ഇടിയപ്പം എന്ന പലഹാരം ഒരു കാപ്പി പലഹാരമാണ്. അതിന്റെ കൂടെ മുട്ടക്കറിയോ, മട്ടന്‍ കറിയോ, ചിക്കന്‍ കറിയോ, ഫിഷ് മോളിയോ കടലക്കറിയോ, വെജിറ്റബില്‍ കുറുമയോ കൂട്ടി കഴിക്കാവുന്നതാണ്. ചിലര്‍ക്ക് തേങ്ങാപ്പാല്‍ കൂട്ടി കഴിക്കുന്നതാണിഷ്ടം. വീട്ടില്‍ അമ്മേം അമ്മച്ചിയും ഇടിയപ്പം ഉണ്ടാക്കുമ്പോള്‍ പലപ്പോഴും ഇടിയപ്പത്തിന്റെ മുകളില്‍ കുറച്ചു തേങ്ങപ്പീര കൂടി ഇടും, പക്ഷെ ഈ പീര ഒരിടത്തു അടങ്ങിയിരിക്കുന്ന സാധനമല്ല. ഇടിയപ്പത്തിന്റെ അച്ചില്‍ നിന്നും അതിനെ പാത്രത്തിലേക്ക് മാറ്റുന്ന വഴിക്ക് കുറച്ചു പീര നഷ്ടപ്പെടും, പിന്നെ അത്‌ കഴിക്കുന്ന പ്ലേറ്റിലേക്കു മാറ്റുമ്പോള്‍ കുറച്ചു കൂടി നഷ്ടപ്പെടും, അപ്പോള്‍ നമുക്ക് കഴിക്കാന്‍ എന്ത് കിട്ടാനാ.

പക്ഷേ ആദ്യമായി ഞാന്‍ സേഫ് ആയ ഇടിയപ്പം കഴിക്കുന്നത് കല്ലടയിലുള്ള വൈദ്യരച്ചന്റെ വീട്ടില്‍ നിന്നാണ്. ഒരു ദിവസം അമ്മയ്ക്ക് സന്ധ്യയായപ്പോള്‍ ദീനം കൂടി. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലാക്കി അപ്പനും അമ്മച്ചിയും അമ്മേം കൂട്ടി ആശുപത്രിയില്‍ പോയി. പിറ്റേന്ന് രാവിലെ ആയിട്ടും അമ്മ വന്നില്ല. അന്ന് രാവിലെ വൈദ്യരച്ചന്റെ മകള്‍ (ഞങ്ങള്‍ തങ്കച്ചിമാമേ എന്ന് വിളിക്കും), ഞങ്ങള്‍ക്ക് ഇടിയപ്പം ഉണ്ടാക്കിത്തന്നു. പക്ഷെ അത് നമ്മുടെ കൈപ്പത്തിക്കുള്ളില്‍ ഒതുങ്ങിയിരുന്ന ഒന്നായിരുന്നു. അത് കണ്ടപ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തു, തേങ്ങാപ്പീര ഇല്ലല്ലൊ എന്ന്, കറി വരുന്നതും കാത്തിരുന്നപ്പോള്‍ തങ്കച്ചിമാമ ഒരു ചെറിയ കിണ്ണത്തില്‍ പഞ്ചസാര കൊണ്ട് തന്നു. അയ്യേ സാദാ ഇടിയപ്പവും പഞ്ചസാരയും ഞാന്‍ മനസ്സിലോര്‍ത്തു. 

വൈദ്യരച്ചനും ഞങ്ങളുടെ കൂടെ വന്നിരുന്നു കഴിക്കുവാന്‍ തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ ആവി പറക്കുന്ന ഇടിയപ്പം എടുത്തു പാത്രത്തില്‍ വെച്ചിട്ടു ഒരെണ്ണം മെല്ലെ മുറിച്ചു, അപ്പൊ ദേ കിടക്കുന്നു  ആവിയില്‍ പൊതിഞ്ഞ തേങ്ങാപ്പീരയും കുറച്ചു പഞ്ചാരത്തരികളും, അത് കൊള്ളാലോ ഇടിയപ്പം പെറ്റിട്ട തേങ്ങപ്പീരയും പഞ്ചാരയും; രണ്ടു കുഞ്ഞുങ്ങളും കൊള്ളാം, എനിക്ക് സന്തോഷം തോന്നി. തേങ്ങാപ്പീര നഷ്ടപ്പെടാതിരിക്കാന്‍ ഇടിയപ്പ പേഴ്‌സിനുള്ളില്‍ സേഫ് ആക്കി വെച്ചിരിക്കുന്ന സാങ്കേതികത അപാരം. ഇപ്പോള്‍ വീട്ടില്‍ ഇടിയപ്പം ഉണ്ടാക്കുമ്പോള്‍ ഞാന്‍ ഇതേ സാങ്കേതികതയാണ് പ്രയോഗിക്കാറുള്ളത്. ഇടിയപ്പം, തേങ്ങാപ്പീരയും പഞ്ചസാരയും കൂട്ടി ചൂടോടെ കഴിക്കുന്ന നിഷ്‌കളങ്കതയില്‍ നിന്നും ഞാന്‍ ഒരുപാട് വളര്‍ന്നു.

പണ്ടൊക്കെ കാപ്പിക്ക് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ക്ക്‌ പലപ്പോഴും പഞ്ചസാര ആയിരുന്നു  കറി, ദോശ-പഞ്ചാര, ഇഡ്ഡലി-പഞ്ചാര, അപ്പം-പഞ്ചാര, ചപ്പാത്തി-പഞ്ചാര ഇങ്ങനെയുള്ള കുറെ കോമ്പോകള്‍ കുട്ടിക്കാലത്തുണ്ടായിരുന്നു. കറി ഇല്ലാത്തതു കൊണ്ടാണ് പലപ്പോഴും ഇങ്ങനെയുള്ള കോമ്പിനേഷന്‍സ് തയ്യാറാക്കിത്തന്നിരുന്നത്. പക്ഷെ എപ്പോഴൊക്കെ കുട്ടിക്കാലത്തേക്ക് ഊളിയിടാന്‍ തോന്നിയാലും, ഞാന്‍ ഈ കോമ്പോകള്‍ വെറുതെ പരീക്ഷിക്കാറുണ്ട്, ഞാന്‍ മാത്രം.