ക്രിസ്മസും കോട്ടയവും തമ്മില്‍ ഒരു അഭേദ്യമായ ബന്ധം ഉണ്ടാക്കിത്തന്നത് ചാത്തന്നൂര്‍ പപ്പയാണ്. കല്യാണത്തിനുശേഷം വന്ന ആദ്യത്തെ ക്രിസ്മസിനാണ് അതെനിക്ക് മനസ്സിലായത്. ക്രിസ്മസിന് പത്തു ദിവസം മുമ്പാണ് കോട്ടയത്തേക്ക് ഒരു തീര്‍ത്ഥാടനം നടത്തുന്നത്. പേരില്‍ മാത്രമേ തീര്‍ത്ഥാടനമുള്ളു, ഭക്ഷണമാണ് പ്രധാന അജണ്ട. രാവിലെ തന്നെ വീട്ടില്‍ നിന്ന്  തിരിക്കും, പരുമല, പുതുപ്പള്ളി, മണര്‍കാട് വഴി കുരിശുപള്ളിയില്‍ എത്തിച്ചേരും. പുത്തനങ്ങാടിയിലാണ്  കുരിശുപള്ളി. ചാത്തന്നൂര്‍ മമ്മിയുടെ ഒരു കസിന്‍ ഓമനയാന്റി താമസിക്കുന്നത് അതിന്റെ അടുത്താണ്. പുള്ളിക്കാരി പോളോ ഫാസ്റ്റ്ഫുഡ്‌സ് എന്ന പേരില്‍ ഒരു കേറ്ററിംഗ് യൂണിറ്റ് നടത്തുന്നുണ്ട്. അങ്ങനെ കുരിശുപള്ളിയില്‍ നിന്നും നേരെ കയറുന്നത് ആന്റിയുടെ വീട്ടിലേക്കാണ്. വീടിന്റെ മുന്‍പില്‍ ഒരുപാട് ആളുകളിരുന്ന് പച്ചക്കറിയും മറ്റും അരിയുന്നത് കാണാം, പാചകപ്പുര അടുത്തുതന്നെയാണ്, അവിടെ നിന്ന് മുകളിലേക്ക് പൊങ്ങുന്ന ആവി കാണുമ്പോള്‍ തന്നെ വൈകുന്നേരത്തെ സദ്യ അല്ലെങ്കില്‍ മറ്റു പരിപാടികള്‍ക്കുള്ള സാധനങ്ങള്‍ തയ്യാറാക്കുകയാണെന്ന് മനസ്സിലാക്കാം. വീടിനകത്തേക്ക് കടന്നിരിക്കുമ്പോള്‍  ആന്റിയുടെ അസിസ്റ്റന്റ് വന്ന്  ശീതളപാനീയം തരും. അതങ്ങനെ കുടിച്ചിരിക്കുമ്പോള്‍ ഓമനയാന്റി മെല്ലെ മെല്ലെ നടന്നുവന്ന് നമ്മുടെ അടുത്തിരിക്കും. എന്നിട്ടു പേരറിയാവുന്നതും അറിയാത്തതുമായ എരിവും മധുരവുമുള്ള പലഹാരങ്ങള്‍ നമ്മുടെ മുന്‍പില്‍ നിരത്തും. അലുവ, പ്ലംകേക്ക്, ഫിഷ് ലൂംബിയ, സ്റ്റഫ്ഡ് പൊറോട്ട, മീറ്റ് റോള്‍, വട്ടയപ്പം അങ്ങനെ ഒരുപാടൊരുപാട് പലഹാരങ്ങള്‍. ഇതെല്ലാം നിരത്തിവെയ്ക്കുക  മാത്രമല്ല നമ്മള്‍ പോകാന്‍ നേരം ഇതില്‍നിന്നെല്ലാം കുറേയെടുത്തു പായ്ക്ക് ചെയ്തു തരികയും ചെയ്യും.

To advertise here,

ഒരു പ്രത്യേക രുചിയാണ് അലുവയ്ക്ക്, പാകത്തിന് വെന്ത അതിന് നല്ല ബ്രൗണ്‍ നിറമാണ്, അത് മുറിക്കുമ്പോള്‍ തന്നെ നെയ്യുടെയും പാലിന്റെയും മാസ്മരിക മണം നമ്മളെ അങ്ങ് പൊതിയും, ഓരോ കഷ്ണത്തിലും അണ്ടിപ്പരിപ്പ് കടിക്കാന്‍ കിട്ടും, മീറ്റ് റോളിനാകട്ടെ മിന്‍സ്ഡ് മീറ്റും വഴറ്റിയ സവാളയും ഇഞ്ചിയും മസാലയും ഒക്കെ ചേര്‍ന്ന് നല്ല എരിവുള്ള ഒരു രുചിയാണ്. ഫിഷ് ലൂംബിയ ഞാന്‍ ആദ്യമായി കഴിക്കുന്നത് ആന്റി തരുമ്പോഴാണ്, നല്ല ദശയുള്ള മത്സ്യം ഇഞ്ചിയും വെളുത്തുള്ളിയും സവാളയുമൊക്കെ ഇട്ട് വഴറ്റി ഫിഷ് സ്പ്രിങ്‌റോള്‍ പോലെയൊരു പലഹാരമാണത്. വട്ടയപ്പം എത്ര വെണ്മയും മൃദുലവുമാണെന്നോ, ഏറ്റവും സൂപ്പര്‍ റിച്ച്പ്ലം കേക്കാണ്, അത് ശരിക്കും സമ്പന്നനാണ്. റമ്മിന്റെ മണവും, കിസ്മിസ്, ആൽമണ്ട്, നട്‌സ്, ഡേറ്റ്‌സ്, ചെറി ഇതെല്ലാമിട്ട് സമ്പന്നമാക്കിയിരിക്കുന്ന കേക്ക്, വായില്‍ വെക്കുമ്പോഴേ മണവും രുചിയും വന്നു നമ്മളെ വീര്‍പ്പുമുട്ടിക്കും. 

അപ്പോഴേക്കും പപ്പാ കുറച്ചധികം കേക്കുകള്‍ മേടിച്ച് വണ്ടി നിറയ്ക്കും, അങ്ങനെ ക്രിസ്മസ് ഹോള്‍സെയില്‍ ആയി കോട്ടയത്ത് നിന്ന് വാങ്ങിക്കൊണ്ടാണ് ചാത്തന്നൂരിലേക്ക് പോകുന്നത്. എല്ലാ വര്‍ഷവും തുടരുന്ന ഒരു ചടങ്ങാണിത്. ഓമനയാന്റി ഇന്ന്  ജീവിച്ചിരിപ്പില്ല. ആറുവര്‍ഷം മുമ്പ് അവര്‍ മരിച്ചു. അവര്‍ക്ക് സ്വയം തോന്നിയ ഒരു പാഷനില്‍ നിന്നാണ് 1983-ൽ പോളോ ഫാസ്റ്റ് ഫുഡ് എന്ന കേറ്ററിംഗ് യൂണിറ്റ് ഉണ്ടാകുന്നത്. അതൊരിക്കലും ഒരു ജീവിതമാര്‍ഗമായി തുടങ്ങിയതല്ല. പാചകവും സല്‍ക്കാരവുമെല്ലാം അവര്‍ക്കൊരു ലഹരിയായിരുന്നു, ഒരിക്കല്‍ ആന്റി ഉണ്ടാക്കിയ കേക്ക് കഴിച്ചവരാരും പിന്നീട് അവിടെ വരാതിരിക്കില്ല. അത്രയ്ക്ക് ലഹരിയായിരുന്നു ആ കേക്കുകള്‍ക്ക്. പക്ഷേ എന്നും എന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ചിത്രം, കട്ടിലില്‍ കിടന്നുകൊണ്ട് തയ്യാറാക്കി വെച്ചിരുന്ന പലഹാരങ്ങളുടെ മധുരവും പാകവും ഒക്കെ നോക്കുന്ന ആന്റിയുടെ ചിരിക്കുന്ന മുഖമാണ്. ഓമനയാന്റി മരണത്തോളം  മറ്റുള്ളവര്‍ക്ക് ആഹാരം ഉണ്ടാക്കുകയും കൊടുക്കുകയും ചെയ്തു, മറ്റുള്ളവര്‍ രുചിയോടെ കഴിക്കുന്നത് കണ്ട് സന്തോഷിച്ചു. അടുക്കളയില്‍ നിന്നും ഉണ്ടാക്കുന്ന ഓരോ വിഭവങ്ങളും പാകം നോക്കാന്‍ ആന്റിക്ക് കൊണ്ട് കൊടുക്കും. അത് നോക്കി പാകം പറഞ്ഞുകൊടുക്കും. ഇങ്ങനെ, വ്യക്തിപരമായി ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് സന്തോഷത്തോടെ തെളിഞ്ഞ മുഖത്തോടെ ജീവിച്ചിരുന്ന ഓമനയാന്റിയെ  കോട്ടയത്തെ ജോലി കഴിഞ്ഞു മടങ്ങുന്ന ചില സമയങ്ങളില്‍ ഓടിപ്പോയി കാണുകയും, ആന്റി സന്തോഷത്തോടെ തരുന്ന പലഹാരങ്ങള്‍ മേടിക്കുകയും കഴിക്കുകയും ചെയ്തിരുന്നു. 

കുരിശുപള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ ആദ്യം ചിന്തയില്‍ വരുന്നത് ആന്റിയുടെ മുഖമാണ്. മിക്കവാറും അവിടെ കയറി എന്തെങ്കിലുമൊക്കെ പലഹാരങ്ങള്‍ മേടിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം ആന്റിയെ കാണുവാന്‍ ഞാന്‍ ചെല്ലുമ്പോള്‍ കാണുന്നത് ചിരിച്ച മുഖത്തോടു കൂടി തലയിണയില്‍ ചാരിയിരുന്ന് എന്തോ ആലോചിക്കുന്ന ആന്റിയെയാണ്. കയ്യില്‍ ഒരു ബോട്ടില്‍ കോഫി ബീന്‍സ് ചേര്‍ത്ത് വച്ചിട്ടുണ്ട്. ഇടക്കിടയ്ക്ക് അത് അടപ്പു തുറന്നു മണപ്പിക്കുന്നുണ്ട്. കട്ടിലില്‍ കിടന്നുകൊണ്ടും ഭക്ഷണത്തിന്റെ പാകവും രുചിയും ഒക്കെ നോക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ആ മണം ന്യൂട്രലൈസ് ചെയ്യുന്നതിന് വേണ്ടിയിട്ടാണ് ഈ കോഫി ബീന്‍സ് കയ്യില്‍ ഇങ്ങനെ ബോട്ടിലില്‍ ആക്കി പിടിച്ചു കൊണ്ടിരിക്കുന്നത്. കോഫി ബീന്‍സ് മണത്തുകൊണ്ട് നല്ല ചിരിയോടെ കട്ടിലില്‍ കിടക്കുന്ന ഓമനയാന്റിയുടെ മുഖം എന്നും ഒരു നല്ല ഓര്‍മ്മയായി എന്റെ ഉള്ളില്‍ അവശേഷിക്കുന്നു.

കൊച്ചുന്നാള് തൊട്ടേ മമ്മിയുണ്ടാക്കിത്തരുന്ന പ്ലം കേക്കാണ് എനിക്കിഷ്ടം, പക്ഷെ അതിനൊരു മാറ്റം വന്നത് കൊല്ലത്തു നിന്നും ഒരിക്കല്‍ വല്‍സാന്റി (ചാച്ചന്റെ ആന്റി) കൊണ്ടുത്തന്ന കേക്ക് കഴിച്ചപ്പോഴാണ്, അത്രയും മൃദുലവും മധുരോദാരവുമായ ഒരു കേക്ക് അതിനു മുമ്പും പിമ്പും ഞാന്‍ കഴിച്ചിട്ടില്ല. സത്യത്തില്‍ എല്ലാ ക്രിസ്മസിനും പ്ലംകേക്ക് ഉണ്ടാക്കുന്നത് തന്നെ ഒരു നൊസ്റ്റുള്ള ഓര്‍മ്മയാണ്. കേക്ക് മിക്‌സിങ്ങ് വാര്‍ത്തയൊക്കെ പത്രത്തിലും ടിവിയിലും ഒക്കെ കാണുമെങ്കിലും തിരുവനന്തപുരത്തു താമസമാക്കിയതിനു ശേഷം ഒരു പാട് പരാജയങ്ങളൊക്കെ ഏറ്റുവാങ്ങി അവസാനം കേക്കുണ്ടാക്കാന്‍ വിജയിച്ച നാള്‍ മുതല്‍ ഭര്‍ത്താവിനെ കൊണ്ട് ആദ്യം വാങ്ങിപ്പിക്കുന്നത് നാലഞ്ചു കുപ്പി റം ആണ്. പിന്നെ ഡ്രൈ ഫ്രൂട്‌സ് വാങ്ങി വൃത്തിയാക്കി നുറുക്കി വെക്കും, ചാലക്കമ്പോളത്തില്‍ നിന്നും, ഞങ്ങടെ പഴേ സ്‌കൂട്ടറില്‍ പോയി വാങ്ങിയ വലിയ ഒരു കണ്ണാടി ഭരണി ഉണ്ട്, അതിലേക്ക് ഈ മദ്യമൊഴിച്ചു ഡ്രൈ ഫ്രൂട്ട്‌സെല്ലാമിട്ട് വെക്കും, ഉണങ്ങിയ മുന്തിരിയും ചെറിയും, ഓറഞ്ചും സ്‌ട്രോബെറിയും അത്തിപ്പഴവുമെല്ലാം മദ്യലഹരിയില്‍ ആറാടി അതില്‍ ലയിച്ചു എത്ര നാള്‍ വേണമെങ്കിലും അങ്ങനെ മയങ്ങി കിടക്കും. (ഞാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഫ്രൂട്ട് മിക്‌സിങ് ചെയ്യാറുള്ളു, പക്ഷെ അത് രണ്ടു വര്‍ഷത്തോളം  ഒട്ടും കേടാകാതെ ഇരുന്നിട്ടുണ്ട്). ഇടയ്ക്കിടെ കേക്കുണ്ടാക്കാന്‍ ഈ കുപ്പി തുറന്ന് ഡ്രൈഫ്രൂട്ട്‌സ് എടുക്കുമ്പോള്‍ ഒരു മണം കിട്ടും, അത് തന്നെ ഒരു സുഖമുള്ള ലഹരിയാണ്. ക്രിസ്മസിന് ഇങ്ങനെ തന്നെ കേക്കുണ്ടാക്കണമെന്ന് എന്നോട് പറയാതെ പറഞ്ഞത് ഓമനയാന്റിയാണ്. 

ഇതൊക്കെയാണെങ്കിലും ക്രിസ്മസിന്റെ ഓര്‍മ്മയുണര്‍ത്തുന്ന ഒരേയൊരു കേക്ക് കുഞ്ഞുന്നാളില്‍ ഡാഡി മേടിച്ചു കൊണ്ടുവരുന്ന പിങ്കും വെള്ളേം ചുമപ്പും നിറങ്ങളിലുള്ള പൂക്കളും പച്ച ഇലകളുമുള്ള ഷുഗര്‍ ഐസിങ്ങ് ചെയ്ത ക്രിസ്മസ് കേക്കാണ്. ക്രിസ്മസിന് മാത്രം മുറിക്കുന്ന ആ കേക്ക് കഴിക്കാന്‍ ഞങ്ങള്‍ പിള്ളേര് സെറ്റ് കാത്തിരിക്കുമായിരുന്നു, ചിലപ്പോഴൊക്കെ ക്രിസ്മസിന് വീട്ടില്‍ വരുന്ന വിരുന്നുകാരും അത് കൊണ്ടുവരുമായിരുന്നു, കേക്ക് കഴിക്കാനായിരുന്നില്ല കൊതി, അടരടരുകളായി പഞ്ചാരപ്പൂക്കള്‍ കഴിക്കാനായിരുന്നു ആവേശം. കേക്ക് മുറിക്കുന്നതിനു മുമ്പ് തന്നെ ഞങ്ങള്‍ ഓരോരുത്തരായി ഐസിങ്ങ് പൂക്കള്‍ ബുക്ക് ചെയ്യുമായിരുന്നു. ക്രിസ്മസ്‌കേക്കിനെ പൊതിഞ്ഞിരിക്കുന്ന ആ വര്‍ണാഭമായ പഞ്ചാരപ്പൂക്കളും ഇലകളും അല്‍പ്പാല്‍പ്പം നുണഞ്ഞുകൊണ്ടു മുറ്റത്തിങ്ങനെ ഉലാത്തുന്നത് ഇനിയൊരിക്കലും തിരിച്ചുപിടിക്കാനാകാത്ത ആ നല്ല കാലത്തിന്റെ മധുരിക്കുന്ന ഓര്‍മ്മയാണ്.