പെരിന്തൽമണ്ണ-നിലമ്പൂർ റോഡിലെ 'പൂന്താനം ഇല്ല'ത്തിനുമുന്നിൽ ബസ്സിറങ്ങി. ഇല്ലത്തേക്ക് നീണ്ടുകിടക്കുന്ന വഴിക്കുമുന്നിൽ ഇരുമ്പുഗേറ്റുള്ള പ്രവേശനകവാടം. ഇരുവശവുമുള്ള തോട്ടങ്ങളിൽ വഴി അലങ്കരിക്കാനെന്നപോലെ നിറയെ കുലവാഴകൾ. ആകാശംതൊടുന്ന മരങ്ങൾ നിറഞ്ഞ നാലുകെട്ടിന്റെ മുറ്റത്തെത്തിയപ്പോൾ ഞൊടിയിടയിൽ പിന്നോട്ടുപാഞ്ഞു കാലം!

ആരുടെയോ മൊബൈലിൽനിന്ന് റിങ് ടോണായി ജ്ഞാനപ്പാന കൂടിയായപ്പോൾ നാലരനൂറ്റാണ്ടിനപ്പുറം ഇവിടെ ജീവിച്ച ഭക്തകവി പൂന്താനം മാത്രമായി മുന്നിൽ... ഗുരുവായൂരപ്പനെ നെഞ്ചോടുചേർത്ത ഭക്തൻ... അദ്ദേഹം പിറന്ന വീടാണിത്.

നവീകരിച്ചൊരു നാലുകെട്ടും പത്തായപ്പുരയും കലാവതരണങ്ങൾ നടത്താനുള്ള ഒരു വേദിയുമാണ് ഇപ്പോൾ ഇവിടെയുള്ളത്.

പതിനാറാം നൂറ്റാണ്ടിൽ മേല്പുത്തൂരും എഴുത്തച്ഛനുമൊക്കെ ജീവിച്ച കാലത്താണ് പൂന്താനവും ജീവിച്ചിരുന്നത്. പക്ഷേ, ഈ നാലുകെട്ടിന് അത്ര പഴക്കമൊന്നും തോന്നില്ല. പൂന്താനത്തെപ്പറ്റി പാലക്കീഴ് നാരായണൻ എഴുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെയൊരു സംശയം പലരും ഉന്നയിച്ചതായി പറയുന്നുണ്ട്. ഇപ്പോഴത്തെ ഇല്ലത്തിന്റെ വടക്കുഭാഗത്തായി ഒരു പുരത്തറയുണ്ട്, കിണറും തൂർന്നുപോയൊരു കുളവുമുണ്ട്. പണ്ട് ഇല്ലം അവിടെയായിരുന്നുവോ? ആർക്കും അതേക്കുറിച്ചൊരു തീർപ്പുമില്ല, എന്തായാലും ഇപ്പോൾ പൂന്താനത്തിന്റെ ജന്മഗൃഹമായി കരുതുന്നത് ഈ നാലുകെട്ടുതന്നെ. ഇതിന്റെ കിഴക്കേ മുറ്റത്ത് പൂന്താനത്തിന്റേതെന്ന് കരുതാവുന്ന ഒരു നമസ്‌കാരക്കല്ല് കണ്ടെത്തിയിട്ടുണ്ട്.

''ഈ ഇല്ലത്തിപ്പോൾ ആരെങ്കിലും താമസമുണ്ടോ?'' ഒരു സന്ദർശകന്റെ ചോദ്യത്തിന്, ഇവിടെ മുൻപ് ജീവനക്കാരനായിരുന്ന സുകുമാരൻ പൂന്താനം മറുപടിനൽകുന്നതുകേട്ടു: ''ഇല്ല. അരനൂറ്റാണ്ടുമുമ്പ് ഇവിടെ ജീവിച്ചിരുന്ന പൂന്താനം രാമൻ നമ്പൂതിരിയും(1903-1987) പത്‌നി പുലാമന്തോൾ മൂത്തകൊരമ്പത്ത് ആര്യ അന്തർജനവുമാണ് അവസാനത്തെ അംഗങ്ങൾ. ഇവർക്ക് മക്കളുണ്ടായിരുന്നില്ല. ഒരു പെൺകുട്ടിയെ ഇവർ ദത്തെടുത്തിരുന്നു. രാമൻ നമ്പൂതിരിയും പത്‌നിയും മരിക്കുകയും വളർത്തുമകൾ വിവാഹിതയായി ഭർതൃവീട്ടിലേക്ക് പോവുകയും ചെയ്തതോടെ ഇല്ലത്ത് ആരുമില്ലാതായി...''

രാമൻ നമ്പൂതിരിയുടെ മരണശേഷം ബന്ധുക്കൾ തമ്മിൽ സ്വത്തുതർക്കമായി. തർക്കം കോടതികയറി. അതങ്ങനെ നീണ്ടപ്പോൾ ഇല്ലം ചിതലും മാറാലയും കെട്ടി. അവകാശത്തർക്കം വൈകാതെ ഒത്തുതീർപ്പാവുകയും അവകാശികൾ അത് ഗുരുവായൂർ ദേവസ്വത്തിനുവിട്ടുകൊടുക്കാൻ തയ്യാറാവുകയും ചെയ്തു.

തുടർന്ന് ദേവസ്വമാണ് ഇല്ലവും പടിപ്പുരയുമെല്ലാം ഇപ്പോൾ കാണുംപോലെ നവീകരിച്ചത്. ഇല്ലത്തുണ്ടായിരുന്ന താളിയോലഗ്രന്ഥങ്ങളും പൂന്താനം പൂജിച്ചതെന്ന് വിശ്വസിക്കുന്ന കൃഷ്ണന്റെ വെണ്ണക്കൽ വിഗ്രഹവുമെല്ലാം ഗുരുവായൂരിലേക്ക് കൊണ്ടുപോയി. കൃഷ്ണവിഗ്രഹം തിരുനാമാചാര്യൻ ആഞ്ഞം മാധവൻനമ്പൂതിരിയുടെ ഗുരുവായൂരിലെ 'നാരായണാലയ'ത്തിൽ സൂക്ഷിച്ചു. ഇല്ലം ദേവസ്വം ഏറ്റെടുക്കുമ്പോൾ, വിപുലമായൊരു പൂന്താനം ലൈബ്രറി, ഭാഷാഗവേഷണകേന്ദ്രം, ശിശു സംരക്ഷണ കേന്ദ്രം തുടങ്ങി പല വികസനങ്ങളും ഇവിടെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും നടന്നില്ല, പേരിനുള്ള നവീകരണമൊഴികെ...

പൂമുഖം കടന്ന് നാലുകെട്ടിനകത്തേക്ക്. അവിടെ വലിയ മോടി
പിടിപ്പിക്കലൊന്നും നടന്നിട്ടില്ല. മച്ചക ശ്രീലകത്ത് പൂന്താനം ആരാധിച്ചിരുന്ന സാളഗ്രാമവും വിളക്കും മറ്റും ഇപ്പോഴുമുണ്ട്. പൂന്താനത്തിന്റെ ഓർമ്മകളുണർത്തുന്നതായി അതുമാത്രമേ ഉള്ളൂവെന്ന് പറയാം.

''പൂന്താനത്തെ അനുഗ്രഹംകൊണ്ട് തലോടിയ തിരുമാന്ധാംകുന്നിലമ്മയുടെ സാന്നിധ്യം ഈ നാലുകെട്ടിനകത്തുണ്ട്. ഇവിടെ വിഗ്രഹരൂപത്തിലല്ല അമ്മ...'' മേൽശാന്തി കണ്ണൻ എമ്പ്രാന്തിരി പറഞ്ഞു. ''അമ്മയുടെ ചൈതന്യമേന്തുന്ന പീഠവും വാൽക്കണ്ണാടിയും വാളുമാണുള്ളത്.'' കണ്ണനെമ്പ്രാന്തിരി അതുമായി ബന്ധപ്പെട്ട ഒരു കഥ വിശദീകരിച്ചു: ''ഒരിക്കൽ പൂന്താനത്തിന് വസൂരി പിടിപെട്ടു. തീരെ അവശനായ ഘട്ടത്തിൽ ചിലരുടെ ഉപദേശമനുസരിച്ച് തിരുമാന്ധാംകുന്നിലമ്മയെ പ്രാർഥിച്ച് 'ഘനസംഘം' അഥവാ 'അംബാസ്തവം' സ്‌ത്രോത്രം എഴുതി. ഘനസംഘമിടയുന്ന തിരുമുടി തൊഴുന്നേൻ എന്നുതുടങ്ങുന്ന ആ കാവ്യം ആസ്വദിച്ച് അമ്മ കനിഞ്ഞു. പൂന്താനത്തിന്റെ വസൂരി ഭേദമായി...''കണ്ണനെമ്പ്രാന്തിരി കഥയിൽ നിന്ന് കാഴ്ചകളിലേക്ക് മടങ്ങി.

''വിജയദശമിക്ക് ദാ ഈ തളത്തിൽ എഴുത്തിനിരുത്തലുണ്ടാകും. അഷ്ടമിരോഹിണിയും പ്രധാനമാണ്.''

വടക്കിനിയും തെക്കിനിയും നമസ്‌കാരത്തളവും അടുക്കളയും ചൈനീസ് ഭരണികളും പഴയ മരത്തിന്റെ ഉരുൾകപ്പിയുമുൾപ്പെടെ നാലുകെട്ടിന്റെ താഴെയുള്ള കാഴ്ചകൾ കണ്ടുകഴിഞ്ഞപ്പോൾ മുകൾനിലയിലേക്ക് കോണികയറി. അവിടെ കിഴക്കുഭാഗത്തായി കുടുംബാംഗങ്ങൾ കിടന്നിരുന്ന നീണ്ട മുറി. വലിയ മരജനാലകൾ. പടികടന്നെത്തുന്നവരെ നിരീക്ഷിക്കാൻ കുഞ്ഞുകിളിവാതിലുകൾ. പഴയ മരക്കട്ടിലുകൾ. മുറിയുടെ മൂലകളിൽ മൂത്രമൊഴിക്കാനുള്ള പഴയ കരിങ്കൽപ്പാത്തികൾ. രണ്ടാംനിലയിലും വലിയൊരു ഹാളുണ്ട്. മറ്റൊരുമഴക്കോണിയിലൂടെയാണ് താഴെയിറങ്ങിയത്.

''ദാ, അവിടെ പൂന്താനം പ്രതിഷ്ഠിച്ച കീഴേടം പൂന്താനം ശ്രീ മഹാവിഷ്ണുകൃഷ്ണക്ഷേത്രമുണ്ട്. പൂന്താനത്തിന്റെ കുടുംബക്ഷേത്രം.'' കണ്ണനെമ്പ്രാന്തിരി കിഴക്കുഭാഗത്തേക്കുചൂണ്ടി. പൂന്താനം ഇല്ലംവക അങ്ങാടിപ്പുറത്ത് ശ്രീകൃഷ്ണക്ഷേത്രമുണ്ട്. ചതുർബാഹുവായ വിഷ്ണുവാണ് ഇടത്തുപുറത്തപ്പൻ, പൂന്താനം വാഴ്ത്തുന്ന വാമപുരാധീശൻ.

കീഴാറ്റൂർ പഞ്ചായത്തിന്റെ ഭാഗമാണിപ്പോൾ പൂന്താനം. പഴയ കാലത്തെ നെമ്മിനി അംശത്തെ പൂന്താനം ദേശം. പൂങ്കാവനം എന്ന വാക്ക് പൂന്താവനമായും പിന്നെ പൂന്താനമായും മാറിയെന്നാണ് ഐതിഹ്യം. ഇല്ലത്തിന്റെ പടിഞ്ഞാറുഭാഗത്ത് ശങ്കരൻകുന്ന് എന്നൊരു കുന്നുണ്ട്. ശങ്കരൻ എന്നായിരുന്നു പൂന്താനത്തിന്റെ പേരെന്ന് ചിലർപറയുന്നത് ഈ അടിസ്ഥാനത്തിലാണ്. (ശങ്കരനാരായണൻ, ബ്രഹ്‌മദത്തൻ എന്നിങ്ങനെ വേറേയും പേരുകൾപറയാറുണ്ട്)

പൂന്താനത്തിന്റെ ജന്മദിനം കുംഭമാസത്തിലെ അശ്വതിയാണെന്നാണ് വിശ്വാസം. അതുപ്രകാരം ഇവിടെയും തൊട്ടടുത്തുള്ള ക്ഷേത്രത്തിലും ഗുരുവായൂരമ്പലത്തിലും ഇടത്തുപുറത്തമ്പലത്തിലുമെല്ലാം അന്ന് പൂന്താനദിനം ആഘോഷിക്കുന്നു.

ഉണ്ണിക്കൃഷ്ണൻ മനസ്സിൽകളിക്കുമ്പോൾ
ഉണ്ണികൾ മറ്റുവേണമോ മക്കളായ്...

ഇരുട്ടുനിറഞ്ഞ നാലുകെട്ടിന്റെ അകത്തളത്തിൽ നിൽക്കുമ്പോൾ ഉണ്ണിയെച്ചൊല്ലി പൂന്താനം അനുഭവിച്ച കണ്ണീരിന്റെ കഥ മനസ്സിൽ പെയ്തു. കാലമേറെക്കാത്തിരുന്നാണ് പൂന്താനത്തിന് ഉണ്ണി പിറന്നത്. പക്ഷേ, ആ സന്തോഷം ഏതാനും ദിനങ്ങളേ ഉണ്ടായുള്ളൂ. ചോറൂൺദിവസം ആരുടെയോ അശ്രദ്ധ ഉണ്ണിക്കുമുകളിൽ വിഴുപ്പായി കുമിഞ്ഞുകൂടി, ഉണ്ണി മരിച്ചു.

അതോടെ പൂന്താനം മറ്റൊരാളാവുകയായിരുന്നു. ജീവിതത്തെ ഒന്നുകൂടി ഉയരെനിന്ന് കാണാൻ കഴിയുന്ന ഒരാൾ. ലൗകികമായ ഖേദമോദങ്ങൾക്കപ്പുറം ഭഗവത് സാക്ഷാത്കാരമാണ് അന്തിമമായ ആനന്ദത്തിന്റെ ഇടമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഗുരുവായൂരപ്പനിൽ പൂർണമായി സ്വയം സമർപ്പിച്ചു. ഈ മാറ്റത്തിനുശേഷം എഴുതിയതാണ് 'ജ്ഞാനപ്പാന'.

ജീവിതത്തിൽ കാണുന്ന ഓരോ കാഴ്ചകൾക്കും ഒരുജ്ഞാനിയുടെ കണ്ണോടെ വിശദീകരണം നൽകുന്നു പൂന്താനം. ഒന്നുമല്ലാതിരുന്ന ഒരാൾ പൊടുന്നനെ ആരൊക്കെയോ ആയിത്തീരുമ്പോൾ അതുപറയാൻ നമുക്ക് പൂന്താനം വേണം:

രണ്ടുനാലുദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടക്കുന്നതും ഭവാൻ...

എത്രയോ ഉയരത്തിൽ നടന്ന ഒരാൾ വീഴുമ്പോൾ അതുപറയാനും പൂന്താനം തന്നെ:

മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പുകേറ്റുന്നതും ഭവാൻ...

പണത്തെക്കുറിച്ച് ആർത്തിമൂത്തുനടക്കുന്നവരെ ഓർമ്മിപ്പിക്കുവാനുള്ളത് ഇതാണ്:

അർഥമെത്ര വളരെയുണ്ടാലും തൃപ്തിയാകാ മനസ്സിന്നൊരുകാലം, പത്തുകിട്ടുകിൽ നൂറുമതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും...

എല്ലാം അടക്കിവെയ്ക്കുന്നവരോട് ഒന്നേ പറയാനുള്ളൂ:

ചത്തുപോംനേരം വസ്ത്രമതുപോലും ഒത്തിടാ കൊണ്ടുപോകാനൊരുത്തർക്കും

'സന്താനഗോപാലം പാന'പോലെയുള്ള വേറേയും കൃതികൾ അദ്ദേഹമെഴുതി.

അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ..., നരകവൈരിയാം അരവിന്ദാക്ഷന്റെ..., നരനായിങ്ങനെ ജനിച്ചുഭൂമിയിൽ... ഈ കീർത്തനങ്ങൾ എഴുതിയത് പൂന്താനമാണെന്ന് പലർക്കും അറിയുകപോലുമില്ല!

പൂമുഖത്തുകൂടി തിരിച്ചിറങ്ങുമ്പോൾ അതിനോടുചേർന്ന് വടക്കുഭാഗത്തായുള്ള സ്ഥലം ചൂണ്ടി ഇല്ലത്തെ ദേവസ്വംജീവനക്കാരനായ മഹേഷ് പറഞ്ഞു: ''ദാ ഇതാണ് പൂന്താനം ഭഗവാനൊപ്പം സ്വർഗാരോഹണം നടത്തിയതായി കരുതപ്പെടുന്ന സ്ഥലം.''

ഒരുദിവസം ഉറക്കത്തിൽവന്ന് കൃഷ്ണൻ പറഞ്ഞതനുസരിച്ച് പിറ്റേന്ന് വൈകുണ്ഠത്തിലേയ്ക്കു പോകാൻ അമൃതേത്തൊരുക്കി ഭഗവാനെ കാത്തിരുന്ന പൂന്താനത്തിന്റെ കഥ അദ്ദേഹം പറഞ്ഞു. ''ഭഗവാനോടൊപ്പം ഉടലോടെ സ്വർഗത്തിലേക്കുപോകുമ്പോൾ പൂന്താനം ചോദിച്ചു: 'ഞാനിതാ വൈകുണ്ഠത്തിലേക്കു പോവുകയാണ്. എന്നോടൊപ്പം ആരെങ്കിലും പോരുന്നോ?' ഇല്ലത്തെ ദാസിമാത്രം പറഞ്ഞു: 'അടിയൻ വരുന്നുണ്ട്...'

ഉടനെ ചേതനയറ്റുവീണ അവരും പൂന്താനത്തിനുപിന്നാലെ സ്വർഗംപൂകി എന്നാണ് വിശ്വാസം.''

നാമസങ്കീർത്തനം(ഭക്തി) കൊണ്ടും മൂല്യവത്തായ ജീവിതംകൊണ്ടും സ്വർഗംകൈവരിക്കാം, അതിന് യജമാനനെന്നോ ദാസിയെന്നോ ഭേദമില്ല എന്നതാവാം ഈ കഥയുടെ സന്ദേശം. പൂന്താനത്തിന്റെ സ്വർഗാരോഹണം നടന്നു എന്ന് കരുതപ്പെടുന്ന സ്ഥലത്ത് ഒരു കൃഷ്ണപ്രതിമയുണ്ട്. സമീപത്ത് കത്തുന്ന കൽവിളക്ക്.

പെരിന്തൽമണ്ണയിൽ നിന്ന് നിലമ്പൂർ റൂട്ടിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ പൂന്താനം സ്റ്റോപ്പിലെ പൂന്താനം ഇല്ലത്ത് എത്താം. കോഴിക്കോടുനിന്ന് മഞ്ചേരി പാണ്ടിക്കാട് വഴി വരുന്നവർക്ക് പാണ്ടിക്കാട് പെരിന്തൽമണ്ണ റൂട്ടിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചും എത്താം. ഗുരുവായൂർ ദേവസ്വത്തിന്റെ അധീനതയിലാണ് ഇല്ലവും ക്ഷേത്രവും ഉൾപ്പെടുന്ന സ്ഥലം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi