
ഭക്ഷണത്തിന്റെ രുചിയും മണവും ഏറ്റവും അധികം അനുഭവിക്കുകയും കൊതിക്കുകയും ചെയ്ത ഒരു സമയമായിരുന്നു 2021-ലെ കൊറോണക്കാലം. അത്യാവശ്യം നല്ല പ്രതിരോധശക്തിയും ആരോഗ്യവുമൊക്കെയുണ്ടെന്ന് സ്വയം അഹങ്കരിച്ചു നടന്ന ഒരു സമയത്താണ് കൊറോണ വന്നൊരു ആക്രമണമങ്ങു നടത്തിയത്. ആദ്യം നടുവേദന, തലവേദന ഇങ്ങനെ നേരിയ, സഹിക്കാന്‍ പറ്റുന്ന പരീക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ പിന്നീട് നല്ല ക്ഷീണം, തളര്‍ച്ച ഒക്കെ തോന്നിത്തുടങ്ങി. അങ്ങനെ കിടക്കുന്ന ഒരു സമയത്തു ഞാന്‍ ഒരു സ്വപ്നം കണ്ടു.
നല്ല ചെമ്പാവരി ചോറ്. അതിന്റെ മീതെ നല്ല മാമ്പഴ പുളിശ്ശേരി, ഹോ എന്തൊരു നിറവും മണവും ആയിരുന്നെന്നോ, എന്നിട്ടു സൈഡിലായിട്ടു നല്ല വരിക്കച്ചക്ക വേവിച്ചു കടുകൊക്കെ താളിച്ചിട്ട്, പിന്നെ സൈഡില് ഒരു കഷ്ണം മീന്‍കറി, നല്ല ചൊകചൊകാന്നു അങ്ങനെ വിരാജിക്കുന്നു. എന്തൊരു കാഴ്ചയായിരുന്നു. ആ സ്വപ്നത്തിന്റെ ഹാങ്ങോവര്‍ കാരണം പിറ്റേന്നു എഴുന്നേല്‍ക്കാനും താമസിച്ചു.
Also Read
കൊറോണ വന്നു പിടിച്ചാല്‍ പിന്നെ ആകെ മൊത്തം ഒരു തളര്‍ച്ചയും വിളര്‍ച്ചയും മടിയും ഒക്കെയായി അങ്ങനെയങ്ങ് പോകും. അങ്ങനെ ഒരു ദിവസം രാവിലെ എല്ലാ കൊറോണാ പ്രഭാതവും ആരംഭിക്കുന്നത് പോലെ എന്റെ ചേട്ടത്തി മിതചേച്ചി ഫോണില്‍ വിളിക്കുന്നു, കുഴപ്പമില്ല എല്ലാം ഓക്കേ എന്ന് പറയാനായി ഫോണ്‍ എടുത്തു, അപ്പൊ പറയുന്നു, 'വന്നു ഗേറ്റ് തുറക്ക്, അവിടെ കുറച്ചു സാധനങ്ങള്‍ ഇരിപ്പുണ്ട്' എന്ന്. ചടപടാന്നു വാതില്‍ തുറന്ന് നോക്കുമ്പോള്‍, ദൈവദൂതന്മാരെ പോലെ അച്ചാച്ചനും മകനും ഒരു വലിയ കാര്‍ട്ടന്‍ നിറയെ സാധനങ്ങളുമായി ക്രിസ്മസ് രാവില്‍ സമ്മാനങ്ങളുമായി വരുന്ന സാന്തക്ലോസിനെ പോലെ ഗേറ്റിനരികില്‍. 'ആനന്ദലബ്ദിക്കിനി എന്ത് വേണം രാമാ' എന്ന് പറഞ്ഞത് പോലെയായി എന്റെ അവസ്ഥ.
ആര്‍ത്തി പിടിച്ചു ഓരോന്നോരോന്നായി തുറന്നു പരിശോധനയാരംഭിച്ചു. സ്വപ്നത്തില്‍ കണ്ടത് പോലെ തന്നെ, ഒരു കുപ്പി നിറയെ മാമ്പഴ പുളിശ്ശേരി, ഒരു ഐസ്‌ക്രീം ഡബ്ബ നിറച്ചു ചുകചുകാന്നുള്ള മീന്‍കറി, മറ്റൊരു ഡബ്ബയില്‍ ചിക്കന്‍ വരട്ടിയത്, മറ്റൊരു ഡബ്ബയില്‍ അടിപൊളി ചക്കവേവിച്ചത്, അടമാങ്ങ പോലെ നാരങ്ങാ ഇട്ടത്, പിന്നെ തേങ്ങാ തിരുമ്മിയതും കറിവേപ്പിലയും സാമ്പാറും ദോശമാവും അങ്ങനെ ഒരു ആഡംബര സദ്യവട്ടങ്ങള്‍. കണ്ണും കാതും മനസ്സും വയറും നിറഞ്ഞുണ്ടു.
കൊറോണക്കാലത്തെ വിശപ്പും കൊതിയും രുചിയും ശമിപ്പിച്ച എന്റെ ചേട്ടത്തിക്കു ഒരായിരം സ്വസ്തി, മീന്‍ കൂട്ടില്ലെങ്കിലും, ഇത്രയും നല്ല മീന്‍കറിയും മാമ്പഴ പുളിശ്ശേരിയും സാമ്പാറും വെച്ച് തന്നതിന് ആയിരം സ്വസ്തി പോരാ എന്നാലും, അഗതികളെ ഊട്ടുവാനായി കച്ചകെട്ടി തുനിഞ്ഞിറങ്ങിയ പ്രിയ അനുജത്തി ശുഭയ്ക്ക്, ഇത്രയും രുചിയുള്ള ചിക്കനും ചക്കയും കഷ്ടപ്പെട്ടുണ്ടാക്കി തന്നതിന് ഒരു നൂറായിരം സ്വസ്തി. വിശപ്പിന്റെ സ്വാദാണ് ഏറ്റവും രുചിയുള്ള സ്വാദ് എന്ന തിരിച്ചറിവ് ഉണ്ടാക്കി തന്ന കൊറോണയ്ക്കും സ്വസ്തി.
Content Highlights: ruchiyorma during corona outbreak food memories by dr.jiji j alex
Published: 12 Dec 2023, 11:26 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented