ഈയിടെയായി ഓണം അടുത്തു വരുമ്പോൾ ഞാൻ മരിച്ചുപോയവരെ സ്വപ്നം കാണാറുണ്ട്. അല്ല, മരിച്ചു പോയവർ എന്റെ സ്വപ്നത്തിൽ വരാറുണ്ട്. കഥകളെഴുതി തുടങ്ങിയതിനു ശേഷമാണെന്നു തോന്നുന്നു ആ പ്രതിഭാസം എന്നിൽ കാണപ്പെട്ട് തുടങ്ങിയത്. ഗ്രാമത്തിൽ മൺമറഞ്ഞു പോയവർ ഓരോരുത്തരായി ഊഴമിട്ട് എന്റെ സ്വപ്നങ്ങളെ ഉഴുതുമറിക്കും. നേരം വെളുത്താൽ മറക്കാൻ തുടങ്ങിയ ഓർമ്മകൾ പലതും പുതുനാമ്പുകൾ പോലെ തളിരിടും.

To advertise here,

ഗ്രാമം രൂപപ്പെടുത്തിയ ഓരോ മനുഷ്യരും ഓണമെന്ന നിറപ്പകിട്ടാർന്ന ആണ്ടറുതിയിൽ എന്റെ സ്വപ്നങ്ങളിലേക്ക് കടന്നുവരുന്നതെന്തിനാവും? ഏതോ കഥകൾ എന്നെ ഓർമ്മിപ്പിക്കാനാണോ നിശ്ശബ്ദമായ അവരുടെ വരവും പോക്കും? അവരോളം വലിയ കഥാകാരനൊന്നുമല്ല ഞാൻ. അവർ കഥകളുടെ സൂക്ഷിപ്പുകാരായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് ഞാനടക്കമുള്ള തലമുറയെ ഇന്നിലേക്ക് കാത്തുവെച്ചവർ. കഥയിലേക്കോ നോവലിലേക്കോ നട്ടുപിടിപ്പിക്കാൻ എനിക്കിപ്പഴും കഴിയാതെ പോയ മഹാവൃക്ഷങ്ങൾ.

ചെളിയും ചരലും കുഴച്ച് രൂപപ്പെടുത്തുന്ന ഓണത്തപ്പന് പത്മാസനത്തിലിരിക്കുന്ന ബുദ്ധന്റെ രൂപമാണെന്ന് എനിക്ക് തോന്നാറുണ്ട്. പൂക്കളത്തിൽ പ്രതിഷ്ഠിക്കുന്ന ഓണത്തപ്പനു ചുറ്റും പാട്ടുപാടി കൈകൊട്ടി കളിച്ചിരുന്ന അവസാന കാലഘട്ടത്തിലാണ് എന്റെ ജനനം. ഇന്നിപ്പോൾ എന്റെ സ്വപ്നത്തിൽ വന്നുപോകുന്ന മരിച്ചവരെല്ലാം അന്ന് ആ കളിയുടെ ജീവനുകളായിരുന്നു. അവരുടെ പാട്ടുകൾ, ചലനങ്ങൾ, എല്ലാം ഇന്ന് വെറും ഓർമ്മ മാത്രം. ഒരിക്കൽ കൂടി അവരുടെ കൂടെയിരിക്കാൻ ഞാൻ വല്ലാതെ കൊതിക്കാറുണ്ട്. അവരില്ലാത്തതിന്റെ നഷ്ടം ആണ്ടറുതികളിലാണ് ഏറെ വേദനിപ്പിക്കുന്നത്. അതുകൊണ്ടാവാം, അവർ ഓണക്കാലത്ത് കൃത്യമായി എന്റെ സ്വപ്‌നത്തിന്റെ വാതിലിൽ വന്നുമുട്ടുന്നത്.

placeholder
സുഭാഷ് ഒട്ടുംപുറം

പൂക്കളത്തിൽ പ്രതിഷ്ഠിക്കുന്ന ഓണത്തപ്പനു പുറമേ, വീട്ടിലേക്കുള്ള വഴിയുടെ ഓരത്തും ഒരോണത്തപ്പനെ വെക്കാറുണ്ട്. വഴിക്കത്തപ്പൻ എന്നാണതിന്റെ പേര്. അതായത് വഴിവക്കത്തെ അപ്പൻ. എനിക്കേറെ ഇഷ്ടവും ആദരവും അതിനോടായിരുന്നു. വഴി കാക്കുന്ന ഒരച്ഛൻ. ആ രൂപത്തിലേക്ക് നോക്കുമ്പോഴൊക്കെ വല്ലാത്തൊരു സുരക്ഷിതത്വം തോന്നിയിരുന്നു. മഴയേറ്റ് അലിഞ്ഞുപോയാലും അദൃശ്യനായ ഒരച്ഛൻ എപ്പോഴും വഴിവക്കത്തുണ്ടായിരുന്നു. ഓരോ വീടിനു മുന്നിലും ഒരച്ഛൻ. മരിച്ചിട്ടും മരിച്ചിട്ടും എന്നെ വിട്ടുപോകാത്ത വഴിവക്കത്തെ ആ അപ്പന്മാരെ മഴയ്ക്ക് അലിയിച്ചു കളയാനോ മരണത്തിന് അഴുക്കി കളയാനോ പറ്റാത്തവിധം ഒരു കഥയിലേക്ക് എക്കാലത്തേക്കും പ്രതിഷ്ഠിച്ചുവെക്കണമെന്നുണ്ട് എനിക്ക്. അതിന് ഭ്രമിപ്പിക്കുന്ന ഒരു സ്വപ്നം എന്നിലേക്ക് കടന്നുവരണം. ഞാനതു കാണാനായി കണ്ണുകൾ മുറുകെ അടച്ചിരിപ്പാണ് ഈ ഓണരാവുകളിൽ.

തയ്യാറാക്കിയത്: ശ്രീബ എം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi