നമ്മുടെ ബാല്യത്തിൽ മനസ്സിൽ കയറിയിരുന്ന് പൂവിളികൾ ഉയർത്തിയ പാട്ടുകളിലൂടെ ഒരോണക്കാല യാത്ര നടത്തുകയാണ് കലാകാരനായ ജയരാജ് വാര്യർ

ഓണക്കാലമായാൽ കേരളത്തെ ഒരു ഉദ്യാനമായി കാണാനാണ് എനിക്കിഷ്ടം. ഓണക്കാലം പൂത്തുചിരിയുടെ കാലം കൂടിയാണ്. നമ്മുടെ നാട്ടുപൂക്കളും തൊടികളും വയലുകളും എവിടെപ്പോയി? എവിടെപ്പോയി മറഞ്ഞു നമ്മുടെ മലയാളത്തനിമയുടെ പാട്ടുകൾ? നമ്മുടെ ബാല്യത്തിൽ മനസ്സിൽ കയറിയിരുന്ന് പൂവിളികൾ ഉയർത്തിയ പാട്ടുകളിലൂടെ ഒരോണക്കാല യാത്ര നടത്താം.
നാലഞ്ചു തുമ്പ കൊണ്ട് പാട്ടിന്റെ മലയാളം തീർത്ത പി. ഭാസ്‌കരൻ മാസ്റ്ററേയും കെ. രാഘവൻ മാസ്റ്ററേയും മറക്കാൻ കഴിയുമോ? നാഴിയുരിപ്പാലുകൊണ്ട് മാനത്ത് കണ്ട നിലാവുകാലം ഓണക്കിനാവുകളെന്നാണ് (രാരിച്ചൻ എന്ന പൗരൻ). തുമ്പപ്പൂവിന്റെ ഓണപ്പെരുമ പാട്ടിൽ ചേർത്ത് കെട്ടിയ ഈ ഗാനം ഏറ്റവും മികച്ച ഓണപ്പാട്ടായി നമ്മുടെ മനസ്സിലേക്ക് പടരുകയായിരുന്നു. 1956-ൽ കേരളം രൂപപ്പെട്ട വർഷത്തെ തുമ്പപ്പൂഗാനമെന്ന വിശേഷണവും ഈ ഗാനം നേടുന്നു. കവിതയോടൊപ്പം പാട്ടെഴുത്തും തന്റെ 'കൂടപ്പിറപ്പാ'ണെന്ന് പ്രഖ്യാപിച്ച് വയലാർ രാമവർമ്മ ഗാനരചയിതാവായി പ്രശസ്തി നേടുന്ന ഗാനവും തുമ്പപ്പൂവിന്റെ ഭംഗി ആസ്വദിക്കാൻ നമ്മെ പ്രേരിപ്പിച്ചു.
തുമ്പീ...തുമ്പീ...വാവാ…
ഈ തുമ്പത്തണലിൽ വാവാ…
തുമ്പത്തണലിൽ വാവാ…
(സിനിമ: കൂടപ്പിറപ്പ്. വയലാർ-കെ. രാഘവൻ മാസ്റ്റർ)
പാവപ്പെട്ടവന്റെ, വയറു നിറയണമെന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരുന്നു പണ്ട് ഓണം.
തുമ്പപ്പൂ പെയ്യുന്ന പൂനിലാവേ...ഏത്
നെഞ്ചിൽ നിറയുന്ന പൂക്കിനാവ്
എന്ന പാട്ടിൽ (സിനിമ: രണ്ടിടങ്ങഴി-1958, തിരുനയനാർ കുറിച്ചി മാധവൻ നായർ-തൃശ്ശൂർ പി. രാധാകൃഷ്ണൻ) നിസ്വന്റെ സ്വപ്‌നം നിറഞ്ഞൊഴുകി.
തുമ്പീവാ…
തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം...(ഓളങ്ങൾ)
എന്ന് ഒ.എൻ.വി. എഴുതുമ്പോഴും തുമ്പപ്പൂവിൽ ഉണർന്നു വാസരം എന്ന് കൈതപ്രം കുറിച്ചപ്പോഴും ഓണപ്പൂക്കളിൽ തുമ്പപ്പൂവിനുള്ള ഉന്നതമായ പദവി നാം തിരിച്ചറിഞ്ഞു.
നാട്ടുവഴികളിൽ വിടരുന്ന ഒരു കൊച്ചുപൂവിന്റെ സ്ഥാനം എത്ര വലുതാണ്. തുമ്പയും തുളസിയും കുടമുല്ലപ്പൂവും കാക്കപ്പൂവും കോളാമ്പിയും ചെമ്പരത്തിയും നമ്മുടെ പാട്ടുകളിൽ നിറയുന്നുണ്ട്.
ചെമ്പകപ്പൂ മൊട്ടിനുള്ളിൽ
വസന്തം വന്നു... (കൈതപ്രം)
ചെമ്പരത്തിപ്പൂവേ ചൊല്ല്... (ഷിബു ചക്രവർത്തി)
കുടമുല്ലപ്പൂവിനും (വയലാർ) കാക്കപ്പൂ... (ഗിരീഷ് പുത്തഞ്ചേരി) പാട്ടിൽ പൂക്കൾ കോർത്ത എത്രയെത്ര കവികൾ.
ഇന്നത്തെ നമ്മുടെ കേരളത്തിലെ തരിശുനിലങ്ങളെ വയലാർ ഒരു പാട്ടിൽ വരച്ചിടുന്നുണ്ട്. കവിയുടെ ദീർഘവീക്ഷണമായിക്കാണാം ഈ വരികളെ.
'തുമ്പ' കിളിർക്കാത്ത…
'തുമ്പി'കൾ പറക്കാത്ത…
തരിശുഭൂമികൾ…
(ഇനിയും പുഴയൊഴുകും എന്ന ഗാനം. വയലാർ-ബാബുരാജ്-പി. ജയചന്ദ്രൻ, ചിത്രം: അഗ്‌നിപുത്രി)
പൂക്കൾ ഉത്രാടരാത്രിയുടെ വർണ്ണത്തേരിൽ വന്നിറങ്ങുന്ന ഒരു ഓണപ്പാട്ടുണ്ട് 'കടത്തുകാരൻ' എന്ന സിനിമയിൽ.
മുത്തോലക്കുടയുമായ്…
മുന്നാഴിപ്പൂവുമായ്…
ഉത്രാടരാത്രിയുടെ തേരിറങ്ങി…
തങ്കത്തേരിറങ്ങി
അത്തപ്പൂമരത്തിന്റെ
അലുക്കിട്ട കൊമ്പിന്മേൽ
ആയിരം കിനാവുകൾ പൂത്തിറങ്ങി...
അത്തപ്പൂമരമെന്ന സങ്കല്പം വയലാറിന്റെ കല്പനയാണെങ്കിൽ പൂക്കളെ സ്വപ്‌നത്തിന്റെ കാവൽക്കാരായി ബാബുരാജ് ഈണമീടുന്നു. ഒ.എൻ.വി. കുറുപ്പും ദേവരാജൻ മാസ്റ്ററുമാണ് 'ഓണനിലാപ്പാലലകൾ' തീർത്ത മലയാളഗാനങ്ങൾ നമുക്ക് നൽകിയ മികച്ച കൂട്ടുകെട്ട്. എത്ര പൂക്കളാണ് ഇവരുടെ സൃഷ്ടികളിൽ വർണ്ണം വിടർത്തി ആടുന്നത്.
അത്തപ്പൂ...ചിത്തിരപ്പൂ…
അക്കരെയിക്കരെ പൂക്കാലം…
മല്ലിപ്പൂ മാലതിപ്പൂ... പുത്തൻപെണ്ണിന് പൂക്കാലം…
ഓണം ആഘോഷിക്കുന്ന പൂക്കൾ പാട്ടിന്റെ ഊഞ്ഞാലിൽ നൃത്തമാടുന്നു.
മാമ്പൂവിരിയുന്ന രാവുകളിൽ (ലളിതഗാനം, ഒ.എൻ.വി.-ദേവരാജൻ) കാലം തെറ്റിപ്പൂക്കുന്ന മാവിന്റെ ചിത്രം വിരിയുകയാണ്. എക്കാലത്തേക്കും വേണ്ടി എഴുതിയ ഗാനം.
പൂവേണം…
പൂപ്പട വേണം…
പൂവിളി വേണം…
എന്ന ഗാനത്തിലൂടെ എക്കാലവും നിലനിൽക്കുന്ന പാട്ടിന്റെ പൂക്കാലം തീർക്കുന്ന ഇത്തിരിവെട്ടം പരന്നൊഴുകുന്നു. (സിനിമ: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഒ.എൻ.വി.-ജോൺസൺ)
ഓണം പൊന്നോണ പൂപ്പട കൂടാൻ…
പൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻ…
ഓടി വാ തുമ്പി പൂത്തുമ്പി...താതേയ്...
(വയലാർ-ദേവരാജൻ ഗാനം. ചിത്രം: പാവങ്ങൾ പെണ്ണുങ്ങൾ)
എന്റെ ബാല്യത്തിൽ ഞാൻ കേട്ട മനോഹരമായ ഓണപ്പാട്ടാണിത്. ഈ പാട്ടിലൂടെയാണ് യേശുദാസിന്റെയും പി. സുശീലയുടെയും ശബ്ദഭംഗി കൂടുതൽ ഞാൻ ആസ്വദിച്ചത്. ഓണപ്പൂക്കളും ഊഞ്ഞാലും ഓണക്കോടിയും ഞാൻ സ്വപ്‌നം കണ്ടതും മോഹിച്ചതും ഈ ദേവരാഗത്തിലൂടെയാണ്.
ഏറ്റവും കൂടുതൽ ഓണപ്പൂഗാനങ്ങൾ ഒരുക്കിയ കവി ശ്രീകുമാരൻ തമ്പിതന്നെയാണ്.
പൂവിളി...പൂവിളി പൊന്നോണമായി...(വിഷുക്കണി)
സലിൽ ചൗധരിയുടെ ഈണം പാട്ടിന്റെ പൂത്തുമ്പികളെ ആസ്വാദകഹൃദയത്തിലേക്ക് ആനയിച്ചു മധുരഗീതമാക്കുന്നു.
പൂവണി പൊന്നിൻ ചിങ്ങം വിരുന്നു വന്നു…
(സിനിമ: പഞ്ചവടി, സംഗീതം: എം.കെ. അർജ്ജുനൻ)
തിരുവോണപ്പുലരിതൻ (സിനിമ: തിരുവോണം, സംഗീതം: എം.കെ. അർജ്ജുനൻ) ഉത്രാടപ്പൂനിലാവേ വാ...(രവീന്ദ്രൻ) തുയിലുണരൂ...തുയിലുണരൂ... (ദക്ഷിണാമൂർത്തി) ഓണക്കോടിയുടുത്തുവാനം...
എൻഹൃദയ പൂത്താലം നിറയെ,
ഒരു നുള്ളു കാക്കപ്പൂ കടം തരുമോ?…
പൂക്കളം കാണുന്ന പൂമരം പോലെ നീ…
തുടങ്ങിയ ലളിതഗാനങ്ങളിൽ ഓണപ്പൂക്കളുടെ കിനാവും പ്രതീക്ഷയും വരച്ചിട്ട ശ്രീകുമാരൻതമ്പിയുടെ ഭാവന വീണ്ടും ഓണസ്വപ്‌നങ്ങളെ ഉണർത്തുന്നു.
തുമ്പപ്പൂവിന്റെ മൃദുലതയും മുക്കുറ്റിയുടെ സ്വർണ്ണ വർണ്ണവും നിറയുന്ന പാട്ടുകളിലൂടെ മറഞ്ഞുപോയ ഓണക്കാലത്തെ തിരിച്ചുപിടിക്കാം.
മുത്തേ...നമ്മുടെ മുറ്റത്തും…
മുത്തുകുടകൾ ഉയർന്നല്ലോ…
ഓണം വന്നു…
ഓണം വന്നു...നമ്മുടെ വീട്ടിലും
ഓണപ്പൂക്കൾ വിടർന്നല്ലോ…
(സിനിമ: പ്രിയതമ, ശ്രീകുമാരൻ തമ്പി-ബ്രദർ ലക്ഷ്മൺ)
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി
മഞ്ഞക്കുറി മുണ്ടും ചുറ്റി... (സിനിമ: നഖക്ഷതങ്ങൾ, സംഗീതം: ബോംബെ രവി)
നമ്മുടെ വീട്ടുമുറ്റത്ത് ഒ.എൻ.വി. കണ്ട മുക്കുറ്റിപ്പൂക്കൾ എവിടെ? മുക്കുറ്റിയും തിരുതാളിയും, പൂവാം കുരുന്നിലയും പാട്ടിൽ 'താള'മിട്ട് പിറന്ന കാവാലത്തിന്റെ നാട്ടുമലയാളമെവിടെ? (ആരവം, എം.ജി. രാധാകൃഷ്ണൻ). ആ പൂനിലാക്കാലവും നമുക്ക് സ്വന്തമാക്കാം. പുതിയ കാലത്തിന്റെ വിപണിയുടെ ഓണച്ചന്തയിൽ ഞാൻ തേടിപ്പോകുന്നത് ഈ പാട്ടുകളുടെ പൂക്കാലമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor and performer Jayaraj Warrier explores the nostalgia and memories associated with traditional Onam celebrations in Kerala. Highlights classic Malayalam Onam songs written by legendary lyricists like P. Bhaskaran, Vayalar, and O.N.V. Kurup.
Published: 24 Aug 2026, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented