നർത്തകിയും അഭിനേത്രിയുമായ ഡോ.വിന്ദുജ മേനോൻ വർഷങ്ങളായി കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസം. നാട്ടിലെ ഓണത്തിന്റെ മധുരമുള്ള ഓർമ്മകൾക്കൊപ്പമാണ്, അവർ വിദേശത്ത് ഓണം ആഘോഷിക്കുന്നത്. ആ അനുഭവങ്ങൾ പങ്കുവെക്കുകയാണവർ.
''ഓണം എന്നല്ല ഏതൊരു ആഘോഷവും ലോകത്ത് എവിടെയാണെങ്കിലും ഒരേപോലെ തന്നെയാണ്. പക്ഷേ അതിനെ വേറിട്ടുനിർത്തുന്നത് നമ്മളും, നമ്മുടെ ചുറ്റുമുള്ള ആളുകളും സാഹചര്യങ്ങളും സൗകര്യങ്ങളും ഒക്കെ കൂടിയാണ്. മലേഷ്യയിൽ ഓണവും 'യെറ്റ് അനദർ ഡേ' ആണ്. അതായത് പുറംരാജ്യങ്ങളിലെവിടെയും തിരുവോണം അല്ലെങ്കിൽ ഓണത്തിന്റെ പത്തു ദിവസം എന്ന് പറയുന്നത് 'യെറ്റ് അനദർ ഡേ' മാത്രമാണ്.
പക്ഷേ അങ്ങനെ ആവരുത് എന്ന് നമ്മൾ തീരുമാനിക്കുന്നിടത്താണ് ഓണത്തിന് പ്രാധാന്യമേറുന്നത്. എന്റെ കാര്യത്തിൽ ഓണസമയത്ത് കേരളത്തിലാണെങ്കിൽ ഡാൻസ് പ്രോഗ്രാമുകളും പെർഫോമെൻസുകളുമൊക്കെയായി തിരക്കായിരിക്കും. എന്നാലിവിടെ അങ്ങനെയല്ല. ഞങ്ങളുടെ മോൾ നേഹ ജനിക്കുന്നതുവരെയും തിരുവോണസദ്യകളുണ്ടാക്കുമായിരുന്നു. അവൾ ജനിച്ചത് ചിങ്ങത്തിലെ അവിട്ടംദിനത്തിലാണ്, അതായത് തിരുവോണത്തിന്റെ അടുത്തദിവസം. നേഹയുടെ ജനനശേഷം അവളുടെ പിറന്നാളും കൂടി ചേർത്ത് അവിട്ടംദിനത്തിൽ ആഘോഷിക്കാൻ തുടങ്ങി. ആദ്യമൊക്കെ ഒരുപാട് മലയാളികളെ ക്ഷണിക്കുമായിരുന്നു. പിന്നീടെനിക്ക് തോന്നി മിക്കവാറും എല്ലാ മലയാളികൾക്കും സ്വന്തം വീട്ടിൽ ഭക്ഷണം വെച്ചുണ്ടാക്കി ഓണം ആഘോഷിക്കണം എന്നുള്ള ആഗ്രഹം തീർച്ചയായിട്ടുമുണ്ടാവും'', വിന്ദുജ പറയുന്നു. ഇപ്പോൾ വിന്ദുജയുടെയും ഭർത്താവ് രാജേഷിന്റെയും മകൾ നേഹയുടെയും അന്യനാട്ടുകാരായ സുഹൃത്തുക്കളാണ് വീട്ടിൽ അതിഥികളായെത്തുന്നത്. അതിൽ നോർത്തിന്ത്യയിൽനിന്നുള്ളവരും മലേഷ്യക്കാരും സിംഗപ്പൂരിൽനിന്നുള്ളവരുമുണ്ടാവും. 50 പേരോളം അതിഥികളായുണ്ടാവും.
ആദ്യകാലത്ത്…
ഇപ്പോൾ മലേഷ്യയിൽ എല്ലാം ലഭ്യമാണെങ്കിലും, ആദ്യകാലത്ത് അങ്ങനെയായിരുന്നില്ലെന്ന് അവർ ഓർക്കുന്നു. ''ഞാൻ മലേഷ്യയിൽ വന്നിട്ടിപ്പോൾ 25 കൊല്ലം ആവാൻ പോകുന്നു. ആദ്യകാലത്ത് ഇവിടെ മലയാളി റെസ്‌റ്റോറന്റുകളൊന്നുമുണ്ടായിരുന്നില്ല. അന്ന് മലയാളികളുണ്ടോയെന്ന് ചോദിച്ചാൽ, ഉണ്ട്. പക്ഷേ രാജ്യം വലുതായതുകൊണ്ട് പലയിടങ്ങളിലായിട്ട് ചിതറിക്കിടക്കുകയായിരുന്നു. എനിക്കാണെങ്കിൽ പാചകമൊന്നും അറിയില്ല. അപ്പോൾ ഉള്ള അറിവൊക്കെ വെച്ച് എല്ലാവരും ചേർന്ന് വീട്ടിൽ തന്നെ സദ്യ തട്ടിക്കൂട്ടും.
കഴിഞ്ഞ ഒരു 10 കൊല്ലത്തിനു മേലെയായിട്ട് മലേഷ്യയിൽ ഒരുപാട് പ്രവാസികളുണ്ട്, കുറേയേറെ കുടുംബങ്ങൾ. എല്ലാവരും ചേർന്ന് ഓണം ഒരാഘോഷമാക്കും. അവരുടെ കൂടെ കൂടിയും സദ്യ കഴിച്ചും കലാപരിപാടികൾക്ക് വേണ്ട കുഞ്ഞ് നിർദേശങ്ങളൊക്കെ നൽകിയും ഞാനും അതിന്റെ ഭാഗമാവാറുണ്ട്. ഇവിടെ കുറേ മലയാളിസംഘടനകളുണ്ട്. അങ്ങനെ എല്ലാവരും ചേർന്നാണ് ആഘോഷം. മലയാളികൾ കൂടിയതോടെ ഇപ്പോൾ പല മലയാളി റെസ്റ്റോറന്റുകളും സദ്യയൊക്കെ ഒരുക്കുന്നുണ്ട്'', ഓണാഘോഷത്തെക്കുറിച്ച് വിന്ദുജ വാചാലയാകുന്നു.
''പക്ഷേ, ആഘോഷങ്ങൾക്ക് ആളുകളെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണം കൊടുക്കാനാണ് എനിക്കിഷ്ടം. ഓണമോ, റംസാനോ, അല്ലെങ്കിൽ ക്രിസ്മസോ, വിഷുവോ എന്തുമാവട്ടെ. ഞങ്ങൾ വീട്ടിൽ തന്നെ ഭക്ഷണമൊരുക്കുകയാണ് പതിവ്. മാർക്കറ്റിൽനിന്ന് കിട്ടുന്ന പച്ചക്കറികൾക്കനുസരിച്ചാണ് വിഭവങ്ങളുണ്ടാക്കുന്നത്. ആദ്യകാലത്ത് എല്ലാമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ ഒരുവിധമെല്ലാം ഇവിടെയുണ്ട്.
മലേഷ്യ തമിഴ്‌നാടിന്റെ ഒരു നേർപ്പകർപ്പ് പോലെയാണ്. അതുകൊണ്ട് പൂക്കളും ഒരുപാട് കിട്ടും. പൂക്കൾക്കായി ഒരു വലിയ മാർക്കറ്റുണ്ട്. അതുകൊണ്ട് അത്തരം ബുദ്ധിമുട്ടുകളൊന്നുമില്ല. ഇതൊരു മുസ്ലിം രാജ്യമാണെങ്കിലും എല്ലാ മതവിഭാഗക്കാരും എല്ലാ ഉത്സവങ്ങളും ഗംഭീരമായിട്ട് ആഘോഷിക്കും. കേരളത്തിൽ നമ്മൾ എല്ലാം ജാതിമതഭേദമന്യേ ആഘോഷിക്കുന്നതുപോലെ, മലേഷ്യയും അതുപോലെയാണെന്ന് തോന്നാറുണ്ട്''.
കേരളത്തിലെ ഓണം
എല്ലാവർക്കും ഓണമെന്നാൽ കുട്ടിക്കാലത്തെ ആഘോഷങ്ങൾ തന്നെയായിരിക്കും ഓർമ്മയിലേക്ക് പെട്ടെന്ന് വരുന്നത്. ചുറ്റുമുള്ള ആളുകളും, അവരുടെ സ്‌നേഹവും, വിഭവസമൃദ്ധമായ സദ്യകളും, ഓണക്കളികളും...''ഓർമ്മവെച്ച കാലം മുതൽ അമ്മ പ്രോഗ്രാമുകളുടെ തിരക്കിലായിരുന്നു. അതുകൊണ്ട് എല്ലാ ഇന്റർവ്യൂകളിലും പറയുന്നപോലെ പട്ടിണിയാണ് പതിവ്. ചിലപ്പോൾ നമ്മുടെ വീട്ടിൽ ചോറ് മാത്രം വെക്കും. ഏതെങ്കിലും കുട്ടികളുടെ അമ്മമാർ സാമ്പാറോ പരിപ്പോ കൊണ്ടുവന്ന് നമ്മുടെ വായിലേക്ക് ഒരു ഉരുള വെച്ചു തരുന്നതാണ് മനസ്സിൽ തങ്ങിനിൽക്കുന്ന ഏറ്റവും മധുരമുള്ള ഓർമ്മ. പിന്നെയുള്ളൊരു ഓർമ്മ അച്ഛമ്മയുമായി ബന്ധപ്പെട്ടുള്ളതാണ്. അച്ഛൻ മഹാകവി വള്ളത്തോളിന്റെ അനന്തരവനാണ്. അച്ഛന്റെ തറവാട്ടിലേക്ക് പോകുമ്പോൾ അച്ഛമ്മ എനിക്കുവേണ്ടി മാമ്പഴം സൂക്ഷിച്ചുവെക്കും. എനിക്ക് മാമ്പഴത്തോടുള്ള പ്രിയം അച്ഛമ്മയ്ക്ക് നന്നായറിയാം. അതുകൊണ്ട് ഏത് സീസണിൽ പോയാലും അച്ഛമ്മ മാങ്ങ കരുതിവെച്ചിരിക്കും. അതിനൊപ്പം അച്ഛമ്മയുണ്ടാക്കുന്ന വളരെ ലളിതമായ, നിറയെ സ്‌നേഹമുള്ള ഒരു സദ്യയും. ഇതൊന്നും ഒരിക്കലും മറക്കാനാകില്ല'', പഴയ ഓണക്കാലത്തിന്റെ മധുരവും സ്‌നേഹവും സന്തോഷവും നിറഞ്ഞ കാഴ്ചകളിലൂടെ വിന്ദുജ ഒന്ന് കടന്നുപോയി.
വിദേശ ഓണം
''കേരളത്തിലെ ആ ഓണത്തിനോട് എപ്പോഴുമൊരു കൊതിയാണ്. അതിന്റെയൊരു റെപ്ലിക്ക പോലെ മലേഷ്യയിലും ചെയ്യാനാണ് ഞാനും കുടുംബവും ശ്രമിക്കാറുള്ളത്. അത്തപ്പൂക്കളും, തൃക്കാക്കരയപ്പനും, നെല്ലും പറയും, സദ്യയുടെ വട്ടങ്ങളുമെല്ലാം പറ്റുന്ന രീതിയിൽ ഗംഭീരമാക്കാൻ ശ്രമിക്കും.
ചില ദിവസം ഉണ്ടാക്കുന്ന ഭക്ഷണം നന്നാവും, ചില ദിവസം ഉണ്ടാക്കുന്ന ഭക്ഷണം വളരെ മോശമാകും. എങ്കിലും അടുത്ത വർഷം അതിനേക്കാൾ ഗംഭീരമാക്കാൻ ശ്രമിക്കും. കുറച്ചുകൂടി വിഭവങ്ങളുണ്ടാക്കിയും കുറേ ആളുകളെ വിളിച്ചുകൂട്ടിയും ഓണം ആഘോഷിക്കും'', ഇതിലൂടെ ഒരു സന്ദേശം കൂടി അടുത്ത തലമുറയ്ക്ക് നൽകുകയാണെന്നും അവർ പറയുന്നു.
''എന്റെ മോൾ ഒരുപാട് തവണ നാട്ടിലേക്ക് വന്നിട്ടുണ്ട്. പക്ഷേ ഓണസമയത്ത് നമ്മൾ നാട്ടിൽനിന്ന് മനസ്സിലാക്കേണ്ട കുറേ കാര്യങ്ങളുണ്ടല്ലോ. ഓണത്തിന്റെ ചരിത്രപരമായിട്ടുള്ള കാര്യങ്ങളും രീതികളുമൊക്കെ. നാട്ടിൽനിന്ന് മനസ്സിലാക്കേണ്ട അത്രയും അവൾക്ക് മലേഷ്യയിൽനിന്ന് മനസ്സിലാക്കാൻ സാധിക്കില്ല. എങ്കിലും ഒരു അമ്മയെന്ന നിലയിലും, മലയാളിയെന്ന രീതിയിലും എനിക്കെന്റെ നാടിന്റെ മഹത്വം പറഞ്ഞുകൊടുക്കാൻ പറ്റുന്ന അവസരങ്ങളൊന്നും തന്നെ ഞാൻ ഒഴിവാക്കാറില്ല. അതിനുവേണ്ടി ചെയ്യുന്ന കുറേ കുഞ്ഞുശ്രമങ്ങളുണ്ട്. അതിന്റെ ഭാഗമാണ് ഇവിടെയുള്ള ഓണാഘോഷങ്ങളും. 100 പേരെയൊക്കെ വിളിച്ച് ഞങ്ങൾ ഓണം ആഘോഷിച്ചിട്ടുണ്ട്. അതൊക്കെ നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. നമ്മുടെ കലയിലൂടെ, സംസ്‌കാരത്തിലൂടെ, പൈതൃകത്തിലൂടെ കുറച്ചുപേർക്കെങ്കിലും നമ്മുടെ നാടിന്റെ മഹത്വം പറഞ്ഞുകൊടുക്കാൻ സാധിക്കുന്നതിന്റെ സന്തോഷമാണത്.
ഇപ്പോൾ ഓണമോ വിഷുവോ ആവുമ്പോഴേക്കും എന്റെ കൂട്ടുകാർ വിളിച്ച് പറയും, ''ഞങ്ങൾ പുതിയ മുണ്ടും വേഷ്ടിയും സാരിയുമൊക്കെ വാങ്ങിച്ചുവെച്ചിട്ടുണ്ട്. ഞങ്ങൾക്ക് തറയിലിരുന്ന് ബനാന ലീഫിൽ ഭക്ഷണം കഴിക്കണം''.
സ്പൂണും ഫോർക്കും വെച്ച് ഇലയിൽ കഴിച്ചിരുന്നവർ, ഇപ്പോൾ കൈകൊണ്ട് സദ്യ കഴിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞുവെന്നതും ഒരനുഭവം തന്നെ. ഇവിടെ തൊട്ടടുത്ത് കൊറിയയിൽനിന്നുള്ള ഒരു അമ്മയും കുഞ്ഞുമുണ്ടായിരുന്നു. ഇപ്പോൾ തിരിച്ച് നാട്ടിലേക്ക് പോയി. അവരും ഓണസദ്യയ്ക്കുവേണ്ടി കാത്തിരിക്കുമായിരുന്നു. വാങ്കൂവറിൽനിന്ന് നേഹയുടെ ക്ലാസ്‌മേറ്റ് ഒരു ഓണത്തിന് വന്നു. സ്‌പൈസി ഭക്ഷണം കഴിക്കുമോ എന്ന പേടിയായിരുന്നു എനിക്ക്. സാമ്പാറൊക്കെ എങ്ങനെ കൊടുക്കുമെന്ന് കരുതി. പക്ഷേ ഒരു കുഴപ്പവുമുണ്ടായില്ല. അവർ സന്തോഷത്തോടെ സ്പൂണും ഫോർക്കുമൊക്കെ വെച്ച് സദ്യ കഴിച്ചു. അവരൊക്കെ ആസ്വദിക്കുമ്പോൾ നമുക്ക് ഒരുപാട് സന്തോഷവും അഭിമാനവും തോന്നും.
തിരുവനന്തപുരത്താവുമ്പോൾ ഓണാഘോഷങ്ങൾക്ക് സർക്കാർ തന്നെ വലിയ പ്രാധാന്യം നൽകുമല്ലോ. ഒരുപാട് അലങ്കാരങ്ങളും ബഹളങ്ങളുമെല്ലാമായി ഓണത്തിന്റെ മൂഡിലേക്കെത്തും. അതെല്ലാം നമ്മളെയും ആ വൈബിലേക്ക് എത്തിക്കും. ചിലപ്പോൾ നമ്മൾ അത്രയും സ്‌ട്രെസ്ഫുൾ മൂഡിലോ അല്ലെങ്കിൽ ഇമോഷണലി ഡൗൺ ആയിട്ടോ ഒക്കെ ഇരിക്കുന്ന സമയമായിരിക്കും. ആ നമ്മൾ പോലും ഓണത്തിന്റെ സന്തോഷ മൂഡിലേക്ക് അറിയാതെ എത്തും.
എന്നാലിവിടെ അതെല്ലാം നമ്മൾ തന്നെ ഉണ്ടാക്കണം. നമ്മുടെ ചുറ്റുവട്ടത്ത് യാതൊരു മാറ്റവുമുണ്ടാകുന്നില്ല. ഇല എവിടുന്ന് കിട്ടുമെന്ന് അന്വേഷിച്ചറിയണം, പൂക്കൾ എങ്ങനെ സംഘടിപ്പിക്കാമെന്ന് നോക്കണം, ചിപ്‌സ് അല്ലെങ്കിൽ ശർക്കരവരട്ടി നമ്മൾ അന്വേഷിച്ച് കണ്ടുപിടിക്കണം...അങ്ങനെയുള്ള ശ്രമങ്ങളിലൂടെയാണ് ഇവിടെ ഓണം വൈബിലേക്കെത്തുന്നത്. ജാതിമതഭേദമെന്യേ, എല്ലാവർക്കും ഒത്തൊരുമയോടെ, സൗഹൃദത്തോടും സന്തോഷത്തോടും കൂടി ഓരോ ഓണവും ആഘോഷിക്കാൻ കഴിയട്ടെ'', ആശംസകൾ അറിയിച്ചുകൊണ്ട് വിന്ദുജ ഓണത്തിരക്കുകളിലേക്കും ഒരുക്കങ്ങളിലേക്കും ഊളിയിട്ടു.
തയ്യാറാക്കിയത്: റീഷ്മ ദാമോദർ
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dr. Vinduja Menon has been living in Malaysia with her family for 25 years. She celebrates Onam by hosting grand feasts for around 50 to 100 multicultural guests, including North Indians, Malaysians, and Singaporeans. Vinduja shares nostalgic childhood memories of Onam in Kerala involving her grandmother and Vallathol family ties
Published: 26 Aug 2026, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented