എഡിറ്റർ, തിരക്കഥാകൃത്ത്, സിനിമാറ്റോഗ്രാഫർ, സംവിധായകൻ, നിർമാതാവ്... മലയാളസിനിമയിൽ ഓൾ ഇൻ ഓൾ മുഖമാണ് മഹേഷ് നാരായണന്റേത്. മാലിക്ക്, ടേക്ക് ഓഫ്, അറിയിപ്പ്...തുടങ്ങി ഹൃദയത്തോട് ചേർത്തുവയ്ക്കാൻ കഴിയുന്ന ഒരുപിടി സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മഹേഷ് നാരായണൻ തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'പേട്രിയറ്റ്' എന്ന ബിഗ്ബജറ്റ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുകയായി. ചിത്രത്തിൽ മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ്, രേവതി, നയൻതാര... എന്നിങ്ങനെ വമ്പൻതാരനിരയൊരുമിക്കുന്നു.
ഏറ്റവും കൂടുതൽ ലൊക്കേഷനുകളിൽ ചിത്രീകരിച്ച മലയാള സിനിമ, ഏറ്റവും കൂടുതൽ രാജ്യങ്ങൾ ലൊക്കേഷനുകളായ മലയാള ചിത്രം, മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം എന്നിങ്ങനെ ഒരുപാട് സവിശേഷതകൾ പേട്രിയറ്റിനുണ്ട്. 'കടൽ കടന്ന് ഒരു മാത്തുക്കുട്ടി' എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്നതും മറ്റൊരു പ്രത്യേകതയാണ്. 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആജ്ഞലസിന്റെ ഉദ്ഘാടനചിത്രമായി പേട്രിയറ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്. അന്താരാഷ്ട്രനിലവാരത്തിലുള്ള ഒരു ആക്ഷൻസ്പൈത്രില്ലർ മൂവിക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. പേട്രിയറ്റിന്റെ വിശേഷങ്ങളും തന്റെ സിനിമാ സങ്കല്പങ്ങളും നിലപാടുകളും തുറന്നുപറയുകയാണ് മഹേഷ് നാരായണൻ.

To advertise here,

മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്കുശേഷം ഒന്നിക്കുന്നു, വലിയൊരു താരനിരയും ഈ ചിത്രത്തിലുണ്ട്. ഇവരുടെയെല്ലാം പ്രാധാന്യം ബാലൻസ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ?
എന്റെ എല്ലാ സിനിമകളുടെയും സ്വഭാവത്തിൽ തന്നെയാണ് ഈ സിനിമയുമുള്ളത്. ഒരു താരത്തിന് വേണ്ടി ഇതുവരെ ഞാൻ സിനിമ എഴുതിയിട്ടില്ല. എഴുതിയ ശേഷം ഓരോ കഥാപാത്രത്തിനും ചേരുന്നവരെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ഈ സിനിമയിലും അങ്ങനെയാണ്. എല്ലാവർക്കും സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുക്കുകയാണ് ചെയ്തത്. ഓരോരുത്തർക്കും എന്താണ് ചെയ്യാനുള്ളതെന്ന് അതിൽ കൃത്യമായി പറയുന്നുണ്ട്. അതിൽ സംതൃപ്തരായതുകൊണ്ടാണ് അവർ അഭിനയിക്കാൻ തയ്യാറായത്. അത്രയും കഥാപാത്രങ്ങൾ ആവശ്യമുള്ള സിനിമയാണ് ഇത്.
ഏറ്റവും ഉയർന്ന ബജറ്റിലുള്ള സിനിമ, ഏറ്റവും കൂടുതൽ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്ത ചിത്രം...ഇങ്ങനെ ഒരുപാട് സവിശേഷതകൾ പേട്രിയറ്റിനുണ്ട്. സംവിധായകനെന്ന നിലയിൽ ഇതെല്ലാം എങ്ങനെ നോക്കിക്കാണുന്നു?
ഞാനിപ്പൊഴും തിരക്കഥയിലാണ് വിശ്വസിക്കുന്നത്. ഒരു ഐഡിയ എന്ന രീതിയിൽ തിരക്കഥ ഞാൻ ആരോടും പറഞ്ഞിട്ടില്ല. അത് പൂർണരൂപത്തിലായ ശേഷം മാത്രമേ അതിൽ ഞാൻ വർക്ക് ചെയ്യാറുള്ളൂ. ഈ സിനിമയും അങ്ങനെയാണ്. ഇതൊരു പ്ലോട്ട് ഡ്രിവൻ സിനിമയാണ്. കഥയാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. കഥാപാത്രങ്ങളും കാഴ്ച്ചക്കാരുമെല്ലാം അതിനൊപ്പം സഞ്ചരിക്കുകയാണ് ചെയ്യുന്നത്.
പേട്രിയറ്റിന്റെ ഷൂട്ടിനിടെ നേരിട്ട വെല്ലുവിളികൾ?
ഏത് സിനിമ ചെയ്യുമ്പോഴും ഒരുപാട് വെല്ലുവിളികൾ ഉണ്ടാവും. അത് പ്രതീക്ഷിച്ച് വേണം മുന്നോട്ടു പോകാൻ. ഇത് സത്യത്തിൽ കുറച്ച് നീണ്ട പ്രോസസ് ആയിരുന്നു. പേട്രിയറ്റിന്റെ ഷൂട്ടിങ്ങിൽ ലൊക്കേഷനുകളുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. സാധാരണ മലയാള സിനിമയിൽ കാണാത്ത കുറച്ച് ലൊക്കേഷനുകൾ വേണമായിരുന്നു. ഒരു എയർപോർട്ട് മൂന്ന് ദിവസത്തേക്ക് നമുക്ക് മാത്രമായി ആവശ്യമുണ്ടായി. ഒരു മിഗ് എയർക്രാഫ്റ്റ്, സി-130 എയർക്രാഫ്റ്റ് എന്നിവ വേണ്ടിവന്നു. ഇതെല്ലാം ആ കഥ ആവശ്യപ്പെട്ട കാര്യങ്ങളായിരുന്നു. ലൊക്കേഷനുകളിൽ അനുവാദം കിട്ടാതെ സ്ഥലങ്ങൾ മാറ്റേണ്ടി വന്നിരുന്നു. എന്റെ മിക്ക സിനിമകളും പ്രീ-പ്രൊഡക്ഷനിൽ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടി വരാറുണ്ട്. ഈ സിനിമയിൽ കുറച്ചേറെ സ്ഥലങ്ങൾ സെറ്റിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം വെല്ലുവിളികൾ എല്ലാ സിനിമകൾക്കും ഉണ്ട്.

ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയും എന്ന ആത്മവിശ്വാസമുണ്ടോ?
ഈ കഥ കൃത്യമായി സ്‌ക്രീനിലെത്തിക്കുക എന്നത് മാത്രമാണ് എന്റെ വെല്ലുവിളി. ആ കഥ എവിടെയെങ്കിലും വിട്ടു പോകുന്നുണ്ടോ, ആളുകൾക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടോ, ചർച്ച ചെയ്യുന്ന വിഷയം പ്രാധാന്യമില്ലാതെ ചോർന്നു പോകുന്നുണ്ടോ... എന്നൊക്കെയാണ് ഞാൻ ചിന്തിക്കുന്നത്. ആ വെല്ലുവിളിയെ കൃത്യമായി നേരിടാൻ കഴിഞ്ഞാൽ എന്നെ വിശ്വസിക്കുന്ന എല്ലാവരും ഹാപ്പിയാവും.
അറിയിപ്പ്, ടെയ്ക്ക് ഓഫ്, മാലിക്ക്... എല്ലാം നടന്ന കഥകൾ അടിസ്ഥാനമാക്കിയ സിനിമകളാണ്. എങ്ങനെയാണ് അത് സംഭവിക്കുന്നത്?
ഞാൻ ചെയ്യുന്ന സിനിമകളെല്ലാം എന്നെ സ്പർശിച്ച ഒരു സംഭവമോ കഥയോ അനുഭവമോ ആയി ബന്ധപ്പെട്ടവയാണ്. കാതലുള്ള സിനിമകൾ ഉണ്ടാക്കണം എന്ന ആഗ്രഹത്തിൽ നിന്നാണ് അത് സംഭവിക്കുന്നത്. സിനിമകൾ തമ്മിൽ സാമ്യം തോന്നരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. 'ടേക്ക് ഓഫ്' പോലെയല്ല 'മാലിക്ക്', അതുപോലെയല്ല 'അറിയിപ്പ്'. 'അറിയിപ്പ്' ഒരു അക്കാദമിക്ക് താല്പര്യത്തിൽ ചെയ്ത സിനിമയാണ്. മോഹൻലാലും മമ്മൂട്ടിയും വേഷമിടുന്ന ചിത്രം വലിയ ഓഡിയൻസിനെ പ്രതീക്ഷിക്കുന്ന ബിഗ്ബജറ്റ് കൊമേഷ്യൽ സിനിമയാണ്. എങ്കിലും അതിൽ എന്റെയൊരു ഐഡന്റിറ്റി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
ക്യാമറയ്ക്കു പിന്നിലെ എല്ലാകാര്യങ്ങളിലും കൈവെച്ചിട്ടുണ്ട്. എഡിറ്റിങ്, സ്‌ക്രിപ്റ്റ്, സംവിധാനം, നിർമാണം... ഇനി എപ്പോഴാണ് അഭിനയത്തിലേക്ക്?
അഭിനയത്തിലേക്ക് ഇല്ല. എഡിറ്ററായി വന്നയാളാണ് ഞാൻ. ഫിലിം സ്‌കൂളിൽ എഡിറ്റിങ്ങാണ് പഠിച്ചത്. വിശ്വരൂപം, ബ്യൂട്ടിഫുൾ, എന്നു നിന്റെ മൊയ്തീൻ, ട്രാഫിക്ക്...എന്നീ ചിത്രങ്ങൾ ചെയ്തു. ഒരു സിനിമ എഡിറ്റ് ചെയ്ത് കഴിഞ്ഞാണ് സിനിമ സംവിധാനം ചെയ്താലോ എന്ന് തോന്നുന്നത്. ട്രാഫിക്കിന്റെ സംവിധായകൻ രാജേഷ് പിള്ളയാണ് 'മിലി' എന്ന സിനിമ എഴുതിച്ചത്. ശരിക്കും ഞാൻ ആദ്യം എഴുതിയ, സംവിധാനം ചെയ്യാനാഗ്രഹിച്ച ചിത്രം 'മാലിക്ക്' ആയിരുന്നു. അത് ആ സമയത്ത് നടന്നില്ല. ഒഴുക്കിനൊപ്പം പോകുന്നയാളാണ് ഞാൻ. പിന്നീട് 'മലയൻ കുഞ്ഞ്' എന്ന സിനിമയുടെ സ്‌ക്രിപ്റ്റും ക്യാമറയും ഞാൻ ചെയ്തു. ഇനി വരുന്ന കാലം ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റുകളുടേതാണ്. അങ്ങനെ മാറണം. ഒരാൾക്ക് എല്ലാം ചെയ്യാൻ പറ്റണം. അതിനുവേണ്ടിയാണ് എല്ലാം ചെയ്യാൻ ശ്രമിക്കുന്നത്.
അത്തരം ഒരു മാറ്റത്തിന്റെ ഭാഗമായാണോ 'സീ യു സൂൺ' എന്ന ചിത്രം വന്നത്?
അതെ. മൊബൈൽ ഫോൺ കൊണ്ട് സിനിമയുണ്ടാക്കാൻ പറ്റുമോ എന്ന ചിന്തയിൽ നിന്നാണ് ആ സിനിമ പിറന്നത്. കോവിഡ് കാലത്തായിരുന്നു ആ പരീക്ഷണം. അന്ന് എല്ലാവർക്കുമൊരു വർക്ക് ഫ്രം ഹോം കാലമുണ്ടായിരുന്നു. സിനിമയിലും ഒരു വർക്ക് ഫ്രം ഹോം ഉണ്ടെന്ന് തെളിയിച്ച സിനിമയായിരുന്നു അത്.
സൗഹൃദങ്ങൾ സിനിമയിലെ വളർച്ചയ്ക്ക് മുതൽക്കൂട്ടാവാറുണ്ടോ?
പരീക്ഷണങ്ങൾ നടത്താൻ സുഹൃത്തുക്കൾ നമ്മളെ പ്രോത്സാഹിപ്പിക്കും. സീ യൂ സൂൺ ചെയ്യാൻ ഫഹദ്, അറിയിപ്പിന്റെ സമയത്ത് ചാക്കോച്ചൻ... നിങ്ങൾ ഇങ്ങനെയൊരു കഥ ആലോചിക്ക് എന്നൊക്കെ പറഞ്ഞ് പിന്നിൽ നിന്ന് പ്രോത്സാഹിപ്പിക്കാൻ സുഹൃത്തുക്കളുള്ളത് ഒരുപാട് ഗുണം ചെയ്യാറുണ്ട്. പേട്രിയറ്റിന്റെ പിന്നിലും അത്തരമൊരു പ്രോത്സാഹനമുണ്ട്. ഫഹദാണ് ഈ സിനിമ ചെയ്യാൻ പ്രചോദനം. മോഹൻലാലിനെയോ മമ്മൂട്ടിയെയോ മനസ്സിൽ കണ്ടല്ല സിനിമ പ്ലാൻ ചെയ്തത്. എന്നാൽ കഥയറിഞ്ഞപ്പോൾ ഫഹദാണ് മമ്മൂക്കയോടൊക്കെ പറയാൻ നിർദ്ദേശിച്ചത്. ഓരോ സിനിമയിൽ വർക്ക് ചെയ്യുമ്പോഴും അതിലെ ആളുകളുമായി നല്ലൊരു ബന്ധം സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. നമ്മുടെ ഒരു ചിത്രം ചെയ്ത നിർമാതാവ് അടുത്ത ചിത്രത്തിനും നമുക്കൊപ്പം നിൽക്കാൻ തയ്യാറാവുന്നത് വലിയ കാര്യമാണല്ലോ.
മഹേഷ് നാരായണന്റെ ചിത്രങ്ങളിൽ ഏറെയും ഫഹദ് ആണല്ലോ നായകൻ
സുഹൃത്ത് കൂടി ആയതിനാൽ ഫഹദിന് എന്റെ ആശയങ്ങൾ വേഗം മനസ്സിലാവും. അദ്ദേഹം പറയുന്നത് എനിക്കും വേഗം പിടികിട്ടും. എന്റെ മനസ്സിലുള്ള കഥകളെല്ലാം തന്നെ അദ്ദേഹത്തിന് അറിയാം. ആ ഒരു കണക്ഷൻ ഞങ്ങൾ തമ്മിലുണ്ട്.
ഒരുപാട് സിനിമകൾ ചെയ്തുകൂട്ടുന്ന ഒരാളല്ല താങ്കൾ. ഓരോ സിനിമയ്ക്കും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എങ്ങനെയാണ്?
ഒരു നടനെ വച്ചൊരു സിനിമ ചെയ്യണം എന്ന് കരുതിയല്ല ഞാൻ എഴുതുന്നത്. എഴുതി കഴിഞ്ഞ് കഥാപാത്രത്തിന് പറ്റുന്നയാളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. എണ്ണം കൂട്ടുന്നതിലും കാര്യമില്ല. പഴയതുപോലെയല്ല. ഓരോ സിനിമയും ഉണ്ടാക്കാൻ കഷ്ടപ്പാടുകൾ കൂടുതലാണ്. ആദ്യത്തെ സിനിമയുടെ സമയത്ത് അനുഭവിച്ച സ്ട്രെയിൻ അതേ അളവിൽ ഇപ്പോഴും ഞാൻ അനുഭവിക്കുന്നുണ്ട്. അത് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.
മലയാളത്തിൽ മാറ്റത്തിന്റെ ഏടുകൾ തുറന്ന സിനിമകളാണ് ചെയ്ത ചിത്രങ്ങളെല്ലാം. എന്നാൽ വിവാദങ്ങളിലേക്ക് വീണ സിനിമകൾ ഇല്ലതാനും. എങ്ങനെയാണ് ആ ബാലൻസ് സൂക്ഷിക്കുന്നത്?
നടന്ന സംഭവങ്ങളെ വളച്ചൊടിക്കാതെ ചെയ്യാൻ ശ്രമിക്കാറുണ്ട്. പക്ഷേ, ഞാനൊരു ഡോക്യുമെന്ററി സംവിധായകനല്ല, ഫിക്ഷൻ സംവിധായകനാണ്. അതുകൊണ്ട് വിഷയങ്ങളിൽ വരുത്തുന്ന മാറ്റങ്ങളുമുണ്ട്. എങ്കിലും അവ സാധാരണക്കാരിലേക്ക് ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ എത്തിക്കാനുള്ള പരിശ്രമവും നടത്താറുണ്ട്. സീ യൂ സൂൺ ചെയ്യുമ്പോൾ അത് ആളുകൾ കാണുമോ, ചെറിയ സ്‌ക്രീനിൽ ആ ടെസ്റ്റുകൾ വായിക്കുമോ എന്നൊക്കെ സംശയം തോന്നിയിരുന്നു. പക്ഷേ സിനിമയുടെ അഭിപ്രായം വന്നപ്പോൾ അത് ആളുകളിലേക്ക് എത്തുന്നുണ്ട് എന്ന് മനസ്സിലായി. ഓരോ സിനിമ ചെയ്യുമ്പോഴും അത്തരം വിലയിരുത്തലുകൾ നടത്താറുണ്ട്.

 

സിനിമയിലൂടെ ഇന്നത്തെ രാഷ്ട്രീയം ചർച്ചചെയ്യാൻ ശ്രമിക്കുന്നുണ്ടല്ലോ?
ഓരോ മനുഷ്യന്റെയും രാഷ്ട്രീയം അയാൾ ജീവിക്കുന്ന ചുറ്റുപാടുകൾക്കനുസരിച്ചാണ്. അത് സിനിമയിൽ അഡ്രസ്സ് ചെയ്യാതെ പറ്റില്ല. അത് ഏത് തരത്തിൽ, എത്രയളവിൽ എന്നതാണ് പ്രധാനം. എന്നാൽ എല്ലാ സിനിമയിലും അങ്ങനെയൊന്ന് ചർച്ച ചെയ്യണമെന്ന് വാശിപിടിക്കാനും പറ്റില്ല. വാണിജ്യസിനിമകൾ ചെയ്യുമ്പോൾ അത്തരം ഉത്തരവാദിത്തങ്ങളെ മാറ്റിവയ്ക്കേണ്ടി വരും. എങ്കിലും രാഷ്ട്രീയം ചർച്ചചെയ്യുക എന്ന വെല്ലുവിളി ഞാൻ ഏറ്റെടുക്കാറുണ്ട്. അതിന് മടിയൊന്നുമില്ല.
ഒടിടി റിലീസുകളുടെ കാലമാണ്. ബിഗ് സ്‌ക്രീനിൽ നിന്ന് സിനിമ ചെറിയ സ്‌ക്രീനിലേക്ക് ഒതുക്കേണ്ടിവരുന്നുണ്ട്. അതൊരു വെല്ലുവിളിയാണോ?
ഡിജിറ്റലിന് വേണ്ടി ഒരു സിനിമയേ ചെയ്തിട്ടുള്ളൂ, സീ യു സൂൺ. പക്ഷേ, മാലിക് ഒടിടി റിലീസ് ചെയ്യേണ്ടി വന്നു. അത് തീയേറ്ററിലേക്ക് വേണ്ടി ചെയ്തതാണ്. കോവിഡ് കാലമായിരുന്നു. രണ്ട് വർഷത്തോളം ആ സിനിമ പെട്ടിയിലിരുന്നു. കോവിഡ് കാലത്ത് കേരളത്തിലാണ് തീയേറ്ററുകൾ ആദ്യം അടച്ചതും ഏറ്റവും ഒടുവിൽ തുറന്നതും. ആ സമയത്ത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ പ്രതിസന്ധി നേരിട്ട സിനിമയായിരുന്നു മാലിക്കും. ഞങ്ങളുടെ നിർമാതാവിന് മുടക്കുമുതലെങ്കിലും കിട്ടണമെന്ന തോന്നലിലാണ് അത് ഒടിടിയിൽ റിലീസ് ചെയ്തത്. അതിന്റെ ഏറ്റവും സങ്കടം അനുഭവിച്ചത് ആ സിനിമയുടെ ശബ്ദ മേഖലയിൽ പ്രവർത്തിച്ചവരാണ്. സംഗീതം ചെയ്ത സുഷിൻ, ശബ്ദമിശ്രണം ചെയ്ത വിഷ്ണു... വിഷ്ണുവിന് ഈ സിനിമയിൽ നാഷണൽ അവാർഡ് കിട്ടി. പക്ഷേ, അവാർഡ് കമ്മിറ്റി മാത്രമേ ഈ സിനിമ തീയേറ്ററിൽ കണ്ടിട്ടുള്ളു. പിന്നീട് എപ്പോഴെങ്കിലും മാലിക്ക് തീയേറ്ററിൽ റീറിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
മലയൻകുഞ്ഞിന്റെ തിരക്കഥ ഞാനായിരുന്നു. ആദ്യം ഒടിടിയിലേക്ക് പ്ലാൻ ചെയ്ത ആ ചിത്രത്തിലേക്ക് സംഗീതസംവിധായകനായി എ.ആർ.റഹ്‌മാൻ വന്നപ്പോഴാണ് ആ സിനിമയുടെ തീയേറ്റർ സാധ്യതകൾ ഞങ്ങൾ ചിന്തിച്ചത്. രണ്ട് പ്ലാറ്റ്ഫോമും ഒന്നിച്ചു പോകണം എന്നാണ് എനിക്കു തോന്നുന്നത്. രണ്ടിലും രണ്ട് സ്വഭാവത്തിലുള്ള സിനിമകളാണ്. തീയേറ്ററിൽ കാണേണ്ടവ അവിടെത്തന്നെ കാണണം. പഴയതുപോലെയല്ല, ആളുകളെ തീയേറ്ററിലേക്ക് എത്തിക്കുക ബുദ്ധിമുട്ടാണ്. പണ്ടൊക്കെ കഥ തുടങ്ങി ഇരുപതാമത്തെ മിനിറ്റിലായിരിക്കും കഥയുടെ പുരോഗതി മാറുക. ഇന്നത് അഞ്ചാമത്തെ മിനിറ്റിൽ സംഭവിക്കണം. ആളുകൾക്ക് അത്രയും ക്ഷമയില്ല. മൊബൈൽ ഫോണിൽ എല്ലാ എന്റർടെയിൻമെന്റും അവർക്ക് കിട്ടും. അതിലും ആസ്വാദനനിലവാരം കൂടിയ കാര്യങ്ങളുണ്ടെങ്കിലേ സിനിമ കാണാൻ ആളുണ്ടാവൂ.
സിനിമകൾക്കു വേണ്ടി റഫറൻസ്, റോൾ മോഡൽ... അങ്ങനെ താങ്കളെ സ്വാധീനിക്കുന്ന ആളുകളുണ്ടോ?
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തുക്കൾ എന്നും സ്വാധീനിച്ചവരാണ്. അവരാണ് എക്കാലത്തെയും സുഹൃത്തുക്കളും പിന്തുണയും. എഡിറ്ററായി തുടങ്ങിയതുകൊണ്ട് ഒരുപാട് സംവിധായകർക്കൊപ്പവും എഴുത്തുകാർക്കൊപ്പവും വർക്ക് ചെയ്യാൻ പറ്റി. ഒരു സംശയം വന്നാൽ കണ്ണുമടച്ച് അവരെയൊക്കെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യകരമായ സംവാദങ്ങളിലൂടെ സിനിമ രൂപപ്പെടുന്നത് ഞാൻ കണ്ടത് ഈ സംവിധായകരുടെ അടുത്തുനിന്നാണ്.
പുരസ്‌ക്കാരങ്ങളാണോ സിനിമയുടെ നില നിർണയിക്കുന്നത്?
അവാർഡല്ല ഇനിയുളള കാലത്ത് ഒരു സിനിമയുടെ മൂല്യം നിർണയിക്കുന്നതെന്നാണ് എന്റെ വിശ്വാസം. പ്രേക്ഷകർ ആരാണെന്നറിഞ്ഞ് അവർക്കുവേണ്ടി സിനിമ നിർമിക്കുകയാണ് വേണ്ടത്. നമ്മുടെ സിനിമ അവരിലേക്ക് എത്തുന്നുണ്ടോ എന്നറിഞ്ഞാൽ മതി.
സിനിമയും ജീവിതവും തമ്മിലുള്ള ബാലൻസ് എങ്ങനെയാണ് കൊണ്ടുപോകുന്നത്?
ഞാൻ എഴുതുന്നതെല്ലാം വീട്ടിലിരുന്നാണ്. എഴുതാൻ വേണ്ടി വേറൊരു സ്ഥലം തേടിപ്പോകുന്ന ആളൊന്നുമല്ല. വർക്ക് ഇല്ലാത്തപ്പോഴും വീട്ടിലിരിക്കാനാണ് ഇഷ്ടം. സിനിമയുമായി ബന്ധപ്പെട്ടല്ലാത്ത സോഷ്യൽ ലൈഫ് എനിക്കില്ല. കൂടുതലും വീടിനുള്ളിലെ ജീവിതമാണ്.
പേട്രിയറ്റിനുശേഷമുള്ള സിനിമകൾ, സ്വപ്നങ്ങൾ?
ഒരു സമയത്ത് ഒരു സിനിമ മാത്രം ഫോക്കസ് ചെയ്യുന്നയാളാണ് ഞാൻ. ഒരു സിനിമയുടെ ഐഡിയ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്നതുമല്ല. പേട്രിയറ്റും അത്തരത്തിലൊന്നാണ്. ഒരുപാട് കാലം ഈ സിനിമയുടെ ആശയത്തിന് മുകളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. എന്റെ എല്ലാ സിനിമകളും അങ്ങനെയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi