയും വല്ലാതെ ചൊടിപ്പിച്ചു. ഞാനതെല്ലാം തരണം ചെയ്തു. 'ജ്ജ് നല്ല മനിസനാകാൻ നോക്ക്' ഒരുപാട് വേദികളിൽ കളിച്ചു. കെ.ടി. മുഹമ്മദിന്റെ നാടകങ്ങളുടെയും ഭാഗമായി.

നാദാപുരത്ത് നാടകാവതരണത്തിനിടെ നെറ്റിയിൽ ഒരു കല്ലുവന്ന് പതിച്ചു. മുഖത്ത് ചോരയൊലിച്ചിറങ്ങിയിട്ടും ഞാൻ പിൻവാങ്ങിയില്ല. ശ്രദ്ധ പതറാതെ എന്റെ ഭാഗം പൂർത്തിയാക്കി. മഞ്ചേരിയിൽ നാടകം കളിക്കുമ്പോഴാണ് വെടിവെപ്പുണ്ടാകുന്നത്. തലനാരിഴയ്ക്കാണ്അന്ന് രക്ഷപ്പെട്ടത്. മണ്ണാർക്കാടും മുട്ടത്തും നാദാപുരത്തുമെല്ലാം കല്ലേറ് തുടർന്നു. പലരും കരുതി ഇതൊക്കെക്കണ്ട് പേടിച്ച് ഞാൻ നാടകം അവസാനിപ്പിക്കുമെന്ന്. ഗൂഢാലോചനകളൊന്നും വിലപ്പോയില്ല.''

ഓർമ്മകൾ മാഞ്ഞു

ആയിഷയുടെ ചേച്ചിയുടെ മകൾ സീനത്തിന്റെ ഭർത്താവാണ് കെ.ടി. മുഹമ്മദ്. ആ പരിചയത്തിലാണ് അദ്ദേഹത്തിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകത്തിൽ അവർക്ക് അവസരം ലഭിച്ചത്. ''ഖാൻ കാവിൽ, ബാബുരാജ്, കോഴിക്കോട് അബ്ദുൾ ഖാദർ, മാനു മുഹമ്മദ്, കുഞ്ഞിക്കുട്ടൻ തുടങ്ങിയവരുടെയൊക്കെ നാടകങ്ങളിൽ അഭിനയിച്ചു. അതിനിടയ്ക്ക് ഞാൻ ഗൾഫിൽ ഗദ്ദാമയായി പോയി.

മടങ്ങിവന്നശേഷം 2001- ൽ ഇബ്രാഹിം വേങ്ങരയുടെ 'ഉള്ളതു പറഞ്ഞാൽ' എന്ന നാടകത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് എത്തി.''

നിലമ്പൂർ ആയിഷയെന്ന പോരാട്ടവീര്യത്തിന്റെ ഓർമ്മകളെ വയസ് വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നു. അഭിനയിച്ച സിനിമകളുടെ ഓർമ്മകളിലേക്ക് അവർക്ക് എത്തിപ്പെടാനാകുന്നില്ല. 1961-ൽ 'കണ്ടംവെച്ച കോട്ടി'ലൂടെയാണ് ആയിഷ ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചത്. കാവ്യമേള, കുട്ടിക്കുപ്പായം, ഓളവും തീരവും, സുബൈദ തുടങ്ങിയ സിനിമകൾ. നിരവധി പുരസ്‌കാരങ്ങളും അവർ സ്വന്തമാക്കി.

പഠനവും രാഷ്ട്രീയവും

അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ആയിഷയ്ക്കുള്ളതെങ്കിലും പുസ്തകങ്ങളോടുള്ള അഭിനിവേശവും പൊതുവിവരങ്ങളിലുള്ള താത്പര്യവും ചെറുതായിരുന്നില്ല. കൈയിൽ കിട്ടുന്ന മാസികകളിലും പത്രത്താളുകളുകളിലുമെല്ലാം മുഖംപൂഴ്ത്തിയകാലം. '' മറ്റൊരാളെ ആശ്രയിച്ച് പൊതുവിവരം മനസ്സിലാക്കുന്നത് മോശപ്പെട്ട കാര്യമായാണ് അന്നും ഇന്നും എനിക്ക് തോന്നുന്നത്. ജനറൽ നോളജ് പ്രധാനമാണ്. വായിക്കാൻ ഇഷ്ടമാണ്. ഏതു പുസ്തകം കിട്ടിയാലും വായിക്കും. പെരുമാറ്റരീതിയും സംസാരരീതിയുമൊക്കെ എങ്ങനെവേണമെന്നൊക്കെ മനസ്സിലാക്കിയത് പുസ്തകംവായിച്ചാണ്.

കുടുംബപരമായി കമ്മ്യൂണിസത്തിനൊപ്പമാണ്. വായനയാണ് രാഷ്ട്രീയ അഭിപ്രായങ്ങൾക്ക് അടിത്തറയായത്. പ്രതിസന്ധികളിൽ പാർട്ടി ഒരുപാട് സഹായിച്ചിട്ടുണ്ട്.

ഭീഷണികൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. മുസ്ലീം സ്ത്രീ നാടകത്തിലേക്കല്ല, നരകത്തിലേക്കെന്ന മുദ്രാവാക്യങ്ങൾ പോലും ഉയർന്നിരുന്നു.'' എതിർപ്പുകളെയും ഭ്രഷ്ടിനെയും അതിജീവിച്ച കാലത്തെയോർത്ത് ആയിഷയുടെ വാക്കുകൾ ഇടറി. ''ജീവിതം ആസ്വദിക്കാനാവാതെപോയി. ഏതൊക്കെയോ സങ്കടങ്ങളിൽ അതിങ്ങനെ തുടർന്നു.''

ഗദ്ദാമക്കാലം

ചെറുപ്രായത്തിലേ ചുമതലകളുടെ ഭാരം തോളിലേറ്റിയ ആയിഷയ്ക്ക് നാടകംകൊണ്ടു മാത്രം കുടുംബം പോറ്റാനായില്ല. കടങ്ങൾക്കും വീട്ടുചെലവുകൾക്കും ഉമ്മയുടെ ചികിത്സയ്ക്കും മറ്റുമായി അവർക്ക് കടൽ കടക്കേണ്ടിവന്നു. '' കുടുംബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് റിയാദിലേക്ക് ഗദ്ദാമയായി പോയത്. ഒരു അറബിയുടെ വീട്ടിൽ ജോലിക്കു കയറി. ആ വീട്ടുകാർ എന്നെ ഉമ്മ എന്നാണ് വിളിച്ചിരുന്നത്. ഒരുപാട് കഷ്ടപ്പെട്ടു. വേറെ വീടുകളിലും ജോലി ചെയ്തു. നയാപ്പൈസ എടുക്കാതെ കൈയിൽ കിട്ടുന്നതെല്ലാം നാട്ടിലേക്ക് അയച്ചു. അല്ലലില്ലാതെ വീട് കഴിഞ്ഞുപോയത് ആ പണംകൊണ്ടാണ്. ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ നാടകത്തിൽ അഭിനയിക്കും. 20 വർഷം ഗൾഫിൽ പണിയെടുത്തു.

യാത്രകളും ഇഷ്ടങ്ങളും

ഇടറിത്തുടങ്ങിയ ഓർമ്മകൾ ആയിഷയുടെ ജീവിതോർജത്തിന് തടസ്സമാകുന്നില്ല. നിലയ്ക്കാത്ത യാത്രകളിലാണ് അവർ. ''പലയിടത്തും പരിപാടികൾക്ക് ക്ഷണിക്കും. ഞാൻ പോകും.നാടകം കാണാനിഷ്ടമാണ്. വടക്കേ മലബാറിൽ എന്നും നാടകങ്ങൾ അരങ്ങേറാറുണ്ട്. പക്ഷേ, നല്ല കഥകളാണ് ഇല്ലാത്തത്. പലപ്പോഴും നാടകം കാണണമെന്നു തോന്നും. പക്ഷേ, പുലർച്ച വരെ ഇരുന്ന് കാണാനുള്ള ശക്തി ഇപ്പോഴില്ല.''

കനലിനു മീതേ നടന്നുനടന്നാകാം അവരുടെ ശബ്ദത്തിനും കനലിന്റെ ചൂടുണ്ട്. ഇല്ലായ്മകളുമായി ഇടഞ്ഞുനിൽക്കുന്ന ജീവിതം അതേപടി തുടരുമ്പോഴും അവർ പതറുന്നില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi