'ഹൃദയപൂര്‍വം' പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടുമ്പോള്‍ അതീവസന്തോഷത്തിലാണ് നടന്‍ ലാലു അലക്‌സ്. സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തില്‍ പൂനെ ജേക്കബ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 'കളിക്കള'ത്തിലെ കമ്മീഷണര്‍ മാത്യു, 'ഇരട്ടക്കുട്ടികളുടെ അച്ഛനി'ലെ ഡോക്ടര്‍ രവീന്ദ്രനാഥ്, 'ഒരാള്‍ മാത്രം' സിനിമയിലെ എസ്. ഐ. മാത്യു വര്‍ഗീസ്, 'കൊച്ചു കൊച്ചു സന്തോഷങ്ങളി'ലെ അശോക് എന്നീ കഥാപാത്രങ്ങള്‍ക്കുശേഷം ലാലു അലക്‌സിനെ തേടിയെത്തിയ സത്യന്‍ അന്തിക്കാട് ചിത്രമാണ് ‘ഹൃദയപൂര്‍വം’. ഓണസമ്മാനമായി കിട്ടിയ ‘ഹൃദയപൂര്‍വ’ത്തിന്റെ വിശേഷങ്ങള്‍ താരം പങ്കുവെക്കുന്നു...
“ഈ വര്‍ഷത്തെ ഓണം കുറച്ചധികം സന്തോഷമുള്ളതാണ്. ഹൃദയപൂര്‍വം സിനിമയും എന്റെ കഥാപാത്രമായ പൂനെ ജേക്കബും ജനങ്ങള്‍ ഏറ്റെടുത്തു. ഓണാഘോഷത്തിനിടയില്‍ ഞങ്ങളുടെ സിനിമയും ആഘോഷിക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ട്. സിനിമയെ ഹൃദയപൂര്‍വം ചേര്‍ത്തുവയ്ക്കുന്നു. അതിന് ഒരുപാട് കാരണങ്ങളുമുണ്ട്. ബ്രോ ഡാഡി എന്ന സിനിമയ്ക്കുശേഷം ഞാനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ അതിന്റെതായ സുഖമുണ്ട്. ഒന്നിച്ച് ഇടപെടാന്‍ ഒക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും സ്‌നേഹം പങ്കുവെക്കുന്നു. പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്നു. പരസ്പരം ‘എടാ’ എന്ന് വിളിക്കാന്‍ പറ്റുന്നു. അതൊക്കെ വലിയ സന്തോഷമല്ലേ.
സത്യന്‍ അന്തിക്കാട് എന്ന പ്രതിഭയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതാണ് ഇരട്ടിസന്തോഷം നല്‍കുന്ന മറ്റൊരു കാര്യം. 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ‘കൊച്ചു കൊച്ചുസന്തോഷങ്ങളിലാ'ണ്
അവസാനമായി സത്യനൊപ്പം സിനിമ ചെയ്തത്. അതിലെ അശോക് എന്ന കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും ആര്‍ക്കും മറക്കാനാവില്ല. അദ്ദേഹത്തിന്റെ മകന്‍ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ മാനുവല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിപ്പോള്‍ ഏറെ നാളുകള്‍ക്കുശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കാനായതില്‍ അവര്‍ക്കും എനിക്കും ഒരുപോലെ സന്തോഷമുണ്ട്.
നിര്‍മാതാവ് ആന്റണിയാണ് ആദ്യം എന്നെ വിളിക്കുന്നത്. അതിനുശേഷമാണ് സത്യന്‍ വിളിച്ചത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിളിക്കുമ്പോള്‍ കഥാപാത്രമൊന്നും എനിക്ക് അറിയേണ്ട കാര്യമില്ല. ധൈര്യമായിട്ട് ചെല്ലാം, അഭിനയിക്കാം. കാരണം ഇതിനുമുമ്പും അദ്ദേഹം തന്നിട്ടുള്ള കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടവയാണ്. ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞ വേഷങ്ങളാണ്. അതുപോലെ പൂനെ ജേക്കബിനെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു. ഒരു കൂള്‍ ക്യാറ്റ് ആണ് സത്യന്‍ അന്തിക്കാട്. പൂനെ ജേക്കബിന്റെ സംഭാഷണം കടമെടുക്കുകയാണെങ്കില്‍, സത്യന്റെ സെറ്റില്‍ ഒട്ടും സ്‌ട്രെയിനെടുക്കാതെ നമുക്ക് പ്രവര്‍ത്തിക്കാം. വളരെ ഓര്‍ഗാനിക്കായിട്ടാണ് എല്ലാം കടന്നുപോയത്.
ഇക്കാലത്ത് ഏറെ പ്രസക്തിയുള്ള വിഷയത്തെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ്. ഒരാളുടെ മരണത്തിലൂടെ മറ്റൊരാള്‍ക്ക് ജീവിക്കാനുള്ള അവസരം കിട്ടുന്നു എന്ന് പറയുന്നത് വലിയ കാര്യമല്ലേ. അത് നമ്മളെ നന്മയിലേക്കാണ് നയിക്കുന്നത് എന്നൊരു വലിയ സന്ദേശം സിനിമ നല്‍കുന്നുണ്ട്. ഈ ഓണം സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രത്തിനൊപ്പമായതില്‍ ഒരുപാടൊരുപാട് സന്തോഷം.
നാലരപതിറ്റാണ്ടിലധികമായി എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നവരോട്, എന്റെ മലയാളി പ്രേക്ഷകരോട് നന്ദി മാത്രമേയുള്ളൂ. ഈ ഓണം നമുക്കുള്ളതാണ്. എന്റെ അമ്മയുടെ കാലം മുതല്‍ ഓണത്തിന് കുടുംബത്തില്‍ പാലിക്കപ്പെടുന്ന ഒരു കാര്യമുണ്ട്, അന്നത്തെ ദിവസം എല്ലാവരും വെജിറ്റേറിയനായിരിക്കും. സദ്യ മാത്രമേ കഴിക്കുള്ളൂ. പായസമാണ് എനിക്കേറ്റവും ഇഷ്ടം. കടന്നുപോയ ഓണമത്രയും നല്ല ഓര്‍മ്മകളാണ് സമ്മാനിച്ചത്. ഇപ്പോഴിതാ, വീണ്ടും ഒരു ഓണം കൂടി ആഘോഷിക്കാന്‍ അവസരം കിട്ടിയിരിക്കുന്നു. ഇനിയും കുറേ ഓണം കൂടാനുള്ള ഭാഗ്യം കിട്ടണേ എന്ന് പ്രാര്‍ഥിക്കുന്നു. പേഴ്‌സണലായിട്ട് പറയുവാണെങ്കില്‍ പൂനെ ജേക്കബിനെ പോലെ വളരെ ഓര്‍ഗാനിക്കായിട്ട്, സിംപിളായിട്ട് ജീവിച്ചുപോകണമെന്നാണ് ആഗ്രഹം. അത്രയും ലളിതമായിട്ടാണ് ജീവിതത്തെ ഞാന്‍ കാണുന്നത്.”
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Hridayapoorvam blooms as an Onam treat with Lalu Alex and Sathyan Anthikkad
Published: 03 Sept 2025, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented